Image

കാഴ്ച്ചപ്പാടുകള്‍ - അരികേ, അകലേ (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 11 August, 2015
കാഴ്ച്ചപ്പാടുകള്‍ - അരികേ, അകലേ (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
(സാഹിത്യപ്രതിഭ ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തിലിന്റെ ഇംഗ്ലീഷ് പുസ്തകം - ട്രു പെര്‍സ്‌പ്പെക്റ്റീവ് -നിരൂപണം )

(ഈ പുസ്തകം ഇ-മലയാളിയുടെ ഇംഗ്ലീഷ് വിഭാഗം www.dlatimes.com സീരിയലായി പ്രസിദ്ധീകരിക്കുന്നതാണു: എഡിറ്റര്‍)

ഭാവി തലമുറയെ കുറിച്ച് ആശങ്കപ്പെടുന്നത് ആരാണ്? ഇതിനുത്തരം മത-സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ എന്നായിരിക്കുമെങ്കില്‍ തെറ്റി. ഓരോ അമ്മമാരും അവരുടെ മക്കളുടെ ഭാവിയില്‍ ആശങ്കാകുലരാണ്, ഉല്‍ക്കണ്ഠയുള്ളവരാണ്. യശ്ശ:ശരീരനായ അബ്ദുല്‍ കലാം പിറന്നാളിനെ കുറിച്ച് പറഞ്ഞ നിര്‍വ്വചനം ഓര്‍മ്മ വരുന്നു. 'നീ കരയുമ്പോള്‍ നിന്റെ അമ്മ ചിരിച്ച ദിവസം'. പിന്നീടുള്ള ജീവിതത്തില്‍ മക്കളുടെ കരച്ചില്‍ കണ്ട് ഒരമ്മക്കും ചിരിക്കാന്‍ കഴിയില്ല. പിറന്ന് വീഴുമ്പോള്‍ മുതല്‍ കുട്ടികളുടെ ഭാവിയെപ്പറ്റിയാണ് ഒരു മാതാവ് ചിന്തിക്കുന്നത്. എല്ലാ രചനകളിലും, നന്മയുടേയും, സ്‌നേഹത്തിന്റേയു, മുഗ്ദ്ധഭാവങ്ങള്‍ പ്രകടിപ്പിച്ച, മാതൃഹൃദയത്തിന്റെ ഉള്‍തുടിപ്പുകള്‍ ദുര്‍ഗ്രഹമല്ലാത്ത ഭാഷയില്‍ പാടിയ അഭിവന്ദ്യ കവയിത്രി ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തില്‍ പലപ്പോഴായി മലയാളത്തില്‍ എഴുതിയ ലേഖനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ' ട്രു പേഴ്‌സ്‌പ്പെക്റ്റീവ്'' എന്ന അവരുടെ പുതിയ പുസ്തകം.

മലയാള ലേഖനങ്ങളില്‍ പ്രതിപാദിച്ചിരുന്ന വിഷയത്തെപ്പറ്റി സ്വന്തം പുത്രന്മാരോട് പറഞ്ഞപ്പൊള്‍ അതെല്ലാം ഇംഗ്ലീഷ് ഭാഷയില്‍ എഴുതി ഇവിടെ വളരുന്ന മലയാളം അറിയാത്ത മലയാളി കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു എന്നു ഗ്രന്ഥകര്‍ത്രി നമ്മെ അറിയിക്കുന്നുണ്ട്. ഭാവി തലമുറക്ക് ഇംഗ്ലീഷില്‍ എഴുതിയ ഈ പുസ്തകം പ്രയോജനമാകുമെന്ന് മക്കളെപോലെ തന്നെ എഴുത്തുകാരിയും മനസ്സിലാക്കുന്നു. അത് കൊണ്ട് അവര്‍ ആ ഉദ്യമത്തിനു ഒരുങ്ങുന്നു. ചരിത്രത്തിന്റെ പിന്‍ബലമുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ വിവരിച്ചെഴുതുന്നു. ഈ പുസ്തകം കയ്യിലെടുക്കുന്ന ഒരു പുതിയ തലമുറക്കാരനു, ഇവിടേക്കുള്ള മലയാളിയുടെ കുടിയേറ്റം, നാട്ടില്‍ അവര്‍ക്ക് വിട്ടിട്ട് പോരേണ്ടി വന്ന മാതാപിതാക്കളുടെ അവസ്ഥ, കേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ചുമടു താങ്ങിയും, തകരവിളക്കും, ഈശ്വരചിന്തയുടെ അത്ഭുതശക്തി, നാട്ടിലെ ആഘോഷങ്ങള്‍ സ്വന്തം പ്രയത്‌നം കൊണ്ട് വളര്‍ന്നവരുടെ വിശേഷങ്ങള്‍, എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നു. കൂടാതെ മലയാള സാഹിത്യം അതിലെ അതിനായകരായ എഴുത്തുകാര്‍, മലയാള കവിതയുടെ വളര്‍ച്ച, വികാസം, എഴുത്തുകാരും മാദ്ധ്യമങ്ങളും അവരുടെ ക്രുതികളെക്കുറിച്ചുള്ള എഴുത്തുകാരിയുടെ നിരീക്ഷണങ്ങള്‍, ഇന്ത്യക്ക് സാഹിത്യത്തിനു നോബല്‍ സമ്മാനം നേടി കൊടുത്ത വിശ്വപ്രശസ്തനായ രവീന്ദ്ര ടാഗോറിനെപ്പറ്റിയുള്ള വിവരങ്ങള്‍, അദ്ദേഹത്തിന്റെ ഗീതാജ്ഞലി അവര്‍ പരിഭാഷ ചെയ്യാനുണ്ടായ സാഹചര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിശ്വപ്രശസ്തിയാര്‍ജ്ജിിച്ച ഒരു ക്രുതി പരിഭാഷ ചെയ്തപ്പോള്‍ ഒരു എഴുത്തുകാരിക്കുണ്ടാകുന്ന നിര്‍വൃതിയേക്കാള്‍ ആ കൃതി തനിക്ക് പരിചയപ്പെടുത്തി തന്ന അതേക്കുറിച്ച് കൗമാര പ്രായത്തില്‍ വിവരിച്ച് കൊടുത്ത സ്വന്തം പിതാവിന്റെ വാത്സല്യമാണ് അവര്‍ അനുഭവിക്കുന്നത്. പുതിയ തലമുറക്കാര്‍ക്ക് ഇത്തരം സംഭവങ്ങള്‍ മാതാപിതാക്കളും മക്കളും തമ്മില്‍ ഉണ്ടാകേണ്ട സ്‌നേഹബന്ധത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ ഉതകുന്നവയാണു്. എല്ലാ വിഷയങ്ങളെക്കുറിച്ചും ഒരു മുഖവുര പോലെ എഴുതിയത്‌കൊണ്ട് അതെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ജിജ്ഞാസ മലയാലത്തില്‍ കുരച്ച് കുരച്ച് സംസാരിക്കുന്ന ഒരു യുവാവിനോ യുവതിക്കോ ഉണ്ടാകും. അങ്ങനെ അവരെ മലയാളനാട്ടിലേക്ക് അടുപ്പിക്കുന്ന ഒരു കണ്ണിയായി ഈ പുസ്തകം അതിന്റെ ഉദ്ദേശ്യശുദ്ധി നിര്‍വ്വഹിക്കും.

എങ്ങനെയാണു് ഈ ലേഖനങ്ങള്‍ പുതിയ തലമുറക്ക് പ്രയോജനമാകുക. ഒരു നാടിന്റെ സഭ്യതയും സംസ്‌കാരവും ഒരു വ്യക്തി ആര്‍ജ്ജിക്കുന്നത് അവന്റെ ബാല്യ-കൗമാരകാല ജീവിതത്തില്‍ നിന്നാണു്. ഈശ്വരന്റെ സൃഷ്ടിയില്‍ മനുഷ്യനു മാത്രമാണു് ഏറ്റവും കൂടുതല്‍ ബാല്യ-കൗമാര കാലഘട്ടമുള്ളത്. വിദേശഭൂമിയില്‍ ജനിച്ച് വളരുന്ന കുട്ടികള്‍ക്ക് അവരുടെ പൈത്രുകത്തെപ്പ്റ്റി ശരിയായ ഒരു ബോധമുണ്ടാകണമെന്നില്ല. എന്നാല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കുള്ള വഴിയാണു് സാഹിത്യം. എഴുത്തുകാര്‍ എഴുതിവയ്ക്കുന്നത് അനശ്വരമായി നിലകൊള്ളുന്നു. എങ്ങനെയാണു് ഈ പുസ്തകം പ്രവാസികളായ മാതാപിതാക്കളുടെ മക്കള്‍ക്ക് വായിക്കാന്‍ താല്‍പ്പര്യമുണ്ടാകുന്നത്.? അവര്‍ക്ക് തന്നെയല്ല പിന്നില്‍ വിട്ടിട്ട് പോന്ന സ്വന്തം ഗ്രാമത്തെക്കുറിച്ച് ഓര്‍ക്കുന്ന ഏവര്‍ക്കും ഈ പുസ്തകത്തിലെ വിവിധ വിഷയങ്ങള്‍ വായിക്കാന്‍ പ്രേരണയും പ്രചോദനവുമുണ്ടാകും,.

എഴുത്തുകാരി സ്വയം ഒരു പ്രവാസിയാണു്. നാലര പതിറ്റാണ്ടുകാലമായി അമേരിക്കയില്‍ കഴിഞ്ഞ് മലയാളികളുടെ കുടിയേറ്റ ചരിത്രം നേരില്‍ കണ്ട് മനസ്സിലാക്കിയ വ്യക്തിയാണ്. കാലഘട്ടങ്ങളുടെ മാറ്റം അനുസരിച്ച് സംസ്‌കാരങ്ങളുടെ സങ്കലനം, തലമുറകള്‍ സ്വീകരിക്കുന്ന ജീവിത കാഴ്ച്ചപ്പാടുകള്‍ എല്ലാം വളരെ സൂക്ഷ്മായി അടുത്ത് നിന്നും അകലെ നിന്നും അവര്‍ പരിശോധിച്ചിട്ടുണ്ട്. പ്രവാസികളുടെ ജീവിതം കൂട്ടികിഴിച്ച് നോക്കുമ്പോള്‍ അവനു കിട്ടുന്നത് എപ്പോഴും ഒരു ന്യൂന ചിഹ്ന മാണെന്ന് അവര്‍ കണ്ടെത്തുന്നു. അത് കൊണ്ട് അവര്‍ ഒരു ഉപദേശം തരുന്നു. ജീവിതം എന്താണെന്ന് നമ്മള്‍ മനസ്സിലാക്കുമ്പോഴേക്കും ജീവിതം ഒട്ടൂമുക്കാലും അവസാനിച്ച് കാണും. അതിനാല്‍ സമയത്തെ ഉപയോഗപ്രദമാക്കി ഈശ്വരനില്‍ എല്ലാം അര്‍പ്പിച്ച് ജീവിക്കേണ്ടതാണെന്ന് അവര്‍ കണ്ടെത്തുന്നു.

ഉപദേശങ്ങള്‍ ഉദാഹരണങ്ങളിലൂടെ കൊടുക്കുക എന്ന രീതിയാണു എഴുത്തുകാരി ഇഷ്ടപ്പെടുന്നത്. ജീവിതം നമുക്ക് വേണ്ടി കാത്ത് നില്‍ക്കുന്നില്ലായെന്ന് അവര്‍ വിശദീകരിക്കുന്നു. പക്വതയില്ലാത്ത മനസ്സുകളില്‍ തോന്നുന്ന വിചാരവികാരങ്ങള്‍ മഴവില്ലു പോലെയാണു്. ക്ഷണിക നേരം. പിന്നെ അത്തരം വികാരങ്ങള്‍ക്കടിമപ്പെട്ടുപോയ പ്രവര്‍ത്തികള്‍ മനുഷ്യരെ കഷ്ടപ്പെടുത്തുന്നു. പക്ഷെ മുന്‍തലമുറ നല്‍കുന്ന അറിവ്, അവരുടെ ജീവിതത്തില്‍ നിന്നും പിന്‍തലമുറക്ക് കണ്ട് പഠിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഇവയെല്ലാം നന്മയുടെ വഴിയിലേക്ക് ഒരാളെ നയിക്കുന്നു എന്ന സത്യത്തിന്റെ പൊരുള്‍ നീക്കുകയാണു എഴുത്തുകാരി അവര്‍ കണ്ടുമുട്ടിയ യഥാര്‍ത്ഥ മനുഷ്യരുടെ ജീവിതം വിവരിക്കുന്നതിലൂടെ അത്തരം ജീവിത സന്ദര്‍ഭങ്ങള്‍ തന്റെ കാഴ്ച്ചപ്പാടിലൂടെ നോക്കി കാണുന്നതിലൂടെ.

അത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന ഇന്നത്തെ തലമുറയെ ദ്രുശ്യമാദ്ധ്യമങ്ങളുടെ മുന്നില്‍ നിന്ന് ഏണീപ്പിച്ച് ഇത്തരം പുസ്തകങ്ങള്‍ വായിക്കാന്‍ അവസരമുണ്ടാക്കി കൊടുത്താല്‍ തീര്‍ച്ചയായും അവര്‍ അവരുടെ പൈത്രുകത്തില്‍ അഭിമാനം കൊള്ളുകയും, പൂര്‍വ്വികരുടെ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ബദ്ധശ്രദ്ധാരാകുകയും ചെയ്യും. തെങ്ങോല മേഞ്ഞ വീടുകള്‍, ചാണകം മെഴുകിയ നിലങ്ങള്‍, വിറകെരിയുന്ന അടുപ്പുകള്‍ ഒക്കെ കൗതുകത്തോടെ നോക്കി കാണുന്ന തലമുറ അന്ന് നിലനിന്നിരുന്ന ശാന്തിയുടേയും, ആളുകള്‍ തമ്മിലുണ്ടായിരുന്ന സൗഹുദങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യും. ലേഖങ്ങളില്‍ പലതിലും എഴുത്തുകാരിയുടെ ഭാവനാസമ്പന്നമായ കവി മനസ്സ് കാണാം. വിശുദ്ധനാട്ടിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തിയ എഴുത്തുകാരി ഗലീലിയുടെ തീരത്തെ ഒരു റസ്‌റ്റോറന്റില്‍ സെന്റ് പീറ്റേറ്‌ഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന മത്സ്യം കഴിച്ച് വിനോദത്തിനായി സമുദ്രപര്യടനം നടത്തുമ്പോള്‍ കപ്പലിനു മീതെകൂടെ വെള്ള പിറാവുകള്‍ പറക്കുന്നത് കണ്ട് ദൈവദൂതന്മാര്‍ സ്വാഗതമരുളുന്നതാണെന്ന് ഉല്‍പ്രേക്ഷിക്കുന്നത് വളരെ മനോഹരമായിട്ടുണ്ട്.

ഈ ഗ്രന്ഥത്തിനു പ്രൗഡമായ അവതാരിക എഴുതിയിരിക്കുന്നത്ചിന്തകനും എഴുത്തുകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. ബാബു പോള്‍ ആണു.

ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തിലിനു എല്ലാ നന്മകളും നേരുന്നു. പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തിലുമായോ, ഇ മലയാളിയുമായോ ബന്ധപ്പെടുക.

ശുഭം
കാഴ്ച്ചപ്പാടുകള്‍ - അരികേ, അകലേ (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)കാഴ്ച്ചപ്പാടുകള്‍ - അരികേ, അകലേ (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക