Image

ശുഭാപ്‌തി എന്ന പൗരധര്‍മം

കുല്‍ദീപ്‌ നയ്യാര്‍ Published on 06 January, 2012
ശുഭാപ്‌തി എന്ന പൗരധര്‍മം
ഇരുളും വെളിച്ചവും സദാ ഇന്ത്യയോടൊപ്പമുണ്ട്‌. ചിലപ്പോള്‍ വെളിച്ചത്തിന്‍െറ പ്രഭ കൂടുതലായിരിക്കും. മറ്റ്‌ ചിലപ്പോള്‍ ഇരുളിനാകും മേധാവിത്വം. രണ്ടിന്‍െറയും അനുപാതം വീക്ഷിച്ച്‌ നാം രാജ്യത്തിന്‍െറ ഉണര്‍ച്ചകളും തളര്‍ച്ചകളും നിര്‍ണയിക്കുന്നു. വിടപറഞ്ഞ 2011ല്‍ കൂടുതല്‍ മേഖലകളിലും പടര്‍ന്നത്‌ തമസ്സ്‌ തന്നെ. പോയ വര്‍ഷത്തിലുടനീളം രാജ്യത്തെ അഴിമതിയുടെ അന്ധകാരം ഗ്രസിക്കുകയുണ്ടായി. ഭരണനേതൃത്വം കാര്യക്ഷമത ഇല്ലായ്‌മയുടെ മഹാപീഡനങ്ങളാല്‍ നമ്മെ നോവിപ്പിക്കുകയും ചെയ്‌തു.

2011ല്‍ പല അസ്ഥികൂടങ്ങളും പുറത്തുവന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‍െറ നടത്തിപ്പിന്‌ പിന്നിലെ ലജ്ജാകരമായ കള്ളക്കളികള്‍ ഓരോന്നും പുറത്തായി. മുഖ്യസംഘാടകന്‍ സുരേഷ്‌ കല്‍മാഡിയും ശിങ്കിടികളും ജയിലിലടക്കപ്പെട്ടു. ക്രിക്കറ്റില്‍ നാം ലോകകിരീടം ചൂടിയെങ്കിലും കോമണ്‍ വെല്‍ത്തിലെ നിന്ദയുടെ മുദ്ര മായാതെ നിന്നു. 2ജി സ്‌പെക്ട്രം അഴിമതിയായിരുന്നു പുറത്തുചാടിയ കൂട്ടത്തില്‍ ജീര്‍ണിച്ച മറ്റൊരു അസ്ഥികൂടം.

ഈ അഴിമതിയുടെ മാതാവ്‌ മൂലം പൊതുഖജനാവിന്‌ സംഭവിച്ചത്‌ 40,000 കോടി രൂപയുടെ നഷ്ടമായിരുന്നു. അഴിമതിക്കാരനായ വാര്‍ത്താവിനിമയ മന്ത്രി എ.രാജയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. ഡി.എം.കെയിലെ തന്നെ മറ്റൊരു മന്ത്രി ദയാനിധി മാരന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായി. മാധ്യമങ്ങളുടെയും പൊതുജന സമ്മര്‍ദത്തിന്‍െറയും വിജയമായിരുന്നു അത്‌. അഴിമതിക്ക്‌ തടയിടാന്‍ ലോക്‌പാല്‍ രൂപവത്‌കരിക്കണമെന്നാവശ്യപ്പെട്ട്‌ അണ്ണാ ഹസാരെ രംഗത്തുവന്നതായിരുന്നു പോയ വര്‍ഷത്തെ ഏറ്റവും ക്രിയാത്മകമായ സംഭവവികാസം. സര്‍ക്കാറിനോടുള്ള ജനങ്ങളുടെ വെറുപ്പാണ്‌ അണ്ണാ ഹസാരെയില്‍ പ്രതിഫലിച്ചത്‌. ലോക്‌പാലിനുവേണ്ടി ആയിരങ്ങളാണ്‌ പിന്നീട്‌ തെരുവുകളിലിറങ്ങിയത്‌.

ഒരു പുത്തന്‍ ഇന്ത്യ രൂപപ്പെട്ടുവരുകയാണിപ്പോള്‍. കരയുന്ന കുഞ്ഞിനേ പാല്‍ കിട്ടാറുള്ളൂ എന്ന യാഥാര്‍ഥ്യം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു.അതുകൊണ്ട്‌ ആവശ്യങ്ങള്‍ ശക്തിയായി ഉന്നയിക്കാനാണ്‌ ജനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ ഒഴികെയുള്ള രാഷ്ട്രീയകക്ഷികള്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിരിക്കുന്നു. വെള്ളം മുഴുവന്‍ ഒഴുകിപ്പോയ സമയത്ത്‌ ചിറകെട്ടാനുള്ള ശ്രമത്തിലാണ്‌ സര്‍ക്കാര്‍. ഈ അലംഭാവം സമ്പദ്‌ഘടനയുടെ മുതുകെല്ല്‌ തകര്‍ത്തിരിക്കുന്നു. രൂക്ഷമായ വിലക്കയറ്റം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. നാണയപ്പെരുപ്പം രണ്ടക്ക നിരക്കിലേക്കുയരുന്നു. വ്യവസായരംഗത്തെ സ്ഥിതിയും ദൗര്‍ഭാഗ്യകരമാണ്‌. മുന്‍വര്‍ഷം 10.6 ശതമാനമായിരുന്ന വളര്‍ച്ചനിരക്ക്‌ 2011ല്‍ 5.4 ആയി ചുരുങ്ങി. വിദേശികളും സ്വദേശികളുമായ നിക്ഷേപകര്‍ ഓരോരുത്തരായി പിന്മാറിക്കൊണ്ടിരിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡുകള്‍ ഭേദിച്ച്‌ താഴോട്ടിറങ്ങി. 18 ശതമാനം വരെ മൂല്യശോഷണം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ ശുഭാപ്‌തിയും തരിപ്പണമായി. സമ്പദ്രംഗം കൂടുതല്‍ തകര്‍ന്ന്‌ ഇന്ധന ഭക്ഷ്യവിലകള്‍ ഇനിയും കുതിച്ചുയരുമെന്ന ആധി പങ്കുവെക്കുകയാണ്‌ ജനങ്ങള്‍. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ മിശിഹയായി വാഴ്‌ത്തപ്പെട്ടിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ ജനസമ്മതിയുടെ ഗ്രാഫും താഴോട്ടിറങ്ങുകയായിരുന്നു. ചില്ലറ വില്‍പനരംഗത്ത്‌ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്ന പദ്ധതി അദ്ദേഹം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്‌ പ്രതീക്ഷയോടെയായിരുന്നു. 100 ദശലക്ഷം ഡോളറിന്‍െറ നിക്ഷേപം ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇന്ത്യയിലെ ചെറുകിട കച്ചവടക്കാര്‍ അതോടെ കുത്തുപാളയെടുക്കുമെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷമൊന്നടങ്കവും ഭരണമുന്നണിയിലെ തന്നെ ഘടകകക്ഷിയായ തൃണമൂലും എതിര്‍പ്പുയര്‍ത്തിയതോടെ സര്‍ക്കാര്‍ പദ്ധതി അവതാളത്തിലായി.

വളര്‍ച്ച ഒമ്പത്‌ ശതമാനമാക്കുമെന്ന വാഗ്‌ദാനം സാക്ഷാത്‌കരിക്കപ്പെടാതിരുന്നതോടെ മന്‍മോഹന്‍െറ ജനപ്രീതി വീണ്ടും ഇടിഞ്ഞു. പോയ വര്‍ഷത്തിന്‍െറ അവസാനദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷക്കുള്ള പദ്ധതി ആവിഷ്‌കരിച്ചത്‌ ശുഭോദര്‍ക്കമായി. ഇതിന്‍െറ ക്രെഡിറ്റ്‌ ഏറ്റെടുക്കാന്‍ പിന്‍സീറ്റ്‌ െ്രെഡവിങ്‌ നടത്തുന്ന സോണിയ ഗാന്ധി മന്‍മോഹന്‍ സിങ്ങിനെ ഉപദേശിക്കുകയായിരുന്നു. പൊതു ഖജനാവിന്‌ ഇത്‌ 95,000 കോടിയുടെ അധികബാധ്യത വരുത്തിവെക്കുമെങ്കിലും അഞ്ച്‌ സംസ്ഥാനങ്ങളിലെ ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ പദ്ധതി കോണ്‍ഗ്രസിന്‌ ഗുണം ചെയ്യാതിരിക്കില്ല.

അയല്‍ രാജ്യങ്ങളുമായി ഉറ്റബന്ധം സ്ഥാപിക്കാന്‍ സാധിച്ചു എന്നതായിരിക്കും മന്‍മോഹന്‍സിങ്‌ ഗവണ്‍മെന്‍റിന്‍െറ സുപ്രധാന നേട്ടം. തന്ത്രപ്രധാന പങ്കാളിത്തത്തിന്‌ അഫ്‌ഗാനിസ്‌താനുമായി കരാറിലെത്താന്‍ അദ്ദേഹത്തിന്‌ സാധിച്ചു. മന്‍മോഹന്‍സിങ്ങിന്‍െറ ധാക്ക പര്യടനം ബംഗ്‌ളാദേശില്‍ മതിപ്പു സൃഷ്ടിച്ചു. ടീസ്റ്റ നദീജല കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞില്‌ളെങ്കിലും അത്തരമൊരു സാധ്യതയുടെ പ്രതീക്ഷയും മന്‍മോഹന്‍സിങ്‌ ഉളവാക്കി. ഇന്ത്യക്ക്‌ പ്രിയങ്കര രാഷ്ട്രപദവി അനുവദിക്കാന്‍ പാകിസ്‌താന്‍ സന്നദ്ധത പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയുമായി ഊഷ്‌മള വ്യാപാര ബന്ധം സ്ഥാപിക്കാനാണ്‌ ഇസ്ലാമാബാദിന്‍െറ ആഗ്രഹം.

ഇന്ത്യയിലെയും പാകിസ്‌താനിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും സജീവമായിക്കൊണ്ടിരിക്കുന്നു. വിസാ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിന്‌ ഇരുപക്ഷവും ചര്‍ച്ചകള്‍ക്കും തുടക്കംകുറിച്ചു. റഷ്യയില്‍ പര്യടനംനടത്താനും മന്‍മോഹന്‍സിങ്ങിന്‌ അവസരം ലഭിച്ചു. അമേരിക്കയുടെയും ചൈനയുടെയും രാഷ്ട്രത്തലവന്മാരുമായും അദ്ദേഹം സംഭാഷണം നടത്തി. രക്ഷാസമിതി അംഗത്വത്തിനുള്ള ഇന്ത്യയുടെശ്രമങ്ങള്‍ക്ക്‌ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കാനും സര്‍ക്കാറിന്‌ സാധിച്ചു. ജനാധിപത്യമതേതര ചിന്തകളെ പരിരക്ഷിക്കാന്‍ കഴിയുന്നു എന്നത്‌ ഈ വര്‍ഷവും വരുംവര്‍ഷങ്ങളിലും ഇന്ത്യന്‍ ജനതയെ ഒറ്റക്കെട്ടായി നിലനിര്‍ത്തും. മുസ്ലിംകളും ഹിന്ദുക്കളും സഹവര്‍ത്തിക്കേണ്ടതിന്‍െറ പ്രസക്തി ഇരു സമുദായങ്ങള്‍ക്കും നന്നായി ബോധ്യപ്പെട്ടിരിക്കുന്നു. അപ്പത്തില്‍നിന്ന്‌ ചെറുതുണ്ടുകള്‍ മാത്രമാണ്‌ ലഭിക്കാറുള്ളതെന്ന ന്യൂനപക്ഷങ്ങളുടെ പരിഭവം അവഗണിക്കപ്പെടരുത്‌. എന്നിരുന്നാലും ഭരണഘടനാ ചട്ടക്കൂട്‌ അനുവദിക്കുന്ന സമര രൂപങ്ങളേ അവര്‍ അനുവര്‍ത്തിക്കുന്നുള്ളൂ. ഗുജറാത്തില്‍ വംശീയഹത്യക്ക്‌ ചുക്കാന്‍ പിടിച്ച നരേന്ദ്രമോഡിക്കെതിരായ നിയമ നടപടികള്‍ ഇഴയുന്നതിലും മുസ്ലിംകള്‍ സങ്കടപ്പെടുന്നു. മാവോയിസ്റ്റ്‌ നേതാവ്‌ കിഷന്‍ജിയെ സുരക്ഷാ വിഭാഗം അപായപ്പെടുത്തി കലാപകാരികളുടെ ആത്മവീര്യം തകര്‍ക്കാന്‍ കഴിഞ്ഞത്‌ നേട്ടമാണെന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, ദാരിദ്ര്യവും അവികസിതാവസ്ഥയും ഇപ്പോഴും അവശേഷിക്കുന്നു എന്ന യാഥാര്‍ഥ്യം അധികൃതരുടെ കണ്ണുതുറപ്പിക്കേണ്ടിയിരിക്കുന്നു. മാവോയിസ്റ്റ്‌ സമരങ്ങള്‍ക്ക്‌ പ്രചോദനമേകുന്ന സാഹചര്യങ്ങള്‍ ഇവയാണെന്ന സത്യം വിസ്‌മരിക്കപ്പെട്ടുകൂട.

പോയവര്‍ഷം നിരവധി സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്‍റ്‌ സ്‌തംഭിക്കുകയുണ്ടായി. പാര്‍ലമെന്‍ററി വ്യവസ്ഥയുടെ ഒരു പ്രധാന പോരായ്‌മയാണിതെന്ന ഗുണദോഷ വിചാരത്തിലേക്ക്‌ ഇത്‌ പൗരസമൂഹങ്ങളെ നയിക്കാതിരിക്കില്ല. പ്രസിഡന്‍ഷ്യല്‍ ഭരണരീതിയെ സംബന്ധിച്ച്‌ പലകോണുകളിലും നടന്നുവരുന്ന സംവാദങ്ങള്‍ നല്‍കുന്ന സൂചനകളും മറ്റൊന്നല്ല.

ഈ ആണ്ടില്‍ ഏഴുശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്ന്‌ നമുക്ക്‌ ആശിക്കാം. എന്നാല്‍, ദാരിദ്ര്യം ഉന്മൂലനം ചെയ്യാന്‍ ഒമ്പത്‌ ശതമാനം വളര്‍ച്ചനിരക്ക്‌ അത്യന്താപേക്ഷിതമാണ്‌. വെല്ലുവിളികളുടേത്‌ തന്നെയായിരിക്കും പുതുവര്‍ഷവും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍െറ വാക്കുകള്‍ ഓര്‍മവരുകയാണ്‌. ഇന്ത്യയുടെ ഭാവിതലമുറകള്‍ കഠിനാധ്വാനംചെയ്യാന്‍ വിധിക്കപ്പെട്ടവരായിരിക്കും. ഈ വാക്യത്താല്‍ പ്രചോദിതരായി നമുക്ക്‌ കര്‍മഭൂമിയിലിറങ്ങാം. എന്നാല്‍, നാം ആത്മവിശ്വാസവും പ്രത്യാശയും കൈവെടിയേണ്ടതില്ല. ഇരുള്‍ നീങ്ങി പ്രകാശം പരക്കാതിരിക്കില്ല. ശുഭാപ്‌തി വിശ്വാസിയാവുക എന്നതാണ്‌ ഈ സന്ദര്‍ഭത്തില്‍ ഓരോ ഇന്ത്യന്‍ പൗരന്‍െറയും ധാര്‍മികമായ കടമ എന്ന്‌ ഞാന്‍ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക