Image

ഇന്ത്യന്‍ ടീമില്‍ ചേരിതിരിവില്ല: ദ്രാവിഡ്

Published on 11 January, 2012
ഇന്ത്യന്‍ ടീമില്‍ ചേരിതിരിവില്ല: ദ്രാവിഡ്
പെര്‍ത്ത്: തുടര്‍ച്ചയായുള്ള തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചേരിതിരിവിനിടയാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ടീമിലെ സീനിയര്‍ താരം രാഹുല്‍ ദ്രാവിഡ് പറഞ്ഞു. തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ചെയ്യുന്നതെല്ലാം തെറ്റായി ചിത്രീകരിക്കപ്പെടും. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കഴമ്പില്ല- ദ്രാവിഡ് വ്യക്തമാക്കി. തുടര്‍ച്ചയായ തോല്‍വി തീര്‍ച്ചയായും നിരാശാജനകമാണ്. എന്നാല്‍ ടീം സ്പിരിറ്റ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ത്തന്നെയാണെന്ന് ദ്രാവിഡ് പറഞ്ഞു. 39ാം ജന്മദിനമായ ജനുവരി 11ന് പെര്‍ത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍.

മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തില്‍ ടീം തുടര്‍ച്ചയായി തോല്‍ക്കുന്ന സാഹചര്യത്തില്‍ വീരേന്ദര്‍ സേവാഗിനെ ക്യാപ്റ്റനാക്കണമെന്ന് ടീമിലെ ചില അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്നാണ് നേരത്തെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാനസികമായി ഏറ്റവും ദുര്‍ബലരാണ് ഇന്ത്യന്‍ കളിക്കാരെന്ന് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ഹാഡിന്റെ വാക്കുകള്‍ തങ്ങളെ തെല്ലും ബാധിച്ചിട്ടില്ലെന്ന് ദ്രാവിഡ് പറഞ്ഞു. അഞ്ച് ദിവസത്തെ കളിയെക്കുറിച്ച് ചിന്തിക്കാന്‍ മാത്രമാണ് സമയമുള്ളത്. മറ്റൊന്നും പരിഗണിക്കാന്‍ പോലും സമയമില്ല. സ്വയം പ്രചോദിതരാകാന്‍ നിങ്ങള്‍ക്ക് ആരുടെയും പ്രസ്താവനയുടെ ആവശ്യമില്ല- ദ്രാവിഡ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക