Image

അമല പോള്‍ നിര്‍മാതാവാകുന്നു

ആശ എസ് പണിക്കര്‍ Published on 21 July, 2015
അമല പോള്‍ നിര്‍മാതാവാകുന്നു
 തെന്നിന്ത്യന്‍ താരം അമലാ പോള്‍ നിര്‍മാതാവാകുന്നു. ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരം എന്ന ചിത്രത്തിനു ശേഷം തമിഴില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമലയും ഭര്‍ത്താവ് എ.എല്‍ വിജയും ചേര്‍ന്ന് നിര്‍മിക്കുന്നത്. 

പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ പ്രകാശ്‌രാജും ശ്രേയ റെഡ്ഡിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമായി നിര്‍മാണ രംഗത്തെത്തുന്നതിന്റെ സന്തോഷത്തിലാണ് അമല. താന്‍ എല്ലാ കാര്യങ്ങളും വലിയ രീതിയില്‍ ചിന്തിക്കുന്ന ആളായതുകൊണ്ട് തന്റെ സിനിമാ നിര്‍മാണ കമ്പനിക്ക് തിങ്ക് ബിഗ് സ്റ്റുഡിയോസ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് അമല പറഞ്ഞു. 

പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ജനങ്ങള്‍ക്ക് ശക്തമായ ഒരു സന്ദേശം ഉണ്ട്. ഈ ചിത്രത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ട്.  അന്താരാഷ്ട്ര പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ചിത്രം ഒരുക്കാനാണ് പദ്ധതി. തങ്ങള്‍ക്ക് നല്ല ടെക്‌നീഷ്യന്‍മാര്‍, അഭിനേതാക്കള്‍, മാര്‍ക്കറ്റിംഗ് ടീം എന്നിവര്‍ ഉണ്ടെന്ന് അമല പറഞു.  ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍  തങ്ങളുടെ പുതിയ ചിത്രം നേടിത്തരുമെന്നും  താരം പറഞ്ഞു. 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്നു പ്രധാന കഥാപാത്രങ്ങളാണുള്ളത്. പ്രകാശ് രാജ്, ശ്രേയ റെഡ്ഡി എന്നിവരെ കൂടാതെ മറ്റൊരു നടനും. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.  എയ്ഡ്‌സാണ് ചിത്രത്തിന്റെ പ്രമേയം. ശക്തമായ ഒരു സാമൂഹ്യ സന്ദേശവും ചിത്രം നല്‍കുന്നുണ്ട്. ഈ ചിത്രത്തിലൂടെ പതിനാല് പുതുമുഖ താരങ്ങള്‍ കൂടി വെള്ളിവെളിച്ചത്തിലേക്ക് കടക്കുകയാണ്. കാഞ്ചീവരം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാകും ഈ ചിത്രത്തിലും പ്രവര്‍ത്തിക്കുക. ആഗസ്റ്റ് പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും. സന്തോഷ് ശിവനാണ്  ക്യാമറ. സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. 

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള പട്ടുതുണി നെയ്ത്തുകാരുടെ ജീവിതകഥയായിരുന്നു് കാഞ്ചീവരത്തിന്റെ ഇതിവൃത്തം. ജീവിതകാലം മുഴുവന്‍ പട്ടുതുണി നെയ്തിട്ടും ഒരിക്കല്‍ പോലും ഒരു പട്ടുസാരി വാങ്ങാന്‍ കഴിവില്ലാതെ പോകുന്ന ഒരു പാവപ്പെട്ട നെയ്ത്തുകാരന്റെ കഥയായിരുന്നു ഈ ചിത്രത്തിന്റെ ഇതിവൃത്തം. പ്രകാശ്‌രാജാണ് നെയ്ത്തുകാരന്റെ വേഷം ഉജ്ജ്വലമാക്കിയത്. അന്ന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനും മികച്ച അഭിനേതാവിനുമടക്കമുള്ള  ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രം നേടി. 

അമല പോള്‍ നിര്‍മാതാവാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക