Image

'ഇവിടെ' ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നു

സുബോധ് മാണിക്കോത്ത് Published on 17 June, 2015
'ഇവിടെ' ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നു
ഹോളിവുഡ്  സിനിമകളില്‍ കണ്ട് വരുന്ന മേയ്ക്കിംഗ് ശൈലിയില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പതിവ് വ്യക്തി മുദ്രയില്‍ പിറന്ന ചിത്രമാണ് ഇവിടെ. ഒരു ക്രൈം ത്രില്ലറിലുപരി വരുണ്‍ ബ്ലൈക്ക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഔദ്യോഗിക ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.

പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പ്രിത്വിരാജിന്റെ കൃത്യമായ ശരീര ഭാഷയും അംഗവിക്ഷേപവും സംസാരരീതിയും  വരുണ്‍ ബ്ലൈക്ക് എന്ന  ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പോലീസ് ഓഫീസരുടെ കഥാപാത്രത്തെ  മികവുറ്റതാക്കി. സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു നടന്‍ പ്രിഥ്വിരാജ് ആണെന്നതില്‍ ഈ സിനിമ കണ്ടവര്‍ക്ക് തര്‍ക്കമുണ്ടാകില്ല. നരേഷനൊഴികെ പ്രിഥ്വിരാജിന്റെ വരുണ്‍ ബ്ലൈക്ക് എന്ന കഥാപാത്രം ഒരു വാക്ക് പോലും മലയാളം സംസാരിക്കുന്നില്ല. സിങ്ക് സൗണ്ട് ഡബ്ബിങ്ങ് ആയിരുന്നിട്ട് കൂടി അഭിനയവും സംഭാഷണവും ഒരു പോലെ പെര്‍ഫെക്ഷന്‍ വരുത്തിയിട്ടുണ്ട്. നിവിന്‍ പോളിയും  വളരെ ആത്മാര്‍ഥമായി തനിക്ക് കിട്ടിയ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പശ്ചാത്തല സംഗീതവും, പാട്ടുകളും, എഡിറ്റിംഗും എല്ലാം ഒരു ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. നല്ല ബലമുള്ള തിരക്കഥ, തിരക്കഥയെ വെല്ലുന്ന സംവിധാനം. അമേരിക്കയിലെ സമകാലിക ജീവിതത്തെ വളരെ നന്നായി പ്രതിഫലിപ്പിച്ച ഒരു മികച്ച ചിത്രമാണ് 'ഇവിടെ'. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന അമേരിക്കന്‍ ഇംഗ്ലീഷ് ചിലര്‍ക്കെങ്കിലും മനസിലാവാത്തത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പക്ഷേ വ്യക്തിപരമായി നോക്കിയാല്‍ എനിക്ക് ഈ വര്‍ഷത്തില്‍  ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍  ഒന്നാണ് 'ഇവിടെ'.

റിപ്പോര്‍ട്ട് : സുബോധ് മാണിക്കോത്ത്

'ഇവിടെ' ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക