Image

മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം കോടതിയില്‍ കീഴടങ്ങി

Published on 07 January, 2012
മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം കോടതിയില്‍ കീഴടങ്ങി
ന്യൂഡല്‍ഹി: 1993-ലെ ടെലികോം അഴിമതിക്കേസില്‍ പ്രതിയായ മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം കോടതിയില്‍ കീഴടങ്ങി. ആംബുലന്‍സിലാണ് ഇദ്ദേഹത്തെ കോടതിപരിസരത്ത് എത്തിച്ചത്. സി.ബി.ഐയുടെ സ്‌പെഷല്‍ ജഡ്ജി സഞ്ജീവ് ജെയിന്‍ കോടതിക്ക് പുറത്തുവന്ന് സുഖ്‌റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റി.

കോടതിക്ക് മുമ്പാകെ കീഴടങ്ങാന്‍ ഇദ്ദേഹത്തിനോട് ഏതാനും ദിവസം മുമ്പ് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സുഖ്‌റാം ആസ്പത്രിയില്‍ അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന്‍ വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

എന്നാല്‍ സോഡിയത്തിന്റെ അളവ് കുറയുന്നതിനാല്‍ മയക്കം ബാധിച്ചതൊഴിച്ചാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. വാസി യു. ഖാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ടെലികോം വകുപ്പിനായി ഗുണ നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലേര്‍പ്പെട്ട് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്ന കേസില്‍ പ്രത്യേക സി.ബി.ഐ. കോടതി സുഖ്‌റാമിന് മൂന്നുവര്‍ഷം തടവും രണ്ടു ലക്ഷം പിഴയും വിധിച്ചിരുന്നു. 1993 മുതല്‍ 96 വരെ നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ വസതിയില്‍നിന്ന് 3.6 കോടിരൂപ സി.ബി.ഐ. പിടിച്ചെടുത്തിരുന്നു.

കേസില്‍ ഉള്‍പ്പെട്ട മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രുണു ഘോഷ്, വ്യവസായി രാമറാവു എന്നിവരെ കോടതി കഴിഞ്ഞ ദിവസം ജയിലിലടച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക