Image

ന്യൂഹാംപ്‌ഷെയറില്‍ പ്രൈമറി വോട്ടിംഗ് (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 10 January, 2012
ന്യൂഹാംപ്‌ഷെയറില്‍ പ്രൈമറി വോട്ടിംഗ് (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള പ്രൈമറി വോട്ടിംഗ് ന്യൂഹാംപ്‌ഷെയര്‍ സംസ്ഥാനത്ത് ആരംഭിച്ചു. റെക്കോര്‍ഡ് പോളിംഗാണ് ഇത്തവണ ന്യൂഹാംപ്‌ഷെയറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഡിക്‌സിവില്ലി നോച്ചിലെ ഒമ്പതു പേര്‍ മാത്രമുള്ള ചെറുഗ്രാമത്തിലാണ് രാവിലെ ആദ്യം പോളിംഗ് ആരംഭിച്ചത്. ആദ്യ വോട്ടര്‍മാരില്‍ രണ്ടുപേര്‍ മിറ്റ് റോംനിയ്ക്ക് വോട്ടു ചെയ്തപ്പോള്‍ മറ്റു രണ്ടു പേരുടെ വോട്ട് ജോണ്‍ ഹണ്ട്‌സ്മാനായിരുന്നു.

ന്യൂഹാംപ്‌ഷെയറില്‍ അവധിക്കാല വസതിയുള്ള മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്ക് തന്നെയാണ് ന്യൂഹാംപ്‌ഷെയറിലും മുന്‍തൂക്കം. ഏപ്രില്‍ മുതല്‍ നടന്ന എല്ലാ അഭിപ്രായ സര്‍വെകളിലും റോംനി രണ്ടക്ക പിന്തുണ ഉറപ്പാക്കിയരുന്നു. അയോവ കോക്കസിലെ വിജയവും റോംനിയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. രണ്ടര ലക്ഷം റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ ഇന്നത്തെ പ്രൈമറിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2008ല്‍ 2,40000 പേരാണ് പ്രൈമറിയില്‍ വോട്ടു ചെയ്യാനെത്തിയത്.

ആപ്പിള്‍ മേധാവിയുടെ പ്രതിഫലം 2000 കോടി രൂപ

ന്യൂയോര്‍ക്ക്: സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയും ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടിം കുക്കിന് 2011ല്‍ 38 കോടി ഡോളര്‍ പ്രതിഫലം. അതായത് ഏതാണ്ട് 2,000 കോടി രൂപ. ഒരു സിഇഒയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വാര്‍ഷിക പ്രതിഫലമാണ് ഇതെന്ന് കണക്കാക്കുന്നു. റെഗുലേറ്ററി അതോറിറ്റികള്‍ക്ക് നല്‍കിയ ഫയലിങ് അനുസരിച്ച് 37.8 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ശമ്പളം. ഇതില്‍ 37.6 കോടി ഡോളറും ഓഹരിയായാണ് നല്‍കിയത്. ശമ്പളം, ബോണസ് എന്നിങ്ങനെ മറ്റ് ഇനങ്ങളിലായി ഒമ്പതു ലക്ഷം ഡോളറും നല്‍കി.

ടിം കുക്കിന്റെ നീണ്ടകാലത്തെ പ്രവര്‍ത്തനമികവിന്റെയും നേതൃത്വത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്ര ഉയര്‍ന്ന പ്രതിഫലം നല്‍കിയതെന്ന് കമ്പനി അറിയിച്ചു. ക്യാന്‍സര്‍ ബാധിതനായി സ്റ്റീവ് ജോബ്‌സ് അവധിയില്‍ പ്രവേശിച്ച കാലത്തൊക്കെ ടിം കുക്കായിരുന്ന സിഇഒയുടെ ചുമതല വഹിച്ചത്. സ്റ്റീവ് ജോബ്‌സിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തെ സിഇഒ ആയി ഉയര്‍ത്തുകയും ചെയ്തു. 2015ലും 2012ലുമായി കിട്ടത്തക്കവിധമാണ് പത്ത് ലക്ഷം ഓഹരികള്‍ നല്‍കിയിരിക്കുന്നത്.

ബോബി ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഈ പദവി വഹിച്ചിരുന്ന അദ്ദേഹം വീണ്ടും ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റീസ് കാതറീന്‍ കിറ്റി കിംബാല്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നൂറു കണക്കിന് ആളുകളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ലൂസിയാന ഗവര്‍ണറായി 2008 ലാണ് ബോബി ജിന്‍ഡാല്‍ ആദ്യം ചുമതലയേറ്റത്

സി.ഐ.എ. ചാരന് ഇറാനില്‍ വധശിക്ഷ

ടെഹ്‌റാന്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ.യ്ക്കു വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇറാന്‍ വംശജനായ അമേരിക്കന്‍ പൗരന് ടെഹ്‌റാന്‍ കോടതി വധശിക്ഷ വിധിച്ചു. അമീര്‍ മിര്‍സായ് ഹെക്മതി എന്ന യുവാവിനാണ് ശിക്ഷ. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴുള്ള ശിക്ഷാ വിധി പുതിയ നയതന്ത്ര വിവാദങ്ങള്‍ക്ക് വഴിതുറന്നേക്കും. ശത്രുരാജ്യത്തോട് സഹകരിച്ച് പ്രവര്‍ത്തിച്ചതിനും ഇറാനെ തകര്‍ക്കാന്‍ ശ്രമിച്ചതിനുമാണ് ഹെക്മതിക്കു വധശിക്ഷ വിധിച്ചതെന്ന് അര്‍ദ്ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് പറഞ്ഞു. എന്നാല്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഹെക്മതി ഇറാനിലെത്തിയതെന്നും അദ്ദേഹത്തിന് സി.ഐ. എ. യുമായി ബന്ധമില്ലെന്നും കേസുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് യു.എസ്സിലെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്.

വ്യാജ ആരോപണങ്ങളാണ് ഹെക്മതിയുടെ പേരില്‍ ആരോപിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ വിട്ടയയ്ക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയില്‍ കപ്പല്‍ ജോലിക്കാരനായിരുന്ന ഹെക്മതി അഫ്ഗാനിസ്താനിലെയും ഇറാഖിലെയും സഖ്യസേനാ ക്യാമ്പുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഇറാനിലെത്തിയതെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. സി.ഐ.എ. ചാരനാണെന്ന് ഹെക്മതി കുറ്റസമ്മതം നടത്തുന്ന ദൃശ്യം ഇറാന്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. സി.ഐ. എ. യുമായി തനിക്ക് ബന്ധമുണെ്ടന്നും എന്നാല്‍ ഇറാന്റെ നാശത്തിനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഹെക്മതി കോടതിയില്‍ പറഞ്ഞിരുന്നു. 2001ല്‍ യു.എസ്. സൈന്യത്തില്‍ ചേര്‍ന്ന ഹെക്മതി ഒരു അറബി ഭാഷാ വിദഗ്ധന്‍ കൂടിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവും കോളേജ് പ്രൊഫസറുമായ അലി ഹെക്മതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക