Image

പ്രേമ വിജയം, അവാര്‍ഡ്‌ നേട്ടം; നിവിന്‍ പോളി കഥ പറയുന്നു... (ജയമോഹനന്‍ എം)

Published on 14 August, 2015
പ്രേമ വിജയം, അവാര്‍ഡ്‌ നേട്ടം; നിവിന്‍ പോളി കഥ പറയുന്നു... (ജയമോഹനന്‍ എം)
മലയാളം കണ്ട ഏറ്റവും വലിയ മെഗാഹിറ്റിലെ നായകന്‍. വെറും അഞ്ചു വര്‍ഷത്തിനുള്ളില്‍ മികച്ച നടനുള്ള സ്റ്റേറ്റ്‌ അവാര്‍ഡ്‌. തുടര്‍ച്ചയായി മെഗാഹിറ്റുകള്‍. ഇപ്പോള്‍ തമിഴിലേക്കും കടന്ന്‌ മള്‍ട്ടി ലാഗ്വുവേജ്‌ ഹീറോ ആകാനുള്ള തയാറെടുപ്പുകള്‍...

നിവിന്‍ പോളി എന്ന നടന്റെ ഭാഗ്യമെന്ന്‌ എല്ലാവരും ഇതുകേള്‍ക്കുമ്പോള്‍ പറയും. എന്നാല്‍ ഭാഗ്യം മാത്രമാണോ... തികഞ്ഞ അധ്വാനമാണ്‌ നിവിന്‍ പോളിയെ ഇത്രയും കുറഞ്ഞ കാലം കൊണ്ട്‌ ഒരു സൂപ്പര്‍ താരമാക്കിയതെന്ന്‌ നിവിനൊപ്പം നിന്ന വിനീത്‌ ശ്രീനിവാസനും പ്രജിത്തും ജൂഡ്‌ ആന്റണിയുമൊക്കെ പറയുന്നു. അസാധാരണമായ ഒരു ഡെഡിക്കേഷന്‍ ലെവലാണ്‌ നിവിന്‍ പോളിയെന്ന്‌ അടുത്തറിയുന്നവരെല്ലാം പറയും. നേര്‍ക്ക്‌ നേര്‍ സംസാരിക്കുമ്പോള്‍ നിവിനും പറയാനുള്ളത്‌ ഇതു തന്നെ...

പ്രേമത്തിന്റെ അത്ഭുതകരമായ വിജയം. ഇപ്പോഴിതെ സംസ്ഥാന പുരസ്‌കാരവും എന്തു തോന്നുന്നു?

എല്ലാവര്‍ക്കും എന്നോട്‌ ചോദിക്കാനുണ്ടായിരുന്നത്‌ പ്രേമം ഇത്ര വലിയ വിജയമാകുമോ എന്ന്‌ അറിയുമായിരുന്നോ എന്നായിരുന്നു. സത്യത്തില്‍ വിജയത്തെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. നല്ല സിനിമയാവണം നല്ല എന്റര്‍ടെയിന്‍മെന്റാവണം എന്നാണ്‌ ഞാന്‍ ചിന്തിക്കുന്നത്‌. വിജയം പിന്നാലെ എത്തിക്കൊള്ളും. പ്രേമം നേടിയ വിജയം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല എങ്കിലും അല്‍ഫോണ്‍സ്‌ പുത്രന്‌ ഉറപ്പുള്ള കാര്യമായിരുന്നു. തിയറ്ററില്‍ ഹൗള്‍ ഫുള്‍ ബോര്‍ഡ്‌ കാണിച്ചുതരാമെന്ന്‌ അല്‍ഫോണ്‍സ്‌ ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. അല്‍ഫോണ്‍സിനെയാണ്‌ ഞാന്‍ വിശ്വസിച്ചത്‌. അല്‍ഫോണ്‍സ്‌ എന്റെ ബെസ്റ്റ്‌ ചെയ്യിക്കുമെന്ന്‌ എനിക്കറിയാം.

പ്രേമത്തിന്‌ പിന്നാലെ സംസ്ഥാന പുരസ്‌കാരവും ലഭിച്ചപ്പോള്‍ ഞാന്‍ ശരിക്കും സര്‍പ്രൈസ്‌ഡായിപ്പോയി. അവാര്‍ഡൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. നമ്മള്‍ അതിനെക്കുറിച്ച്‌ ആലോചിക്കുന്നതേയില്ല എന്നതാണ്‌ സത്യം. 1983 ഏറെ കഷ്‌ടപ്പെട്ടും ഇഷ്‌ടപ്പെട്ടും ചെയ്‌ത സിനിമയായിരുന്നു. അതിന്റെ ഫലമാണ്‌ അവാര്‍ഡിലൂടെ കിട്ടിയതെന്ന്‌ വിശ്വസിക്കുന്നു.

അവാര്‍ഡിന്‌ വിമര്‍ശനങ്ങളും ഏറെയുണ്ടായി?

വിമര്‍ശനങ്ങളോടൊന്നും പ്രതികരിക്കാനില്ല. 1983 എന്റെ കരിയറിലെ മികച്ച സിനിമയായിരുന്നു എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ചിത്രം റിലീസ്‌ ചെയ്‌ത സമയത്ത്‌ അതിനു മുമ്പൊന്നും കിട്ടാത്ത അഭിനന്ദനങ്ങള്‍ എനിക്ക്‌ കിട്ടി. പ്രത്യേകിച്ച്‌ മേക്കപ്പൊന്നും ഇല്ലാതെ നാല്‌പത്‌ കാരനായി വരെ അഭിനയിച്ചതാണ്‌ മിക്കവരും അഭിനന്ദിച്ച വിഷയം. അതൊക്കെ പ്രേക്ഷകരും കണ്ടതും അംഗീകരിച്ചതുമാണ്‌. പ്രേക്ഷകരുടെ അംഗീകാരത്തിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴുള്ള പുരസ്‌കാരം എന്നു മാത്രമാണ്‌ ഞാന്‍ കരുതുന്നത്‌.

മമ്മൂട്ടിയോടൊക്കെ മത്സരിച്ചാണ്‌ പുരസ്‌കാരം നേടിയത്‌?

അങ്ങനെയൊന്നും ചര്‍ച്ച ചെയ്യുന്നതിനോട്‌ എനിക്ക്‌ താത്‌പര്യമില്ല. ലെജന്റുകളോടൊന്നും താരതമ്യം ചെയ്യരുത്‌. അവരുടെ നൂറിലൊരംശം ഞാനായിട്ടില്ല. ഞാന്‍ എവിടെ നില്‍ക്കുന്നു എന്ന്‌ എനിക്ക്‌ ബോധ്യമുണ്ട്‌.

എങ്കിലും പുരസ്‌കാരം കോണ്‍ഫിഡന്‍സ്‌ വര്‍ദ്ധിപ്പിക്കുന്നുണ്ടോ?
പുരസ്‌കാരങ്ങള്‍ പ്രോല്‍സാഹനങ്ങളാണ്‌. അത്‌ ഏത്‌ പുരസ്‌കാരമായാലും അങ്ങനെ തന്നെ. നിന്നെ ഞങ്ങള്‍ അംഗീരിക്കുന്നു എന്ന്‌ കേള്‍ക്കുന്നത്‌ നമുക്കൊരു ആത്മവിശ്വാസമല്ലേ.

തുടര്‍ച്ചയായി വിജയങ്ങള്‍ സൃഷ്‌ടിച്ചിടത്താണ്‌ നിവിന്‍ പോളി സമീപകാലത്ത്‌ ഏറെ ശ്രദ്ധേയനായത്‌? 1983, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം... എവിടെയും പരാജയമുണ്ടായിരുന്നില്ല?

അതിനു മുമ്പ്‌ എന്റെ ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്‌. പക്ഷെ ഞാന്‍ സിനിമകളുടെ എണ്ണം കുറച്ചാണ്‌ സ്വീകരിച്ചിരുന്നത്‌ എന്നതാരും ചര്‍ച്ച ചെയ്‌തില്ല. എനിക്ക്‌ പൂര്‍ണ്ണമായും കോണ്‍ഫിഡന്‍സ്‌ തന്നെ തിരക്കഥകളിലാണ്‌ ഞാന്‍ അഭിനയിച്ചത്‌. വിനീത്‌ എഴുതുമ്പോള്‍ നമുക്ക്‌ നൂറു ശതമാനം ഉറപ്പുണ്ട്‌, അതൊരു മാക്‌സിമം ക്വാളിറ്റിയിലെ പുറത്തു വരു എന്ന്‌. അതുകൊണ്ടാവും എന്റെ സിനിമയുടെ വിജയങ്ങള്‍ സാധ്യമായത്‌. നല്ല തിരക്കഥ തീര്‍ച്ചയായും വിജയിക്കും എന്നതാണ്‌ എന്റെ കോണ്‍ഫിഡന്‍സ്‌.

ഒരേ കൂട്ടായ്‌മയില്‍ നിന്നാണല്ലോ നിവിന്റെ സിനിമകളേറെയും വരുന്നത്‌?
അതൊരു നല്ല കാര്യമല്ലേ. നല്ല കൂട്ടായ്‌മകളല്ലേ എന്നും മലയാളത്തില്‍ നല്ല വിജയങ്ങള്‍ സമ്മാനിച്ചത്‌. ഞാനും വിനീതും ചേരുമ്പോള്‍, ഞാനും അല്‍ഫോണ്‍സും ചേരുമ്പോള്‍ അത്‌ സൗഹൃദത്തിന്റെ അന്തരീക്ഷമാണ്‌. നല്ല സൗഹൃദം. അല്‌പം പോലും ഈഗോയില്ല. അല്‌പം പോലും ടെന്‍ഷനില്ല. എന്താണ്‌ ചെയ്യേണ്ടതെന്ന്‌ പരസ്‌പരം അറിയാം. മറ്റൊരാളുടെ മനസ്‌ പറഞ്ഞില്ലെങ്കിലും വായിച്ചെടുക്കാം. ഈ കൂട്ടായ്‌മകളാണ്‌ എന്റെ ബലം.

എന്തായാലും നിവിന്‌ ആരാധകര്‍ ഏറി വരുകയാണല്ലോ. സൂപ്പര്‍താരങ്ങളെയും മറികടക്കുമോ?
എനിക്ക്‌ എന്റെ സ്‌പെയിസ്‌ എവിടെയാണെന്നറിയാം. സൂപ്പര്‍താരങ്ങളോട്‌ സമം ചേര്‍ത്ത്‌ സംസാരിക്കാനൊന്നും ഞാന്‍ ഒരിക്കലും വളര്‍ന്നിട്ടില്ല. മുമ്പ്‌ ലാലേട്ടനെ സംബന്ധിപ്പിച്ച്‌ ഇങ്ങനെ ചില വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ തന്നെ ഫേസ്‌ബുക്കില്‍ എഴുതിയിരുന്നു. നൂറു ജന്മം ജനിച്ചാലും ലാലേട്ടന്റെ നിഴല്‍ പോലുമാവാന്‍ എനിക്ക്‌ കഴിയില്ലെന്ന്‌.

ഇനി തമിഴ്‌ സിനിമയിലേക്ക്‌ കടക്കാനൊരുങ്ങുകയാണ്‌ നിവിന്‍ പോളി. തമിഴില്‍ പുതിയ ത്രില്ലര്‍ സിനിമയുമായി നിവിന്‍ എത്തുമ്പോള്‍ ഒന്ന്‌ ഉറപ്പിക്കാം. തമിഴകം കീഴടക്കാനും നിവിന്‍ പോളിക്ക്‌ കഴിയുമെന്ന്‌. അതോടെ ഒരു തെന്നിന്ത്യന്‍ താരം എന്ന നിലയിലേക്ക്‌ നിവിന്‍ പോളിയുടെ യാത്ര തുടങ്ങുകയായി.
പ്രേമ വിജയം, അവാര്‍ഡ്‌ നേട്ടം; നിവിന്‍ പോളി കഥ പറയുന്നു... (ജയമോഹനന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക