Image

നിറമുള്ള കവിത - ബിന്ദു ടിജി

ബിന്ദു ടിജി Published on 22 July, 2015
നിറമുള്ള കവിത - ബിന്ദു ടിജി
കവിതയെനിക്കൊരു നീറ്റല്‍
വേരുകള്‍ സിരകളിലേക്കരിച്ചിറങ്ങുന്ന നീറ്റല്‍
 
പൊരിവെയിലിന്റെ ചൂടിലും
പെരുമഴക്കാലത്തും
ഒരുപോലെ ഹൃദയത്തില്‍
കുളിരായലിയുന്നു കവിത
 
പുലരുന്ന കാഴ്ചയും
തുടുക്കുന്ന സന്ധ്യയും
വിടരുന്ന പൂക്കളും
കൊഴിയുമാ തൂവലും
പൂക്കുന്ന മോഹവും
വിട ചൊല്ലുന്ന മൌനവും
വര്‍ണ്ണ ചിറകുള്ള ശലഭവും
സ്വര്‍ണ്ണ ചുണ്ടുള്ള മൈനയും
ഇരുമിഴികള്‍ ചേര്‍ന്നുടക്കിയുരസി
തീപ്പൊരിയായി കനലായി
ജ്വലിക്കുമാ പ്രണയവും
കരിമേഘമായ് കനംവെച്ചു
മിഴികളില്‍ പെയ്‌തൊഴിയുന്നൊരാ കവിത
 
ആരോരും കാണാതെ ആകാശം കാണാതെ
പീലിപോലുള്ളിലൊളിപ്പിച്ചൊരാശകള്‍
ആശയമായ് നടനമാടുന്ന കാഴ്ചയീ കവിത
 
ദേവാ നിന്‍ മുറിവേറ്റ മാറിലെ
നിറമാര്‍ന്ന നോവിന്റെ
രുചിയൂറുന്ന കവിതയുമായ് നീ എത്തുമോ
എന്‍ ശാന്ത നിദ്രയിലൊരു ദിവ്യ സ്വപ്നമായ്
 

നിറമുള്ള കവിത - ബിന്ദു ടിജി
Join WhatsApp News
kumar 2015-07-22 16:13:34
What a nice observation and use of words. In few words the writer has unveiled a world of beauty.
വിദ്യാധരൻ 2015-07-23 07:46:05
കവിതക്ക് വ്യക്തമായ ഒരു നിർവ്വചനം ഉണ്ടോ?  ഉണ്ടെന്നു പലരും പറയുന്നു. എന്നാൽ ഭാരതത്തിൽ കവിത നവരസങ്ങളുംമായി ബന്ധപെട്ട് കിടക്കുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.  (ശാന്തം, രൗദ്രം, ശ്രിംഗാരം , ഹാസ്യം, ബീഭത്സം , ഭയാനകം , കരുണം , വീരം, അത്ഭുതം ) . പ്രകൃതിയുടെ സൗന്ദര്യം കണ്ടു 'അത്ഭുത'പ്പെട്ടു വീ സി ബാലകൃഷ്ണപ്പണിക്കർ എഴുതി 

"അങ്ങോട്ട്‌ നോക്ക് ചുവപ്പ് വെളുപ്പ്‌ പച്ച 
എന്നീ നിറങ്ങൾ അടങ്ങിയൊരംബരാന്തം 
ചെന്താരും ആംമ്പലുമൊരെ സമയം വിരിഞ്ഞു 
പൊന്തുന്ന പോയ്കയുടെ ചന്തമിയിന്നിടുന്നോ "

അദ്ദേഹത്തിൻറെ വിശ്വരൂപത്തിൽ ഉടനീളം അത്ഭുത രസം വിന്യസിക്കുന്നത്  കാണാം 

'സ്നേഹിക്കയില്ല ഞാൻ നോവും എന്നാത്മാവിനെ 
സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും '  (വയലാർ ) എന്ന വരികളിൽ 'വീര രസം ' അലയടിക്കുന്നത് കാണാം 

'അകം വെറും പൊള്ള യിതിൻ പുറത്തെ -
വൃണം വടുക്കെട്ടിയ ഹൃത്തടത്തിൽ 
എനിക്ക് രണ്ടും ശരിയായിതിപ്പോൾ 
ഇതാണ് ദുഖാനുഭവാന്തരാർഥം ' എന്ന നാലപ്പാടിന്റെ (കണ്ണുനീർത്തുള്ളി)  കവിതയിൽ ശോകം തളംകെട്ടി നില്ക്കുന്നു 

ശ്രീമതി ബിന്ദു കവിതകളെ  ഈ രസക്കൂട്ടുകളിൽ മുക്കി എഴുതിതുന്ന തുപോലെ തോന്നുന്നു.  ആധുനിക കവിതകൾ വായിക്കുമ്പോൾ ചില വികാരം ഇല്ലാത്ത  വെണ്ടയ്ക്ക (എന്നെ സംബന്ധിച്ചടത്തോളം) തിന്നപോലത്തെ പ്രതീതിയാണ് ;  വായിച്ചാലും മനസിലാകില്ല മുക്കിയും മൂളിയുമുള്ള  കവിത.  മനുഷ്യ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന കവിത മനുഷ്യരോട് സംവദിക്കുമെന്നതിൽ തർക്കമില്ല. പ്രതിഫലേച്ഛ  (അവാർഡു , പ്രശസ്ത കവികളോടൊപ്പം നിന്നുള്ള പടം, പൊന്നാട )  ഇല്ലാതെ എഴുതുക.  അവാർഡുകൽ സമൂഹം നല്കുന്നു പട്ടും വളയും കിട്ടാതെ ഭൂമിയിൽ നിന്ന് തിരോധാനം ചെയ്യ്ത എത്രയോ സാഹിത്യകാരന്മാരും കവികളും ഉണ്ട്. പക്ഷെ അവരെല്ലാം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജന ഹൃദയങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നു .  നല്ലൊരു കവിതയ്ക്ക് അഭിനന്ദനം 
mallu kumaran 2015-07-23 08:15:25
പട്ടും വളയും കൊടുക്കുന്നതിനു പകരം 'പുട്ടും കടലയും,' സമ്മേളനങ്ങളില്‍ നല്‍കി സാഹിത്യകാരന്മാരെ ആദരിക്കാം. (സിനിമാ തമാശക്കു കടപ്പാട്)
നാരദർ 2015-07-23 08:47:03
'മുക്കിയും മൂളിയും ഉള്ള കവിത'  ആധുനിക കവിതയ്ക്ക് പറ്റിയ നിർവചനം .  ആധുനികന്മാര് അടങ്ങി ഇരിക്കും എന്ന് തോന്നുന്നില്ല 
വായനക്കാരൻ 2015-07-23 20:06:41
ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു 
ഇലകള്‍ തമ്മില്‍ തൊടുമെന്നു കരുതി
നാം അകറ്റി നട്ട മരങ്ങള്‍
------- കവി വീരാന്‍ കുട്ടി

ഒരു കാലത്ത് മരങ്ങൾ എന്ന് കേൾക്കുമ്പോൾ വീരാൻ കുട്ടിയെയാണ് ഓർമ്മ വന്നിരുന്നത്. എഴുതുന്ന കവിതകളെല്ലാം മരങ്ങളെക്കുറിച്ചായിരുന്നു. prominent environmental poet in malayalam  എന്ന് ആളുകൾ കളിയായി വിളിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അദ്ദേഹം ധാരാളം വ്യത്യസ്ത കവിതകൾ എഴുതി. അടുത്തയിട പ്രസിദ്ധീകരിച്ച ‘ആട്ടക്കാരി’ എന്ന കവിത ആൺ പെൺ മനോഭാവങ്ങളിലുള്ള  വ്യത്യസ്തത മനോഹരമായി അവതരിപ്പിച്ചു.

ഈ കവിതയെ അനേകം മനോഹര വർണ്ണനകൾ നിറം ചാർത്തിയിട്ടുണ്ട്.   ബിന്ദുവിൽ കവിതയുണ്ടെന്ന് അടുത്തയിട വായിച്ച കവിതകളിൽ നിന്ന് വളരെ സ്പഷ്ടമാണ്. എന്നാൽ പല കവിതകളും ഒരേ വെട്ടിൽ വീഴുന്നുവോ എന്ന് ഒരു ചെറിയ സന്ദേഹമുണ്ട്. ഏതാണ്ട് ഒരേ പ്രമേയത്തിൽ ചുറ്റിപ്പറ്റി നിൽകാതെ മറ്റുമേഖലകളിൽകൂടി സർഗധനയായ കവയത്രി ശ്രദ്ധചെലുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
വിദ്യാധരൻ 2015-07-30 11:47:03
കവിതയും സാഹിത്യവും എഴുത്തുകാർക്ക് 'ലഹരിയായി' മാറുമ്പോൾ മാത്രമേ വായനക്കാർക്കും സമൂഹത്തിനും പ്രയോചനം ലഭിക്കുന്നുള്ളു.  നല്ല കവിതയും സാഹിത്യവും ജീവിതത്തെ സംസകരിച്ച് ധന്യമാക്കാനുള്ളതാണ്.  അതുകൊണ്ടാണ് എല്ലാത്തരത്തിലുള്ള വികാരവിചാരങ്ങളേയും പ്രകടമാക്കത്തക്ക രീതിയിൽ നമ്മളുടെ പൂർവികർ രസങ്ങളെ, വൃത്തങ്ങളെ, രാഗങ്ങളെ ഒക്കെ വികസിപ്പിച്ചെടുത്തത്. വേദനകളും , വിങ്ങലുകളും, പൊട്ടിത്തെറിക്കലും, ശ്രിംഗാരവും, രൗദ്രഭാവവും ഒക്കെ ഉൾചേർന്നതാണ് പ്രകൃതി. കവിതയും സാഹിത്യവും പ്രകൃതിയുടെ ആവിഷക്കാരാമാണ് ആ പ്രകൃതിയിൽ നിന്ന് വേറിട്ട്‌ നില്ക്കുന്നവരല്ല നമ്മളാരും.  പ്രകൃതിയിൽ നിന്ന് നാം അകലും തോറും അത് നാശത്തിലേക്കുള്ള നമ്മളുടെ പ്രയാണത്തിന്റെ വേഗത കൂട്ടുന്നു.  ഇന്ന് പല എഴുത്തുകാരും ലഹരി അകത്താക്കിയത്തിനു ശേഷമാണെന്ന് തോന്നുന്നു എഴുത്ത് തുടങ്ങന്നുത് (അപൂർവ്വം ചിലെരെങ്കിലും).  ഓരോ എഴുത്തിനും ഒരു പ്രമേയം ഉണ്ടായിരിക്കണം. ഉദാഹരണം നിങ്ങളുടെ ഈ കവിത തന്നെയെടുക്കാം. പ്രകൃതി നിങ്ങളെ വല്ലാതെ വശീകരിച്ചിരിക്കുന്നു.  പക്ഷെ അതിനെ വർണ്ണിക്കാൻ തക്കവണ്ണം വാക്കുകൾ പരിയാപ്തമോ എന്ന് സംശയിക്കുന്നു. പക്ഷെ ഹൃദ 'നീറ്റലോടെ' അറിയാവുന്ന ഭാഷയിൽ പറയാൻ ശ്രമിക്കുന്നു.  ഇത് നിങ്ങൾക്ക് മാത്രമല്ല, നിങ്ങൾക്ക് മുൻപേ കവിതകൾ പാടി കടന്നു പോയ കവി ഋഷിവരിയന്മാർക്കും സംഭവിച്ചുട്ടുള്ളതാണ്.  ടാഗോർ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കുക ?

"ഞാനറിവീല ഭവാന്റെ മോഹന ഗാനാലപന ശൈലി
നിഭൃതം ഞാനിതാ കേൾപ്പൂ സദതം നിതാന്ത വിസ്മയ ശാലി 
----------------------------------------------------------------------------------------
പാടണം എന്നുണ്ടീ രാഗത്തിൽ പാടാൻ സ്വരമില്ലല്ലോ 
പറയണം എന്നുണ്ടെന്നാൽ പദം വരുന്നില്ലല്ലോ "         "ഗീതാഞ്ജലി -ടാഗോർ "

കുമാരൻ ആശാനെ നോക്കുക 

"ഓമൽ പ്രഭാതരുചിയെങ്ങുമുയർന്ന നീല 
വ്യോമ സ്ഥലം സ്വയം എരിഞ്ഞെഴുമർക്ക ബിംബം 
ശ്രീമദ് ധരണിയെ  പണിചെയ്യത കയ്യിൻ
കേമത്വം  ഓർത്തിവിന് നീർ കവിയുന്നു കണ്ണിൽ "

മുകളിൽ പറഞ്ഞ രണ്ടു വ്യകതികളും അവരുടെ അപൂർണ്ണതയിൽ നിന്നുകൊണ്ട് കവിത എഴുതിയപ്പോൾ അതിനെ വായനക്കാർ പൂർണ്ണ മനസ്സോടെ സ്വീകരിച്ചിരിക്കുന്നു. അമ്പതു വർഷങ്ങൾക്കു ശേഷവും അതെന്റെ മനസ്സിൽ മായാതെ കിടക്കുന്നു (എനിക്കറിയാം എന്നെ അന്വേഷിച്ചു നടക്കുന്നവർ അവരുടെ മനസ്സിൽ എന്റെ വയസ്സും പൊക്കോം തൂക്കോം വച്ച് എന്നെ കുറിച്ചുള്ള ഒരു രൂപ രേഖ ഉണ്ടാക്കുകയാണെന്നു)

കവിത എഴുത്തിലും സാഹിത്യത്തിലും അമിതമായ ഒരാസക്തി ഉണ്ടായിരിക്കണം. അത് സൗന്ദര്യബോധത്തിൽ നിന്ന് ഉടെലെടുക്കുന്നതാണ്. അല്ലാതെ കിട്ടാൻ പോകുന്ന പ്രതിഫലം നല്കുന്ന പ്രചോദനത്തിൽ നിന്ന് ഉളവാകുന്നതല്ല.  കവിത രാഗം ഇല്ലാതെ എഴുതിയാലും. 'മഴ പെയ്യുമ്പോഴും പുഴ ഒഴുകുമ്പോഴും' പ്രകൃതിയുടെ താളങ്ങളെ കേൾക്കാൻ കഴിയുന്നതുപോലെ ഒരു കവിത വായിക്കുമ്പോഴും കഥ വായിക്കുമ്പോഴും പ്രകൃത്യായുള്ള താള ലയങ്ങൾ വായനക്കാർക്ക് സൂഷമായെങ്കിലും കേൾക്കാൻ കഴിയണം.  ഇത് കൂടാതെ എഴുത്തുകാർ സ്വപ്നാടകർ ആയിരിക്കണം കാരണം 

സ്വപ്നങ്ങൾ!  സ്വപ്‌നങ്ങൾ!
സ്വപനങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികൾ അല്ലോ 
നിങ്ങൾ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ 
നിശ്ചലം ശൂന്യമീ ലോകം  
ദൈവങ്ങളില്ല മനുഷ്യരില്ല 
പിന്നെ ജീവിത ചൈതന്യം ഇല്ല 
സൗന്ദര്യ സങ്കൽപ്പ ശിൽപ്പങ്ങൾ ഇല്ല 
സൗഗന്ധിക പൂക്കളില്ല  (കാവ്യമേള -വയലാർ ) 

ആയതുകൊണ്ട് ദിവ്യ സ്വപ്നങ്ങൾക്കായി കാത്തിരിക്കുക.  വായനക്കാരായ ഞങ്ങൾ നല്ല കവിതായ്ക്കായും  കാത്തിരിക്കാം 

Bindu Tiji 2015-07-30 07:23:57
വിദ്യാധരന്‍ മാസ്റ്റര്‍ ക്കും വായനക്കാരന സര്‍ നും ഹൃദയത്തില്‍ നിന്നും ഒരു കൃ ത ഞ്ജ താ കുറിപ്പ് എങ്ങിനെ എത്തിക്കും എന്ന വീര്‍പ്പുമുട്ടലില്‍ ആയിരുന്നു ഞാന്‍ . ഇതല്ലാതെ മറ്റു മാര്‍ഗം ഇല്ലാത്തതു കൊണ്ട് ഇത് ചെയ്യുന്നു. കാണാമറയത്തെ നിരൂപകര്‍ എഴുത്തുകാരില്‍ ഒരു കാല്പനികത പോലും സൃഷ്ടിച്ചു അവരുടെ രചനകളില്‍ ചാരുത ചാലി ക്കുന്നോ എന്ന് കൂടെ സംശയിക്കുന്നു.

എനിക്കിനി എത്ര എഴുതാന്‍ കഴിയും വരികള്‍ കിട്ടുമോ എന്നൊന്നും അറിയില്ല. എങ്കിലും ഇത് വരെ യുള്ള എന്റെ കവിതാ യാത്രയെ തിരിഞ്ഞു നോക്കി രണ്ടു വാക്ക് പറയാതെ എനിക്കിനി വയ്യ.

ഈയുള്ളവള്‍ക്ക്ക് കവിത ഒരു ലഹരി ആയിരുന്നു. ഓരോ ആഴ്ചയും വരുന്ന മാതൃഭൂമി ആഴ്ച പതിപ്പിലെ കവിതയ്ക്ക് വേണ്ടി കണ്‍ പാര്‍ത്തിരുന്ന ഒരു കാലം. പിന്നീടു ആരും കാണാതെ ഒളിച്ചും പാത്തും കവിതകള്‍ മാതൃഭൂമിക്ക് അയക്കല്‍ എന്ന കുസൃതി . തിരിച്ചു വരുന്ന കവിതകള്‍ നോക്കി എന്ത് ചെയ്യണം എന്നറിയാത്ത തുറിച്ചു നോട്ടം . മാതൃഭൂമി പറയണം 'എന്നില്‍ കവിത ഉണ്ടെന്ന്' എന്ന കടുത്ത വാശി. പറഞ്ഞില്ല അവര്‍.

ഒടുവില്‍ ആ റ്റീീ നേ ജെര്‍ ശ്രമം ഉപേക്ഷിച്ചു കവിത വായിക്കാന്‍ ഉള്ള ഭാഗ്യമേ ഉള്ളൂ എന്ന തീരുമാനത്തില്‍ കടന്നു പോയ നീണ്ട വര്‍ഷങ്ങള്‍.

പിന്നെ വന്ന മാധ്യമ രംഗത്തെ കടുത്ത മാറ്റങ്ങള്‍ . യാധാ സ്തിതിക സമ്പ്രദായങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ പബ്ലിഷിംഗ് എന്ന മാറ്റം. അന്ന് മാതൃഭൂമി തിരിച്ചയച്ച കവിതകള്‍ പഴയ നോട്ട് പുസ്തകങ്ങളില്‍ നിന്നും ഡയറി താളുകളില്‍ നിന്നും പല പല ബ്ലോഗ് സൈറ്റ് കളിലും കള്ള പേരിലും ശരി പേരിലും കറങ്ങി . ഒപ്പം ഒളിച്ചു നോട്ടവും തുടര്‍ന്നു. വായനക്കാര്‍ ചിലരൊക്കെ പറയാന്‍ തുടങ്ങി നല്ലതെന്ന് ... എങ്കിലും എനിക്ക് തൃപ്തി ആയില്ല.

പിന്നീടാണ് ഞാന്‍ ഇ മലയാളി യില്‍ എത്തി പെടുന്നത് . വിദ്യാധരന്‍ മാസ്റ്റര്‍ടെ രീാാലി േകോളം വായിക്കല്‍ എന്ന ഹോബ്ബി. കലാ കൗമുദിയിലെ എം കൃഷ്ണന്‍ നായര്‍ സര്‍ ന്റെ കോളം പോലെ രസകരം .

ചിലരെ വളര്ത്തുന്നതും തിരുത്തുന്നതും ഒക്കെ ശ്രദ്ധിച്ചു ഒരു പരീക്ഷണത്തിന് തയ്യാറെടുത്താണ് ഞാന്‍ ഇവിടെ എത്തിയത്. അന്ന് ഞാന്‍ കാവ്യലോകത്ത് നിന്ന് വിട പറയേണ്ടി വന്നാല്‍ അതിനും റെഡി ആയാണ് വന്നത്.

പിന്നെ എന്റെ പഴയ സ്വപ്ന ത്തിന്റെ സ്‌ക്രിപ്റ്റ് ഞാന്‍ മാറ്റി. മാതൃഭൂമി എന്നതിന് പകരം 'മാസ്റ്റര്‍ പറയുമോ' എന്നതായി. പിന്നീടാണ് രണ്ടാമത്തെ നിരൂപകന്റെ രംഗപ്രവേശം (വായനക്കാരന്‍ സര്‍ ) . രണ്ടുപേരും കൂടി ചേര്‍ന്ന കവിത ക്ലാസ്സില്‍ ശിഷ്യത്വം സ്വീകരിച്ചു നീണ്ട യാത്ര. അത് ഇവിടെ വരെ.

എന്റെ കാണാമറയത്തെ ഗുരുക്കന്‍മാര്ക്ക് ഹൃദയം കൊണ്ട് പ്രണാമം.
സര്‍വ്വശകതന്‍ വരികളും ഭാവങ്ങളും തരുന്നത് വരെ ഈ പ്രയാണം . നന്ദി....നന്ദി... നന്ദി.
എന്നെ പോലെ എഴുത്ത് ഗൌരവമായി എടുക്കുന്നവര്ക്ക് ഇത് ഒരു വലിയ അനുഗ്രഹം.
ഇ മലയാളീ ക്കും ഏറെ നന്ദി.
പാഷാണം 2015-07-30 12:04:53
വിദ്യാധരന്‍  മാഷും , വായനകാരന്‍  മാഷും മേലോട്ട് പൊങ്ങി പറക്കുന്നത് കണ്ടു  ബിന്ദുവിന്റെ  പ്രശംസ  കേട്ട് . തിരികെ വരുമല്ലോ , അല്ലെങ്കില്‍  വട ny ഇവിടെ വളിപ്പിച്ചു  നാശം ആക്കും.
നല്ല കവിത , നല്ല നിരുപണം .
നാരദർ 2015-07-30 14:09:33
പാഷാണം എത്ര 'പാഷാണം' വച്ചാലും വിദ്യാധരൻ മാഷറും വായനക്കാരൻ സാറും അതിൽ കേറി കൊത്തും എന്ന് തോന്നുന്നില്ല. എത്ര നാളു തുടങ്ങി അവരെ പിടിക്കാൻ ജനം നടക്കുന്നതാ. അതുകാരാണം കൂടുതൽ വട ശല്യം ഉണ്ടാകിതിരിക്കാൻ ന്യൂയോർക്ക് മുഴുവൻ പാഷാണം വയ്ക്ക്.  വട കേറി കൊത്താതിരിക്കില്ല.  ഈയെടെ ആയിട്ട് വടയെ കാണാനില്ല.  വളിച്ചു പോയെന്നു തോന്നുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക