Image

പ്രവാസി ഭാരതീയ ദിവസ്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

Published on 07 January, 2012
പ്രവാസി ഭാരതീയ ദിവസ്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും
ന്യൂഡല്‍ഹി: പത്താമത്‌ പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തിന്‌ ജയ്‌പൂരില്‍ ഞായറാഴ്‌ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഉദ്‌ഘാടനം ചെയ്യും. തിങ്കളാഴ്‌ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നല്‍കുമെന്നു പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു.

1500-ലേറെ പ്രതിനിധികള്‍ ഇന്ന്‌ ആരംഭിക്കുന്ന മൂന്നു ദിവസത്തെ പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കും. ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോ പ്രധാനമന്ത്രി കമല പ്രസാദ്‌ ബിസേസാര്‍ ജയ്‌പൂര്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. ആഗോള ഭാരതീയരും സര്‍വതോന്മുഖ വികസനവും എന്നതാണ്‌ ഈ വര്‍ഷത്തെ പ്രവാസി സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം. സൗരോര്‍ജ മേഖലയിലെ നിക്ഷേപവും ഗവേഷണവും, ആരോഗ്യം, ജലവിഭവത്തിലെ സാമൂഹ്യ സംരംഭങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക സെമിനാറുകളും സമ്മേളനത്തില്‍ ഉണ്‌ടാകുമെന്നു മന്ത്രി രവി അറിയിച്ചു.

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവരടക്കം പത്തു മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍ ശിവരാജ്‌ പാട്ടീല്‍, കേന്ദ്രമന്ത്രിമാരായ പ്രണാബ്‌ മുഖര്‍ജി, സി.പി ജോഷി, മുകുള്‍ വാസ്‌നിക്‌, ജയന്തി നടരാജന്‍, ഇ. അഹമ്മദ്‌, സച്ചിന്‍ പൈലറ്റ്‌ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. രാജസ്ഥാന്‍ സര്‍ക്കാരും കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രിയുമായി സഹകരിച്ചാണ്‌ ജയ്‌പൂരിലെ പ്രവാസി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക