Image

വാല്‍നക്ഷത്രം അടയാളപ്പെടുത്തുന്നത്! (കവിത )

ഗീത രാജന്‍ Published on 10 January, 2012
വാല്‍നക്ഷത്രം അടയാളപ്പെടുത്തുന്നത്! (കവിത )
നീ കോറിയിട്ട വാക്കുകള്‍
ആകാശത്തു വെട്ടി വീണ
മിന്നല്‍ പിണര് പോലെ
കൊള്ളി തീര്‍ത്ത് വിറപ്പിക്കും,
മനസിന്റെ ചായ്പ്പില്‍ പതുങ്ങി
കിടക്കും മയിപീലി തുണ്ടിനെ!

പ്രണയത്തിന്റെ പെരുമഴയത്ത്
കുട ചൂടി ഇറങ്ങി പോയ മൗനം
ഇറയത്തു ഒതുങ്ങനാവാതെ
മഴക്കുള്ളില്‍ പതുങ്ങി കിടക്കും!

കൈകോര്‍ത്തു നടന്ന വാക്കുകളെ,
ഒളച്ചോടിപോയ നിലാവിനെ.
ചെമ്പകം മണക്കുന്ന
സ്വപ്നങ്ങളുടെ രാവിനെ
ഓര്‍ത്തങ്ങനെ കിടക്കും!

കണ്ണിന്റെ കോണില്‍
ഉദിച്ചുയര്‍ന്ന വാല്‍നക്ഷത്രം
പൊട്ടിച്ചിതറി ചീളുകളായി
തറച്ചിറച്ചിറങ്ങുമ്പോള്‍
അടര്‍ന്നു വീണൊരു
ചോരപ്പൂക്കള്‍ നിലം തൊടാതെ
ഹൃദയത്തിന്റെ ചുവരുകളില്‍
പറ്റിപിടിച്ചിരിക്കും…!

അപ്പോഴും പടിയിറക്കലില്‍
പിടച്ചു കൊണ്ടിരിക്കും
നിന്നെ കുടിയിരുത്തിയ വീട്!!
വാല്‍നക്ഷത്രം അടയാളപ്പെടുത്തുന്നത്! (കവിത )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക