Image

അസിസ്റ്റന്റ് നിയമനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

Published on 09 January, 2012
അസിസ്റ്റന്റ് നിയമനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം
തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതിത്വവും നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് റാങ്ക് ലിസ്റ്റും അതിന്റെയടിസ്ഥാനത്തില്‍ നടന്ന നിയമനങ്ങളും റദ്ദാക്കാനുള്ള ലോകായുക്ത വിധി സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഇന്നുചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വോട്ടിനിട്ടാണ് തീരുമാനമെടുത്തത്.

10 യു.ഡി.എഫ് അംഗങ്ങള്‍ വിധിക്ക് അനുകൂലമായും എട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതികൂലമായും വോട്ടുചെയ്തു. ഒരു സി.പി.ഐ അംഗം യോഗത്തില്‍ നിന്ന് വിട്ടുനിന്നു. വൈസ്ചാന്‍സലറും പ്രോവൈസ്ചാന്‍സലറും നിഷ്പക്ഷത പുലര്‍ത്തി. ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും വോട്ട് ചെയ്തില്ല. നിയമനം നടത്തിയ 151 പേരെയും സിന്‍ഡിക്കേറ്റിന്റെ തീരുമാനപ്രകാരം പിരിച്ചുവിടണമെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ലോകായുക്ത വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അഴിമതിക്ക് കാരണക്കാരായ മുന്‍ വി.സി. എം.കെ. രാമചന്ദ്രന്‍ നായര്‍, മുന്‍ പ്രൊ വി.സി. വി.ജയപ്രകാശ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസ്സല്‍, കെ. എ.ആന്‍ഡ്രു എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാണമെന്നും ഉപലോകായുക്ത ജസ്റ്റിസ് ജി.ശശിധരന്‍ ഉത്തരവിട്ടിട്ടുണ്ട്. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുകയോ, ഒളിപ്പിക്കുകയോ ചെയ്തതിന് വി.സിയും പി.വി.സിയുമാണ് ഉത്തരവാദികള്‍. അവര്‍ക്കെതിരെ ഈ കുറ്റത്തിനും നടപടിയെടുക്കണം. മുമ്പ് അപേക്ഷിച്ചിരുന്നവര്‍ക്ക് മാത്രം അവസരം നല്‍കി വീണ്ടും പരീക്ഷ നടത്തി നിയമനം നടത്തണമെന്നും ജസ്റ്റിസ് ശശിധരന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇത് മൂന്നാമത്തെ ജുഡീഷ്യല്‍ ഏജന്‍സിയാണ് അസിസ്റ്റന്റ് നിയമനത്തിലെ അഴിമതി കണ്ടെത്തിയത്. നിയമനത്തിന്റെ തുടക്കംമുതല്‍ ക്രമവിരുദ്ധമായ നടപടികളാണ് ഉണ്ടായതെന്നും അതുകൊണ്ടുതന്നെ റാങ്ക് പട്ടികയും അതില്‍നിന്ന് നടത്തിയ നിയമനങ്ങളും നിലനില്‍ക്കുന്നതല്ലെന്ന് 82 പേജ് വരുന്ന വിധിന്യായത്തില്‍ അദ്ദേഹം വ്യക്തമാക്കി. അധികാരമില്ലാത്ത സമിതിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തത്.

40,000-ഓളം പേര്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കില്‍ തിരിമറി നടത്തി രാഷ്ട്രീയ നേതാക്കളുടെയും സര്‍വകലാശാലയിലെ ഉന്നതോദ്യോഗസ്ഥരുടെയും ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന വാര്‍ത്ത 'മാതൃഭൂമി'യാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. 2008 മെയ് 26 ന് 'അസിസ്റ്റന്റ് നിയമനം : റാങ്ക് പട്ടികയില്‍ സി.പി.എം ബന്ധുക്കളെ തിരികിക്കയറ്റി' യെന്ന ശീര്‍ഷകത്തിലായിരുന്നു പിന്നീട് ഏറെ വിവാദമുയര്‍ത്തിയ വാര്‍ത്തയുടെ തുടക്കം.

അപേക്ഷ ക്ഷണിക്കുന്നതിനു മുമ്പുതന്നെ സെലക്ഷന്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്നാണ് സര്‍വകലാശാല നിയമത്തില്‍ പറയുന്നതെങ്കിലും ഇന്റര്‍വ്യൂ ആരംഭിക്കുന്നതിനുമുമ്പാണ് സര്‍വകലാശാല ബോര്‍ഡിന് രൂപംനല്‍കിയത്. അവിടം മുതല്‍തന്നെ നിയമന പ്രകിയയുടെ താളം തെറ്റി. ഇത് നിയമവിരുദ്ധമായ നടപടിയായിരുന്നു. അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിന്റെ മുഴുവന്‍ നടപടികളും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതാണ്. വി.സിയും പി. വി.സിയും തിരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന നാല് സിന്‍ഡിക്കേറ്റംഗങ്ങളുമാണ് ഈ അഴിമതിക്കും ക്രമക്കേടിനും ഉത്തരവാദികള്‍. എഴുത്തു പരീക്ഷയുടെ മാര്‍ക്കിലാണ് തിരിമറി തുടങ്ങിയത്. ഇത് വി.സിയും പി.വി.സി.യും ചേര്‍ന്ന് മൂടിവെച്ചു.

മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പി. വി.സി.യുടെ പക്കല്‍ എത്തിയിരുന്നുവെന്ന് ലോകായുക്ത കണ്ടെത്തി. അവ വി.സിയും പി.വി.സി.യും ചേര്‍ന്ന് നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തതാണ്. സമര്‍ഥരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്ന തരത്തിലല്ല അഭിമുഖം നടത്തിയതെന്നും വിധിയില്‍ പറയുന്നു.

ഉത്തരക്കടലാസുകള്‍ കാണാതായതിനു പിന്നില്‍ ദൂരൂഹതയുണ്ട്. അതുപോലെതന്നെ വി.സി.യുടെ ഔദ്യോഗിക ആവശ്യത്തിനായി നല്‍കിയ ലാപ്‌ടോപ്പും കാണാതായി. വി.സിയുടെ ഔദ്യോഗിക കമ്പ്യൂട്ടറിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് രജിസ്ട്രാറുടെ മൊഴിയുണ്ട്. ലാപ്‌ടോപ്പ് നഷ്ടപ്പെട്ടെന്നാണ് വി.സിയുടെ സത്യവാങ്മൂലം. ഇതിനൊക്കെ പുറമെ പരീക്ഷാ കേന്ദ്രങ്ങളിലെ ഹാജര്‍ സ്റ്റേറ്റ്‌മെന്റും കാണാതായിട്ടുണ്ട്. എഴുത്തു പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം. പ്രതികള്‍ അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതിത്വവും നടത്തിയതിന് തെളിവാണ് ഈ രേഖകളുടെ അപ്രത്യക്ഷമാകലെന്ന് ജസ്റ്റിസ് ശശിധരന്‍ കണ്ടെത്തി. ഉത്തരക്കടലാസുകള്‍ പി.വി.സിക്ക് ലഭിച്ചിരുന്നുവെന്നതിനും തെളിവുണ്ട്.

എഴുത്തുപരീക്ഷയുടെ മാര്‍ക്ക് 100ല്‍ നിന്ന് 75 ലേക്ക് പരിമിതപ്പെടുത്തിയശേഷം അഭിമുഖത്തിന് 25 മാര്‍ക്ക് നിശ്ചയിച്ചത് പരീക്ഷയില്‍ പിന്നിലായിരുന്നവരെ അഭിമുഖത്തിലൂടെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാനുള്ള നടപടിയായിരുന്നു. അഭിമുഖത്തിന് 33.33 ശതമാനം വെയിറ്റേജ് ലഭിക്കാന്‍ ഇത് കാരണമായി. മാര്‍ക്ക് ഈ വിധം പരിമിതപ്പെടുത്തിയതിനു മുമ്പ് ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന ന്യായം മാത്രമെ ബന്ധപ്പെട്ടവര്‍ക്ക് പറയാനുള്ളൂ. ഇതാകട്ടെ സ്വീകരിക്കത്തക്കതല്ല.

ഏറെ കോളിളക്കം സൃഷ്ടിച്ച അസിസ്റ്റന്റ് നിയമന ക്കേസില്‍ വിശദാംശങ്ങളുമായെത്തിയത് ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി കണ്‍വീനര്‍ ആര്‍.എസ്. ശശികുമാറായിരുന്നു. കേസ് ലോകായുക്തയില്‍ ഫയല്‍ ചെയ്തത് സെനറ്റംഗമായിരുന്ന സുജിത് എസ്. കുറുപ്പാണ്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വി.എസ്. ഭാസുരേന്ദ്രന്‍ നായര്‍ ഹാജരായി. ഈ കേസ് ആദ്യം പരിഗണിച്ച ഉപലോകായുക്ത എന്‍. കൃഷ്ണന്‍ നായര്‍ സമാനമായ വിധി 2008 സപ്തംബര്‍ 30 ന് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ജോലി നഷ്ടപ്പെടുന്ന ഓരോരുത്തരെയും കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ലോകായുക്തയില്‍ പുനര്‍വിചാരണ നടന്നത്.

സമാന്തരമായി ഹൈക്കോടതി നിയോഗിച്ച റിട്ട.ജഡ്ജ് എന്‍. സുകുമാരന്‍ അധ്യക്ഷനായ സമിതിയും നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തുകയും ഉത്തരക്കടലാസ് കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. അതു പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. നിയമനത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത് ഉദ്യോഗാര്‍ഥിയായ അനു എസ്. നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ലോകായുക്തുയടെയും കോടതി നിയോഗിച്ച സമിതിയുടെയും കണ്ടെത്തലുകളുടെ വെളിച്ചത്തിലായിരിക്കും ഹൈക്കോടതിയുടെ തീരുമാനം വരിക. 182 പേര്‍ നിയമനം നേടിയതില്‍ 151 പേരാണ് ഇപ്പോള്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക