Image

കോണ്‍ഗ്രസിന് മുന്നണി വിടാമെന്ന് മമത

Published on 07 January, 2012
കോണ്‍ഗ്രസിന് മുന്നണി വിടാമെന്ന് മമത
കൊല്‍ക്കത്ത: കോണ്‍ഗ്രസിന് മുന്നണി വിട്ടുപോകാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സംസ്ഥാനത്ത് സി.പി.എമ്മിനൊപ്പമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കൊപ്പം പോകണമെങ്കില്‍ കോണ്‍ഗ്രസിന് പോകാം. തൃണമൂല്‍ ഒറ്റയ്ക്ക് നില്‍ക്കുമെന്ന് മമത പറഞ്ഞു. സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമത സഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് നുണപ്രചാരണം നടത്തുകയാണെന്ന് മമത ആരോപിച്ചു. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം, പെട്രോള്‍ വില വര്‍ദ്ധന തുടങ്ങിയവയെ എതിര്‍ത്തതിനാണ് കോണ്‍ഗ്രസ് പ്രതികാരം ചെയ്യുന്നത്. ഉത്തര്‍പ്രദേശിലും മണിപ്പൂരിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് മമത കൂട്ടിച്ചേര്‍ത്തു.

അതിനിടെ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയെയും ഭയക്കുന്നില്ലെന്ന് വക്താവ് മനു അഭിഷേക് സിങ്‌വി ന്യൂഡല്‍ഹിയില്‍ പറഞ്ഞു. 125 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുന്നണി മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭിന്നത രൂക്ഷമാകുന്നുവെന്ന സൂചനയാണ് മമത ബാനര്‍ജിയുടെ പ്രസ്താവന നല്‍കുന്നത്.

നെല്ലിന് സംസ്ഥാന സര്‍ക്കാര്‍ മതിയായ താങ്ങുവില നല്‍കിയില്ലെന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ് അടുത്തിടെ കൊല്‍ക്കത്തയില്‍ റാലി നടത്തിയിരുന്നു. ഈ റാലിയില്‍ ബംഗാള്‍ സര്‍ക്കാറിലെ കോണ്‍ഗ്രസ് മന്ത്രിയായ മനസ് ഭൂനിയ, ദീപാദാസ് മുന്‍ഷി എം.പി., സംസ്ഥാനകോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ എന്നിവര്‍ ബംഗാള്‍ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. ഇതേ കാര്യമുന്നയിച്ച് ബംഗാള്‍ ഗ്രാമങ്ങളില്‍ സി. പി. എം. പ്രക്ഷോഭം നടത്തി വരുമ്പോഴായിരുന്നു ഇത്. കേന്ദ്രസര്‍ക്കാറിന് വെല്ലുവിളി ഉയര്‍ത്തിയ സഖ്യകക്ഷി തൃണമൂലിനെതിരെ ബംഗാളില്‍ സി.പി. എമ്മിനൊപ്പം കോണ്‍ഗ്രസ്സും കൈകോര്‍ക്കുന്നു എന്ന സൂചന നല്‍കുന്നതായിരുന്നു റാലി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക