Image

സംസ്ഥാനത്തിന്റെ പൊതു കടം 1,35,458 കോടിയായി

Published on 23 July, 2015
സംസ്ഥാനത്തിന്റെ പൊതു കടം 1,35,458 കോടിയായി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1,35,458 കോടി രൂപയായി ഉയര്‍ന്നു. 2013-14 സാമ്പത്തികവര്‍ഷം ഇത്‌ 1,19,009 കോടി യായിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ കടം 27.26 ശതമാനമാണ്‌.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മൊത്തം റവന്യൂ വരുമാനം 57,937 കോടി രൂപയാണ്‌. ഇതില്‍ സംസ്ഥാന നികുതി വരുമാനം 35,253 കോടി രൂപയും നികുതിയേതര വരുമാനം 7,270 കോടി രൂപയുമാണ്‌. കേന്ദ്രത്തില്‍നിന്ന്‌ നികുതി വിഹിതമായും ധനസഹായമായും സംസ്ഥാനത്തിനു യഥാക്രമം 7,926 കോടിയും 7,508 കോടിയുമാണ്‌. കേന്ദ്ര നികുതി വിഹിതത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 1,439 കോടി രൂപയുടെ കുറവുണ്‌ടായതായും ധനമന്ത്രി കെ.എം. മാണി നിയമസഭയുടെ മേശപ്പുറത്തു വച്ച ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്‌ക്കുള്ള മറുപടിയില്‍ പറയുന്നു.

നികുതി വരുമാനത്തിന്റെ 92 ശതമാനവും പിരിച്ചെടുക്കാനായി. എന്നാല്‍, ചെലവു ക്രമാതീതമായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 72,374 കോടി രൂപയാണ്‌ റവന്യു ചെലവ്‌. ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും പലിശ നല്‍കാനുമാണു ചെലവഴിച്ചത്‌. ഇത്‌ യഥാക്രമം 21,367, 11,253, 10,399 കോടി രൂപ വീതമാണ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റവന്യൂ കമ്മി 14,437 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത്‌ 11,309 കോടി രൂപയായിരുന്നു.

പത്താം ശമ്പള കമ്മീഷന്‍ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ 5227 കോടി രൂപയുടെ അധിക ബാധ്യതയാണുള്ളത്‌.

മൂലധനച്ചെലവിനായി നടപ്പു സാമ്പത്തികവര്‍ഷം വകയിരുത്തുന്നത്‌ 9,220 കോടി രൂപയാണ്‌. ഇതില്‍ പശ്ചാത്തല വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനായി 2,000 കോടി രൂപ മാറ്റിവയ്‌ക്കണം. ഇതിനായി പൊതുവിപണിയില്‍ നിന്നു പണം കണെ്‌ടത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണെ്‌ടന്നും ബില്ലില്‍ പറയുന്നു.
Join WhatsApp News
liju rajan 2015-08-02 00:03:54
2015 ലെ ആളോഹരി കടം എത്രയാണ് ??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക