Image

അസ്സദിന്റെ പിടിവാശി യുദ്ധത്തിലേക്ക്: പ്രതിപക്ഷം

Published on 11 January, 2012
അസ്സദിന്റെ പിടിവാശി യുദ്ധത്തിലേക്ക്: പ്രതിപക്ഷം
ദമാസ്‌കസ്: അധികാരം വിട്ടൊഴിയാന്‍ താന്‍ തയ്യാറല്ലെന്നും ഭീകരവാദികളെ ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമര്‍ത്തുമെന്നുമുള്ള സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിന്റെ പിടിവാശി മഹായുദ്ധത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന് പ്രതിപക്ഷം ഓര്‍മിപ്പിച്ചു.

സിറിയയില്‍ മാസങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വിദേശ ഗൂഢാലോചനയാണെന്നാണ് രാജ്യത്തെ സംബോധന ചെയ്ത് അസ്സദ് പറഞ്ഞത്. എന്നാല്‍ എല്ലാ രാഷ്ട്രീയ ശക്തികളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിപുലപ്പെടുത്തണമെന്ന നിര്‍ദേശം സ്വാഗതം ചെയ്യുന്നതായും ദമാസ്‌കസ് സര്‍വകലാശാലയില്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ അസ്സദ് വ്യക്തമാക്കി.

ഇടയ്ക്ക് അനുരഞ്ജനസ്വരത്തില്‍ സംസാരിച്ച് പിന്നീട് നിലപാട് കര്‍ക്കശമാക്കി ഭരണത്തില്‍ തുടരാനാണ് തീരുമാനമെന്ന് വ്യക്തമാക്കുന്നതായിരുന്നു അസ്സദിന്റെ വാക്കുകള്‍. ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് താന്‍ ഭരിക്കുന്നതെന്നും ജനങ്ങള്‍ തീരുമാനിക്കുമ്പോഴേ അധികാരമൊഴിയൂവെന്നും അസ്സദ് വ്യക്തമാക്കി.

ജനകീയപ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിനെ അപലപിച്ച് സമാധാനശ്രമം നടത്താന്‍ അറബ് ലീഗ് ശ്രമം നടത്തുന്നതിനിടെയാണ് അതിനെയെല്ലാം തള്ളിക്കളഞ്ഞ് അസ്സദ് നിലപാട് വ്യക്തമാക്കിയത്. സുന്നി ഭൂരിപക്ഷ രാജ്യമായ സിറിയയെ നാലുപതിറ്റാണ്ടിലേറെയായി അടിച്ചമര്‍ത്തി ഭരിക്കുന്നത് ഷിയാ ന്യൂനപക്ഷത്തില്‍പ്പെടുന്ന അസ്സദിന്റെ കുടുംബമാണ്. തൊട്ടടുത്ത സുന്നിരാജ്യമായ സൗദി അറേബ്യ പ്രക്ഷോഭത്തിന് എണ്ണ പകരുന്നുണ്ടെന്നാണ് സിറിയയുടെ ആരോപണത്തിന്റെ ധ്വനി.

അറബ് വസന്തത്തിന്റെ ഭാഗമായി ജൂണില്‍ പ്രക്ഷോഭം തുടങ്ങിയശേഷം 5000-ത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് യു.എന്‍. കണക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക