Image

ഇ.ശ്രീധരനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കും: മുഖ്യമന്ത്രി

Published on 10 January, 2012
ഇ.ശ്രീധരനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കും: മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ മുന്‍ എം.ഡി ഇ.ശ്രീധരനെ പൂര്‍ണമായി വിശ്വാസത്തില്‍ എടുക്കുന്നതാകും സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇ.ശ്രീധരന് പൂര്‍ണമായ സഹകരണം നല്‍കും. ശ്രീധരന്‍ ബുധനാഴ്ച കൊച്ചിയിലെത്തി മെട്രോ പദ്ധതി സംബന്ധിച്ച് പരിശോധന നടത്തും. കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന മറ്റ് പദ്ധതികള്‍ക്കും ഇ.ശ്രീധരന്റെ സേവനം തേടുമെന്നും ഇതുമായ ബന്ധപ്പെട്ട ചര്‍ച്ച 12ന് നടക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടുകള്‍ ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ ധരിപ്പിച്ചു. അണക്കെട്ട് സന്ദര്‍ശിച്ച സാങ്കേതിക സമിതിയിലെ ഒരംഗം തമിഴ്‌നാടിന് അനുകൂലമായ നിലപാട് സ്വീകരിച്ച കാര്യവും ജലവിഭവ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് പൂര്‍ണതോതില്‍ ഹൈക്കോടതി ബെഞ്ച് പ്രവര്‍ത്തിപ്പിക്കാനാകില്ലെങ്കില്‍ സര്‍ക്കുലര്‍ ബെഞ്ച് സ്ഥാപിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോട് ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിശ്ചിത ദിവസങ്ങളില്‍ സിറ്റിങ് നടത്തുന്ന രീതിയിലായിരിക്കും സര്‍ക്കുലര്‍ ബെഞ്ച് പ്രവര്‍ത്തിക്കുക.

ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഏലത്തിന് വില ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ഇടുക്കി പാക്കേജിന്റെ ഭാഗമായി ഏലത്തിന് വില കുറയുന്ന സമയത്ത് കര്‍ഷകരെ സഹായിക്കുന്ന പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി സിന്ധ്യയോട് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക