Image

`രക്ഷിക്കുന്ന എന്റെ ദൈവം' ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്‌തു

ജോസ്‌ കണിയാലി Published on 11 January, 2012
`രക്ഷിക്കുന്ന എന്റെ ദൈവം' ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്‌തു
ന്യൂയോര്‍ക്ക്‌: പ്രസിദ്ധ സുവിശേഷകനും ഇന്റര്‍ ഡിനോമിനേഷണല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ യു.എസ്‌.എ.യുടെ പ്രസിഡന്റുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌ ഈണം പകര്‍ന്ന `രക്ഷിക്കുന്ന എന്റെ ദൈവം' എന്ന ക്രിസ്‌തീയ ഗാനസമാഹാരം ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്‌തു. ഇരുന്നൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുള്ള ബ്രദറിന്റെ ഇരുന്നൂറാമത്‌ ഗാനം ഉള്‍ക്കൊള്ളുന്ന പുതിയ ആല്‍ബമാണ്‌ `രക്ഷിക്കുന്ന എന്റെ ദൈവം'. ഡിസംബര്‍ 2 9-ാം തീയതി വൈകുന്നേരം ടാപ്പനിലുള്ള ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ വച്ച്‌ ക്‌നാനായ യാക്കോബായ സഭയുടെ ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ ആയൂബ്‌ മാര്‍ സില്‍വാനിയോസ്‌ തിരുമേനി റോക്ക്‌ലാന്റ്‌ കൗണ്ടി ലജിസ്ലേറ്റര്‍ ശ്രീമതി. ആനി പോളിന്‌ ആദ്യപ്രതി നല്‍കിക്കൊണ്ടാണ്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്‌. മലബാര്‍ സ്വതന്ത്ര സുറിയാനി സഭാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍, റവ.ഫാ. മാത്യു തോമസ്‌, ഐ.ഡി.സി.എഫ്‌. വിദേശ യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി ബ്രദര്‍ മാര്‍ട്ടിന്‍ ഹെന്റി, ഐ.ഡി.സി.എഫ്‌. കാനഡയുടെ ചുമതല വഹിക്കുന്ന ശ്രീ. ജോജോ ജോസഫ്‌ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. മുഖ്യ അതിഥി അഭിവന്ദ്യ ആയൂബ്‌ മാര്‍ സില്‍വാനിയോസ്‌ തിരുമേനി, ഇരുന്നൂറ്‌ ഗാനങ്ങള്‍ രചിച്ച്‌ ഈണം പകരാന്‍ ഒരു വ്യക്തിക്ക്‌ സാധിക്കുന്നത്‌ ആ വ്യക്തിക്കുള്ള ദൈവകൃപകൊണ്ടാണെന്ന്‌ തന്റെ പ്രസംഗത്തില്‍ പറയുകയുണ്ടായി. ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസിന്‌ ധാരാളം താന്തലുകള്‍ ദൈവത്തില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നഎം, ആ താന്തലുകള്‍ വര്‍ദ്ധിപ്പിച്ച്‌ അനേകം പുതിയ സംരംഭങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ ബ്രദറിന്‌ സാധിക്കട്ടെയെന്നും തിരുമേനി ആശംസിച്ചു. ക്രിസ്‌ത്യന്‍ എക്യുമിനിക്കല്‍ സംഘടനയായ ഇന്റര്‍ ഡിനോമിനേഷണല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തിരുമേനി പറഞ്ഞു.

ബ്രദറിന്റെ ഗാനങ്ങള്‍ ഏറ്റവും പ്രത്യേകതയുള്ളതാണെന്ന്‌ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ അഭിവന്ദ്യ ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ തിരുമേനി അഭിപ്രായപ്പെട്ടു. ലോകപ്രസിദ്ധരല്ലെങ്കിലും, ചിലരുടെ ഗാനങ്ങള്‍ തലമുറകള്‍ കൈമാറിവരുന്നതായി തിരുമേനി ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും പ്രസിദ്ധമായ നാഗല്‍ സായ്‌പ്‌ രചിച്ച `സമയമാം രഥത്തില്‍' എന്ന ഗാനവും ബഹുമാന്യനായ കൊച്ചുകുഞ്ഞ്‌ ഉപദേശിയുടെ രചനകളും ഉദാഹരണമായി ചൂണ്ടിക്കാട്ടിയ തിരുമേനി, ബ്രദറിന്റെ ഗാനങ്ങളും തലമുറകള്‍ കൈമാറട്ടെയെന്ന്‌ ആശംസിച്ചു. പ്രസംഗത്തിനിടയില്‍ ബ്രദറിന്റെ സുപ്രസിദ്ധ ഗാനമായ `പ്രാര്‍ത്ഥിക്കാം പ്രാര്‍ത്ഥിക്കാം' എന്ന ഗാനം ആലപിച്ചപ്പോള്‍ സദസ്യര്‍ അതേറ്റുപാടി.

ശ്രീമതി ആനി പോള്‍, തന്നെ ഈ സമ്മേളനത്തിന്‌ ക്ഷണിച്ചതിനുള്ള നന്ദി അറിയിച്ചു. അതോടൊപ്പം, ഇത്തരം കൂട്ടായ്‌മകള്‍ മനുഷ്യരെ ദൈവത്തിലേക്കടുപ്പിക്കാന്‍ ഏറ്റവും സഹായകരമാകുമെന്ന്‌ തന്റെ ആശംസാപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. മനുഷ്യനും ദൈവവുമായുള്ള ആശയവിനിമയം പ്രാര്‍ത്ഥനയിലൂടെയാണെന്ന്‌ ഫോമ പ്രസിഡന്റ്‌ ശ്രീ. ബേബി ഊരാളില്‍ ഓര്‍മ്മിപ്പിച്ചു. ധാരാളം ദൈവിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബ്രദറിന്‌ അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു. സമ്മേളനത്തില്‍ റവ. ഫാ. മാത്യു തോസ്‌, ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസിന്‌ ആശംസകള്‍ നേര്‍ന്നു.

ശ്രീ. ജോസഫ്‌ കുളങ്ങര സമ്മേളനത്തില്‍ പങ്കെടുത്തവരെയും വിശിഷ്‌ട വ്യക്തികളെയും സ്വാഗതം ചെയ്‌തു. ബ്രദറിന്റെ ഗാനസമാഹാരങ്ങളെക്കുറിച്ച്‌ ശ്രീ. ജോസഫ്‌ കുളങ്ങര സംസാരിച്ചു. `രക്ഷിക്കുന്ന എന്റെ ദൈവം' എന്ന ആല്‍ബത്തിലെ ഗാനങ്ങളുടെ പ്രത്യേകതകള്‍ അദ്ദേഹം എടുത്തുപറഞ്ഞു. പ്രസ്‌തുത സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്ന്‌ ഐ.ഡി.സി.എഫ്‌. ജനറല്‍ സെക്രട്ടറി ബ്രദര്‍ മാര്‍ട്ടിന്‍ ഹെന്റി ബ്രദറിന്റെ ഗാനങ്ങള്‍ മലയാളത്തില്‍ മാത്രമല്ല, തന്റെ മാതൃഭാഷയായ തെലുങ്കിലും വളരെ പ്രിയമേറിയതാണെന്ന്‌ പറയുകയുണ്ടായി. ബ്രദറിന്റെ ഓരോ ആല്‍ബം റിലീസ്‌ ചെയ്യുമ്പോഴും ആ ഗാനങ്ങളുടെ തെലുങ്ക്‌ പതിപ്പിനുവേണ്ടി ഐ.ഡി.സി.എഫ്‌. ശുശ്രൂഷയിലുള്ള തെലുങ്ക്‌ സഹോദരങ്ങള്‍ കാത്തിരിക്കുമെന്ന്‌ അദ്ദേഹം സാക്ഷ്യപ്പെടുത്തുകയുണ്ടായി. കാനഡയില്‍നിന്നുവന്ന സുവിശേഷകന്‍ ശ്രീ. ജോജോ ജോസഫ്‌ തനിക്ക്‌ ബ്രദറുമായി 12 വര്‍ഷത്തെ പരിചയമുണ്ടെന്നും ഈ കാലയളവില്‍ ബ്രദറിന്റെ അനേക ആത്മീയ സംരംഭങ്ങളില്‍ അദ്ദേഹവുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ ഭാഗ്യം ലഭിച്ചുവെന്നും ഓര്‍മ്മിക്കുകയുണ്ടായി. തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം ബ്രദര്‍ തുടങ്ങിയ യുഗാന്ത്യ ശുശ്രൂഷ ഏറ്റവും അനുചിതമാണെന്നും ശ്രീ. ജോജോ അഭിപ്രായപ്പെട്ടു.

സമ്മേളന മദ്ധ്യേ, അഭിവന്ദ്യ ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ തിരുമേനി ബ്രദറിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ഐ.ഡി.സി.എഫ്‌.- യു.എസ്‌.എ.യുടെ മൊമെന്റോ ബേബി ഊരാളിലും, സ്‌നേഹോപഹാരം അഭിവന്ദ്യ സില്‍വാനിയോസ്‌ തിരുമേനിയും ബ്രദറിന്‌ നല്‍കുകയുണ്ടായി. ഐ.ഡി.സി.എഫിന്റെ വിദേശ യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ യു.എ.യില്‍നിന്നും ശ്രീ. ലൂയിസ്‌ മാത്യു, കുവൈറ്റില്‍നിന്നും ശ്രീ. ബെന്നി എബ്രഹാം, ഇന്ത്യയില്‍നിന്നും ശ്രീ. ജസ്റ്റസ്‌ ഇട്ടി, കാനഡയില്‍നിന്നും ശ്രീ. സുനില്‍കുമാര്‍ തുടങ്ങിവര്‍ ബ്രദറിന്‌ ബൊക്ക നല്‍കി ആദരിച്ചു.

ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌ തന്റെ മറുപടി പ്രസംഗത്തില്‍, ഈ ക്രിസ്‌തീയ കൂട്ടായ്‌മാ ഗാനങ്ങള്‍ രചിക്കുവാനും സാഹചര്യങ്ങളും പ്രചോദനങ്ങളും വിവരിക്കുകയുണ്ടായി. കഴിഞ്ഞ മാസങ്ങളില്‍ ശാരീരികമായും മാനസികമായും ആത്മീയമായും താന്‍ കടന്നുപോയ ബുദ്ധമുട്ടുകളുടെയും കഷ്‌ടപ്പാടുകളുടെയും നടുവില്‍നിന്നും തന്നെ കോരിയെടുത്ത ദൈവീക അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ ഗാനങ്ങള്‍ രചിച്ചതെന്ന്‌ ബ്രദര്‍ പറഞ്ഞു. താന്‍ വിശ്വസിക്കുന്ന ദൈവം ഏത്‌ വിഷമഘട്ടത്തെയും തരണം ചെയ്യുവാന്‍ സഹായിക്കുന്നവനാണെന്ന തന്റെ അനുഭവത്തില്‍നിന്നും ഉരുത്തിരിഞ്ഞാണ്‌ `രക്ഷിക്കുന്ന എന്റെ ദൈവം' എന്ന ശീര്‍ഷകം തെരഞ്ഞെടുത്തതെന്നും അദ്ദേഹം തുടര്‍ന്നു. ഗാനങ്ങള്‍ എഴുതുന്നതല്ല, പിന്നെ അവയ്‌ക്ക്‌ ഈണം പകരാനാണ്‌ ബുദ്ധിമുട്ടെന്ന്‌ ബ്രദര്‍ പറഞ്ഞു. താന്‍ ഇരുന്നൂറിലധികം ഗാനങ്ങള്‍ രചിച്ചെങ്കിലും ഓരോ ഗാനം വ്യത്യസ്‌തമാണെന്നും ദൈവകൃപയാലും ഐ.ഡി.സി.എഫ്‌. അംഗങ്ങളുടെ പ്രാര്‍ത്ഥനയാലുമാണ്‌ ഇത്‌ സാദ്ധ്യമായതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പല ആല്‍ബങ്ങള്‍ക്കും സഹായവും പ്രചോദനവും നല്‍കിയ അബുദാബിയില്‍നിന്നും വന്ന മോഹനേയും കുടുംബത്തേയും മൊമെന്റോ നല്‍കി സദസ്സില്‍ ആദരിച്ചു. പരിപാടികള്‍ക്കിടയില്‍ ഗായിക റെജി മേരി ജെബു താന്‍ ആല്‍ബത്തില്‍ പാടിയ ഗാനവും ഐ.ഡി.സി.എഫ്‌. ഗായകര്‍ ആല്‍ബത്തിലെ മറ്റൊരു ഗാനവും ആലപിക്കുകയുണ്ടായി.

സമ്മേളനത്തിന്‌ നന്ദി പറഞ്ഞ കുര്യന്‍ ചാലുപറമ്പില്‍ അനുഗ്രഹിക്കപ്പെട്ട ഒരു ത്രിദിന ഉപവാസ പ്രാര്‍ത്ഥനയുടെ മദ്ധ്യേ ഈ ഗാനസമാഹാരം റിലീസ്‌ ചെയ്‌തത്‌ എന്തുകൊണ്ടും അനുചിതമാണെന്ന്‌ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളില്‍നിന്നും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും അനേകര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയുടെ തല്‍സമയ സംപ്രേക്ഷണം വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക്‌ വീക്ഷിക്കുവാന്‍ സാധിച്ചതിന്‌ നേരിട്ട്‌ കടന്നുവരാന്‍ സാധിക്കാതിരുന്നവര്‍ക്ക്‌ സന്തോഷകരമായ കാര്യമായിരുന്നു.
`രക്ഷിക്കുന്ന എന്റെ ദൈവം' ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക