Image

സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 January, 2012
സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി എട്ടിന്‌ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഞായറാഴ്‌ച 11 മണിക്ക്‌ നടന്ന തിരുനാള്‍ കുര്‍ബാനയുടെ മുഖ്യകാര്‍മികനായിരുന്ന ഫാ. ടോം പന്നലക്കുന്നേല്‍ വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ വചന സന്ദേശത്തില്‍ ചാവറയച്ചനില്‍ നിലനിന്നിരുന്ന ജീവതവിശുദ്ധിയേയും വി. കുര്‍ബാനയോടുള്ള പ്രത്യേകമായ ഭക്ത്യാദരവുകളും മറ്റ്‌ വൈദീകര്‍ക്കും അത്മായര്‍ക്കും ഒരു മാതൃകയാണെന്ന്‌ പറഞ്ഞു. ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ ഏറ്റെടുത്താണ്‌ തിരുനാള്‍ നടത്തിയത്‌. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ ആയിരക്കണക്കിന്‌ ഭക്തജനങ്ങള്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങുന്നതിനായി ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ പ്രാര്‍ത്ഥിച്ചു. കത്തീഡ്രല്‍ ഗായകസംഘം ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കി.

ധന്യതയാര്‍ന്ന ദൈവ നിയോഗത്തിന്റെ വശ്യമായ വിശുദ്ധിയുടെ പരിവേഷമായിരുന്നു ചാവറയച്ചന്‍. വിഭാഗീയതയുടെ സ്‌പര്‍ശമേല്‍ക്കാത്ത, വിശുദ്ധിയുടേയും സ്‌നേഹത്തിന്റേയും ജീവിതശൈലി അദ്ദേഹത്തിന്റെ കൈമുതലായിരുന്നു.

കേരളത്തിലെ ആദ്യ സന്യാസ സഭയായ സി.എം.ഐ സഭയുടെ സ്ഥാപകനായ അദ്ദേഹം സഭയ്‌ക്ക്‌ മാത്രമല്ല കേരളത്തിന്റെ മത സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിരവധിയാണ്‌. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ തുടക്കമിട്ടുകൊണ്ട്‌ ആധുനിക സാക്ഷര കേരളത്തിന്റെ വളര്‍ച്ചയില്‍ തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു.

ശുശ്രൂഷാ മനോഭാവത്തിലധിഷ്‌ഠിതമായ ആധികാരികതയിലൂടെയും ഊഷ്‌മളമായ സ്‌നേഹത്തിലൂടെയും തേജസുറ്റ ആത്മീയ ഉണര്‍വ്വിലൂടെയും അനേകായിരങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹം സ്ഥാനം പിടിച്ചു. അങ്ങനെ ദൈവത്തിന്റേയും മനുഷ്യരുടെ പ്രീതിയില്‍ നിലനില്‍ക്കുവാനും ആത്മീയ ഔന്നത്യത്തിന്റെ ഉന്നത പടവുകള്‍ ചവുട്ടിക്കയറുവാനും തന്റെ ജീവിത വിശുദ്ധിയും പ്രാര്‍ത്ഥനയും കാരണഭൂതമായി.

വിദ്യാഭ്യാസമില്ലാത്ത മനസ്സുകള്‍ ഒരു അന്ധനെപ്പോലെ ഒന്നും കാണുവാന്‍ സാധിക്കുന്നില്ല എന്ന വിവക്ഷയില്‍ അദ്ദേഹം വിദ്യാഭ്യാസത്തിന്റെ മാറ്റ്‌ എത്രയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ ദീര്‍ഘവീക്ഷണമുള്ള ഒരു ക്രാന്തദര്‍ശിയായിരുന്നു.

അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി തിരുകര്‍മ്മങ്ങളില്‍ സന്നിഹിതനായിരുന്നു. മുഖ്യകാര്‍മികന്‍ ഫാ. റ്റോം പന്നലക്കുന്നേലിനേയും തിരുനാളില്‍ സന്നിഹിതരായിരുന്ന വിശ്വാസികളേയും ഇമ്മാനുവേലച്ചന്‍ പ്രത്യേകം സ്വാഗതം ആശംസിച്ചു.

കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവര്‍ തിരുനാള്‍ മോടിയാക്കുവാന്‍ നേതൃത്വം നല്‍കി. നേര്‍ച്ച കാഴ്‌ച സമര്‍പ്പണത്തോടെ തിരുനാള്‍ സമാപിച്ചു.
സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക