Image

അവാര്‍ഡില്‍ തിളങ്ങി നിവിന്‍ പോളി (ജയമോഹന്‍ എം)

(ജയമോഹന്‍ എം) Published on 10 August, 2015
അവാര്‍ഡില്‍ തിളങ്ങി നിവിന്‍ പോളി (ജയമോഹന്‍ എം)
നിവിന്‍ പോളിയുടെ നേരമാണ് ബെസ്റ്റ് നേരം.

പ്രതിഭയുടെ അംഗീകാരം എന്നതിലുപരി അധ്വാനിച്ചു നേടിയ വിജയത്തിന്റെ തിളക്കമാണ് നിവിന്‍ പോളി എന്ന നടന്റെ മാറ്റ് കൂട്ടുന്നത്.

മലയാളം കണ്ട ഏറ്റവും വലിയ കളക്ഷന്‍ റിക്കോര്‍ഡ് നേടിയ സിനിമയുടെ നായക താരം എന്ന പദവി ആസ്വദിച്ചു കഴിയും മുമ്പേ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നിവിന്‍ പോളിയിലേക്കെത്തി. മികച്ച നടനുള്ള മത്സരത്തില്‍ തന്നേക്കാള്‍ എത്രയോ സീനിയറായ നടന്‍മാരെ പിന്തള്ളിയാണ് നിവിന്‍ പോളി തിരഞ്ഞെടുക്കപ്പെടുന്നത്. മമ്മൂട്ടിയും ജയസൂര്യയും അവാര്‍ഡില്‍ നിവിന് മുമ്പില്‍ മാറിനില്‍ക്കേണ്ടി വന്നു.

1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന്‍ പോളി മികച്ച നടനുള്ള പുരസ്‌കാരം നേടിയിരിക്കുന്നത്. തീര്‍ച്ചയായും അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെ ഈ പുരസ്‌കാരങ്ങള്‍. 1983 ലെ ക്രിക്കറ്റ് മോഹിയായ രമേശന്‍ എന്ന കഥാപാത്രം മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ സമാനതകളില്ലാത്ത രീതിയിലാണ് നിവിന്‍ പോളി അവതരിപ്പിച്ചത്. 16 വയസുള്ള രമേശനില്‍ നിന്നും ഇരുപത് കാരനും പിന്നെ 30കാരനുമായി മാറുന്ന രമേശന്റെ പ്രായം അവസാനം നാല്പതില്‍ എത്തി നില്‍ക്കുമ്പോഴാണ് 1983 അവസാനിക്കുന്നത്.

ഇവിടെ ഒരു കാലഘട്ടത്തില്‍ പോലും അസ്വഭാവികമായ മേക്കപ്പിനെ നിവിന്‍ പോളി പിന്തുടരുന്നില്ല. മറിച്ച് ശരീരഘടനയിലും ശരീരഭാഷയിലുമുള്ള മികവ് കൊണ്ടു മാത്രം നിവിന്‍ പോളി വിവിധ പ്രായത്തിനുള്ള അവസ്ഥകളെ സ്വാഭാവികമാക്കുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിലും ദുള്‍ക്കര്‍ സല്‍മാനേക്കാള്‍ മികച്ചു നിന്നത് നിവിന്‍ പോളിയുടെ പ്രകടനം തന്നെ. ഹാസ്യവും ഗൗരവവും ആക്ഷനും എല്ലാം തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരമാകുന്ന നിവിന്‍ പോളി. അതുകൊണ്ടു തന്നെ നിവിന്‍ പോളിയുടെ പുരസ്‌കാരം ഇരട്ടിമധുരമുള്ളതാകുന്നു.

നിവിന്‍ പോളിയുടെ വളര്‍ച്ച വെറുമൊരു ഭാഗ്യമെന്ന് പറയുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതൊരു ഭാഗ്യത്തിന്റെ കളിയല്ല എന്ന് നിവിന്റെ കരിയറിനെ ശ്രദ്ധിക്കുന്നവര്‍ മനസിലാകും. കൃത്യമായ തിരഞ്ഞെടുപ്പുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമകളാണ് നിവിന്‍ അഭിനയിക്കുന്നത്. അതുകൊണ്ടു തന്നെ തുടര്‍ച്ചയായ വിജയവുമുണ്ടാകുന്നു. വെറും 16 സിനിമകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തിയതും ഇതുകൊണ്ടു തന്നെ.

എം.വി പത്മകുമാറിന്റെ ലൈഫ് പാട്ട്ണര്‍ എന്ന ചിത്രമാണ് പ്രതീക്ഷകള്‍ തെറ്റിച്ച് അവാര്‍ഡ് പ്രഖ്യാപനത്തില്‍ കടന്നു കൂടിയ ചിത്രം. തിയറ്ററില്‍ കാര്യമായി എത്തിക്കാന്‍ കഴിയാതെ സംവിധായകന്റെ കണ്ണീര് കണ്ട ചിത്രമാണ് മൈ ലൈഫ് പാട്ട്ണര്‍. സ്വവര്‍ഗാനുരാഗികളായ രണ്ട് യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആന്റണ്‍ ചെക്കോവിന്റെ ചെറുകഥയില്‍ നിന്നാണ് ചിത്രം പ്രമേയം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ട് കുടുംബ പ്രേക്ഷകര്‍ സിനിമ തഴഞ്ഞിരുന്നു. കാര്യമായ റിലീസിംഗ് തിയറ്ററുകള്‍ ലഭിക്കാതെ സിനിമ രണ്ടു ദിവസം പോലും കഷ്ടിച്ചാണ് ഓടിയത്. എന്നാല്‍ മികച്ച രണ്ടാമത്തെ ചിത്രമായി മൈ ലൈഫ് പാട്ട്ണര്‍ തിരഞ്ഞെടുത്തിരിക്കുന്നു. ചിത്രത്തിലെ പ്രകടനത്തിന് സുദേവ് നായര്‍ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു.

മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമാകുമ്പോള്‍ മികച്ച നടിയുടെ പുരസ്‌കാരം വിവാദങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പ്. നസ്‌റിയക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കുമ്പോള്‍ എന്താണ് ഈ സിനിമകളിലെ വലിയ പ്രകടനമെന്നത് ചോദ്യമാണ്. ബാംഗ്ലൂര് ഡെയ്‌സില്‍ പാര്‍വതി അഭിനയിച്ച അരയ്ക്ക് താഴേക്ക് തളര്‍ന്നു പോയ കഥാപാത്രം നസ്‌റിയയുടെ കഥാപാത്രത്തേക്കാള്‍ എത്രയോ മികച്ചതായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യുവിലെ മഞ്ജുവാര്യരുടെ കഥാപാത്രവും മികച്ച പ്രകടനത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു. മുന്നറിയിപ്പില്‍ അപര്‍ണ്ണാ ഗോപിനാഥിന്റെ പ്രകടനവും സമാനതകളില്ലാത്ത വിധം മികച്ചതായിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും നല്‍കാത്ത പുരസ്‌കാരം നസ്‌റിയക്ക് ലഭിക്കുമ്പോള്‍ അത്രമേല്‍ മികവേറിയ എന്ത് പ്രകടനത്തിനാണ് പുരസ്‌കാരം നല്‍കിയത് എന്ന് വിശദീകരിക്കുവാനുള്ള ബാധ്യതയും ജൂറിക്കുണ്ട്. വളരെ സാധാരണമായ പ്രകടനവും സാധാരണമായ കഥാപാത്രങ്ങളുമാണ് നസ്‌റിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയിരിക്കുന്നത് എന്നത് പറയാതെ വയ്യ.

അതേപോലെ തന്നെയാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം അഞ്ജലി മേനോന് നല്‍കിയതും. തിരക്കഥയുടെ ഗംഭീര മികവ് എന്ന് പറയാനുള്ളതൊന്നും ബാംഗ്ലൂര്‍ ഡെയ്‌സിലില്ല. മുന്നറിയപ്പില്‍ ഉണ്ണിയും, വര്‍ഷത്തില്‍ രഞ്ജിത്ത് ശങ്കറും കാഴ്ചവെച്ച തിരക്കഥാ മികവിനൊപ്പം ഒരിക്കലുമെത്തുന്നില്ല അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്. കാമറക്ക് പിന്നിലെ സ്ത്രീ സാന്നിധ്യത്തിന് ഒരു പുരസ്‌കാരം എന്ന നിലയിലാവണം അഞ്ജലിക്ക് പുരസ്‌കാരം നല്‍കപ്പെട്ടത്. പക്ഷെ അതൊരു നിതീകരണമില്ലാത്ത തിരഞ്ഞെടുപ്പായിരുന്നു എന്നു തന്നെ പറയേണ്ടിവരും.

നവ സിനിമയെയും സമാന്തര സിനിമയെയും ഒരേപോലെ പരിഗണിച്ചുകൊണ്ടുള്ള പുരസ്‌കാര നിര്‍ണ്ണയമാണ് ജോണ്‍പോള്‍ അധ്യക്ഷനായിട്ടുള്ള ജൂറി നടത്തിയിട്ടുള്ളത്. ജയരാജിന്റെ ഒറ്റാല്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സമാന്തര സിനിമയോടുള്ള ജൂറിയുടെ താത്പര്യം വ്യക്തമാകുന്നു. മുന്‍വര്‍ഷങ്ങളില്‍ സമാന്തര സിനിമയെ പാടേ അവഗണിച്ചുവെന്ന പരാതി ഇക്കുറി ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരാള്‍പ്പൊക്കം ഒരുക്കിയ സനല്‍കുമാര്‍ ശശിധരനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തതും ജൂറിയുടെ മികച്ച തീരുമാനമായി. അതേ സമയം ഛായാഗ്രഹണത്തിന് നവ സിനിമയുടെ വക്താവായ അമല്‍ നീരദിനെയാണ് ജൂറി തിരഞ്ഞെടുത്തത്.

എന്തായാലും തിരഞ്ഞെടുപ്പുകളില്‍ വിമര്‍ശനാത്മകമായ ചിലതൊക്കെ ജൂറിക്ക് സംഭവിച്ചിട്ടുണ്ട് എന്നത് കാണാതെ പോകാന്‍ കഴിയില്ല. ഒപ്പം നേരം സിനിമയിലൂടെ സൂപ്പര്‍താരമായ നിവിന്‍ പോളിയുടെ നേരത്തെ വീണ്ടും അഭിനന്ദിക്കാതെയും വയ്യ. നിവിന്‍ പോളിയുടെ ടൈമാണ് ഈ വര്‍ഷത്തെ ബെസ്റ്റ് ടൈം എന്ന് തന്നെയാണ് സംസ്ഥാന പുരസ്‌കാരവും അടിവരയിട്ടു പറയുന്നത്.
അവാര്‍ഡില്‍ തിളങ്ങി നിവിന്‍ പോളി (ജയമോഹന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക