Image

വരിക്കാശ്ശേരി മനയുടെ പ്രൗഢിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 72: ജോര്‍ജ്‌ തുമ്പയില്‍)

Published on 07 July, 2015
വരിക്കാശ്ശേരി മനയുടെ പ്രൗഢിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 72: ജോര്‍ജ്‌ തുമ്പയില്‍)
എട്ടുകെട്ടും നാലുകെട്ടുകളും നാടുനീങ്ങിയ വള്ളുവനാട്ടില്‍, കാലത്തേയും അതിജീവിച്ചു നില്‍ക്കുന്ന വരിക്കാശ്ശേരിമന കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി. അതിന്റെ നിര്‍മ്മിതി, അതിന്റെ വാസ്‌തുകല, അതിന്റെ ശില്‍പ്പചാതുര്യം ഒക്കെ ഇവിടുത്തെ, മനിശ്ശീരി ഗ്രാമത്തിന്‍െറ അഹങ്കാരക്കാഴ്‌ചയാകുന്നു. തേക്കാത്ത വെട്ടുകല്ലുകളാല്‍ എട്ടു നൂറ്റാണ്ടുമുമ്പ്‌ നിര്‍മിച്ചതാണ്‌ ഈ പ്രൗഢമന്ദിരം. ഒരുകാലത്ത്‌ സാധാരണ ജനത്തിന്‌ ഇതിന്റെ അടുത്തെങ്ങും വരാന്‍ പറ്റുമായിരുന്നില്ലത്രേ. കേരളത്തിലെ ഫ്യൂഡലിത്തിന്റെ ഏറ്റവും വലിയ പ്രമാദിത്വമായിരുന്നു ഈ മന. ഇന്നാവട്ടെ, കേരളീയര്‍ക്കെല്ലാം തന്നെ ഈ മന സുപരിചിതമായിരിക്കുന്നത്‌ സിനിമകളിലൂടെയാണ്‌. മനയുടെ തനിമയിലും മോടിപിടിപ്പിച്ചും വരിക്കാശ്ശേരി മന എത്രയോ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കൂടുതല്‍ മോഹന്‍ലാലിന്റെ മീശപിരിയന്‍ ചിത്രങ്ങളിലായിരുന്നുവെന്നത്‌ ഏറെ കൗതുകം.

ഇവിടേക്ക്‌ വരുന്നവര്‍ക്കായി കൃത്യമായി റൂട്ട്‌ പറയാം. പാലക്കാട്‌-കുളപ്പുള്ളി സംസ്ഥാനപാതയിലെ മനിശ്ശീരി സെന്ററില്‍ നിന്ന്‌ ഒരു കീലോമീറ്റര്‍ ദൂരെയാണ്‌ മന. ആരോടു ചോദിച്ചാലും വഴി തെറ്റാതെ പറഞ്ഞു തരും. ആ ഒരു വിശ്വാസത്തിലായിരുന്നു എന്റെ വരവ്‌. പിന്നെ, എന്റെ ഡ്രൈവര്‍ കൃത്യമായി വണ്ടി അവിടെയെത്തിക്കാന്‍ പറ്റുന്ന പരിചിതനുമായിരുന്നു. ഞാന്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു. വിശാലമായി പരന്നുകിടക്കുന്ന സ്ഥലം. ഏകദേശം അഞ്ചേക്കറോളം വരുമെന്നു ഡ്രൈവര്‍ പറഞ്ഞു. വറ്റാത്ത കുളവും തെക്കും പടിഞ്ഞാറുമുള്ള പത്തായപ്പുരകളും ശ്രീകൃഷ്‌ണ ക്ഷേത്രവും മനയുടെ പ്രൗഢിക്ക്‌ വര്‍ദ്ധിപ്പിക്കുന്നുണ്ട്‌. ഞാന്‍ അകത്തേക്ക്‌ കയറി.

രാജവാഴ്‌ചയുടെ പ്രതാപകാലത്ത്‌ വരിക്കാശ്ശേരി മനയിലെ പ്രതാപികളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതായിരുന്നെന്ന്‌ ചരിത്രം. വാസ്‌തുവിന്റെ എല്ലാ ശുഭ ലക്ഷണങ്ങളെയും സമന്വയിപ്പിച്ച്‌ കണക്കു തെറ്റാതെ തച്ചന്‍ കൊത്തിയ ശില്‍പ്പമാണിത്‌. തേക്കിലും ഈട്ടിയിലും കടഞ്ഞെടുത്ത അറക്കൂട്ടുകള്‍, മച്ചിന്‍ പുറങ്ങള്‍, നിലവറകള്‍, സൂര്യ രശ്‌മി അരിച്ച്‌ ഇറങ്ങാന്‍ മടിക്കുന്ന വന്‍ പത്തായങ്ങള്‍, അങ്ങനെ ഏക്കറു കണക്കിന്‌ സ്ഥലത്ത്‌ വ്യാപിച്ചു കൊണ്ട്‌ വരിക്കാശ്ശേരി അങ്ങനെ നില്‌കുകയാണ്‌. പൂമുഖത്തിന്റെ ഗാംഭീര്യം ഒന്നു കാണേണ്ടതു തന്നെയാണ്‌. അറിയാതെ ഇഷ്‌ടം തോന്നി പോകുന്നയിടം.

കളപ്പുര, പത്തായപ്പുര, കല്‍പ്പടവുകളോട്‌ കൂടിയ വലിയ കുളം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മനയുടെ പ്രൗഡി വര്‍ദ്ധിപ്പിക്കുന്നതിനായി തോട്ടരികിലായ്‌ മനക്കു കീഴില്‍ തന്നെ ഒരു കൃഷ്‌ണ ക്ഷേത്രവും ഉണ്ട്‌. രാജഭരണ കാലത്തെ പ്രമാണിമാരുടെ ഈറ്റില്ലമായിരുന്നു വരിക്കാശ്ശേരി മന. സാമൂതിരിമാരുടെ തെരഞ്ഞെടുപ്പിനും കിരീട ധാരണത്തിനുമെല്ലം ഈ മനയിലുള്ളവര്‍ അത്യന്താപേക്ഷിതമായിരുന്നു.

ദേവാസുരം, മാടമ്പി, ആറാംതമ്പുരാന്‍, നരസിംഹം, രാപ്പകല്‍ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെയെല്ലാം പ്രധാന ലൊക്കേഷന്‍ വരിക്കാശ്ശേരി ആയിരുന്നു. മനയോടു ചേര്‍ന്നുള്ള പടിപ്പുര മാളികയും സിനിമകളില്‍ ഏറെ തവണ പ്രത്യക്ഷപെട്ടിട്ടുണ്ട്‌. അതി വിശാലമായ പത്തായപ്പുരയാണ്‌ പടിപ്പുര മാളികയുടെ പ്രധാന ആകര്‍ഷണം. ആയിരക്കണക്കിന്‌ പറ നെല്ല്‌ സൂക്ഷിച്ചിരുന്ന ഇടമാണിത്‌. നിറയെ മത്സ്യങ്ങള്‍ ഉള്ള ഒരു കുളമാണ്‌ ഇവിടുത്തേത്‌, ഇവിടെ വരുന്ന ഓരോ സഞ്ചാരികളും കയ്യില്‍ ഒരു പിടി അരിയുമായി ആ മത്സ്യ സമ്പത്ത്‌ കാണാന്‍ കുളത്തിന്റെ പടവുകള്‍ ഇറങ്ങാതെ ഇരിക്കില്ല. നീന്താന്‍ അറിയുന്നവര്‍ക്ക്‌ നന്നായി ഒന്ന്‌ നീന്തി കുളിക്കുകയുമാകം.

ചിത്ര നിര്‍മ്മിതികളോട്‌ കൂടിയ ഭീമാകാരന്‍ തൂണുകളിലാണ്‌ മനയുടെ ഭാരം താങ്ങി നിര്‍ത്തിയിരിക്കുന്നത്‌. വിശാലമായ അകത്തളം, നടുമുറ്റം, ഭക്ഷണപ്പുര, ഭീമന്‍ ഗോവണികള്‍ എന്നിവ ഇതിനോട്‌ അനുബന്ധിച്ച്‌ കാണാം. 3 നിലകളിയായി സ്ഥിതി ചെയ്യുന്ന തടിയില്‍ തീര്‍ത്ത ഈ സൗധത്തിന്റെ മുകളിലെ രണ്ടു നിലകളിലും അതി വിശാലമായ കിടപ്പ്‌ മുറികളാണ്‌.

പ്രൗഡിയുടെ പെരുമയില്‍ നില്‌ക്കുന്ന ഈ ഭീമന്‍ മന കാണാനുള്ള അവസരം നഷ്ടപെടുത്തുക എന്നാല്‍, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു അനുഭവം നഷ്ടപ്പെടുത്തുന്നതിനു തുല്യമാണ്‌. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഈ മനയുടെ മുറ്റത്ത്‌ ഒരു തമ്പുരാന്റെ പ്രൗഡിയോടെ നില്‌ക്കണം, കോലായിലെ കസേരയില്‍ ഇരുന്നു സ്വയം ഒരു പ്രൗഡി ആഘോഷിക്കണം, അന്തപുരത്തിലെ ആട്ടുകട്ടിലില്‍ കിടക്കണം.

മൂന്നു നിലകളിലായി നൂറില്‍ കൂടുതല്‍ മുറികള്‍ ഔട്ട്‌ ഹൗസിലുണ്ട്‌. ഇത്‌ മനയിലെ വേലക്കാര്‍ക്ക്‌ വേണ്ടി നിര്‍മ്മിച്ചതായിരുന്നു. ഇവിടുത്തെ ഓരോ മുറിയും ഓരോ പ്രത്യേക കാര്യങ്ങള്‍ക്ക്‌ വേണ്ടി നിര്‍മ്മിച്ചതാണ്‌. അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവിടെയുണ്ടായിരുന്ന ഒരാളില്‍ നിന്നും ഞാന്‍ ചോദിച്ചറിഞ്ഞു. അതിന്റെ വിശദാംശങ്ങള്‍ ഏതാണ്ട്‌ ഇങ്ങനെ.

നാടശാല അഥവാ പൂമുഖം തീണ്ടല്‍ ഇല്ലാത്ത എല്ലാ ജാതിക്കാരെയും സ്വീകരിച്ചിരുന്ന സ്ഥലമായിരുന്നു. തൊടീലും തീണ്ടലും ഒക്കെ ഉണ്ടായിരുന്ന കാലത്തെക്കുറിച്ച്‌ വായനക്കാര്‍ ഒരു നിമിഷം ആലോചിക്കണം. ഇനിയൊന്നിന്റെ പേരാണ്‌, പടിഞ്ഞാട്ടിത്തറ. വിശിഷ്ടാതിഥികളെ സ്വീകരിച്ചിരുന്ന മുറിയാണിത്‌. രോഗികളായവര്‍ക്കുള്ള മുറിയുടെ പേരാണ്‌, ദീനമുറി. പേരില്‍ തന്നെ മുറിയുടെ ലക്ഷ്യം വ്യക്തം. ഉപാസനയും, ശ്രാദ്ധവും മറ്റും ചെയ്യുന്ന മുറിയാണ്‌ വടുക്കിനി. ദൈനംദിന ഊണുമുറിയുടെ പേരാണ്‌, മേലടുക്കള. നമ്പൂതിരിമാരുടെ ഉച്ചയൂണിനുള്ള മുറി വേറെയാണ്‌, അതിന്‌ വടക്കേ കെട്ട്‌ എന്നാണ്‌ പേര്‌. അതു കൊള്ളാം. ഓരോ ജാതിയ്‌ക്കും ഓരോ ഊണു മുറി. അന്തര്‍ജനങ്ങള്‍ക്കു പ്രത്യേകമാണ്‌ ഊണുമുറി. ചെറിയ അടുക്കള അഥവാ തുണ്ടനടുക്കള എന്നു പേര്‌. (കിഴക്കേ കെട്ട്‌ (തെക്കേത്ത്‌) വിശിഷ്യാവസരങ്ങളില്‍ നമ്പൂതിരിമാരുടെ ഊണുമുറി. കിഴക്കേ കെട്ട്‌ (വടക്കേത്ത്‌) വിശിഷ്യാവസരങ്ങളില്‍ അന്തര്‍ജനങ്ങളുടെ ഊണുമുറി). അങ്ങനെ ഓരോ സമയത്തും നാളിനും ഉണ്ണാന്‍ വരെ ഓരോ മുറികള്‍. ആഡംബരത്തിന്റെ വലിയൊരു കലവറയാണ്‌ വരിക്കാശ്ശേരി എന്നു വിളിച്ചോതാന്‍ ഇതില്‍ പരമെന്തു വേണം. നാളികേരവും, അരിയും സൂക്ഷിച്ചിരുന്ന മുറിയാണ്‌, കലവറ. കലവറ പല തരത്തിലുള്ളതുണ്ട്‌. ആഹാരസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതിനു പുറമേ, പാത്രങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന മുറിയുടെ പേര്‌, പാത്രകലവറ. പ്രസവ മുറിയുടെ പേരാണ്‌, വടക്കേ അകം. പുത്തനറ എന്നാല്‍ ആഹാരത്തിനു തൊട്ടു കൂട്ടാനുള്ള അച്ചാറുകളും, അന്തര്‍ജനങ്ങളുടെ സാധനങ്ങളും സൂക്ഷിച്ചുവെക്കുന്ന മുറി. വെണ്ണ സൂക്ഷിപ്പ്‌ മുറിയാണ്‌?മോറകം . ശ്രീലകം എന്നാല്‍ പ്രാര്‍ത്ഥനാമുറി. ഇതിനു പുറമേയാണ്‌ നടുമുറ്റം.

പറയിപെറ്റ പന്തിരു കുലത്തിലെ പെരുന്തച്ചന്‍ ആണ്‌ വരിക്കാശ്ശേരി മനയുടെ ആദ്യരൂപം പണിതത്‌. വാസ്‌തുവിദ്യയില്‍ കേമനായ വേളനെഴി നമ്പൂതിരി പുനര്‍നിര്‍മ്മിച്ചതാണ്‌ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള യഥാര്‍ത്ഥ ഇല്ലം. പൂമുഖം 600 വര്‍ഷത്തെ പഴക്കമുള്ളതാണ്‌. നാലുകെട്ടും, പത്തായപ്പുരയും കേടുകൂടാതെ ഇപ്പോഴുമുണ്ട്‌. മന ഒന്നു വലം വച്ചു വന്നതോടെ ശരിക്കും ക്ഷീണിച്ചു എന്നു വേണം പറയാന്‍. ഊട്ടുപുര, കച്ചേരിപ്പുര, കുളപ്പുര എന്നിവ ദൂരെ നിന്നു കണ്ടു. മനയില്‍ നമ്പൂതിരിമാര്‍ക്കും അന്തര്‍ജനങ്ങള്‍ക്കും മാത്രമായി രണ്ടു കുളങ്ങളുണ്ടായിരുന്നു. ഇതിനു പുറമേ, ആറിലധികം കിണറുകളും. കൂടാതെ ശ്രീ പയൂര്‍ ഭട്ടതിരിപ്പാട്‌ പണിതീര്‍ത്ത മൂന്നു ക്ഷേത്രങ്ങളും ഉണ്ട്‌. ശിവനും, വിഷ്‌ണുവും, അയ്യപ്പനും ആണ്‌ പ്രതിഷ്‌ഠ. ഈ ക്ഷേത്രങ്ങള്‍ പിന്നീട്‌ 1942-ല്‍ ശ്രീ മാന്നാനംപ്പാട്ട്‌ നമ്പൂതിരി പുനര്‍നിര്‍മിച്ചു.

തിരിച്ച്‌ യാത്രയാവുമ്പോള്‍, പഴമയുടെ ഒരു ചെറുകാലമായിരുന്നു മനസ്സില്‍. പാലക്കാട്ട്‌ ഇത്തരത്തില്‍ ഇനിയും ധാരാളം മനകളുണ്ടെന്നു ഡ്രൈവര്‍ പറഞ്ഞു. ഞാനൊരു സ്വപ്‌നലോകത്തേക്ക്‌ ഊളിയിട്ടു.

(തുടരും)
വരിക്കാശ്ശേരി മനയുടെ പ്രൗഢിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 72: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക