Image

അപൂര്‍വം ഈ ജീവിത കാഴ്ചകള്‍ : കാഴ്ചയുടെ ലഹരി ഇന്നുകൂടി..

ആശ എസ് പണിക്കര്‍ Published on 29 June, 2015
 അപൂര്‍വം ഈ ജീവിത കാഴ്ചകള്‍ :  കാഴ്ചയുടെ ലഹരി ഇന്നുകൂടി..
കാലദേശ ഭേദങ്ങള്‍ മറികടന്ന് ജീവിതഗന്ധിയും ഹൃദയസ്പര്‍ശിയുമായ അനേകം കാഴ്ചകള്‍.. ദൃശ്യസങ്കലനങ്ങളുടെ അത്യപൂര്‍വമായ ചേരുവകള്‍.. ഹ്രസ്വചലച്ചിത്രങ്ങള്‍ക്ക് മനുഷ്യജീവിതവുമായി എത്രമാത്രം സംവദിക്കാന്‍ കഴിയുമെന്നതിന് നേര്‍ സാക്ഷ്യമായിരുന്നു മേളയില്‍ ഇന്നലെ (ജൂണ്‍ 29) പ്രദര്‍ശിപ്പിച്ച എല്ലാ ചിത്രങ്ങളും. 

51 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി ഇന്നലെ (ജൂണ്‍ 29) കാഴ്ചയുടെ വിരുന്നൊരുക്കിയത്. ഇതില്‍ 26 എണ്ണം മല്‍സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ക്യാംപസ് സിനിമകളുടെ വിഭാഗത്തില്‍ രണ്ട് നിശ്ശബ്ദ ചിത്രങ്ങളുള്‍പ്പെടെ മൂന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇതില്‍ തൂക്കികൊല്ലാന്‍ പോകുന്ന മനുഷ്യന്റെ മാനസിക വികാരങ്ങളെ ഭാഷയ്ക്ക് അതീതമായി ചിത്രീകരിച്ച 'സെമികോള'നും പ്രതിബിംബംത്തിന്റെ പുറകേ പായുന്ന കുട്ടിയുടെ കഥ പറയുന്ന റിഫ്‌ളക്ഷനും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ വരച്ചു കാട്ടുന്നതായിരുന്നു. കൈരളി തിയേറ്ററിനുള്ളില്‍ നിറഞ്ഞ സദസിനുള്ളിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

  ബാല്യസൗഹൃദങ്ങളുടെ നിഷ്‌കളങ്കതയ്ക്കിടയില്‍ തങ്ങളറിയാതെ ചതിക്കപ്പെടുന്ന രണ്ടു കുട്ടികളുടെ കഥ പറഞ്ഞ 'അണ്‍ഫ്രണ്ട്' ഉം സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കഥ പറഞ്ഞ 'പങ്ക്' ഉം പ്രേക്ഷക ശ്രദ്ധനേടിയപ്പോള്‍ ആക്രി പറക്കുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഹിന്ദി-ഇംഗ്ലീഷ് ചിത്രമായ 'കുല്‍ഫി' പ്രേക്ഷകരുടെ കണ്ണു നനയിച്ചു. ഇവയോടൊപ്പം സ്വന്തം സ്വത്തബോധത്തെ തിരിച്ചറിയാന്‍ പാടുപെടുന്ന സ്ത്രീയുടെ കഥ പറഞ്ഞ 'കല്യാണി'യും ഷോട്ട് ഫിക്ഷന്‍ മല്‍സരവിഭാഗത്തില്‍ ഇന്നലെ (ജൂണ്‍ 29) പ്രദര്‍ശനത്തിനെത്തി. സുഡാനില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ കഥ പറഞ്ഞ് യുദ്ധത്തിന്റെ ഭീകരത മനുഷ്യജീവിതത്തിന്റെ ജീവിത തലങ്ങളെ ഭയന്നകമായി ബാധിക്കുന്നുവെന്ന് തിരശ്ശീലയില്‍ വരച്ചുകാട്ടിയ ഫാ.ജിജി കലവനാലിന്റെ 'കകുമ' എ ലാന്‍ഡ് ഓഫ് ടിയേഴ്‌സ് ആന്റ് ഹോപ്പ് ആഫ്രിക്കന്‍ ജീവിതത്തിന്റെ പച്ചയായ സിനിമാ ആവിഷ്‌കാരമാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. സംഘടനയ്ക്കായി ജീവിതം മാറ്റിവച്ച് അവസാനം അവിടെ നിന്ന് പുറത്തു പോകേണ്ടി വന്ന തൊഴിലാളിയുടെ കഥ പറഞ്ഞ 'മാന്‍ ആന്റ് ഓഷ്യ'നും പാഴ്‌സി സമുദായത്തിന്റെ ചരിത്രവും അവരുടെ ഇന്ത്യന്‍ ബന്ധവും അന്വേഷ്ണാത്മകമായി ക്യാമറയില്‍ പകര്‍ത്തിയ 'ക്വിസാ-ഇ-പാഴ്‌സി' ദി പാഴ്‌സി സ്റ്റോറിയും ഷോട്ട് ഡോക്യുമെന്ററി മല്‍സരവിഭാഗത്തില്‍ കാഴ്ചക്കാര്‍ക്ക് ഹൃദ്യമായി. മ്യൂസിക് വീഡിയോ മല്‍സര വിഭാഗത്തില്‍ 'ലെറ്റ് ബി മൈ നൈറ്റ'ും ഹിന്ദി ഹ്രസ്വചിത്രമായ 'ലാഗെ'യും ഒപ്പം 'ബ്യൂട്ടിഫുള്‍ ഗ്രേ' എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു. 

ബെസ്റ്റ് ഓഫ് ഐഡിഎ വിഭാഗത്തില്‍ മധ്യവര്‍ഗ്ഗ വിഭാഗ കുടുംബത്തിന്റെ കഥ പറഞ്ഞ 'ക്യാപ്ചറിങ് ദി ഫ്രൈഡ്മാന്‍' കുടുംബമായെത്തിയ ഡെലിഗേറ്റുകളെയാണ് ആകര്‍ഷിച്ചത്. കൂടാതെ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസില്‍ അമിത് ദത്തയുടെ 'മ്യൂസിയം ഓഫ് ഇമാജിനേഷ'നും 'ദി സെവന്‍ത്ത് വാക്ക'ും പ്രദര്‍ശിപ്പിക്കപ്പെട്ടു. ഷോര്‍ട്ട് ഡോക്യുമെന്ററി ഫോക്കസ് വിഭാഗത്തില്‍ തിയേറ്ററിനകത്തും പുറത്തും ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് മുജീബ് ഖുറേഷിയുടെ 'വിസര്‍ജ്ജ'നായിരുന്നു. പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെയും ജലാശയങ്ങളുടെ പ്രാധാന്യത്തെയും പറ്റി സംസാരിച്ച ഈ ചിത്രം മനുഷ്യന്റെ ചെയ്തികള്‍ എങ്ങനെ പ്രകൃതിയെ നശിപ്പിക്കുന്നുവെന്നതിന്റെ നേര്‍കാഴ്ച പകര്‍ന്നു. കര്‍ണാടകയുടെ ഉള്‍ക്കാടുകളില്‍ ജീവിക്കുന്ന സിദ്ധികളുടെ കഥ പറഞ്ഞ 'ഫ്രീ സ്പ്ലിറ്റ്' എന്ന ചിത്രം കാഴ്ചയ്ക്കപ്പുറം പ്രേക്ഷകന് പുതിയൊരു ചിന്താധാരയാണ് സമ്മാനിച്ചത്. ജൂറിവിഭാഗത്തിലും ആനിമേഷന്‍ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ച നാലു ചിത്രങ്ങളും  'മാനിസ്‌ലാം' ഉള്‍പ്പടെ രാജ്യാന്തര വിഭാഗത്തില്‍ പ്രദര്‍ശിപ്പച്ച 5 ചിത്രങ്ങളും നാലാം ദിനം പ്രേക്ഷകര്‍ക്ക് സിനിമയുടെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു.

26 ചിത്രങ്ങളാണ് 8-ാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുടെ അവസാന ദിനമായ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. എത്തുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മൃഗീയ പീഢനമായ ആസിഡ് ആക്രമണത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'സാക്രഡ്'. ഈ വിഷയത്തെ കേന്ദ്രീകരിച്ച് 10 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്. ഇതോടൊപ്പം മൂന്നു ചിത്രങ്ങളും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ന് (ജൂണ്‍ 30) മല്‍സരത്തിനെത്തും.  ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ രണ്ടു ചിത്രങ്ങളും അവസാനദിനം മല്‍സരാവേശം പകരാന്‍ മേളയിലെത്തും. യഥാര്‍ത്ഥ പ്രണയത്തിന് ജീവിതത്തിലുണ്ടാക്കാന്‍ കഴിയുന്ന മാറ്റങ്ങളുടെ കഥ പറയുന്ന 'സീ സീ' എന്ന മലയാള ചിത്രത്തോടൊപ്പം 4 ചിത്രങ്ങള്‍ ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ അഞ്ചാം ദിനം പ്രേക്ഷകന് മുന്നിലെത്തുന്നു. മരുഭൂമിക്ക് സമാനമായ പ്രദേശത്തും ജൈവകൃഷി സാധ്യമാണെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച ഇതിഹാസതുല്യനായ ഒരു ജീവിതകഥയാണ് 'ലിവിംഗ് ദി ഗ്രീന്‍ ഡ്രീം' എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കര്‍ഷകന് ഭൂമിയില്‍ എന്തൊക്കെ മാറ്റം വരുത്താന്‍ സാധിക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം.  ഷോട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടൊപ്പം 4 ചിത്രങ്ങള്‍ കൂടി ഷോട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഭൂതകാലത്തെ ഭയന്ന് ജീവിക്കേണ്ടിവരുന്ന ഒരുവന്റെ മാനസിക സംഘര്‍ഷങ്ങളുടെ കഥ പറയുന്ന 'എവിരിതിംങ്‌സ് ഓള്‍റൈറ്റ്' ഉള്‍പ്പടെ മൂന്നു ചിത്രങ്ങള്‍ രാജ്യാന്തരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളെ ഹ്രസ്വചിത്രമേഖലയില്‍ പരിചയപ്പെടുത്തിയ 'റോക്ക്‌സ് ഇന്‍ മൈ പോക്കറ്റ്‌സ്' എന്ന ചിത്രം ആനിമേഷന്‍ വിഭാഗത്തില്‍ കാണികള്‍ക്ക് മുന്നിലെത്തും. അമിത് ദത്ത എന്ന വിശ്വവിഖ്യാത സംവിധായകന്റെ സര്‍ഗ്ഗാത്മകതയില്‍ പിറവിയെടുത്ത മൂന്നു ചിത്രങ്ങള്‍ ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. കൊറിയന്‍ സിനിമയുടെ പുതുതലങ്ങള്‍ പങ്കുവയ്ക്കുന്ന ഓര്‍ഡിനറി ഫാമിലിയുള്‍പ്പടെ മൂന്നു ചിത്രങ്ങളും മേളയുടെ അവസാന മണിക്കൂറുകളെ സമ്പന്നമാക്കും.


ഡോക്യുമെന്ററി മേള ഇന്ന് സമാപിക്കും

സിനിമാ-ഡോക്യുമെന്ററി സ്‌നേഹികള്‍ക്ക് അവിസ്മരണീയമായ ദൃശ്യവിരുന്നൊരുക്കിയ 8-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് (ജൂണ്‍ 30) തിരിശ്ശീല വീഴും. വൈകിട്ട് 6ന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പരിസ്ഥിതി, ഗതാഗത, സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യാതിഥിയാകും.  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുകയും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്യും.  സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്., അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  ആര്യാടന്‍ ഷൗക്കത്ത്, രാമചന്ദ്രബാബു, സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരാവും. 

മികച്ച ലോങ് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കും  മികച്ച ഷോര്‍ട്ട് ഫിക്ഷനും  50,000 രൂപ വീതവും പ്രശസ്തിപത്രവുമാണ് ലഭിക്കുക. 25,000 രൂപയും പ്രശസ്തി പത്രവുമാണ് മികച്ച മ്യൂസിക് വീഡിയോയ്ക്കും മികച്ച ആനിമേഷനും ഏര്‍പ്പെടുത്തിരിക്കുന്നത്. മികച്ച ക്യാംപസ് ചിത്രത്തിന് 20,000 രൂപയും പ്രശംസാ പത്രവും ലഭിക്കും. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ നവോഷ് കോണ്‍ട്രാക്ടറാണ്. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

സമാപന ചടങ്ങിനു ശേഷം അവാര്‍ഡ് നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.


പ്രതീകവല്‍ക്കരണം സിനിമയക്ക് അനിവാര്യമല്ല : സഞ്ജു സുരേന്ദ്രന്‍
ബിംബങ്ങളും പ്രതീകവല്‍ക്കരണവും സിനിമയ്ക്ക് അനിവാര്യ ഘടകമല്ലയെന്ന് 'കപില'യുടെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച് കൈരളിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. കൂടിയാട്ടം എന്ന സങ്കീര്‍ണ്ണ കലയെ ഡോക്യുമെന്ററിയിലൂടെ സ്വതന്ത്രമായി ആവിഷ്‌കരിക്കുകയായിരുന്നു. സമയോജിതമായ കലയ്ക്കു വന്ന മാറ്റം കപില എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ നോക്കിക്കാണാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഗൗരവമേറിയ സാമൂഹിക പ്രശ്‌നങ്ങള്‍ ഡോക്യുമെന്ററികള്‍ കൈകാര്യം ചെയ്യുമ്പോഴും അവയെ കേവലം വീഡിയോകളായി മാത്രം മുദ്രകുത്തപ്പെടുന്നുവെന്ന് 'സ്‌ട്രോക്ക് ഇന്‍ ലൈഫ്' സംവിധാനം ചെയ്ത ജ്യോതിഷ്‌കുമാര്‍ നാഥ് അഭിപ്രായപ്പെട്ടു. ആത്മനിരൂപണത്തിനും പര്യവേഷണത്തിനും ഡോക്യുമെന്ററികള്‍ സഹായകമാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദീര്‍ഘവും ഗഹനവുമായ വിഷയങ്ങളെ ഡോക്യുമെന്ററിയുടെ ചട്ടക്കൂടിലൊതുക്കുന്നത് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണെന്ന് 'കണ്‍സെന്‍സ്' ന്റെ സംവിധായകന്‍ മുസ്തഖീം ഖാന്‍ പറഞ്ഞു. വിപുലമായ ദൃശ്യങ്ങളില്‍ നിന്ന് ആവശ്യമായവയെ സ്വാംശീകരിക്കുന്നതിലൂടെയാണ് ഡോക്യുമെന്ററികള്‍ പിറവികൊള്ളുന്നതെന്ന് 'കകുമ'യുടെ സംവിധായകന്‍ ജിജി കലവാണി പറഞ്ഞു. ഡോക്യുമെന്ററി രംഗത്തെ സ്വതന്ത്ര സംവിധായകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രോല്‍സാഹനമാണ് ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങള്‍ അവയെ സംപ്രേഷണം ചെയ്യാന്‍ തയ്യാറാകുന്നതെന്ന് അമിത് കുമാര്‍ പറഞ്ഞു. വികസനത്തില്‍ പങ്കാളിയാകുന്ന സാധാരണക്കാര്‍ വികസനാനന്തരം അതിന്റെ ഇരകളായി മാറുന്ന യാഥാര്‍ത്ഥ്യമാണ് 'മെട്രോ'യില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബംഗാളിന്റെ വിശാലമായ കലാപാരമ്പര്യം തന്റെ സിനിമാ ജീവിതത്തെ സ്വാധീനിച്ചുവെന്ന് 'ഡെത്ത്' ന്റെ സംവിധായകന്‍ സന്ദീപ് ബാനര്‍ജി പറഞ്ഞു. മാനവികതയുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനമായ ജൈവവൈവിധ്യങ്ങള്‍ തുടച്ചുമാറ്റപ്പെടുന്നതിനോടുള്ള മറുപടിയായിരുന്നു 'വിസര്‍ജ്ജന്‍' എന്ന് സംവിധായകന്‍ മുജീബ് ഖുറേശി അഭിപ്രായപ്പെട്ടു. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംവിധാന വിഭാഗം മേധാവി കമല്‍ കെ.എം. സന്നിഹിതനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക