Image

ഇതാ, പോത്തുണ്ടി (പ്രകൃതിയുടെ നിഴലുകള്‍ തേടി -75: ജോര്‍ജ്‌ തുമ്പയില്‍)

Published on 08 August, 2015
ഇതാ, പോത്തുണ്ടി (പ്രകൃതിയുടെ നിഴലുകള്‍ തേടി -75: ജോര്‍ജ്‌ തുമ്പയില്‍)
നെല്ലിയാമ്പതിയിലേയ്‌ക്കുള്ള യാത്രയില്‍ പോത്തുണ്ടിയില്‍ എത്താനാവാതിരുന്നതിന്റെ നിരാശ മറ്റാന്‍ ഇവിടേക്ക്‌ തന്നെ പ്രത്യേകമായൊരു യാത്ര നടത്തി. ശരിക്കും യാത്ര നെന്മാറയിലേക്കായിരുന്നു. അവിടെ, നിന്ന്‌ പോത്തുണ്ടിയിലെത്തി എന്നതാവും ശരി. എന്റെയൊരു സുഹൃത്തിന്‌ നെന്മാറിയില്‍ ഒരു ജൈവവള നിര്‍മ്മാണശാല ഉണ്ടായിരുന്നു. അതൊന്നു കാണാന്‍ പുറപ്പെട്ടതാണ്‌. തൃശൂര്‍ വടക്കുംഞ്ചേരി എന്‍ എച്‌ 47 വഴി നെന്മാറയില്‍ എത്തി. അവിടെ നിന്നും വലത്തോട്‌ തിരിഞ്ഞാല്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോത്തുണ്ടി ഡാം ആയി. നെല്ലിയാമ്പതി യാത്രയുടെ തുടക്കം ശരിക്കും പോത്തുണ്ടി ഡാമിലെ കാഴ്‌ചകള്‍ തൊട്ടാണ്‌. മനോഹരമായ ഒരു ഡാം ആണിത്‌. ഇന്ത്യയിലെ തന്നെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളില്‍ ഒന്ന്‌. 1958-ല്‍ കേരള ഗവര്‍ണറായിരുന്ന ബി. രാമകൃഷ്ണ റാവുവാണ്‌ ഡാമിന്റെ നിമ്മാണം അരംഭിച്ചത്‌. 1672 മീറ്റര്‍ നീളമുള്ള അണക്കെട്ടിനു മുകളില്‍ 8 മീറ്റര്‍ വീതിയും താഴെ 154 മീറ്റര്‍ വീതിയുമാണുള്ളത്‌. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ അയിലൂര്‍പ്പുഴയുടെ കെവഴികളായ മീന്‍ചാടി, ചാടി എന്നീ പുഴകളിലാണ്‌ പോത്തുണ്ടി ഡാം നിര്‍മ്മിച്ചിരിക്കുന്നത്‌. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഡാമും പരിസരവും ശൂന്യമായിരുന്നു. എന്നാല്‍ ദൂരെ മലമുകളില്‍ മഞ്ഞ്‌ നൃത്തമാടുന്നുണ്ടായിരുന്നു. താഴെ ഓളമില്ലാതെ കിടന്ന ജലത്തില്‍ അത്‌ പ്രതിഫലിക്കുന്നുമുണ്ട്‌. പ്രഭാതഭക്ഷണം തൃശൂരിനടുത്തുള്ള പട്ടിക്കാട്ട്‌ എന്ന സ്ഥലത്തു നിന്നായിരുന്നു. പോത്തുണ്ടിയിലേക്ക്‌ തിരിയുന്ന വഴിയിലെ ചായകടയില്‍ നിന്നും ആവി പറക്കുന്ന ഒരു വിത്തൗട്ട്‌ കോഫി കൂടി അകത്താക്കിയതോടെ യാത്രാക്ഷീണം പമ്പ കടന്നു.

ഏഷ്യയിലെ തന്നെ രണ്ടാമത്തെ എര്‍ത്ത്‌ ഡാമാണ്‌ പോത്തുണ്ടിയിലേത്‌. ഇക്കാര്യം ഇവിടെ സവിസ്‌തരം പ്രസ്‌താവിച്ചു വച്ചിട്ടുണ്ട്‌. എന്നാല്‍ ഇതൊന്നുമല്ല രസം. സിമന്റ്‌ ഉപയോഗിക്കാതെ ആണ്‌ ഈ ഡാം നിര്‍മിച്ചിരിക്കുന്നത്‌ എന്നതാണ്‌ വസ്‌തുത. മുലപ്പെരിയാര്‍ മാത്രമാണ്‌ ലോകത്ത്‌ ഇങ്ങനെയൊരു അത്ഭുതം എന്നായിരുന്നു അതുവരെ ധാരണ. അതില്‍ ഞാന്‍ പലപ്പോഴും ഊറ്റം കൊള്ളുകയും ചെയ്‌തു. എന്നാലിതാ സിമന്റ്‌ ചാക്ക്‌ ഏഴയല്‍വക്കത്ത്‌ അടുപ്പിക്കാതെ മറ്റൊരു ഡാം കൂടി എന്റെ മുന്നില്‍ വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഞാന്‍ ആവേശഭരിതനായി. ചിറ്റൂര്‍ താലൂക്കിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക്‌ ഈ ഡാമിലെ ജലമാണ്‌ ഉപയോഗിക്കുന്നത്‌. ചില വ്യൂ പോയിന്റില്‍ നിന്നുമുള്ള വിദൂരകാഴ്‌ചകള്‍ നമ്മളെ തികച്ചും വിസ്‌മയിപ്പിക്കും. പാലരുവികളും വെള്ളച്ചാട്ടങ്ങളും കോടമഞ്ഞിന്റെ സുഖമുള്ള കാഴ്‌ചകളും നെല്ലിയാമ്പതിയെ സുന്ദരിയാക്കുന്നതെങ്കില്‍ അതിന്റെ അടിവാരത്തു നിന്നും മുകളിലേക്ക്‌ നോക്കാന്‍ പോത്തുണ്ടി പോലെ മറ്റൊരു ഡെസ്റ്റിനേഷന്‍ ഇല്ലെന്നു തന്നെ പറയാം.

മൂന്നു വശവും നെല്ലിയാമ്പതി മലനിരകള്‍ കാവല്‍ നില്‍ക്കുന്ന മനോഹരമായ ഡാമിലേക്ക്‌ രാവിലെ എട്ടു മണി മുതലാണ്‌ പ്രവേശനം അനുവദിക്കുന്നത്‌. നല്ല ശുദ്ധ വായുവിന്റെ സുഖം. തെളിഞ്ഞ വെള്ളം. മഞ്ഞ്‌ ഓടിക്കളിക്കുന്ന വനപ്രദേശങ്ങള്‍. ശരിക്കും ഒരു കാല്‍പ്പനിക ഭംഗിയുണ്ട്‌ ഈ പ്രദേശത്തിന്‌. ഡാമിന്റെ മുകളില്‍ നിന്നാല്‍ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ നെല്ലിയാമ്പതി കുന്നുകള്‍ മതിവരുവോളം ആസ്വദിക്കാം. കുന്നുകളുടെ മുകള്‍ ഭാഗം കാണാനേ കഴിയുന്നില്ല. എല്ലാം മഞ്ഞു മൂടി കിടക്കുകയാണ്‌. ഇടതൂര്‍ന്ന കാടുകളും അരുവിയും കണ്ണിനു കുളിര്‍മ നല്‍കുന്നു. ഡാമിന്‌ മുന്നില്‍ ഒരു പൂന്തോട്ടമുണ്ട്‌. കുട്ടികള്‍ക്കായുള്ള വിനോദോപാധികള്‍ ചിതറിക്കിടപ്പുണ്ട്‌. തൊട്ടകലെയായി, ചെറിയൊരു പൈന്‍മരക്കാട്‌. ഡാമില്‍ നിന്നുള്ള മലനിരകളുടെ വിദൂര ദൃശ്യത്തിനും കാഴ്‌ചയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യമുണ്ട്‌.

ഇപ്പോള്‍ ദിവസേന നൂറു കണക്കിന്‌ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ ഡാമിന്‌ കഴിയുന്നുണ്ടെന്നു ഗാര്‍ഡായി ജോലി നോക്കുന്ന സുരേഷ്‌ പറഞ്ഞു. നെല്ലിയാമ്പതിയിലേക്ക്‌ പോകുന്നവര്‍ പോത്തുണ്ടി കാണാതെ പോവില്ല. പൈന്‍ മരക്കാടുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന ആകാശ മേഘങ്ങള്‍ക്കിടയില്‍ ഗജരാജ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന നെല്ലിയാമ്പതി മലനിരകളുടെ അനുപമ സൗന്ദര്യം അവര്‍ണനീയം തന്നെയെന്നു തോന്നി. നെല്ലിയാമ്പതിയുടെ മുകളില്‍ നിന്നു നോക്കുമ്പോള്‍ എന്തൊരു ഭംഗിയാണ്‌. അതിലുമേറെ ഭംഗി താഴെ നിന്നു മുകളിലേക്ക്‌ നോക്കുമ്പോഴാണെന്നു തോന്നി. മലനിരകള്‍ മേഘങ്ങളെ താങ്ങി നിര്‍ത്തിയിരിക്കുകയാണെന്നു തോന്നി.

കുറച്ചു നേരം ഉദ്യാനത്തില്‍ ചെലവഴിച്ച ശേഷം ഞങ്ങള്‍ ഡാമിന്‌ മുകളിലേക്ക്‌ കയറി. ഡാമില്‍ നിന്നുള്ള വിദൂര കാഴ്‌ചകളെല്ലാം അതി മനോഹരമാണ്‌. ഡാമിന്‌ മൂന്നു വശവും പ്രകൃതി സൗന്ദര്യം ആവോളം ഉള്ളിലൊളിപ്പിച്ച നെല്ലിയാമ്പതി മലനിരകള്‍. മറ്റേതൊരു ഡാമിനോടും കിടപിടിക്കുന്ന സൗന്ദര്യം ഇവിടുണ്ട്‌.

അധികാരികളുടെ അനാസ്ഥ പോത്തുണ്ടി ഡാമിനെയും വെറുതെ വിടുന്നില്ല. പലേടവും വൃത്തിഹീനമായി അനുഭവപ്പെടുന്നു. ഉദ്യാനത്തിന്റെ പല ഭാഗങ്ങളും കാട്‌ പിടിച്ചു കിടക്കുകയാണ്‌. കുട്ടികള്‍ക്കായിട്ടുള്ള പല വിനോദോപാധികളും ഉപയോഗ ശൂന്യമാണ്‌. അതിമനോഹരവും ജീവസ്സുറ്റതും ആയ പല ശില്‍പ്പങ്ങളും കാട്‌ കയറി കിടക്കുന്നു. നടപ്പാതകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്‌. കളിപ്പാട്ടങ്ങള്‍ ഉപയോഗശൂന്യമായി. ജലധാരകള്‍ പ്രവര്‍ത്തിക്കുന്നില്ല. പൂച്ചെടികളും പുല്‍ത്തകിടികളും പരിചരണമില്ലാതെ നശിച്ചു. ഡാമില്‍ ബോട്ടിംഗ്‌ മുതലായ വിനോദോപാധികളൊന്നും ലഭ്യമല്ല. സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ട്‌ ആരും തിരിഞ്ഞു നോക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന ഈ ഡാമും അതിലെ പൂന്തോട്ടവും ഇപ്പോളും ഈ അവസ്ഥയിലും വളരെ മനോഹരമാണ്‌. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത ദിലീപ്‌ ചിത്രമായ വിനോദയാത്രയിലെ ചില പാട്ട്‌ സീനുകളും മറ്റും ഈ ഡാമിന്റെ പരിസരങ്ങളിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

ഇടയ്‌ക്കിടെ ഇവിടെ ഡാമിലെ വെള്ളം തുറന്നു വിടാറുണ്ട്‌. നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച്‌ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായാണ്‌ സാധാരണയായി പോത്തുണ്ടി ഡാം തുറക്കുന്നത്‌. ഡാമിന്റെ വലതുകനാലിന്റെ ഷട്ടര്‍ 30 സെന്റിമീറ്ററോളം മാത്രമാണ്‌ തുറക്കുന്നത്‌. കനാലില്‍നിന്ന്‌ പുഴയിലേക്കാണ്‌ വെള്ളം തുറക്കുക.

പാലക്കാട്‌ പട്ടണത്തില്‍ നിന്നും 42 കിലോമീറ്ററും നെന്മാറയില്‍ നിന്ന്‌ 8 കിലോമീറ്ററുമാണ്‌ പോത്തുണ്ടിയിലേക്കുള്ള ദൂരം. പാലക്കാട്‌ ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ്‌ ജലസേചനപദ്ധതി തയാറാക്കിയിരിക്കുന്നത്‌. പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തൃശ്ശൂര്‍ ജില്ലയിലെ വടക്കാന്‍ഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങള്‍ക്കാണ്‌ ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു. ഡാമിനു മുകളിലൂടെ കുറച്ചു ദൂരം നടന്നു. ചിത്രങ്ങളെടുത്തു. പിന്നെ, മടങ്ങി. പ്രകൃതിക്കു നമോവാകം നേര്‍ന്നു കൊണ്ട്‌.

എത്തിച്ചേരാനുള്ള വഴി

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ വിമാനത്താവളം

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: പാലക്കാട്‌, തൃശ്ശൂര്‍.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും: തൃശ്ശൂര്‍ ബസ്‌ സ്റ്റാന്റിലേക്ക്‌ 30 കിലോമീറ്റര്‍ ആണ്‌ ദൂരം. തൃശ്ശൂര്‍ ബസ്‌ സ്റ്റാന്റുവരെ ഒരു ടാക്‌സി എടുക്കുക. തൃശ്ശൂര്‍ ബസ്‌ സ്റ്റാന്റില്‍ നിന്ന്‌ നെന്മാറയിലേയ്‌ക്ക്‌ ബസ്‌, ടാക്‌സി ഇവ ലഭിക്കും (48 കി.മി. ദൂരം).

കോയമ്പത്തൂര്‍ വിമാനത്താ!വളത്തില്‍ നിന്നും : പാലക്കാട്ടേയ്‌ക്ക്‌ ബസ്‌, ടാക്‌സി ഇവ ലഭിക്കും (60 കി.മി. ദൂരം).

പാലക്കാട്ടു നിന്നും: നെന്മാറയിലേക്ക്‌ ബസ്സ്‌, ടാക്‌സി എന്നിവ ലഭിക്കും (30 കി.മി. ദൂരം).

ഏറ്റവും അടുത്തുള്ള പട്ടണം: നെന്മാറ (8 കി.മി. ദൂരം).

(തുടരും)
ഇതാ, പോത്തുണ്ടി (പ്രകൃതിയുടെ നിഴലുകള്‍ തേടി -75: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
വിദ്യാധരൻ 2015-08-12 10:55:37
ജോർജ്ജു തുമ്പയുടെ 'പ്രകൃതിയുടെ നിഴലുകൾ തേടി' യെന്ന പരമ്പര ഭാഷാ സ്നേഹികൾക്കും പ്രകൃതിയെ സ്നേഹിക്കുന്നവർക്കും  വായിക്കാതെ അവഗണിച്ചു മുന്നോട്ട് പോകാനാവില്ല.  പ്രകൃതിയുടെ നിഴലുകൾ തേടി' യെന്ന ശീര്‍ഷകം എന്തുകൊണ്ടും,ഉചിതമാണ്. കേരളത്തിലെ പ്രകൃതിയെ നശിപ്പിക്കാൻ , പുരോഗമന വാദത്തിന്റെ  നിഴലിൽ കോടാലിയും മഴുവുമായി ഇറങ്ങി തിരിചിരിക്കുന്നവരുടെ അംഗസംഖ്യ അനു ദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ കേരളത്തിലെ പ്രസിദ്ധ സാഹിത്യകാരനായ സഖറിയ അടക്കം, വരാൻ പോകുന്ന തലമുറയെക്കുറിച്ച് മുൻപിൻ ചിന്തകൾ ഇല്ലാത്ത, അമേരിക്കയിലെ ചില സാഹിത്യ പുംഗവന്മാരടക്കം പലരും ഒണ്ടെന്നുള്ളത് ദുഃഖത്തോടെ മാത്രമേ കാണാൻ കഴിയൂ. മാതൃഭൂമിയിൽ സഖറിയ എഴുതിയ ലേഖനത്തിന് മറുപടി എഴുതിയിരിക്കുന്നവരുടെ അഭിപ്രായം വായിച്ചാൽ മനസിലാകും, 'സരസൻ' എന്ന വിരസൻ പറഞ്ഞിരിക്കുന്ന 'അമേരിക്കൻ മലയാളി ലോബിയുടെ കഥ'  വിദ്യാധരൻ ആരെയും 'ലോബി ' ചെയ്യാറില്ല  എങ്കിലും സമാന ചിന്താഗതിക്കാരുടെ അഭിപ്രായം വായിക്കുന്നത് സന്തോഷകരമാണ്.  പ്രകൃതിയുടെ നിഴലുകൾ തേടി എന്ന തലകെട്ട് വളരെ അധികം ചിന്തകളെ വായനക്കാരനിൽ ഉണർത്താം.  നിഴലുകൾ തേടിയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. അദ്ദേഹം നെല്ലിയാമ്പതിയിൽ ചെല്ലുമ്പോൾ ആ മനോഹര ഭൂപ്രകൃതി അവിടെ അവെശേഷിചിട്ടുണ്ടോ എന്ന സന്ദേഹത്തോടെയാണ് അദ്ദേഹം അങ്ങനെ എഴുതിയെതെന്നു തോന്നും ചിലപ്പോൾ. മറ്റു ചിലപ്പോൾ തോന്നും അദ്ദേഹം,  നിഴലുകളായി അവെശേഷിച്ച നെല്ലിയാമ്പതി മലകൾ അന്വേഷിച്ചു പോകുകയാണോ എന്ന്?  "ഇതാ നിന്റെ രാജ്യം. പ്രകൃതിയുടെ ഈ അതുഭുതത്തെ നീ താലോലിക്കുക , പ്രകൃതി നിനക്കായി ഒരുക്കിയിരിക്കുന്ന വിഭവങ്ങളെ നീ താലോലിക്കുക. നിന്റെ കുട്ടികൾക്കും അവരുടെ കുട്ടികൾക്ക് വേണ്ടിയും നീ ചരിത്രത്തേയും , പൂർവ്വിക സമ്പത്തിനെയും  നിന്റെ സങ്കൽപ്പങ്ങളേയും നീ താലോലിക്കുക .സ്വാർത്ഥമതികളായവരുടെ സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണത്തിനായി നിന്റെ രാജ്യത്തിന്റെ സൗന്ദര്യത്തേയോ, സമ്പത്തിനെയോ, ചരിത്രത്തിന്റെയോ തൊലി ഉരിക്കാതിരിക്കുക"  എന്ന തിയോഡർ റൂസ്വെൽട്ടിന്റെ വാക്കുകളാണ് ഓർമ വരുന്നത്.   പ്രികൃതിയെ മനുഷ്യൻ പ്രകൃതിയെന്ന സുന്ദരിയുടെമേൽ ചാടിവീണു ബാലാൽസംഘം ചെയ്യുന്നതുകൊണ്ടാണ്, ലോകത്തിൽ എമ്പാടും പാരിസ്ഥിതികളിൽ മാറ്റം വരുന്നത്. കേരളത്തിൽ മഞ്ഞ മഴയും പച്ച മഴയും പെയ്യുന്നത്.  സഖറിയാ  എന്ന ഏഴുത്തുകാരനെക്കുറിച്ച് എനിക്ക് ലജ്ജതോന്നുന്നു. അമേരിക്കയിൽ ആരുമുള വിമാനതാവളത്തിനു വേണ്ടി അണി നിരക്കുന്ന സാഹിത്യകാരന്മാരും സംഘടനക്കാരും പുത്തൻപണത്തിന്റെ പേരിൽ ചാടിക്കളിക്കുന്ന ക്ഷിപ്ര ജീവികളാണ്.

എഴുതുക ജോർജ്ജ് തുമ്പയിൽ നിങ്ങൾ 
നിങ്ങടെ തൂലികയാൽ പ്രകൃതിയെ വാഴ്ത്തീടൂ 
മലയും തൊടിയും കാടും പുഴയും 
മണ്ണിൽ നിന്നും മായുമ്പോൾ,
മയേതെന്നും ഞങ്ങടെ- 
മനസ്സിൻ ഭിത്തിയിലെന്നും 
കോറുക നിന്നുടെ തൂലികയാൽ നീ 
മാതൃനാടാം കൈരളി തന്നുടെ 
മുഗ്ദ്ധ മനോഹര ചിത്രങ്ങൾ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക