Image

കെ.എല്‍ 10: നിരാശപ്പെടുത്തിയ പ്രണയകഥ

ആശ എസ് പണിക്കര്‍ Published on 27 July, 2015
  കെ.എല്‍ 10: നിരാശപ്പെടുത്തിയ പ്രണയകഥ
  ഒരു പ്രണയകഥ ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയാണ് കെ.എല്‍. 10. എന്നാല്‍   ഒരു പതിവു പ്രണയകഥ വ്യത്യസ്തമായ രീതിയില്‍പറയാനുളള  ശ്രമം എത്രത്തോളം വിജയിച്ചുവെന്ന് പ്രേക്ഷകര്‍ തീരുമാനിക്കുന്നതു തന്നെ നല്ലത്. 

ശ്രീനാഥ് ഭാസിയുടെ വിവരണകഥയോടെയാണ് ചിത്രം ആരംഭിക്കുന്നതും വികസിക്കുന്നതും. പുതുമുഖസംവിധായകനായ മൊഹ്‌സീന്‍ പരാരി തന്റെ ആദ്യചിത്രത്തിന്റെ കഥ ഒരു സാധാരണ പ്രണയകഥയാണെങ്കിലും അത് പുതുമകളോടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത് പലപ്പോഴും  പരാജയപ്പെടുന്നു. 

നായകന്റെ ജീവിതാനുഭവങ്ങളെ ഫുട്‌ബോളിനോട് ചേര്‍ത്തുപറയുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും അത്രയൊന്നും വിജയിച്ചിട്ടില്ല. ഇത് കഥയുടെ മുന്നോട്ടുള്ള വികാസത്തെ കുറേയൊക്കെ ബാധിക്കുന്നുണ്ട്. ഓസില്‍, റോബന്‍, അഗ്യൂറോ തുടങ്ങിയവരുടെ ജേഴ്‌സികളിട്ട കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങി ന്യൂജെന്‍ സിനിമകളിലെ നായകന്റെ ആത്മമിത്രങ്ങളായ നടന്‍മാരും ചിത്രത്തിലുണ്ടായിട്ടും അതിന്റെ മെച്ചം തിരക്കഥയില്‍ കൊണ്ടുവരാനായിട്ടില്ല. നാട്ടിന്‍പുറത്ത് നമ്മള്‍ പതിവായി കാണുന്ന ഫുട്‌ബോള്‍ കളിയും രസങ്ങളും ഒന്നും തന്നെ അതേ രസത്തില്‍ ചിത്രത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും പോരായ്മയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ വന്‍താരങ്ങള്‍ക്കായി നടത്തുന്ന ലേലം പോലെ നാട്ടിന്‍പുറത്തെ ഫുട്‌ബോള്‍ മത്സരത്തിനും കളിക്കാരെ ലേലം വിളിക്കുന്ന സീനുകള്‍ കുറച്ചൊക്കെ രസകരമാണ്. 

ക്‌ളൈമാക്‌സിലെ ഫുട്‌ബോള്‍ മത്സരം പ്രേക്ഷകനില്‍ യാതൊരു ആവേശവും ഉണര്‍ത്തുന്നില്ല. ഉണ്ണിമുകുന്ദനെ പോലെ ഒരു നായക കഥാപാത്രവും അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിവര്‍ക്കുള്ള താരമൂല്യവും ഉണ്ടായിരുന്നിട്ടും ട്രീറ്റ്‌മെന്റിലെ പാളിച്ചകള്‍ കൊണ്ടു മാത്രം ചിത്രത്തിന്റെ മൊത്തത്തിലുളള ആകര്‍ഷണീയത നഷ്ടപ്പെട്ടത് പ്രേക്ഷകനെ നിരാശപ്പെടുത്തും. 

ചിത്രത്തിന്റെ ഛായാഗ്രഹണം ഭംഗിയായി നിര്‍വഹിച്ച വിഷ്ണു നാരായണന്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. നായകയായി എത്തിയ ചാന്ദ്‌നി ശ്രീധര്‍ നല്ല അസല്‍ മൊഞ്ചുളള പെണ്‍കുട്ടിയായി തിളങ്ങിയിട്ടുണ്ട്. പക്ഷേ ഫ്‌ളാഷ് ബാക്കുകളുടെ പ്രളയം കൊണ്ട് പലപ്പോഴും പ്രേക്ഷകന്‍ ആകെ കണ്‍ഫ്യൂഷനിലാകുന്ന അവസ്ഥയും നേരിടേണ്ടി വരുന്നു. ഇത് പലപ്പോഴും കല്ലുകടിയായി തീരുന്നുമുണ്ട്. ഇടവേളയ്ക്കു മുമ്പും പിമ്പും ചിത്രത്തില്‍ പലപ്പോഴും ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്.  ഇനിയും അത്ര ക്‌ളിക്ക് ചെയ്തിട്ടില്ലാത്ത മലബാര്‍ ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതും പലപ്പോഴും രസച്ചരട് മുറിയാന്‍ കാരണമായി. എങ്കിലും ഒരു സാധാരണ പ്രണയകഥ വ്യത്യസ്ത രൂപത്തില്‍ അവതരിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും നടത്തിയ ആത്മാര്‍ത്ഥ ശ്രമങ്ങളെ വിസ്മരിക്കുന്നില്ല.

  കെ.എല്‍ 10: നിരാശപ്പെടുത്തിയ പ്രണയകഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക