Image

മുല്ലപ്പെരിയാറിലെ പുതിയ നാടകങ്ങള്‍?

Published on 08 January, 2012
മുല്ലപ്പെരിയാറിലെ പുതിയ നാടകങ്ങള്‍?
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഒരു കാര്യം ഏറെക്കുറെ വ്യക്തമാണ്‌. ഒരു തരത്തിലുള്ള അത്ഭുതവും അടുത്തകാലത്തൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇപ്പോഴും വ്യക്തമാകാത്ത ഒന്നുണ്ട്‌ കേരളം വെറും രാഷ്‌ട്രീയ നാടകം കളിക്കുകയാണോ?, അതോ കേരളത്തിന്റെ അറിയാതെ അബദ്ധങ്ങള്‍ സംഭവിക്കുന്നതാണോ?. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലനിയന്ത്രണം സ്വതന്ത്ര സമിതിക്ക്‌ ശിരുവാണി മാതൃകയില്‍ ഏര്‍പ്പെടുത്തുന്നതിനേക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പറയുന്നത്‌. കേരളത്തിന്റെ ഈ നിര്‍ദ്ദേശവും മറ്റും പ്രമുഖ വാര്‍ത്തയായി മാറുമ്പോള്‍ തന്നെ നമ്മുടെ രാഷ്‌ട്രീയക്കാര്‍ മറുപടി പറയാന്‍ ശ്രമിക്കാതെ മനപ്പൂര്‍വ്വം മറന്നു കളയുന്ന മറ്റൊരു വാര്‍ത്തയുമുണ്ട്‌.

സുപ്രിംകോടതിയുടെ ഉന്നതഅധികാര സമതിക്ക്‌ നല്‍കിയ കത്തില്‍ പുതിയ അണക്കെട്ടന്ന ആശയം തന്നെ അപ്രസക്തമാണെന്നാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്‌. മാത്രമല്ല ജലനിരപ്പ്‌ 152 അടിയാക്കിയാലും റിക്‌ടര്‍ സ്‌കെയില്‍ ഏഴ്‌ വരെ രേഖപ്പെടുത്തുന്ന ചലനങ്ങളില്‍ പോലും അണക്കെട്ട്‌ സുരക്ഷിതമായി നില്‍ക്കുമെന്നതും തമിഴ്‌നാട്‌ തങ്ങളുടെ അഭിപ്രായമായി മുമ്പോട്ടു വെച്ചിരിക്കുന്നു. പുതിയ അണക്കെട്ടന്ന ആശയം തന്നെ കീറിയെറിഞ്ഞിരിക്കുന്ന നടപടിയാണ്‌ ഇവിടെ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്‌. ഇതിനെ മറികടക്കുന്നതിന്‌ അല്ലെങ്കില്‍ പ്രതിരോധിക്കുന്നതിന്‌ എന്ത്‌ നീക്കമാണ്‌ കേരളത്തിന്‌ ചെയ്യാന്‍ കഴിയുന്നത്‌. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ പക്വതയില്ലാത്ത പ്രകടനങ്ങള്‍ കേരളത്തിനെയും തമിഴ്‌നാടിനെയും ഒരു യുദ്ധത്തില്‍ കൊണ്ടു ചെന്നതുപോലെയാവാതെ നയപരമായി തമിഴ്‌നാടിനെ എങ്ങനെ സമവായത്തിലേക്ക്‌ കൊണ്ടുവരാമെന്നാണ്‌ കേരളം കരുതുന്നത്‌.

യഥാര്‍ഥത്തില്‍ ഇതിനായി യാതൊരു പോം വഴിയും കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വത്തിനില്ല. തമിഴനാട്‌ സര്‍ക്കാരും അവിടെയുള്ള പ്രാദേശിക രാഷ്‌ട്രീയ കക്ഷികളും കേന്ദ്രസര്‍ക്കാരിനെ കടുത്ത സമര്‍ദ്ദത്തില്‍ നിര്‍ത്തി തങ്ങളുടെ ഭാഗം വിശദീകരിക്കുമ്പോള്‍ ഹൈക്കമാന്‍ഡുകള്‍ക്കും, പോളിറ്റ്‌ബ്യൂറോകള്‍ക്കും മുമ്പില്‍ ആജ്ഞകള്‍ക്ക്‌ കാത്തു നില്‍ക്കുന്ന കേരളാ രാഷ്‌ട്രീയ മേലാളന്‍മാര്‍ക്ക്‌ കാഴ്‌ചക്കാരുടെ റോളുകള്‍ പോലുമില്ല.

ഇപ്പോള്‍ ജലനിയന്ത്രണത്തിന്‌ സംയുക്ത സമതി എന്ന തലത്തിലേക്ക്‌ ഇറങ്ങിയ കേരളത്തിന്റെ വിട്ടുവീഴ്‌ചാ മനോഭാവം പോകെ പോകെ പഴയകറാരും പുതിയ അണക്കെട്ടും എന്ന അവസ്ഥയിലേക്ക്‌ എത്തുമോ എന്ന ഭീതി മുല്ലപ്പെരിയാര്‍ സമര സമിതി പോലും ചൂണ്ടിക്കാട്ടിയിരിക്കുന്നു. `പുതിയ കരാറും പുതിയ അണക്കെട്ടും' എന്ന ആവിശ്യമുന്നയിച്ചാണ്‌ കഴിഞ്ഞ ആറു വര്‍ഷമായി മുല്ലപ്പെരിയാര്‍ സമര സമിതി സമരം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. പുതിയ കരാര്‍ പ്രകാരം അണക്കെട്ടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളത്തിനായിരിക്കണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ഇപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പിന്നോക്കം പോകുന്നതാണ്‌ തമിഴ്‌നാടില്‍ മുമ്പില്‍ സംഭവിക്കുന്ന രാഷ്‌ട്രീയ ബലഹീനതയായി മാറുന്നത്‌.

കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍, ഒരു പരിധി വരെ വി.എസ്‌ അച്യുതാനന്ദനും, എന്‍.കെ പ്രേമചന്ദ്രനും ഒഴികെയുള്ളവര്‍, മുല്ലപ്പെരിയാറിനെ സംബന്ധിച്ച്‌ കേരളത്തിനുള്ള നിര്‍ദ്ദേശങ്ങളുടെ കാര്യങ്ങള്‍ മാത്രമാണ്‌ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടും വിശദീകരിച്ചു കെണ്ടുമിരിക്കുന്നത്‌. മന്ത്രിസഭാ യോഗങ്ങള്‍ക്ക്‌ ശേഷമുള്ള പത്രസമ്മേളനങ്ങളിലും കാണുന്നത്‌ ഈ വിശദീകരണങ്ങള്‍ തന്നെ. ഇതില്‍ തന്നെ പലപ്പോഴും മന്ത്രിമാര്‍ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതകള്‍ കാരണം പല വിരുദ്ധ പ്രസ്‌താവനകളും പുറത്തു വരുന്നു. ഇതിനൊക്കെയപ്പുറം സുപ്രിം കോടതിയുടെ ഉന്നതഅധികാര സമതിക്ക്‌ മുമ്പാകെയും കേന്ദ്രസര്‍ക്കാരിന്‌ മുമ്പാകെയും തമിഴ്‌നാടിന്റെ വാദമുഖങ്ങള്‍ തെറ്റാണെന്ന്‌ സമര്‍ഥിക്കാനുള്ള, തമിഴ്‌നാടിന്റെ പ്രചാരണങ്ങള്‍ വാസ്‌തവ വിരുദ്ധമാണെന്ന്‌ സ്ഥാപിക്കാനുള്ള എന്ത്‌ ശ്രമങ്ങളാണ്‌ നടക്കുന്നത്‌. ഇങ്ങനെയുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല എന്നു മാത്രമല്ല അബദ്ധങ്ങള്‍ നിറഞ്ഞ പഴയ മുല്ലപ്പെരിയാര്‍ കരാറിനെ സാധുകരിക്കുന്ന നിലയില്‍ നിര്‍ദ്ദേശങ്ങള്‍ പോലും തിരുവഞ്ചൂര്‍ രാധാകൃഷണനെപ്പോലുള്ളവരില്‍ നിന്നുമുണ്ടാകുന്നു. മുല്ലപ്പെരിയാര്‍ സമര സമതി ചെയര്‍മാന്‍ ഫാ.ജോയി നിരപ്പേല്‍ പറയുന്നത്‌ ഇത്തരത്തിലുള്ള നീക്കുപോക്കുകള്‍ക്കാണ്‌ കേരളസര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അമ്പതു വര്‍ഷങ്ങള്‍ക്ക്‌ ശേഷം മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ഉയര്‍ന്നു വരുമെന്നു തന്നെയാണ്‌.

ഇവിടെയാണ്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‌ ദിശ തെറ്റുന്നുവെന്ന എന്‍.കെ പ്രേമചന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവ ഗൗരവത്തോടെ കാണേണ്ടത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ മന്ത്രിമാരുടെ ദീര്‍ഘവീക്ഷണം ഇല്ലായ്‌മയെയാണ്‌ ആദ്യം തന്നെ പ്രേമചന്ദ്രന്‍ തുറന്നു കാട്ടുന്നത്‌. എന്‍.കെ പ്രേമചന്ദ്രന്‍ എടുത്തു പറയുന്നു വിഷയം ഇതാണ്‌. 1886ലെ പെരിയാര്‍ പാട്ടക്കാരാറിന്റെ നിയമസാധുത പോലും സുപ്രിം കോടതിയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ്‌ അപ്പോള്‍ പിന്നെ വസ്‌തുതാവിരുദ്ധമായി എപ്പോഴും നിലപാടെടുക്കുന്ന തമിഴ്‌നാടിനോട്‌ ഒരു തരത്തിലും വിട്ടുവീഴ്‌ചയുടെ ആവിശ്യമില്ല. എന്നാല്‍ ഇതെല്ലാം മറന്നു കൊണ്ടാണ്‌ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന്‌ ഒരു തുള്ളി വെള്ളം പോലും ആവിശ്യമില്ലെന്ന രീതിയില്‍ കേരളാ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഡാമിന്‌ സംയുക്ത നിയന്ത്രണം ആകാമെന്നാണ്‌ മന്ത്രിസഭാ തീരുമെന്നാണ്‌ ആദ്യം പ്രചരിച്ചിരുന്ന വാര്‍ത്ത. അങ്ങനെയെങ്കില്‍ പുതിയൊരു അണക്കെട്ട്‌ പണിതാല്‍ തന്നെ വീണ്ടുമൊരു അമ്പത്‌ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇതേ പോലുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്‌. എന്നാല്‍ ജലനിയന്ത്രണത്തിനാണ്‌ സംയുക്ത സമിതി എന്ന്‌ മുഖ്യമന്ത്രി പിന്നീട്‌ വ്യക്തമാക്കിയിരിക്കുന്നു. പക്ഷെ ഇതിന്റെയും ആവിശ്യമെന്ത്‌ എന്നതാണ്‌ ഇപ്പോള്‍ ഉയരുന്ന ചോദ്യം. തമിഴ്‌നാടിന്‌ ആവിശ്യമായ ജലംനല്‍കുക എന്ന കരാറിലെ വ്യവസ്ഥക്കും അപ്പുറം കേരളത്തിലെ ഒരു നദിയുടെ കാര്യത്തില്‍ എന്തിനാണ്‌ തമിഴ്‌നാടിന്റെ ഇംഗിതത്തിനായി കാത്തിരിക്കേണ്ടത്‌. മാത്രമല്ല അണക്കെട്ടിലെ ഒരു തുള്ളിവെള്ളം പോലും ആവിശ്യമില്ലെന്ന മന്ത്രിസഭായോഗത്തിലെ തീരുമാനം അല്‌പം പോലും ദീര്‍ഘവീക്ഷണമുള്ളതായി ആരും കരുതാന്‍ വഴിയില്ല.

ഉന്നതാധികാര സമിതിയോട്‌ ജലനിയന്ത്രണത്തിന്‌ സംയുക്ത സമിതിയാവാമെന്ന ആശയം കേരളം മുമ്പോട്ടുവെച്ചിട്ടുപോലും പുതിയ അണക്കെട്ടന്ന ആവശ്യം അടിസ്ഥാന രഹിതമാണെന്നാണ്‌ തമിഴ്‌നാടിന്റെ നിലപാട്‌. തമിഴ്‌നാടിനോടുള്ള അമിത വിധേയത്വമല്ല മറിച്ച്‌ പുതിയ ഡാം പുതിയ കരാര്‍ എന്ന ആശയത്തിന്‌ ഉന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്‌ കേരളത്തിന്റെ ഭാഗത്തു നിന്നും വേണ്ടത്‌.

ഇതിന്‌ രണ്ടു പോം വഴികളാണ്‌ നിലവിലുള്ളത്‌. ഒന്ന്‌ സുപ്രിം കോടതിയുടെ ഉന്നതാധികാര സമിതിയെ അണക്കെട്ടിന്റെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തി തുടര്‍ന്ന്‌ കോടതിയില്‍ കേരളത്തിന്‌ അനുകൂലമായ വിധി നേടിയെടുക്കുക. എന്നാല്‍ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ ദീര്‍ഘവീക്ഷണമില്ലായ്‌മ ഈ വിഷയത്തില്‍ കേരളത്തിനെ പിന്നോക്കം വലിക്കുന്നു. കേരളത്തിന്റെ സ്ഥലത്ത്‌ കേരള സര്‍ക്കാരിന്റെ പണം ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന അണക്കെട്ടിന്‍ ഉടമസ്ഥാവകാശം കേരളത്തിനാണെന്ന്‌ ഉന്നതാധികാര സമിതിയില്‍ നിര്‍ദ്ദേശം വരുകയും സമിതിയിലെ തമിഴ്‌നാട്‌ നോമിനിയടക്കം ഈ നിര്‍ദ്ദേശം ശരിവെക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇത്തരം അനുകൂല സാഹചര്യങ്ങള്‍പോലും നേട്ടമാക്കി മാറ്റുവാനും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാനും കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ കഴിയുന്നില്ല.

കേന്ദ്രസര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തുക എന്നതാണ്‌ രണ്ടാമത്തെ പോംവഴി. എന്നാല്‍ തമിഴ്‌നാടിനോടുള്ള കേന്ദ്രത്തിന്റെ താത്‌പര്യം ഇതിനകം വ്യക്തമായ സാഹചര്യത്തില്‍ ഇതില്‍ വലിയ കാര്യമുണ്ടെന്ന്‌ തോന്നുന്നുമില്ല. അപ്പോള്‍ വ്യക്തിത്വമുള്ളതും വ്യക്തവുമായ ഉറച്ച തീരുമാനങ്ങള്‍ മാത്രമേ നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിനെ മുമ്പോട്ടു കൊണ്ടു പോകു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള ഭീതി കുറഞ്ഞ പക്ഷം കേരളത്തിനെങ്കിലും വ്യക്തമായി ബോധ്യമുള്ള സ്ഥിതിക്ക്‌ ഉറച്ച തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടത്‌ കേരളാ സര്‍ക്കാരാണ്‌. ഇതിനുള്ള നടപടികള്‍ ഇനിയെങ്കിലുമുണ്ടാകും എന്ന്‌ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക