Image

ജോസ് പറയങ്കനും രാധാകൃഷ്ണ പിള്ളയ്ക്കും 'പ്രവാസി ഭാരതീയ സമ്മാന്‍'

Published on 09 January, 2012
ജോസ് പറയങ്കനും രാധാകൃഷ്ണ പിള്ളയ്ക്കും 'പ്രവാസി ഭാരതീയ സമ്മാന്‍'
ജയ്പ്പൂര്‍: ഇക്കൊല്ലത്തെ 'പ്രവാസി ഭാരതീയ സമ്മാന'ത്തിന് രണ്ടു മലയാളികളെ തിരഞ്ഞെടുത്തു. മൊസാമ്പിക്കില്‍ വ്യവസായിയായ ജോസ് പറയങ്കനും ബഹ്‌റൈനില്‍ പൊതുപ്രവര്‍ത്തകനായ പി.വി. രാധാകൃഷ്ണപിള്ളയ്ക്കുമാണ് മറ്റ് പത്തുപേര്‍ക്കുമൊപ്പം പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ലഭിക്കുക. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച സമാപന സമ്മേളനത്തിലുണ്ടാകും. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അവാര്‍ഡ് സമ്മാനിക്കും. 
മൊസാമ്പിക്ക് ഹോള്‍ഡിങ് ഗ്രൂപ്പിന്റെ ചെയര്‍മാനായ ജോസ് പറയങ്കന്‍ കോട്ടയം മണിമല പറയങ്കല്‍ കുടുംബാംഗമാണ്. ബഹ്‌റൈന്‍ സര്‍ക്കാറിലെ വൈദ്യുതി മന്ത്രാലയത്തില്‍ എന്‍ജിനീയറായ പി.വി. രാധാകൃഷ്ണ പിള്ള മാവേലിക്കര 'ലക്ഷ്മീനിലയ'ത്തില്‍ വാസുദേവന്‍ പിള്ളയുടെയും സരസമ്മയുടെയും മകനാണ്.

മൊസാമ്പിക്കില്‍ 'എക്‌സിം ബാങ്ക്' ഉദ്യോഗസ്ഥനായിരുന്ന ജോസ്, അവിടുത്തെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചയെ തുടര്‍ന്നാണ് വ്യവസായത്തിലേക്ക് തിരിഞ്ഞത്. 1990 മുതല്‍ അവിടെ താമസിക്കുന്ന ജോസ് പറയങ്കന്‍ മൊസാമ്പിക്ക് സര്‍ക്കാറിന്റെ ഉപദേശകന്‍ കൂടിയാണ്. പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലാണ് സര്‍ക്കാറിനെ അദ്ദേഹം ഉപദേശിക്കുന്നത്. 1992ല്‍ മൊസാമ്പിക്ക് സൈന്യത്തിനും പോലീസിനും യൂണിഫോം വിതരണം ചെയ്തുകൊണ്ടാണ് അദ്ദേഹം വ്യവസായത്തിലേക്ക് തിരിഞ്ഞത്. ജലസേചനം, പൈപ്പ് ലൈന്‍ തുടങ്ങിയ വിവിധ മേഖലകളിലും മൊസാമ്പിക്ക് ഹോള്‍ഡിങ് പ്രവര്‍ത്തിക്കുന്നു. 500 കോടി രൂപയിലധികം ആസ്തിയുള്ള കമ്പനിക്ക് കേരളത്തിലും ശാഖകളുണ്ട്. കേരളത്തില്‍ നിന്ന് പൈപ്പുകളും മറ്റും വാങ്ങി കയറ്റി അയയ്ക്കുന്നതിന് സതേണ്‍ ബോര്‍വെല്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നു. മണിമല പറയങ്കല്‍ പരേതരായ ഔസേപ്പിന്റെയും മറിയമ്മയുടെയും മകനാണ് ജോസ്. ഭാര്യ: ഡോളി. മക്കള്‍: ദീപക്, ഷീലാ മേരി.

ഇലക്ട്രിക്കല്‍ എന്‍ജിനീയറായ പി.വി. രാധാകൃഷ്ണപിള്ള 1992 മുതല്‍ ബഹ്‌റൈനില്‍ പൊതുരംഗത്ത് സജീവമാണ്. ബഹ്‌റൈന്‍ ഇന്ത്യാ സ്‌കൂളിന്റെ ചെയര്‍മാനായി ആറു കൊല്ലം പ്രവര്‍ത്തിച്ച രാധാകൃഷ്ണപിള്ള വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റം വരുത്തി. ആദ്യമായി ഗള്‍ഫിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് ഇന്റര്‍ ഗള്‍ഫ് യൂത്ത് ഫെസ്റ്റിവല്‍ നടത്തി. 
ബഹ്‌റൈനിലെ കലാസാംസ്‌കാരിക രംഗത്ത് സജീവമായ കേരളീയ സമാജത്തിന്റെ പ്രസിഡന്റാണ്. കേരള സംഗീത നാടക അക്കാദമിയുടെ സെന്റര്‍ ബഹ്‌റൈനില്‍ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ മുന്‍കൈയിലാണ്. 

ബഹ്‌റൈനില്‍ മരിക്കുന്ന മലയാളിക്ക് ഏഴുലക്ഷം രൂപ സഹായധനം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും രാധാകൃഷ്ണപിള്ളയാണ്. മലയാളം ഭാഷ പഠിക്കുന്നതിന് സ്‌കൂള്‍ ഓഫ് മലയാളം സ്ഥാപിച്ചു. ലതയാണ് ഭാര്യ. മക്കള്‍:  രാധിക, രഞ്ജിനി.

ജോസ് പറയങ്കനും രാധാകൃഷ്ണ പിള്ളയ്ക്കും 'പ്രവാസി ഭാരതീയ സമ്മാന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക