Image

ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്‌

Published on 07 January, 2012
ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്‌
കൊച്ചി: പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 90-പേജുള്ള റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ സാധൂകരിക്കുന്ന വിധത്തില്‍ നിരവധി ആധികാരിക കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി.ഭാസ്‌കരന്‍ പരിശോധിക്കും.

2011 ഒക്ടോബറിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിച്ചുവന്ന കേസ് തൃശ്ശൂര്‍ക്ക് മാറ്റാന്‍ ഹൈക്കോടതി ജഡ്ജിമാരുടെ കമ്മിറ്റി യോഗം തീരുമാനിച്ചത്. കേസ് വിചാരണ നടപടികളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫ ഹൈക്കോടതിക്ക് കത്തയച്ചതിനെ തുടര്‍ന്നാണിത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ കൂടുതല്‍ അന്വേഷണത്തിന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നതിനെ തുടര്‍ന്നാണ് രാഷ്ട്രീയ രംഗത്ത് വിവാദം ഉയര്‍ന്നത്. വിജിലന്‍സ് വകുപ്പ് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്പിക്കുകയും ചെയ്തു. അധികാര പരിധി ലംഘിച്ചുകൊണ്ടാണ് വിജിലന്‍സ് കോടതി ഉത്തരവ് എന്ന് ആരോപിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി അയച്ചിരുന്നു. ഇതും വിവാദമായി.

1992-ല്‍ ചട്ടങ്ങള്‍ ലംഘിച്ച് പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ സംസ്ഥാനത്തിന് 2 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കേസ്. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, ഗവണ്‍മെന്റ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് പ്രതികള്‍. പരേതനായ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും പ്രതിയായിരുന്നു.

കൂടാതെ, പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ചുമതല സംസ്ഥാന വിജിലന്‍സില്‍ നിന്നു മാറ്റി പ്രത്യേകസംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേട്ടുകേള്‍വിയില്ലാത്ത ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന ദേശായ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക