Image

പാതിരാത്രിയിലെ സ്വാതന്ത്ര്യവും ചില പകല്‍ യാഥാര്‍ത്ഥ്യങ്ങളും- (ഡല്‍ഹി കത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 17 August, 2015
പാതിരാത്രിയിലെ സ്വാതന്ത്ര്യവും ചില പകല്‍ യാഥാര്‍ത്ഥ്യങ്ങളും- (ഡല്‍ഹി കത്ത്: പി.വി.തോമസ്)
ഈ കുഷ്ടം ബാധിച്ച പ്രഭാതം, രാത്രിയുടെ വിഷപ്പല്ലുകള്‍ കൊത്തി വികൃതമാക്കി പ്രഭാതം, ഇതല്ല കാലങ്ങളായി കാത്തിരുന്ന ആ പ്രഭാതം, സ്വര്‍ഗ്ഗത്തിന്റെ വിസ്തൃതമായ ആ ശൂന്യതയിലേക്ക് സഖാക്കള്‍ ഇറങ്ങി തിരിച്ച ശുഭ്രമായ പ്രഭാതമല്ലിത്.

ഫെയിസ് അഹമ്മദ് ഫെയിസ് എന്ന പ്രസിദ്ധനായ പാക്കിസ്ഥാന്‍ കവി 1947-ല്‍ വിഭജനത്തിന്റെ ചോരയില്‍ മുങ്ങികുളിച്ച ഇന്‍ഡ്യയെയും പാക്കിസ്ഥാനെയും, ഓര്‍ത്ത് വിലപിച്ച 'സ്വാതന്ത്ര്യ പുലരിയില്‍' എന്ന കവിത ഇന്നും പ്രസക്തമാണോ പാതിരാത്രിയിലെ സ്വാതന്ത്ര്യത്തിന്റെ 69-ാം ജന്മദിനം കഴിഞ്ഞ ദിവസം ഭാരതം ആഘോഷിച്ചതേയുള്ളൂ. നമ്മള്‍ ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യം എന്ത് സ്വാതന്ത്ര്യമാണ്? സത്യത്തില്‍ നമ്മള്‍ സ്വതന്ത്രരാണോ? ഈ സ്വാതന്ത്ര്യം യഥാര്‍ത്ഥം ആണോ? അതോ വ്യാജം ആണോ?
ഒരു ചെറിയ സംഭവം വിവരിക്കാം. ഇത് ഈ ജൂണ്‍ പതിനഞ്ചിന് ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രത്തിന്റെ അകത്തെ പേജുകളുടെ ഒന്നിന്റെ കോണില്‍ അച്ചടിച്ചു വന്നതാണ്. കാര്യം നിസാരം ആണ്. അല്ലെങ്കില്‍ നിസാരമാണെന്ന് തോന്നിയേക്കാം. പക്ഷേ, അത് അത്ര നിസാരമായിട്ട് എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് അത് ഇവിടെ വിസ്തരിക്കുന്നത്.

പത്രേദി രാജസ്ഥാനിലെ ജയ്പ്പൂരിനടുത്തുള്ള ഒരു ചെറുഗ്രാമം ആണ്. ആ ഗ്രാമത്തിലെ ഒരു യുവാവാണ് അനില്‍ റെയ്്ഗനര്‍(22). അദ്ദേഹം ഒരു ദളിത് യുവാവ് ആണ്. അദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ചു. വിവാഹഘോഷയാത്രയില്‍ വരന്‍ കുതിരപ്പുറത്ത് ആളകമ്പടിയോടെ പങ്കെടുക്കുന്നത് രാജസ്ഥാനിലെയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഒരു ചടങ്ങാണ്. പക്ഷേ, ഒരു ദളിതന് അത്, അനുവദനീയം അല്ല. അത് ഉപരിവര്‍ഗ്ഗത്തിന്റെ മാത്രം അവകാശം ആണ്. പക്ഷേ, റെയ്ഗര്‍ക്ക് ഈ പതിപ്പ് മുടക്കണം എന്ന് തോന്നി. തന്റെ ബാരാത്ത്(കല്ല്യാണഘോഷയാത്ര) കുതിരപ്പുറത്ത് വേണമെന്ന് അദ്ദേഹം ജില്ലാഭരണകൂടത്തെ അറിയിച്ചു. അപേക്ഷിച്ചു. ജില്ലാഭരണകൂടത്തിന് മറ്റ് പോംവഴി ഒന്നും ഉണ്ടായിരുന്നില്ല. സമ്മതിച്ചു. 125 പോലീസ്‌കാരുടെ സംരക്ഷണയില്‍, ജില്ലാ ഭരണാധികാരികളുടെ മേല്‍നോട്ടത്തില്‍, ആ ദളിത് യുവാവ് അശ്വാരൂഢനായി വിവാഹപന്തലില്‍ എത്തി. അത് പത്രേദി ഗ്രാമത്തിലെ ഒരു വിപ്ലവം ആയി. ആലോചിക്കുക എന്താണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ?  ഒന്ന്, ഒരു ദളിതന് ഇതുപോലെയുള്ള ഒരു തുല്യാവകാശം ഇല്ല. രണ്ട് ജില്ലാഭരണാധികാരികള്‍ അവന് ആ സ്വാതന്ത്ര്യം നല്‍കി. ഇത് രണ്ടും പ്രധാനം ആണ്.

മറ്റൊരു വാര്‍ത്ത ശ്രദ്ധിക്കുക. ഇത് ഓഗസ്റ്റ് 10-ന് ഒരു ദേശീയ ഇംഗ്ലീഷ് ദിന പത്രത്തില്‍ അച്ചടിച്ചു വന്നതാണ്. മഥുരയിലെ(ഉത്തര്‍പ്രദേശ്) 25,000 കര്‍ഷകര്‍ സ്വാതന്ത്ര്യ ദിനത്തില്‍ കൂട്ട ആത്മഹത്യ ചെയ്യുവാനുള്ള അനുമതിക്കായി പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയോട് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. കാരണം കഴിഞ്ഞ 17 വര്‍ഷം ആയിട്ട് ഗവണ്‍മെന്റ് അവര്‍ക്ക് ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരം നല്‍കിയിട്ടില്ല. അവര്‍ക്ക് ജീവിതം വഴിമുട്ടിയിരിക്കുന്നു. ഇതുപോലെ തന്നെയുള്ള ഒരു പെറ്റീഷന്‍ ഗ്വാളിയാറിലെ 70 വ്യക്തികളും രാഷ്ട്രപതിക്ക് നല്‍കിയിരുന്നു കൂട്ട ആത്മഹത്യാനുമതിക്കായി. ഇവര്‍ വ്യാപം കുംഭകോണത്തിലെ കുറ്റാരോപിതര്‍ ആണ്.

തീര്‍ന്നില്ല. ഓഗസ്റ്റ് പത്തിന് ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രത്തില്‍ നടുക്കനെ ഒരു വാര്‍ത്ത അച്ചടിച്ചു വന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഭാഗ്നഗ്രാമത്തിലെ 100 കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഇത്് രാജ്യത്തെ നടുക്കിയത് അവര്‍ ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു കൊണ്ടല്ല. മറിച്ച് അതിന്റെ കാരണം ആണ്. ഇവര്‍ ജന്മങ്ങളായി ഉപരിവര്‍ഗ്ഗ ഹിന്ദുക്കളുടെ പീഢനം അനുഭവിക്കുന്ന പിന്നോക്കവിഭാഗക്കാര്‍ ആണ്. ഇവര്‍ക്ക് എങ്ങുനിന്നും നീതി ലഭിക്കുന്നില്ല. ഇവര്‍ 2014-ല്‍ പ്രതിഷേധവുമായി ദല്‍ഹിയില്‍ എത്തി. എന്നിട്ടും ഫലം ഇല്ല. പിന്നീട് അവര്‍ പാര്‍ലിമെന്റ് സ്ട്രീറ്റിലെ പോലീസ്് സ്‌റ്റേഷനില്‍ അഭയം തേടി. കാരണം ഗ്രാമത്തിലേക്ക് തിരിച്ച് പോയാല്‍ ഉപരിവര്‍ഗ്ഗ ഹിന്ദുക്കള്‍ (ജാട്ടകള്‍) അവരെ നായാടും.

ഇതും ഇതിനപ്പുറവും ആണ് 69-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുന്ന ഇന്‍ഡ്യയുടെ അവസ്ഥയുടെ ഒരു വശം. തികച്ചും അസ്വസ്ഥാജനകം ആണ് ഇത്. ഇവിടെ വിവേചനവും അസഹിഷ്ണുതയും ചൂഷ്ണവും ചങ്ങാത്ത മുതലാളിത്വവും അഴിമതിയും വര്‍ഗ്ഗീയതയും ജാതിതിരിവുകളും ഇപ്പോഴും കൊടുകുത്തി വാഴുകയാണ്. സാംസ്‌കാരിക ഉന്നമനവും സാക്ഷരതയും ഒന്നും ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. എല്ലാം കോളണിവാഴ്ചകാലത്തേത്‌പോലെ തന്നെ. ഭരിക്കുന്നവന്റെ തൊലിയുടെ നിറവും ഭാഷയും മാറിയിട്ടുണ്ട്. പക്ഷേ, സ്വഭാവത്തില്‍ മാറ്റമില്ല. അധികാരത്തിന്റെ ഭാഷയും സ്വഭാവവും എക്കാലവും ഒന്നു തന്നെയാണ്. ഭരിക്കപ്പെടുന്നവന്റെ മനോഭാവത്തിലും തെല്ല് മാറ്റവുമില്ല. അത് സമാനതകളില്ലാത്ത വിധേയത്വവും വെറുപ്പില്‍ കിളിര്‍ത്ത വിവേചനവും വിദ്വേഷവും ആയി നിലകൊള്ളുന്നു.

ഇന്‍ഡ്യയ്ക്ക് അതുജ്ജ്വലമായ ഒരു ഭൂതകാല സംസ്‌കൃതി ഉണ്ട്. യൂറോപ്പും അമേരിക്കയും അന്ധകാരത്തിലാണ്ട്് കിടന്നിരുന്ന കാലത്ത് ഇവിടെ സിന്ധു-ഗംഗാ നദീതടത്തില്‍ ഹൈന്ദവ സംസ്്കാരം സൂര്യതേജസോടെ കത്തിജ്വലിച്ച് നിന്നിരുന്നു. ആലങ്കാരികമായി പറഞ്ഞാല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ലോകം വെട്ടിപ്പിടിക്കുവാന്‍ ഉപയോഗിച്ച വാള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിച്ച ഇരുമ്പ് ഖനനം ചെയ്യപ്പെടാതെ ഭൂഗര്‍ഭത്തിലുറങ്ങികിടക്കുമ്പോള്‍ ഇവിടെ സംസ്‌ക്കാരം സജീവം ആയിരുന്നു. വേദങ്ങളും പുരാണങ്ങളും ഉപനിഷ്ത്തുകളും ഇന്‍ഡ്യയുടെ പൈതൃകം ആണ്. മനുസ്മൃതിയും ജാതി വ്യവസ്ഥയും വര്‍ഗ്ഗ-വര്‍ണ്ണ വിവേചനവും സതിയും ശിശുവിവാഹവും നരബലിയും മറ്റ് ചില മുഖങ്ങള്‍ ആയിരുന്നു. ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയില്‍ നി്ന്നും ബ്രിട്ടീഷ് രാജില്‍ നിന്നും മൂന്ന് നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സാമ്രാജ്യത്വ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്‍ഡ്യ വളരെ മാറിയിരുന്നു. സാമ്പത്തീകമായി ക്ഷയിച്ചിരുന്നു. സാംസ്‌ക്കാരികമായി മാറിയിരുന്നു. റോഡ്, റെയില്‍ തുടങ്ങിയ പ്രാഥമീക സൗകര്യ സംവിധാനത്തില്‍ പുരോഗമിച്ചിരുന്നു. ബ്രിട്ടീഷ് രാജിനു മുമ്പ് ഒട്ടേറെ പടയോട്ടങ്ങള്‍ക്ക് കൈബര്‍ പാസ് മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന ഭാരതം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹൂണന്മാരും ചെങ്കിസ്താന്‍മാരും ഗസ്്‌നികളും ഗോറികളും കില്‍ജികളും മുഗളന്മാരും ഹൈമവല്‍ സാനുക്കളിലും ഗംഗാതടങ്ങളിലും വിന്ധ്യ-ഡക്കാന്‍ പീഠഭൂമികളിലും പടയോട്ടം നടത്തി വെട്ടിപ്പിടിച്ച് കൊള്ളയടിച്ച് ഭരിച്ചിട്ടുണ്ട്. കവര്‍ച്ചയും സാംസ്‌കാരിക സങ്കലനവും നടന്നു. ഭരണവും ദുര്‍ഭരണവും നടന്നു. യൂറോപ്പില്‍ നിന്നും പോര്‍ച്ചുഗീസും ഫ്രഞ്ചും ഡച്ചും കോളണി സ്ഥാപിച്ചു. അവസാനം നങ്കൂരമെറിഞ്ഞത് ബ്രിട്ടീഷ് സിംഹാനം ആയിരുന്നു. അവരില്‍ നിന്നും ആണ് മഹാത്മജിയുടെയും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഇന്‍ഡ്യ സ്വാതന്ത്ര്യം നേടുന്നത്(1947 ഓഗസ്റ്റ് 15).

സ്വാതന്ത്ര്യം രക്തരൂക്ഷിതം ആയിരുന്നു. രാജ്യം ഇന്‍ഡ്യയും പാക്കിസ്ഥാനും ആയി വിഭജിക്കപ്പെട്ടു. വര്‍ഗ്ഗീയ ലഹളയില്‍ പതിനായിരങ്ങള്‍ കൊല ചെയ്യപ്പെട്ടു. ലക്ഷങ്ങള്‍ പാലായനം ചെയ്തു. 1947- ല്‍ തന്നെ ഇന്‍ഡ്യയും പാക്കിസ്ഥാനും തമ്മില്‍ കാശ്മീരിനായി യുദ്ധം ചെയ്തു. 1952-ല്‍ ഇന്‍ഡ്യയില്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പു വന്നു. നെഹ്‌റുവിന്റെ കീഴില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. 1977 വരെ 25 വര്‍ഷം കോണ്‍ഗ്രസ് തുടര്‍ച്ചയായി ഇന്‍ഡ്യ ഭരിച്ചു. മൂന്ന് പ്രധാനമന്ത്രിമാരെ ഇന്‍ഡ്യക്ക് സമ്മാനിച്ചു. നെഹ്രു, ശാസ്ത്രി, ഇന്ദിരഗാന്ധി. 1950-കള്‍ പരീക്ഷണാര്‍ത്ഥകം ആയിരുന്നു. പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്തെ ഉലച്ചു. നെഹറു പഞ്ചവത്സര പദ്ധതികള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അണക്കെട്ടുകള്‍ക്കും ഉരുക്കുമില്ലുകള്‍ക്കും ഊടും പാവും നല്‍കി. 1962-ല്‍ ചൈനയുമായി യുദ്ധം ചെയ്യേണ്ടിവന്നു. നെഹ്‌റുവിന്റെ പഞ്ചശീലം തകര്‍ന്നു. യുദ്ധം നെഹറുവിനെ തകര്‍ത്തു. 1964 മെയ് 27-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിക്കുമ്പോള്‍ നെഹ്രു വൃണിതഹൃദയന്‍ ആയിരുന്നു. ശാസ്ത്രി അധികാരത്തില്‍ വന്നു. 1965-ല്‍ പാക്കിസ്ഥാനുമായി യുദ്ധം ഉണ്ടായി. യുദ്ധാനന്തര ഉടമ്പടി ചര്‍ച്ചക്കിടയില്‍ ടാഷ്‌ക്കെന്റില്‍ വച്ച് ശാസ്ത്രി മരിച്ചു. പിന്നീട് ഇന്ദിരയുടെ ഊഴം ആയി. ബാങ്ക്‌ദേശസാല്‍ക്കരണത്തിലൂടെയും മുന്‍ രാജാക്കന്മാരുടെ പ്രിവിവേഴ്‌സ് നിറുത്തലാക്കിയതിലൂടെയും ഇന്ദിര കൊടുങ്കാറ്റായി. 1971-ലെ ഇന്‍ഡ്യ- പാക് യുദ്ധത്തിലൂടെയും ബംഗ്ലാദേശ് വിമോചനത്തിലൂടെയും ഇന്ദിര ഹീറോ ആയി. പക്ഷേ, 1975-ലെ ഇന്ദിരയുടെ അടിയന്തിരാവസ്ഥ അവരെ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ പ്രതിനായിക ആക്കി. 1977-ല്‍ ജനതപാര്‍ട്ടി എന്ന ഒരു പുതിയ കോണ്‍ഗ്രസേതര പരീക്ഷണം അധികാരത്തില്‍ വന്നെങ്കിലും വിജയിച്ചില്ല. 1980-ല്‍ ഇന്ദിര വീണ്ടും അധികാരത്തില്‍ വന്നു. പക്ഷേ, അധികകാലം ഭരിച്ചില്ല. 1984-ല്‍ വെടിവെച്ച് കൊല്ലപ്പെട്ടു, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന പേരില്‍ സിക്കുകാരുടെ സുവര്‍ണ്ണക്ഷേത്രം പട്ടാളം ആക്രമിച്ചതിനെ തുടര്‍ന്ന്. അടിയന്തിരാവസ്ഥയും സുവര്‍ണ്ണക്ഷേത്രാക്രമണവും സ്വതന്ത്രപ്രാപ്താനന്തര ഇന്‍ഡ്യയിലെ രണ്ട് കറുത്ത ഏടുകള്‍ ആണ്. ഇന്ദിരക്ക് ശേഷം മകന്‍ രാജീവ് അധികാരത്തില്‍ വന്നെങ്കിലും 1991-ല്‍ അധികം ശ്രീലങ്കന്‍ ഭീകരരുടെ മനുഷ്യബോംബിന് ഇരയായി. രാജീവിന്റെ കാലത്ത് ഇലക്ട്രോണിക് വിപ്ലവത്തിന് തുടക്കം കുറിച്ചു. ബോഫേഴ്‌സ് പീരങ്കി കുംഭകോണം അദ്ദേഹത്തിന് വിനയായി. ഇന്ദിരയുടെ വധത്തെ തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധ കലാപം ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടായി നിലകൊള്ളുന്നു. 1991-ല്‍ അധികാരത്തില്‍ വന്ന നരസിംഹറാവു സാമ്പത്തീക പരിഷ്‌ക്കരണത്തിലൂടെ പ്രസിദ്ധനായി. പക്ഷേ, 1992-ലെ  ബാബറിമസ്ജിദ് ഭേദനം അദ്ദേഹത്തെയും കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടിലാക്കി. 1990-കള്‍ മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയത്തിന്റെ അങ്കത്തട്ടായി.  പിന്നോക്ക വിഭാഗക്കാരുടെ സംവരണിത്തിനായുള്ള മണ്ഡല്‍ രാഷ്ട്രീയ ജനതാപരിവാറിലെ പ്രധാനമന്ത്രി വി.പി.സിംങ്ങ് കളിച്ചപ്പോള്‍ സംഘപരിവാറിന്റെ ലാല്‍ കിഷ്ണ അദ്വാനി അയോദ്ധ്യയിലെ രാം മന്ദ്ിര്‍ എന്ന മകണ്ഡല്‍ രാഷ്ട്രീയം കളിച്ചു. സിംങ്ങിന്റെ ഗവണ്‍മെന്റ് വീണു. പിന്നീട് അധികാരത്തില്‍ വന്ന ജനത പരിവാറിലെ ചന്ദ്രശേഖറും, ദേവഗൗഡയും, ഗുജറാളും ദീര്‍ഘകാലം വാണില്ല. അതോടെ സംഘപരിവാറിന്റെ കാലമായി. വാജ്‌പേയ് പ്രധാനമന്ത്രിയായി. മോശമല്ലാത്ത ഒരു ഭരണം അദ്ദേഹം കാഴ്ച വച്ചു. കാര്‍ ഗില്‍ യുദ്ധം ഉണ്ടായി. പാക്കിസ്ഥാനുമായി. ജയിച്ചു. 2002-ല്‍ കുപ്രസിദ്ധമായ ഗോദ്രഹത്യയും ഗുജറാത്ത് വംശഹത്യയും ഉണ്ടായി. നരേന്ദ്രമോഡി എന്ന ഗുജറാത്ത്് മുഖ്യമന്ത്രി ഗുജറാത്ത് വംശഹത്യയുടെ പ്രതിനായകനായി. പക്ഷേ, 2014-ല്‍ രാജ്യം അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. 2004 മുതല്‍ 2014 വരെ രാജ്യഭരണം കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംങ്ങിന്റെ കൈകളിലായി. സിംങ്ങിന്റെ ഭരണത്തിന്റെ ആദ്യഘട്ടം(2004-2009) വിജയം ആയിരുന്നു. രണ്ടാം ഘട്ടം(2000-2014) അഴിമതികളുടെ കൂത്തരങ്ങ് ആയിരുന്നു. 2 ജി സ്‌പെക്ട്രവും(1.76 ലക്ഷം കോടി) കല്‍ക്കരികുംഭകോണവും(1.87 ലക്ഷം കോടി) ഇവയില്‍ രണ്ടെണ്ണം മാത്രം. അങ്ങനെയാണ് നരേന്ദ്രമോഡി അധികാരത്തില്‍ വരുന്നത്. ഭരണത്തില്‍ ഒരു വര്‍ഷവും മൂന്നു മാസവും തികച്ച മോഡിക്ക് ഭരണപാടവം തെളിയിക്കേണ്ടതായിട്ടുണ്ട്. അദ്ദേഹത്തിന് വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്.

ഇന്‍ഡ്യയുടെ 69-ാം സ്വാതന്ത്രദിനത്തിലെ അവസ്ഥ അത്ര ശോഭനം അല്ല. അത് ലോകത്തിലെ പട്ടിണി പാവങ്ങലുടെ വിശക്കുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അതുപോലെതന്നെ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്‍ഡ്യ. ഇടതുപക്ഷ തീവ്രവാദം അഥവാ മാവോയിസം പല സംസ്ഥാനങ്ങളിലും സമാന്തര സര്‍ക്കാരുകള്‍ നടത്തുന്നു. ഇത് വികലമായ വികസനത്തിന്റെ ഫലമാണെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. എട്ട് ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍-ബീഹാര്‍, ഝാര്‍ഖണ്ട്്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഖണ്ഡ്, ഒറീസ, രാജസ്ഥാന്‍, പശ്ചിമബംഗാള്‍- ആഫ്രിക്കയിലെ 26 ദരിദ്രരാജ്യങ്ങളിലെ ജനങ്ങളേക്കാള്‍ ദരിദ്രര്‍ ആണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് പോപ്പര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡവല്പ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

പക്ഷേ, ഇന്‍ഡ്യക്ക് വിജയകഥകളും പറയുവാനുണ്ട്. ശാസ്ത്രത്തിന്റെ മേഖലയില്‍ ഇന്‍ഡ്യ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അന്താരാഷ്ട്രീയ ആണവ-മിസൈല്‍ ക്ലബ്ബില്‍ ഇന്‍ഡ്യന്‍ ഇടം നേടിയിട്ടുണ്ട്. മംഗള്‍യാനും ചന്ദ്രയാനും ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞരുടെ വിജയ കഥകളാണ്. പേരെടുത്ത് പറയുന്നില്ല. സച്ചിന്‍ തെണ്ടുല്‍ക്കറും, സാനിയ മിര്‍സയും, സയിന നെഹ് വാളും കായിക ലോകത്തിലെ ചില നേട്ടങ്ങള്‍ ആണ്. വ്യവസായ മേഖലയില്‍ സുന്ദര്‍ പിച്ചെയും സത്യനാഡെല്ലയും ഇന്ദിര നൂയിയും ഇന്‍ഡ്യയുടെ അന്താരാഷ്ട്രീയ അഭിമാനം ആണ്. പരമ ദരിദ്രരരും ശതകോടീശ്വരന്മാരും കോര്‍പ്പറേറ്റ് ജീനിയസുകളും നിരക്ഷരരും ഒരേ പോലെ ഇവിടെ ഒരുമിച്ച് ജീവിക്കുന്നുവെന്നതിന്റെ അര്‍ത്ഥം രാജ്യത്തിന്റെ സംവിധാനത്തില്‍ എന്തോ തകരാറുണ്ടെന്നാണ്. അത് തിരുത്തി 125 കോടി ജനതയുടെയും ഉന്നമനത്തിനായിട്ടുള്ള സംരംഭം ആണ് നമ്മള്‍ തുടങ്ങേണ്ടത്. ചങ്ങാത്ത മുതലാളിത്വം അല്ല. അല്ലെങ്കില്‍ ഈ സ്വാതന്ത്ര്യത്തിന് അര്‍ത്ഥമില്ല. അത് വ്യാജം ആണ്. എങ്കില്‍ ഈ പുരോഗതിയില്‍ കഴമ്പില്ല. അത് പൊള്ളയാണ്.

പാതിരാത്രിയിലെ സ്വാതന്ത്ര്യവും ചില പകല്‍ യാഥാര്‍ത്ഥ്യങ്ങളും- (ഡല്‍ഹി കത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക