Image

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി

Published on 06 January, 2012
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒരിന്നിങ്‌സിനും 68 റണ്‍സിനും തോറ്റു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 468 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 400 റണ്‍സിന് എല്ലാവരും പുറത്തായി.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 80ഉം വി.വി.എസ്.ലക്ഷ്മണ്‍ 66ഉം അശ്വിന്‍ 62ഉം സഹീര്‍ ഖാന്‍ 35ഉം റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഹില്‍ഫനോസ് അഞ്ചും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മൈക്കല്‍ ക്ലാര്‍ക്ക്, ജയിംസ് പാറ്റിന്‍സണ്‍, നതാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുന്നിലെത്തി.

നൂറാം സെഞ്ച്വറി എന്ന അപൂര്‍വനേട്ടം കരസ്ഥാമാക്കാമെന്ന സച്ചിന്റെ മോഹം ഇത്തവണയും പൊലിഞ്ഞു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ മൈക്ക് ഹസ്സി പിടിച്ചാണ് സച്ചിന്‍ പുറത്തായത്.

ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 659 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപറ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് 329ഉം മൈക്ക് ഹസ്സി 150ഉം റിക്കി പോണ്ടിങ് 134ഉം റണ്‍സെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക