Image

വിസ്മയമാകുന്ന പാപനാശം

ആശ എസ് പണിക്കര്‍ Published on 09 July, 2015
വിസ്മയമാകുന്ന പാപനാശം
ശിലയില്‍ കൊത്തിവച്ചതുപോലെയയാണ് ദൃശ്യം എന്ന സിനിമയിലെ ഓരോ രംഗവും  മലയാള പ്രേക്ഷകന്റെ മനസില്‍ പതിഞ്ഞു കിടക്കുന്നത്.  അതിലെ ഓരോ രംഗവും പ്രത്യേകിച്ച് മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ അവിസ്മരണീയമാക്കിയ നിമിഷങ്ങള്‍. ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രം ക്‌ളൈമാക്‌സ് രംഗങ്ങളില്‍ അവവതരിപ്പിച്ച അമ്പരപ്പിക്കുന്ന മികവ്. മറ്റേതു ഭാഷകളിലേക്കും ആ ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചാലും  പ്രേക്ഷകര്‍ മലയാളത്തിലെ ദൃശ്യവുമായി അതിനെ താരതമ്യപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. 

തമിഴില്‍ കമല്‍ഹാസന്‍ നായകനായി പുറത്തിറങ്ങിയ പാപനാശം  കാണുമ്പോഴും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. മോഹന്‍ലാലിനെയും കമലഹാസനെയും അഭിനയമികവിന്റെ കാര്യത്തില്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. രണ്ടു പേര്‍ക്കും സ്വന്തമായ അഭിനയശൈലിയും പ്രതിഭയുമുള്ള നടന്‍മാര്‍ തന്നെ. തമിഴില്‍ അമിതാഭിനയം അനുവദനീയമാണെങ്കിലും കമല്‍ഹാസന്‍ അവതരിപ്പിച്ച സ്വയംഭൂ എന്ന നായക കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചവയില്‍ ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. അത്രമാത്രം സ്വാഭാവികതയോടെയാണ് സ്വയംഭൂ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. 

സ്‌നേഹസമ്പന്നയായ ഭാര്യയും മക്കളുമൊത്തുള്ള  സന്തോഷകരമായ  നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന സാധാരണക്കാരനായ ഭര്‍ത്താവും അച്ഛനുമായി അഭിനയിക്കുന്ന ലാലിനെയും കമലിനെയും താരതമ്യം ചെയ്യുമ്പോള്‍ ചില സീനിലെങ്കിലും ലാല്‍ അല്‍പം മുന്നിലാണെന്ന് തോന്നിപ്പോകും. തങ്ങളുടെ മകന്‍ ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു എന്നറിഞ്ഞിട്ടും അവന്‍ തിരിച്ചുവരവിനായി കാത്തിരിക്കുന്ന മാതാപിതാക്കള്‍ ഞങ്ങള്‍ ഇനിയവനെ കാത്തിരക്കണോ എന്നു ചോദിക്കുന്ന രംഗത്തില്‍ കമലിന്റെ പ്രകടനം ഒരു യഥാര്‍ത്ഥ നടനുമാത്രം നല്‍കാന്‍ കഴിയുന്ന ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തമാണ് പ്രേക്ഷകന് സമര്‍പ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആ രംഗങ്ങള്‍ പ്രേക്ഷകന്റെ ഉള്ളുലയ്ക്കും വിധം അങ്ങേയറ്റം ഹൃദയസ്പര്‍ശിയുമാണ്.  അനാഥനായ തനിക്ക് ഭാര്യയും മക്കളുമടങ്ങുന്നതാണ്  ലോകം. ആ കൊച്ചു സ്വര്‍ഗത്തിലേക്ക് എല്ലാവിധ സമാധാനവും നശിപ്പിച്ചുകൊണ്ടു കടന്നെത്തിയ അതിഥിയെ നിവൃത്തികേടുകൊണ്ട് ഇനിയൊരിക്കലും മടങ്ങിവരാനാകാത്ത വിധം തങ്ങള്‍ മടക്കി അയച്ചു എന്ന് അവന്റെ രക്ഷിതാക്കളോട് തുറന്നുപറയുമ്പോഴുളള കുറ്റബോധം, തന്റെ കുടുംബത്തെ ഒരു നിയമത്തിനും വിട്ടുകൊടുക്കാന്‍ കഴിയാതെ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഒരു സാധാരണക്കാരന്റെ സ്‌നേഹവും സംരക്ഷണവും കലര്‍ന്ന ഭാവങ്ങള്‍ കമലിന്റെ മുഖത്ത് എത്ര അനായാസമായാണ് മിന്നിത്തെളിയുന്നതെന്ന് കാണുമ്പോള്‍ പ്രേക്ഷകന് ഒന്നുകൂടി ഹൃദയം നിറയുകയാണ്. 

പ്രേക്ഷക ഹൃദയത്തെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍ വേറെയുമുണ്ട് പാപനാശത്തില്‍. കോടികള്‍ മുടക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളിലെ അമാനുഷിക കഥാപാത്രങ്ങളില്‍ നിന്നും കമല്‍ ഭൂമിയിലെ സാധാരണ മനഷ്യനായി മാറിയ സിനിമകൂടിയായിരുന്നു പാപനാശം. മകളുടെ കൈപ്പിഴ കൊണ്ട് ഒരു ചെറുപ്പക്കാരന്‍ മരിച്ചുവെന്നറിയുമ്പോഴുളള പകപ്പും നിയമത്തിന്റെ മുന്നിലേക്ക് അവര്‍ എത്തിപ്പെട്ടാലുള്ള അവസ്ഥയെ മുന്നില്‍ കണ്ടുള്ള അയാളുടെ ഭാവപ്പകര്‍ച്ചകള്‍ ഇതൊക്കെ കമല്‍ എന്ന നടനിലെ മികച്ച അഭിനയം പുറത്തെടുത്ത രംഗങ്ങളാണ്. ചോദ്യം ചെയ്യാന്‍ വേണ്ടി സ്റ്റേഷനിലെത്തിക്കുന്ന സ്വയംഭൂവിനെ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ടു തന്റെ വ്യക്തിവൈരാഗ്യം കൂടി തീര്‍ക്കുന്ന  പോലീസുകാരന്‍  പെരുമാളിന്റെ ക്രൂരമായി മര്‍ദ്ദനങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന കമല്‍ തന്റെ താരപരിവേഷം ഊരിവച്ചുകൊണ്ടാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നതെന്ന് നമുക്ക് കാണാനാകും. സ്റ്റേഷനില്‍ വച്ച് തന്നെയും ഭാര്യയേയും മക്കളേയും കണ്ണില്‍ച്ചോരയില്ലാതെ മര്‍ദ്ദിക്കുന്ന പോലീസുകാരോട് ഒന്നു പ്രതിഷേധിക്കാന്‍ കൂടി കഴിയാത്ത ഏതൊരു സാധാരണക്കാന്റെയും പ്രതീകമായി കമല്‍ മാറുന്നു.  പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്ന പ്രകടനം തന്നെയാണ് ഈ അവസരങ്ങളില്‍ കമല്‍ കാഴ്ചവച്ചത്. 

മലയാളത്തില്‍ മീനയുടെ കഥാപാത്രത്തെ ഗൗതമിയാണ് അവതരിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥജീവിതത്തില്‍ കമലിന്റെ പങ്കാളിയായ ഗൗതമിക്കു പക്ഷേ മീനയുടെ ലെവലിലേക്ക് ആ കഥാപാത്രത്തെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് പല രംഗങ്ങളിലും വ്യക്തമാകുന്നുണ്ട്. ഷോപ്പിംഗിനു പേകാനും പുറത്തെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെടുന്ന, മക്കളെ നഗരത്തിലെ മുന്തിയ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിക്കണമെന്നാഗ്രിക്കുന്ന, കാലത്തിനനുസരിച്ച് നമ്മളും മാറണമെന്നും നാടോടുമ്പോള്‍ നടുവേയോടണമെന്നുമൊക്കെ പറഞ്ഞ് ദൃശ്യത്തില്‍ മോഹന്‍ലാലിനൊപ്പം നിറഞ്ഞു നിന്ന മീന തന്നെ പാപനാശത്തിലും വന്നിരുന്നെങ്കില്‍ ഏറെ നന്നായേനെ എന്ന് പ്രേക്ഷകന് തോന്നിയെങ്കില്‍ കുറ്റം പറയാന്‍ കഴിയില്ല.  കമലും ഗൗതമിയുമായുള്ള രംഗങ്ങള്‍ അത്രയ്ക്ക് മികച്ചതായില്ല എന്നു തന്നെ പറയേണ്ടി വരും. 

ദൃശ്യത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന കഥാപാത്രത്തെ പാപനാസത്തില്‍ അവതരിപ്പിച്ചത് കലാഭവന്‍ മണിയാണ്. പക്ഷേ പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ സ്‌കോര്‍ ചെയ്തത് ഷാജോണ്‍ തന്നെയാണെന്ന് മനസിലാകും. മണി അവതരിപ്പിക്കുന്ന പെരുമാളിന് നിറം മങ്ങിപ്പോയി എന്നതാണ് സത്യം. ഒരുപക്ഷേ അദ്ദേഹത്തിന്റെ പ്രകടനം തമിഴ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും. എന്നാല്‍ ദൃശ്യത്തിലെ സഹദേവനെ കണ്ട മലയാളികള്‍ക്ക് അങ്ങനെ തോന്നാന്‍ സാധ്യതയില്ല. 

ഐ.ജി ഗീതാ പ്രഭാകറായി ദൃശ്യത്തില്‍ മിന്നുന്ന പ്രകടനം നടത്തിയ ആശാ ശരത് തന്നെയാണ് തമിഴിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഐ.ജിയുടെ മകനായി മലയാളത്തില്‍ അഭിനയിച്ച റോഷന്‍ തന്നെയാണ് തമിഴിലും.  അന്‍സിബയ്ക്ക് പകരം നിവേദിതതയും എസ്‌തേറിന്റെ വേഷം എസ്‌തേറുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ആനന്ദ് മഹൈദേവനാണ്. കഥയ്‌ക്കോ കഥാ സന്ദര്‍ഭങ്ങള്‍ക്കോ ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. ജയമോഹനാണ് സംഭാഷണങ്ങള്‍ എഴുതിയിട്ടുള്ളത്. 

ഏതൊരു കുടുംബത്തിലും സംഭവിക്കാവുന്ന ഒരു കാര്യവും അതിന്റെ ദുരന്തതതയും ഏറ്റവാങ്ങുന്ന പച്ചമനുഷ്യനായി മാറാന്‍ കഴിഞ്ഞതിലൂടെ കമലിന് ലഭിച്ചത് അവിസ്മരണീയമായ ഒരു കഥാപാത്രത്തെ അവസരമാണ്.  ആകാശത്തു നിന്നും മണണിലേക്കിറങ്ങി ഒരു സാധാരണക്കാരനായി കമലിന് മാറാന്‍ അവസരമൊരുക്കിയതില്‍  ജീത്തു ജോസഫിന് അഭിമാനിക്കാം. 

വിസ്മയമാകുന്ന പാപനാശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക