Image

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കര്‍ദിനാള്‍ പദവി

Published on 06 January, 2012
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കര്‍ദിനാള്‍ പദവി
കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് വീണ്ടും അംഗീകാരം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കര്‍ദിനാള്‍ പദവി. സീറോ മലബാര്‍ സഭയിലെ നാലാമത്തെ കര്‍ദിനാളാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി. കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവര്‍ക്കുശേഷം സീറോ മലബാര്‍ സഭയ്ക്ക് വീണ്ടും അംഗീകാരം.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരില്‍ പീലിപ്പോസ് മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായി1945 ഏപ്രില്‍ 19 ന് ജനിച്ചു. 1972 ഡിസംബര്‍ 18 ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തില്‍ കേരളാ സര്‍വകലാശാലയില്‍ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തില്‍ ഒന്നാംറാങ്കില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ഫ്രാന്‍സിലെ സര്‍ബോണെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. 1974ല്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സഹ വികാരിയായി നിയമിതനായി. 1976 മുതല്‍ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടര്‍, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടര്‍, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസര്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബര്‍ 18ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തില്‍ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം ആലഞ്ചേരിയുടെ മെത്രാഭിഷേക കര്‍മവും നടന്നു.

2011 മേയ് 26ന് സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ മേജര്‍ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാന്‍ സ്ഥാനവും ആലഞ്ചേരിയാണ് വഹിക്കുന്നത്. മേയ് 29ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വച്ച് മേജര്‍ മെത്രാപ്പോലീത്തയായി അഭിഷിക്തനായി.
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കര്‍ദിനാള്‍ പദവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക