Image

മകരവിളക്ക്: ആദിവാസികളെ സഹകരിപ്പിക്കാം: ദേവസ്വംബോര്‍ഡ്

Published on 06 January, 2012
മകരവിളക്ക്: ആദിവാസികളെ സഹകരിപ്പിക്കാം: ദേവസ്വംബോര്‍ഡ്
ശബരിമല: ജനുവരി 15ന് മകരജ്യോതി ദര്‍ശനസമയത്ത് പൊന്നമ്പലമേട്ടില്‍ ദേവസ്വംബോര്‍ഡിലെ മുതിര്‍ന്ന ശാന്തിക്കാരനെ അയച്ച് ദീപാരാധന നടത്തുമെന്നും പൊന്നമ്പലമേട്ടില്‍ താമസിക്കുന്ന ആദിവാസികളുണ്ടെങ്കില്‍ അവരെ ഇതില്‍ പങ്കെടുപ്പിക്കുന്നതില്‍ ദേവസ്വംബോര്‍ഡിന് എതിര്‍പ്പില്ളെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എം. രാജഗോപാലന്‍നായര്‍ പറഞ്ഞു.
സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകരജ്യോതി മകരസംക്രമദിനത്തില്‍ ക്ഷേത്രത്തിനഭിമുഖമായി കിഴക്ക് ആകാശത്ത് ഉദിക്കുന്ന നക്ഷത്രമാണ്. പൊമ്പമ്പലമേട്ടില്‍ കാണുന്ന ദീപം അവിടെ നടക്കുന്ന ദീപാരാധനയാണ്. ആദിവാസികള്‍ക്ക് അവിടത്തെ പൂജാധികാരം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് മലഅരയസമുദായത്തിന്‍െറ മൂന്ന് സംഘടനകള്‍ ദേവസ്വംബോര്‍ഡിന് നിവേദനം നല്‍കിയിരുന്നു. തിരുവനന്തപുരം, പാലക്കാട് പ്രദേശങ്ങളിലെ വിലാസങ്ങളിലുള്ളവരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്‍െറ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ നിവേദനങ്ങള്‍ നല്‍കിയവരുമായി ചര്‍ച്ചനടത്തി അറിയിച്ചിരുന്നു. മുമ്പ് പൊന്നമ്പലമേട്ടില്‍ മകരജ്യോതിദര്‍ശനസമയത്ത് ആദിവാസികള്‍ ദീപാരാധന നടത്തിയിരുന്നു. ഏറെ വര്‍ഷങ്ങളായി ആദിവാസികള്‍ ഇത് നടത്തുന്നില്ല.
1999 ല്‍ ദേവസ്വംബോര്‍ഡ് ദീപാരാധന നടത്തിയിരുന്ന ‘പ്ളാറ്റ്ഫോം’ ഇടിഞ്ഞെന്ന് കാട്ടി ചിലര്‍ ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നെന്നും പ്രസിഡന്‍റ് പറഞ്ഞു.
50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ പമ്പ ഗണപതികോവിലിന്‍െറ ഇപ്പുറം പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണ്. വീഴ്ച സംബന്ധിച്ച് പൊലീസിന്‍െറ ഉന്നതതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പമ്പയില്‍ നിയോഗിച്ചിട്ടുള്ള ദേവസ്വം ബോര്‍ഡിന്‍െറ ഗാര്‍ഡുകളും ഇക്കാര്യം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും പ്രസിഡന്‍റ് പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക