Image

പ്രവാസിക്ഷേമത്തിന്‌ നയരേഖയുണ്ടാക്കും: നോര്‍ക റൂട്‌സ്‌

Published on 06 January, 2012
പ്രവാസിക്ഷേമത്തിന്‌ നയരേഖയുണ്ടാക്കും: നോര്‍ക റൂട്‌സ്‌
ദുബായ്‌: ഗള്‍ഫിലെ സാധാരണക്കാരുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്‌ പ്രവാസിക്ഷേമത്തിനുള്ള നയരേഖയുണ്ടാക്കി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുമെന്ന്‌ നോര്‍ക റൂട്‌സ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം ഇസ്‌മയില്‍ റാവുത്തര്‍ പറഞ്ഞു. ഓരോ ഗള്‍ഫ്‌ രാജ്യത്തും ചുരുങ്ങിയത്‌ പതിനൊന്ന്‌ അംഗങ്ങളുള്ള ഉപദേശക സമിതി രൂപവല്‍കരിച്ച്‌ പ്രവാസികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസിലാക്കി നയതന്ത്ര കാര്യാലയങ്ങള്‍ക്കു സമര്‍പ്പിക്കും. ഏറ്റവും കൂടുതല്‍ മലയാളികളുള്ള വലിയ രാജ്യങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ സമിതികളുണ്ടായിരിക്കുമെന്ന്‌ തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്‌തമാക്കി. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പ്രവാസികളിലേക്ക്‌ എത്താതിരിക്കുകയും പ്രവാസലോകത്തെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അറിയാതെ പോകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്‌. ഇതുപരിഹരിക്കാനുള്ള ചാലകശക്‌തിയായി നോര്‍ക റൂട്‌സിനെ മാറ്റും. കേരളത്തില്‍ വന്‍വിജയമായ ജനസമ്പര്‍ക്കപരിപാടിയുടെ മാതൃകയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പങ്കെടുപ്പിച്ച്‌ പ്രവാസി ജനസമ്പര്‍ക്ക പരിപാടിക്കു മുന്‍കൈയെടുക്കും.

കേരളത്തിനു പുറത്തുള്ള മലയാളികളുടെ കൃത്യമായ എണ്ണം നിര്‍ണയിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമായിട്ടുണ്ട്‌. അതതു പഞ്ചായത്തുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച്‌ ഗള്‍ഫിലും യൂറോപ്പിലും മറ്റുമുള്ള പ്രവാസികളുടെ എണ്ണം നിശ്‌ചയിക്കും. പ്രവാസികള്‍ക്ക്‌ ഏറ്റവും അനുകൂലമായ സര്‍ക്കാരാണ്‌ സംസ്‌ഥാനം ഭരിക്കുന്നത്‌. പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബഹുമുഖ കര്‍മപദ്ധതികളാണ്‌ ആസൂത്രണം ചെയ്യുന്നത്‌. എല്ലാ ജില്ലകളിലും ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്താന്‍ ധാരണയായി. ഐജിയുടെ മേല്‍നോട്ടത്തിലാകും ഈ സംവിധാനം.

ഗള്‍ഫില്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ സ്‌ഥാനപതി കാര്യാലയങ്ങളുടെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ നിയമസഹായം ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്‌. നോര്‍ക റൂട്‌സ്‌ നല്‍കുന്ന എന്‍ആര്‍കെ കാര്‍ഡ്‌ വിവിധ ആവശ്യങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടും. പ്രവാസികളുടെ പുനരധിവാസം, സമ്പാദ്യം എങ്ങനെ സേവന മേഖലയില്‍ പ്രയോജനപ്പെടുത്താം തുടങ്ങിയ കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കും. എല്ലാ സ്‌ഥാനപതി കാര്യാലയങ്ങളിലും മലയാളി ഉദ്യോഗസ്‌ഥരെ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. പ്രവാസിക്ഷേമനിധി അംഗത്വമെടുക്കാനുമുള്ള പ്രായപരിധി 55ല്‍ നിന്ന്‌ 60 ആക്കിയതായും ഇസ്‌മയില്‍ റാവുത്തര്‍ പറഞ്ഞു.
പ്രവാസിക്ഷേമത്തിന്‌ നയരേഖയുണ്ടാക്കും: നോര്‍ക റൂട്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക