Image

മാര്‍ ആലഞ്ചേരിയുടെ കര്‍ദിനാള്‍ പദവി കേരളത്തിന് ലഭിച്ച അംഗീകാരം: സ്പീക്കര്‍

Published on 10 January, 2012
മാര്‍ ആലഞ്ചേരിയുടെ കര്‍ദിനാള്‍ പദവി കേരളത്തിന് ലഭിച്ച അംഗീകാരം: സ്പീക്കര്‍
കൊച്ചി: കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു. രാവിലെ എട്ടിന് കാക്കനാടുള്ള സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരമായ മൗണ്ട് സെന്റ് തോമസിലെത്തിയായാണ് ജി കാര്‍ത്തികേയന്‍ ആര്‍ച്ച് ബിഷപിന് ആശംസകള്‍ നേര്‍ന്നത്. 

ജാതിമത ചിന്തകള്‍ക്കാതീതമായി എല്ലാ മനുഷ്യരേയും ഒന്നുപോലെ കാണാനുള്ള സവിശേഷ സ്വഭാവമാണ് മാര്‍ ആലഞ്ചേരിയെ മഹത്വപ്പെടുത്തുന്നതെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ക്രിസ്തീയ സഭയ്ക്കുമാത്രമല്ല, കേരള ജനതയ്ക്ക് ലഭിച്ച അംഗീകാരമാണ് മാര്‍ ആലഞ്ചേരിയുടെ കര്‍ദിനാള്‍ പദവിയെന്നും ഉന്നത പദവികളിലേക്ക് ഉയരുംതോറും കൂടുതല്‍ വിനയാന്വീതനകുന്ന അദ്ദേഹത്തിന്റെ സേവനമാണ് സമൂഹത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
ആര്‍ച്ച് ബിഷപ് അണിഞ്ഞിരിക്കുന്ന രുദ്രാക്ഷത്തില്‍ തീര്‍ത്ത കുരിശുമാല കണ്ട് ഇത് ഞങ്ങളുടെ മുനിമാര്‍ ധരിച്ചിരുന്ന മാലപോലുണെ്ടന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടപ്പോള്‍ രാഷ്ട്രീയക്കാരെപോലെ താനും എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നയാളാണെന്നായിരുന്നു മാര്‍ ആലഞ്ചേരിയുടെ മറുപടി. 

ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അയയ്ച്ച കത്ത് ആര്‍ച്ച് ബിഷപ്പ് സ്പീക്കറെ വായിച്ചു കേള്‍പ്പിച്ചു. 15 മിനിറ്റു നീണ്ട കൂടിക്കാഴ്ച്ചയ്ക്കു ശേഷം ആര്‍ച്ച് ബിഷപ്പ് നല്‍കിയ ഏകംസത് എന്ന പുസ്തകം സ്വീകരിച്ചു കൊണ്ടാണ് സ്പീക്കര്‍ മടങ്ങിയത്. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസും രാവിലെ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക