Image

വിളപ്പില്‍ശാല: ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചു

Published on 09 January, 2012
വിളപ്പില്‍ശാല: ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചു
കൊച്ചി: വിളപ്പില്‍ശാല ചവര്‍ സംസ്‌കരണ ഫാക്ടറി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. 14 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫാക്ടറി സന്ദര്‍ശിച്ച് 17 ന് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷനോട് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെലൂര്‍ അധ്യക്ഷയായ ബഞ്ച് നിര്‍ദ്ദേശിച്ചു. പരിശോധന നടത്തുന്ന സംഘത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കുക, ചവര്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

മാലിന്യ സംസ്‌കരണ ഫാക്ടറി പൂട്ടാന്‍ വിളപ്പില്‍ശാല പഞ്ചായത്ത് തീരുമാനിച്ചതോടെയാണ് തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കം നിലച്ചത്. ഇതേത്തുടര്‍ന്ന് ഓരോദിവസവും പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം കൂടിവരികയാണ്. ചവര്‍സംസ്‌കരണ ഫാക്ടറി തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വിധി വന്നശേഷമെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാവൂ. എന്തുവന്നാലും വിളപ്പില്‍ ശാലയിലേക്ക് മാലിന്യങ്ങള്‍ കൊണ്ടുവരാനാവില്ലെന്ന നിലപാടിലാണ് ജനങ്ങളും പഞ്ചായത്ത് ഭരണ സമിതിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക