Image

അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ ദുബായില്‍ ശിക്ഷ കര്‍ശനമാക്കാന്‍ നിയമഭേദഗതി

Published on 09 January, 2012
അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ ദുബായില്‍ ശിക്ഷ കര്‍ശനമാക്കാന്‍ നിയമഭേദഗതി
ദുബായ്‌: അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്കും നുഴഞ്ഞുകയറുന്നവര്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കാന്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യും. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നിയമഭേദഗതിക്കുള്ള നടപടികള്‍ ആരംഭിക്കുമെന്നു ദുബായ്‌ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രോസിക്യൂഷന്‍ തലവന്‍ ജസ്‌റ്റിസ്‌ അലി ഹുമൈദ ബിന്‍ ഖാത്തം വ്യക്‌തമാക്കി. രാജ്യത്തേക്കു നുഴഞ്ഞുകയറുന്നവര്‍ക്കു തൊഴിലും അഭയവും നല്‍കുന്നവര്‍ക്ക്‌ അരലക്ഷം ദിര്‍ഹം പിഴ ചുമത്തുന്നതുപോലെ താമസ കുടിയേറ്റ നിയമം ലംഘിച്ചവരെ പ്രയോജനപ്പെടുത്തുന്നവര്‍ക്കും സമാനസംഖ്യ പിഴ ചുമത്താനാണു നീക്കം.

തൊഴിലാളിയുടെ ഒളിച്ചോട്ടം സംബന്ധിച്ചു സമയബന്ധിതമായി താമസ കുടിയേറ്റവകുപ്പില്‍ പരാതിപ്പെടുന്നവര്‍ക്കു പ്രതികള്‍ പിടിക്കപ്പെടുമ്പോള്‍ 5000 ദിര്‍ഹം നഷ്‌ടപരിഹാരം ലഭിക്കും. നിയമലംഘകര്‍ക്കു തൊഴില്‍ നല്‍കിയവരില്‍ നിന്ന്‌ ഈടാക്കുന്ന തുകയില്‍ നിന്നാണ്‌ നഷ്‌ടപരിഹാരം നല്‍കുക. ഒളിച്ചോട്ടം മുന്‍കൂട്ടി പരാതിപ്പെട്ടവരില്‍ നിന്നു തൊഴിലാളിയുടെ മടക്കയാത്രാ ടിക്കറ്റ്‌ ഈടാക്കുകയില്ല. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വൈകാതെ പ്രസിദ്ധപ്പെടുത്തും. 90 ശതമാനം സ്‌പോണ്‍സര്‍മാരും ഒളിച്ചോട്ടം പരാതിപ്പെടുന്നുണ്ടെങ്കിലും പത്തു ശതമാനം തൊഴിലുടമകള്‍ അധികൃതരെ ഇക്കാര്യം അറിയിക്കാറില്ല.

അരലക്ഷം ദിര്‍ഹം പിഴ ചുമത്തപ്പെടുന്നവര്‍ക്ക്‌ ഒന്നിച്ചു തുക അടയ്‌ക്കാനായില്ലെങ്കില്‍ ഘട്ടം ഘട്ടമായി പിഴ അടയ്‌ക്കാന്‍ അനുമതിയുണ്ട്‌. രണ്ടു വര്‍ഷമാണു പിഴ അടച്ചു തീര്‍ക്കാന്‍ നിശ്‌ചയിച്ച കൂടിയ കാലപരിധിയെന്നും ജസ്‌റ്റിസ്‌ അലി അറിയിച്ചു. വീസാ കാലാവധി തീര്‍ന്നിട്ടും രാജ്യത്തു തങ്ങിയവരും സ്‌പോണ്‍സറില്‍ നിന്ന്‌ ഒളിച്ചോടിയവരുമായ 60 പേര്‍ക്കു തൊഴില്‍ നല്‍കിയവര്‍ക്കു പിഴ ചുമത്തിയ കാര്യം ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടി. ഇതുവഴി 60 ലക്ഷം ദിര്‍ഹമാണ്‌ പ്രോസിക്യൂഷനു ലഭിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നിയമലംഘകരെ പ്രയോജനപ്പെടുത്തിയവര്‍ക്കാണു പിഴശിക്ഷ ലഭിച്ചത്‌.

2010ല്‍ 7249 നിയമലംഘകര്‍ പിടിക്കപ്പെട്ടിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 4420 പേര്‍ മാത്രമാണ്‌ അറസ്‌റ്റിലായത്‌. നിയമലംഘകരെ ജയിലില്‍ കൂടുതല്‍ കാലം കഴിയാന്‍ അനുവദിക്കുന്നതും എമിറേറ്റിനു ബാധ്യതയാണ്‌. സെന്‍ട്രല്‍ ജയില്‍ റിപ്പോര്‍ട്ടനുസരിച്ച്‌ ഒരു തടവുപുള്ളിക്ക്‌ ഒരു ദിവസം കഴിയാന്‍ ഏകദേശം ഇരുനൂറ്‌ ദിര്‍ഹം ചെലവാകുന്നുണ്ട്‌. നിയമലംഘകര്‍ക്കു തൊഴില്‍ നല്‍കുന്നതാണ്‌ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ജസ്‌റ്റിസ്‌ അലി പറഞ്ഞു. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്തവര്‍ക്കു തൊഴിലും അഭയവും നല്‍കുന്നതു സാമൂഹിക സുരക്ഷയ്‌ക്കു ഭീഷണിയാണ്‌.

നിയമലംഘകര്‍ക്കു തങ്ങളെ പ്രയോജനപ്പെടുത്തുന്നവരുടെ വിലാസമറിയാത്തതും പ്രയാസം സൃഷ്‌ടിക്കാറുണ്ട്‌. മറയ്‌ക്കു പിന്നില്‍ നിന്നാണു പലരും നിയമലംഘകരായ തൊഴിലാളികളെ നിയന്ത്രിക്കുന്നത്‌. ഈ തൊഴിലാളികള്‍ മോഷണം, പീഡനം, ഭവനഭേദനം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളിലും പിടിക്കപ്പെടാറുണ്ട്‌. പിടിക്കപ്പെടുന്ന അനധികൃത തൊഴിലാളികളില്‍ 50 ശതമാനത്തിനു മാത്രമാണ്‌ ആര്‍ക്കുവേണ്ടിയാണു ജോലി ചെയ്യുന്ന കാര്യം അറിയാവുന്നതെന്നു ജസ്‌റ്റിസ്‌ അലി പറഞ്ഞു.

ദുബായില്‍ ഇന്ത്യക്കാരും പാക്കിസ്‌ഥാനികളുമാണു നിയമം ലംഘിച്ചു കഴിയുന്നവരില്‍ കൂടുതലുമെന്നു ജസ്‌റ്റിസ്‌ അലി വെളിപ്പെടുത്തി. സ്‌ത്രീകളില്‍ ഫിലിപ്പീന്‍സ്‌, എത്യോപ്യ രാജ്യക്കാരാണു നിയമം മറികടന്നു കഴിയുന്നവരില്‍ മുന്നില്‍. പിടിക്കപ്പെട്ട നിയമലംഘകരില്‍ 3198 പുരുഷന്മാരും 1222 സ്‌ത്രീകളുമാണുള്ളത്‌. ഇവരെ അറസ്‌റ്റ്‌ ചെയ്‌തു രണ്ടാഴ്‌ചയ്‌ക്കകം നാടുകടത്താനായി സെന്‍ട്രല്‍ ജയിലുകളിലേക്കു മാറ്റുകയാണു ചെയ്യുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക