Image

ആരുഷി വധം: മാതാപിതാക്കളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Published on 06 January, 2012
ആരുഷി വധം: മാതാപിതാക്കളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ക്ക് എതിരായ വിചാരണ നടപടികള്‍ തുടരും. വിചാരണയില്‍നിന്ന് ഒഴിവാക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇരുവരെയും വിചാരണ ചെയ്യണമെന്ന മജിസ്‌ട്രേട്ട് കോടതി ഉത്തരവില്‍ തെറ്റില്ലെന്ന് ജസ്റ്റിസുമാരായ എ.കെ ഗാംഗുലി, ജെ.എസ് ഖേഹര്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. 2008 ലാണ് ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവരുടെ ഏകമകള്‍ ആരുഷി തല്‍വാറും വീട്ടുജോലിക്കാരനും കൊല്ലപ്പെട്ടത്.

നോയിഡയിലെ വീട്ടിനുള്ളില്‍ ആരുഷിയുടെ മൃതദേഹവും തൊട്ടടുത്ത ദിവസം ടെറസിനു മുകളില്‍ വീട്ടുജോലിക്കാരനായ ഹെംരാജിന്റെ മൃതദേഹവും കണ്ടെത്തി. അന്വേഷണം നടത്തിയ യു.പി പോലീസ് ആരുഷിയുടെ അച്ഛന്‍ രാജേഷ് തല്‍വാറിനെ 2008 മെയ് 23 ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. രാജേഷ് തല്‍വാറിനെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന റിപ്പോര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ ഗാസിയാബാദ് കോടതി വിചാരണ നേരിടാന്‍ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ചു.

വിചാരണ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷ് തല്‍വാറും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതി ഇവരുടെ ആവശ്യം തള്ളി. തുടര്‍ന്നാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക