Image

മാര്‍ക്കിന്റെ ആനുവല്‍ ജനറല്‍ബോഡി മീറ്റിംഗും ക്രിസ്‌മസ്‌ പുതുവത്സരാഘോഷവും

ജോയിച്ചന്‍ പുതുക്കുളം Published on 11 January, 2012
മാര്‍ക്കിന്റെ ആനുവല്‍ ജനറല്‍ബോഡി മീറ്റിംഗും ക്രിസ്‌മസ്‌ പുതുവത്സരാഘോഷവും
ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ (മാര്‍ക്ക്‌) മൂന്നാമത്‌ ആനുവല്‍ ജനറല്‍ബോഡി മീറ്റിംഗും ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങളും ജനുവരി ഒന്നിന്‌ ഞായറാഴ്‌ച വെസ്റ്റ്‌ നയാക്കിലുള്ള ക്ലാര്‍ക്ക്‌സ്‌ ടൗണ്‍ റിഫോംഡ്‌ ചര്‍ച്ചില്‍ വെച്ച്‌ വര്‍ണ്ണാഭമായി നടന്നു.

നാലുമണി മുതല്‍ ആറുമണിവരെ കൂടിയ ആനുവല്‍ ജനറല്‍ബോഡി മീറ്റിംഗില്‍ സന്നിഹിതരായ എല്ലാ മെമ്പേഴ്‌സിനേയും പ്രസിഡന്റ്‌ തോമസ്‌ അലക്‌സ്‌ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്‌തു. സെക്രട്ടറി എല്‍സി ജൂബ്‌ അവതരിപ്പിച്ച 2011-ലെ ആനുവല്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ്‌ അക്കക്കാട്ട്‌ സമര്‍പ്പിച്ച 2011-ലെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്‌ ആന്‍ഡ്‌ 2012 ബജറ്റ്‌ എന്നിവ ഐക്യകണ്‌ഠ്യേന പാസാക്കി.

വൈകിട്ട്‌ ആറുമണിക്ക്‌ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍ ന്യൂയോര്‍ക്ക്‌ സിറ്റി ഹെല്‍ത്ത്‌ ആന്‍ഡ്‌ ഹോസ്‌പിറ്റല്‍ കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ ഡോ. പോള്‍ ഞാളിയത്ത്‌ മുഖ്യാതിഥിയായിരുന്നു.

സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ദൂത്‌ വെളിപ്പെടുത്തുന്ന ലളിതഗംഭീരമായ ക്രിസ്‌മസ്‌ സന്ദേശവും, ആരോഗ്യവും സമ്പദ്‌ സമൃദ്ധിയും നിറഞ്ഞ പുതുവത്സരവും അദ്ദേഹം ആശംസിച്ചു. 2012-ല്‍ ഒരു പുതിയ തുടക്കത്തിന്‌ ആഹ്വാനം ചെയ്‌ത അദ്ദേഹം പ്രവാസി മലയാളികളുടെ ജീവിതത്തില്‍ വ്യക്തിബന്ധങ്ങളുടേയും കുടുംബബന്ധങ്ങളുടേയും കുടുംബമൂല്യങ്ങളുടേയും പ്രധാന്യത്തെക്കുറിച്ചും പ്രതിപാദിച്ചു.

ദൈവസ്‌നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ....നന്ദിചൊല്ലി തീരുവാനീ ജീവിതം പോരാ....തുടങ്ങിയ പ്രശസ്‌തിയാര്‍ജിച്ച ഭക്തിഗാനങ്ങള്‍ എഴുതി ഉറച്ച വിശ്വാസത്തിന്റെ അടിത്തട്ടിലേക്ക്‌ ഒരു ജനതയെ മുഴുവന്‍ മാറ്റിയ സീറോ മലബാര്‍ കാത്തിലിക്‌ മിഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി വികാരിയും ഡയറക്‌ടറുമായ റവ.ഫാ. തദേവൂസ്‌ അരവിന്ദത്തും ക്രിസ്‌മസ്‌ സന്ദേശം നല്‍കി. നല്ല കാര്യങ്ങള്‍ മാത്രം ഓര്‍മ്മിക്കുവാനും വേദനിപ്പിക്കുന്ന സംഭവങ്ങളെ മറന്ന്‌ ഒരു പുതിയ തുടക്കംകുറിക്കുവാനും ഉത്‌ബോധിപ്പിച്ചു. ബൈബിളിലെ മനശ്ശയുടെ കഥ പറഞ്ഞ അദ്ദേഹം, ദുഖങ്ങളും വൈരാഗ്യങ്ങളും മണലില്‍ എഴുതുകയും നന്മകളും നല്ല കാര്യങ്ങളും പാറയ്‌ല്‍ കൊത്തിവെയ്‌ക്കുകയും ചെയ്‌ത മനശ്ശയെ പോലെ ആകുവാന്‍ ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു.

ജെസീക്കാ മണലിന്റെ പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം കോര്‍ഡിനേറ്റര്‍ സാജന്‍ തോമസ്‌, പ്രസിഡന്റ്‌ തോമസ്‌ അലക്‌സിനെ പ്രധാന അതിഥികളെ സ്റ്റേജിലേക്ക്‌ സ്വാഗതം ചെയ്യുന്നതിന്‌ ക്ഷണിച്ചു.

ക്രിസ്‌മസിന്റേയും പുതുവത്സരത്തിന്റേയും ആശംസകള്‍ എല്ലാവര്‍ക്കും നേര്‍ന്നതോടൊപ്പം മാര്‍ക്കിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും തോമസ്‌ അലക്‌സ്‌ പ്രശംസിക്കുകയുണ്ടായി. മാര്‍ക്കിന്റെ ഫ്‌ളാഗ്‌ഷിപ്പ്‌ ചാരിറ്റി പ്രോഗ്രാം ആയ `ഐ ഫോര്‍ ദി ബ്ലൈന്‍ഡ്‌' പദ്ധതിയില്‍ കൂടി ഈവര്‍ഷവും കാഴ്‌ച ഇല്ലാതിരുന്ന 18 പേര്‍ക്ക്‌ കാഴ്‌ചശക്തി ലഭിക്കത്തക്ക വിധം ഹോസ്‌പിറ്റല്‍, സര്‍ജറി മുതലായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുവാന്‍ സാധിച്ചത്‌ വന്‍ വിജയമായെന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. ജനുവരി 14-ന്‌ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച്‌ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനില്‍ വെച്ച്‌ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പാലിയിലുള്ള പൈക ലയണ്‍സ്‌ ചാരിറ്റി ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍ (Lions Charity Trust Eye Hospital) അധികൃതര്‍ക്ക്‌ മാര്‍ക്കിന്റെ ചാരിറ്റി ഫണ്ട്‌ കൈമാറും. കോട്ടയം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ മാര്‍ക്കിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ എം.എ മാത്യു (ബാവച്ചന്‍), സണ്ണി പൗലോസ്‌, ഗോപിനാഥ കുറുപ്പ്‌ എന്നിവര്‍ യാത്രതിരിച്ചുകഴിഞ്ഞു. ടാക്‌സ്‌ എക്‌സംറ്റഡ്‌ ആയ ഈ നോബിള്‍ ചാരിറ്റി ഫണ്ടിലേക്ക്‌ സംഭാവന ചെയ്യുവാന്‍ ഉദ്ദേശിക്കുന്നവര്‍ മാര്‍ക്കിന്റെ അധികാരികളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

റീത്താ മണലില്‍ കോറിയോഗ്രാഫി നിര്‍വഹിച്ച നൃത്ത ശില്‍പ്പങ്ങള്‍, നേറ്റിവിറ്റി ഷോ എന്നിവ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി. ടിയാരാ ആന്‍ഡ്‌ നാദിയ റോയ്‌ സഹോദരികളുടെ സിനിമാറ്റിക്‌ നൃത്തങ്ങള്‍, ബ്രയന്‍ ജേക്കബിന്റെ ഭരതനാട്യം, പൂജാ തോമസ്‌, അഞ്‌ജലി ജോണ്‍, സെറീന, റയന്‍, നീന ആന്‍ഡ്‌ ഗാബി, നാദിയ ആന്‍ഡ്‌ ആഷ്‌ളി, നിക്കിറ്റ ജോസഫ്‌ ആന്‍ഡ്‌ ഐശ്വര്യ ജോര്‍ജ്‌, മറീന, സെറീന, സിഡ്‌നി, അഞ്‌ജലിന്‍, ക്രിസ്റ്റിന്‍, ശാനന്‍ ആന്‍ഡ്‌ സവാന എന്നിവരുടെ ഡാന്‍സ്‌ കാണികള്‍ക്ക്‌ കൗതുകം ഉളവാക്കി.

കാനഡയിലുള്ള ടൊറന്റോ നാഷണല്‍ സ്‌കൂളിലെ ഡാന്‍സ്‌ കോറിയോഗ്രാഫര്‍ കുമാരി ചിന്നു ജോസ്‌ ചൂരവടിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിവിധതരത്തിലുള്ള നൃത്തങ്ങള്‍ സദസ്സിനെ ആനന്ദലഹരിയിലാക്കി. ഗീതിക മ്യൂസിക്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാന്താ മധുവിന്റെ വിദ്യാര്‍ത്ഥികളും,സോഫിയാ മണലില്‍, മറീനാ തോമസ്‌, ജിയാ അക്കക്കാട്ട്‌, കെവിന്‍ തോമസ്‌, ടോം ജോസ്‌ ചൂരവടി, ശില്‍പ്പാ ജയിംസ്‌, നിക്കിറ്റ, എഡ്വിന്‍ എന്നിവര്‍ അവതരിപ്പിച്ച ശ്രുതിമധുരമായ ക്രിസ്‌മസ്‌ ഗാനങ്ങള്‍ കാതിന്‌ ഇമ്പം പകര്‍ന്നു.

കോര്‍ഡിനേറ്റേഴ്‌സായ സിജി ജോര്‍ജ്‌, സാജന്‍ തോമസ്‌, റീത്താ മണലില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. എം.സി. ഷെല്‍സിയാ ജോര്‍ജിന്റെ അവതരണം പ്രശംസനീയമായിരുന്നു. സൗണ്ട്‌ എന്‍ജിനീയര്‍ സന്തോഷ്‌ മണലില്‍ ആയിരുന്നു സൗണ്ട്‌ ആന്‍ഡ്‌ ലൈറ്റ്‌ നല്‍കിയത്‌.

ദേശീയ ഗാനത്തോടും മാര്‍ക്കിന്റെ സെക്രട്ടറി എല്‍സി ജൂബിന്റെ നന്ദി പ്രകടനത്തോടുംകൂടി രാത്രി 10.45-ന്‌ പരിപാടികള്‍ക്ക്‌ തിരശ്ശീല വീഴുമ്പോഴും ഓഡിറ്റോറിയം തിങ്ങിനിറഞ്ഞിരുന്നു.
മാര്‍ക്കിന്റെ ആനുവല്‍ ജനറല്‍ബോഡി മീറ്റിംഗും ക്രിസ്‌മസ്‌ പുതുവത്സരാഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക