Image

ചിദംബരത്തിനെതിരെ കൂടുതല്‍ തെളിവുകളുമായി സ്വാമി

Published on 07 January, 2012
ചിദംബരത്തിനെതിരെ കൂടുതല്‍ തെളിവുകളുമായി സ്വാമി
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകളുമായി ജനതാപാര്‍ട്ടി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. സ്‌പെക്ട്രം കേസിലെ സാക്ഷിപ്പട്ടികയില്‍ ഔദ്യോഗികമായി ഉള്‍പ്പെട്ട സുബ്രഹ്മണ്യം സ്വാമി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ 2008 ജനവരി 15-ന് ചിദംബരം പ്രധാനമന്ത്രിക്കയച്ച കത്തും പ്രധാനമന്ത്രിയും രാജയും ചിദംബരവുമായി നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും ഉള്‍പ്പെടുന്നു.

2008-ല്‍ മുന്‍ടെലികോം മന്ത്രി എ. രാജ സ്‌പെക്ട്രം വില നിശ്ചയിച്ചത് 2001-ലെ വിലയനുസരിച്ചായിരുന്നു. ചിദംബരത്തിന്റെ അറിവോടു കൂടിയാണ് ഇതു നടന്നിട്ടുള്ളതെന്നാണ് സ്വാമിയുടെ ആരോപണം. രാജയെ മാത്രം തെറ്റുകാരനായി കാണാനാവില്ലെന്നും ചിദംബരത്തെയും വിസ്തരിക്കണമെന്നുമാണ് സ്വാമിയുടെ ആവശ്യം. ഇക്കാര്യത്തില്‍ വാദം ജനവരി 21-ന് നടക്കുമെന്ന് പ്രത്യേക സി.ബി.ഐ. ജഡ്ജി ഒ.പി.സെയ്‌നി വ്യക്തമാക്കി.

സ്‌പെക്ട്രം വില നിശ്ചയിക്കാന്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തെയും ടെലികോം മന്ത്രി രാജയെയുമാണ് 2003-ലെ കേന്ദ്രമന്ത്രിസഭ ചുമതലപ്പെടുത്തിയത്. 2003 ലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെക്ട്രം വില നിശ്ചയിച്ചതെന്ന് 2011 ഫിബ്രവരി 24 ന് പ്രധാനമന്ത്രി രാജ്യസഭയെ അറിയിച്ചതും സ്വാമി ചൂണ്ടിക്കാട്ടി. ധനമന്ത്രാലയവും ടെലികോം മന്ത്രാലയവും സംയുക്തമായാണ് തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേസില്‍ ചിദംബരത്തെയും പ്രതി ചേര്‍ക്കാന്‍ സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചത്. സ്വാമിയുടെ വ്യക്തിപരമായ പരാതി കോടതി പരിഗണിച്ചു. കേസില്‍ ഗൂഢാലോചന നടത്തിയ മറ്റുള്ളവരെക്കുറിച്ച് സ്വാമിക്കുള്ള അറിവ് കണക്കിലെടുത്ത് അദ്ദേഹത്തെ സാക്ഷിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക