Image

സര്‍ജന്‍ ജനറല്‍ ഡോ. വിവേക്‌ മൂര്‍ത്തി (ഒരു അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)

Published on 16 June, 2015
സര്‍ജന്‍ ജനറല്‍ ഡോ. വിവേക്‌ മൂര്‍ത്തി (ഒരു അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)
മുപ്പത്തിയേഴ്‌ വയസുള്ള ഡോ. വിവേക്‌ മൂര്‍ത്തി 2014 ഡിസംബര്‍ പതിനഞ്ചാം തിയതി അമേരിക്കയുടെ പത്തൊന്‍പതാം വൈസ്‌ അഡ്‌മിറല്‍ സര്‍ജന്‍ ജനറലായി വൈസ്‌ പ്രസിഡന്റ്‌ 'ജോ ബൈഡന്‍' മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌തു. 'യോഗ' പരിശീലിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍, പാവങ്ങള്‍ക്ക്‌ മെഡിക്കല്‍ ശുശ്രുഷ നല്‌കാന്‍ വര്‍ഷം തോറും ഇന്ത്യാ സന്ദര്‍ശിക്കുന്ന ഭിഷ്വഗ്രന്‍, അമേരിക്കയുടെ ചരിത്രത്തിലെ നിയമനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറല്‍ എന്നീ നിലകളില്‍ ശ്രീ വിവേക്‌ മൂര്‍ത്തിയെ അറിയപ്പെടുന്നു. ബോസ്റ്റണില്‍ ബ്രിഗാം ആന്‍ഡ്‌ വിമന്‍സ്‌ ഹോസ്‌പ്പിറ്റലിലെ ഭിഷ്വഗ്വരനും ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്‌കൂളിലെ അദ്ധ്യാപകനുമായ ഡോ.മൂര്‍ത്തിയുടെ ഈ നിയമനം ശരിപ്പെടുത്താന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്തു.

മെഡിക്കല്‍ പരമായ വിഷയങ്ങളിലും പ്രശ്‌നങ്ങളിലും സര്‍ജന്‍ ജനറല്‍ അമേരിക്കയുടെ പ്രധാന വക്താവായിരിക്കും. ആരോഗ്യ രക്ഷാ കാര്യങ്ങളില്‍ രാജ്യത്തിലെ പൗരന്മാരെ ബോധവാന്‍മാരാക്കുക, സുപ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ രാജ്യത്തിലെ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കുക മുതലായവ അദ്ദേഹത്തിന്‍റെ ചുമതലകളാണ്‌. നാലു വര്‍ഷമാണ്‌ നിയമന കാലാവധി.

ആരോഗ്യമുള്ള ഒരു ജനതയാണ്‌ രാഷ്ട്രത്തിന്റെ ശക്തിയെന്ന്‌ ഡോ. മൂര്‍ത്തി വിശ്വസിക്കുന്നു. ഇന്ന്‌ നിലവിലുള്ള പാരമ്പര്യമായ ആരോഗ്യ സംവിധാനങ്ങള്‍ക്ക്‌ മാറ്റങ്ങള്‍ വരുത്തി അമേരിക്കയെ ആരോഗ്യ സുരക്ഷാ മേഖലയായി രൂപാന്തരപ്പെടുത്തുകയെന്നത്‌ ഒരു വെല്ലുവിളിയാണെന്നും ഡോ.മൂര്‍ത്തി കരുതുന്നു. സമൂഹത്തിന്റെ കെട്ടുറപ്പും അചഞ്ചലമായ വിശ്വാസവും അര്‍പ്പിച്ചാലെ രോഗ വിമുക്തമായ ഒരു അമേരിക്കയെ കണ്ടെത്താന്‍ സാധിക്കുള്ളൂവെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതിനായി തൊഴില്‍ ശാലകളിലും വിദ്യാ നിലയങ്ങളിലും ആരാധനാലയങ്ങളിലും ആരോഗ്യപരമായ വ്യായാമ ശാലകള്‍കൂടി ഉള്‍പ്പെടുത്താന്‍ ഡോ .മൂര്‍ത്തി ആഗ്രഹിക്കുന്നു. സമൂഹം ഒത്തൊരുമിച്ചുള്ള വ്യായാമങ്ങള്‍ മാനസികമായ ഉല്ലാസത്തെയും പ്രദാനം ചെയ്യും.

ശാസ്‌ത്രീയ മുന്നേറ്റത്തില്‍ വൈദ്യശാസ്‌ത്രം നേടുന്ന നേട്ടങ്ങളെ പരിചിന്തനം ചെയ്‌ത്‌ ഔദ്യോഗികമായി രാഷ്ട്രത്തെ അറിയിക്കേണ്ട ചുമതല അമേരിക്കയുടെ സുപ്രധാന ഡോക്ടറെന്ന നിലയില്‍ ഇനിമേല്‍ ഡോക്ടര്‍ മൂര്‍ത്തിയ്‌ക്കായിരിക്കും. അദ്ദേഹത്തിന്‌ രാഷ്ട്രത്തിന്റെ മുഴുവനായ ആരോഗ്യ മേഖലകളുടെ പുരോഗതി തേടേണ്ടതുമായ ചുമതലകളുമുണ്ട്‌. കൂടാതെ 6700 മിലിറ്ററി യൂണിഫോമിലുള്ള ഡോക്ടര്‍മാരുടെ ചുമതലയുള്ള വൈസ്‌ അഡ്‌മിറല്‍ കൂടിയായിരിക്കും. വൈസ്‌ അഡ്‌ മിറലിന്റെ നിയന്ത്രണത്തിലുള്ള ഡോക്ടര്‍മാര്‍ ആരോഗ്യ പരിപാലനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 800 സ്ഥലങ്ങളിലായി ജോലി ചെയ്യുന്നുണ്ട്‌.

പൊതു ജനാരോഗ്യ വകുപ്പുമായി ബന്ധപ്പെടുത്തി ഡോ. മൂര്‍ത്തി അനേക ക്ലിനിക്കുകളിലും ഗവേഷണങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉത്തരവാദിത്തപ്പെട്ട ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. മൂര്‍ത്തി ജനിച്ചത്‌ ഇംഗ്‌ള ണ്ടിലായിരുന്നു. അദ്ദേഹത്തിനു മൂന്നു വയസുള്ളപ്പോള്‍ കുടുംബം ഫ്‌ളോറിഡായിലുള്ള മയാമിയില്‍ കുടിയേറി. അദ്ദേഹത്തിന്‍റെ പിതാവും പൂര്‍വിക കുടുംബവും കര്‍ണ്ണാടകയിലെ ഒരു ഗ്രാമ പ്രദേശത്തുനിന്നുള്ളവരായിരുന്നു. ഹാര്‍വാര്‍ഡു യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ ഉടനെ ഇന്ത്യയിലും അമേരിക്കയിലും എയിഡ്‌സ്‌ ബാധകള്‍ തടയാനായി 'വിഷന്‍ ഓഫ്‌ വേള്‍ഡ്‌ വൈഡ്‌' എന്ന സംഘടനയുടെ ഉപസ്ഥാപകനായി പ്രവര്‍ത്തിച്ചു. വര്‍ഷം തോറും ഈ ഡോക്ടര്‍ ഇന്ത്യാ സന്ദര്‍ശിച്ച്‌ പാവങ്ങള്‌ക്ക്‌ സൗജന്യ ചീകത്സ നല്‌കിയിരുന്നു.

കുടിയേറ്റക്കാരുടെ മകനായ ഡോക്ടര്‍ മൂര്‍ത്തി വൈദ്യ ശാസ്‌ത്ര ശുശ്രൂഷകളിലും ആതുര സേവന മേഖലകളിലും എന്നും തല്‌പ്പരനായിരുന്നു. ബാലനായിരുന്നപ്പോള്‍ മുതല്‍ ഒഴിവുള്ള ദിവസങ്ങളില്‍ ഫ്‌ലോറിഡായിലെ മയാമിയില്‍ അദ്ദേഹത്തിന്‍റെ പിതാവിന്റെ മെഡിക്കല്‍ ക്ലിനിക്കലില്‍ ഗവേഷണ കൌതുകത്തോടെ സമയം ചിലവഴിക്കുമായിരുന്നു. മയാമിയിലുള്ള പാല്‍മെറ്റോ സീനിയര്‍ ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഡിഗ്രീ പഠനം ഹാര്‍വാര്‍ഡിലായിരുന്നു. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ഡി.യും എം.ബി..ഏ യും ഒന്നിച്ചു പൂര്‍ത്തിയാക്കി. അവിടെ ഇന്റേര്‍നല്‍ മെഡിസിനില്‍ റെസിഡന്റായും അദ്ധ്യാപകനായും സേവനം ചെയ്‌തു. ക്ലിനിക്കല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനായി ആയിരക്കണക്കിന്‌ രോഗികളെ ശുശ്രൂഷിച്ചു. നൂറു കണക്കിന്‌ റസിഡന്‍സിനും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രായോഗിക പരിശീലനം നല്‌കി. അനേകായിരം രോഗികളെ പരിചരിക്കാന്‍ സാധിച്ചതില്‍ ഡോക്ടര്‍ മൂര്‍ത്തി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളായി കരുതുന്നു.

ഡോക്‌ ടര്‍ മൂര്‍ത്തി ക്ലീനിക്കല്‍ സേവനങ്ങള്‍ക്കുപരി രണ്ടു പതിറ്റാണ്ട്‌ കാലത്തോളം ലോകമാകമാനമുള്ള സമൂഹത്തില്‍ ആരോഗ്യ രക്ഷാ പരിപാലന സേവനത്തിലും മുഴുകിയിരുന്നു. ഇന്ത്യയിലും അമേരിക്കയിലും എയിഡ്‌സ്‌ രോഗ ബാധിതരെ ബോധവാന്മാരാക്കുന്നതിനും അറിവുകള്‍ പ്രദാനം ചെയ്യുന്നതിനും എച്ച്‌ ഐവി, എയിഡ്‌സ്‌ പദ്ധതികളും അതിനായുള്ള സ്ഥാപനങ്ങളും ആരംഭിച്ചു. ഏകദേശം എട്ടു വര്‍ഷക്കാലത്തോളം അങ്ങനെയുള്ള പ്രസ്ഥാനങ്ങളില്‍ നേതൃത്വവും കൊടുത്തു. നിരവധി സംഘടനകളുടെ പ്രസിഡന്റായി നൂറു കണക്കിന്‌ വോളന്റീയര്‍മാരുടെ സഹായത്തോടെ ആതുര സേവനത്തില്‍ 45000 യുവ ജനങ്ങള്‍ക്ക്‌ ഇന്ത്യയിലും അമേരിക്കയിലുമായി പ്രായോഗിക പരിശീലനവും നല്‌കിയിരുന്നു. ആരോഗ്യ പരിപാലനത്തിനായുള്ള 'സ്വാസ്‌ത്തിയ' എന്ന പദ്ധതിയുടെ സഹ സ്ഥാപകന്‍ ഡോക്ടര്‍ മൂര്‍ത്തിയാണ്‌. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലുള്ള സ്‌ത്രീകളെ ഉദ്ദേശിച്ച്‌ ആരോഗ്യ രക്ഷാകാര്യങ്ങളില്‍ പരിശീലന കേന്ദ്രങ്ങളും തുടങ്ങി. അഞ്ചു വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ഇന്ത്യയിലെ സേവന കാലയളവില്‍ പതിനായിരക്കണക്കിന്‌ ഗ്രാമീണ ജനങ്ങള്‍ക്ക്‌ വൈദ്യ സഹായവും ശുശ്രൂഷകളും ലഭിച്ചു.

വൈദ്യശാസ്‌ത്രത്തിലെ ഗവേഷകനെന്ന നിലയില്‍ ഡോ.മൂര്‍ത്തി ശാസ്‌ത്ര മാസികകളിലും അമേരിക്കന്‍ മെഡിക്കല്‍ അസൊസിയേഷന്‍ ബുള്ളറ്റിലിലും നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ജെര്‍ണലിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്കായി ഒരു സോഫ്‌റ്റുവെയറും വികസിപ്പിച്ചെടുത്തു. ലോകം മുഴുവനും മൂര്‍ത്തിയുടെ ക്ലിനിക്കല്‍ സോഫ്‌റ്റ്‌ വെയര്‍ പ്രയോജനപ്പെടുത്തുന്നു. അദ്ദേഹം ആരോഗ്യ മേഖലയിലെ ഒരു വ്യവസായ പ്രമുഖനും വിദഗ്‌ധനുമായി അറിയപ്പെടാനും തുടങ്ങി. 75 രാജ്യങ്ങളിലായി അമ്പതിനായിരം രോഗികള്‍ക്ക്‌ ഈ സോഫ്‌റ്റ്‌ വെയര്‍ കമ്പനി കൊണ്ട്‌ പ്രയോജനമുണ്ടായിട്ടുണ്ട്‌. അമ്പത്‌ സ്‌റ്റേറ്റില്‍ നിന്നായി 16000 ഡോക്ടര്‍മാരുള്ള സംഘടനയുടെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.

അമേരിക്കയിലും ലോകം മുഴുവനുമുള്ള പുകയില ദുരുപയോഗം, മാനസിക രോഗം, ആരോഗ്യ രക്ഷക്കായുള്ള വാസിനേഷന്‍ മുതലായ പദ്ധതികള്‍ക്കായും ഡോ.മൂര്‍ത്തി സര്‍ജന്റ്‌ ജനറല്‍ എന്ന നിലയില്‍ പരിപാടിയിടുന്നുണ്ട്‌. അമേരിക്കന്‍ ജനതയുടെയും ലോകത്തുള്ള മറ്റു ജനതയുടെയും ആരോഗ്യ പരിപാലനമാണ്‌ തന്റെ ലക്ഷ്യമെന്നും മൂര്‍ത്തി കൂടെ കൂടെ പറയാറുണ്ട്‌. അദ്ദേഹത്തെ സര്‍ജന്‍ ജനറലായി നോമിനേറ്റു ചെയ്‌തുകൊണ്ട്‌ പ്രസിഡന്റ്‌ ഒബാമ പറഞ്ഞു, `അമേരിക്കയുടെ ഡോക്ടര്‍ എന്ന നിലയില്‍ 'വിവേക്‌' ഓരോ അമേരിക്കനും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ പരിപാലന സുരക്ഷാ വിവരങ്ങള്‍ക്ക്‌ വഴികാട്ടിയായിരിക്കും. രാജ്യത്തിലെ പൌരന്മാരുടെ ആരോഗ്യ രക്ഷയ്‌ക്കായി അദ്ദേഹത്തിന്‍റെ പ്രായോഗിക ജീവിതത്തില്‍ നേടിയ നേട്ടങ്ങള്‍ വിനിയോഗിക്കുകയും ചെയ്യും. പുതിയ രോഗങ്ങള്‍ നിയന്ത്രിക്കാനും കുട്ടികള്‍ ആരോഗ്യത്തോടെ വളരാനും അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കും `

ഡോ. മൂര്‍ത്തി ഹാര്‍വാര്‍ഡു യൂണി വേഴ്‌സിറ്റിയുടെ ഫാക്കുല്‍റ്റി അംഗമായിരുന്നു. സര്‍ജന്‍ ജനറലായിരുന്ന ബോറിസ്‌ ഡി ലൂഷ്‌നിയാക്കിന്റെ പിന്‌ഗാമിയായി ഈ സ്ഥാനം വഹിക്കുന്നു. മൂര്‍ത്തി അവിവാഹിതനാണ്‌. സസ്യാഹാരം മാത്രം കഴിക്കുന്ന അദ്ദേഹത്തിന്‍റെ ഫ്രിഡ്‌ജിനുള്ളില്‍ ആല്‍മണ്ട്‌ മില്‍ക്ക്‌, പച്ച കാരറ്റ്‌, പ്രോട്ടീനുള്ള മറ്റു ധാന്യങ്ങള്‍ മുതലായ ആഹാര പദാര്‍ത്ഥങ്ങള്‍ നിറച്ചിരിക്കും. കൂടാതെ യോഗയും ധ്യാനവും അദ്ദേഹത്തിന്‍റെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്‌. ചുരുക്കത്തില്‍ രാജ്യത്തിന്റെ ഉന്നത പോസ്റ്റില്‍ നിയമിതനായിരിക്കുന്ന ഈ യുവാവില്‍ അമേരിക്കന്‍ ജനതയ്‌ക്കാവശ്യമായ എല്ലാ ആരോഗ്യ പരിപാലന വിവരങ്ങളുമുണ്ട്‌.

ഇന്നുള്ള വ്യവസ്ഥിതികളില്‍ നിന്നും ഹെല്‍ത്ത്‌കെയര്‍ നയങ്ങളില്‍ മാറ്റം വരുത്തി രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്ന്‌ ഡോ.മൂര്‍ത്തി ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്‍റെ നിയമനം സെനറ്റ്‌ ഒരു വര്‍ഷത്തോളം തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. തോക്കുകള്‍ക്ക്‌ നിയന്ത്രണം വേണമെന്നുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ യഥാസ്ഥിതിക റിപ്പബ്ലിക്കന്‍ ലോകം അംഗീകരിക്കാന്‍ തയാറായില്ല. തോക്കുധാരികളുടെ നിയമ ലംഘനങ്ങള്‍ മൂലം അപകടങ്ങള്‍ ഉണ്ടാകുന്ന സഥിതിവിശേഷങ്ങള്‍ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നമായി കരുതണമെന്ന മൂര്‍ത്തിയുടെ പ്രസ്‌താവന വിവാദമായി തീരുകയും ചെയ്‌തു. തോക്കുകള്‍ കൈവശം വെയ്‌ക്കുന്നവര്‍ ദുരുപയോഗം ചെയ്യുന്നത്‌ പൊതു ജനാരോഗ്യ പ്രശ്‌നമായി കരുതണമെന്നാണ്‌ മൂര്‍ത്തി ആവശ്യപ്പെട്ടിരിക്കുന്നത്‌. സുരക്ഷിതയുടെ പേരില്‍ തോക്കുധാരികള്‍ അനേകരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നു. കൈകാലുകള്‍ വിച്ഛേദിക്കപ്പെടുന്നു. പ്രതിരോധ നിവാരണങ്ങള്‍ നടത്താറുള്ള ഡയബിറ്റീസ്‌ പോലെയോ ഹൃദയാഘാതം പോലെയോ തോക്കുകളെ നിയന്ത്രിക്കണമെന്ന്‌ മൂര്‍ത്തി പറയുന്നു. തോക്കുകളെ നിയന്ത്രിച്ച്‌ നിവാരണ മാര്‍ഗങ്ങള്‍ ആരാഞ്ഞാല്‍ അനേകരുടെ ജീവനെ രക്ഷപ്പെടുത്താന്‍ സാധിക്കും. മോട്ടോര്‍ അപകടങ്ങളും പൊതു നിരത്തിലെ ആക്രമങ്ങളും ഒഴിവാക്കാന്‍ നിയമങ്ങളുണ്ട്‌. അതുപോലെ തോക്കുകള്‍ കൈവശം വെക്കുന്നവരുടെ കാര്യത്തിലും നിയന്ത്രണം വേണമെന്ന വാദഗതിയില്‍ ഇന്നും അദ്ദേഹം ഉറച്ചു നില്‌ക്കുന്നു. തോക്കുകളുടെ നശീകരണത്തില്‍നിന്നും മുക്തി നേടി തോക്കുകള്‍ മൂലം പ്രതിരോധമില്ലാതെ അനേകര്‍ മരിക്കുന്നുണ്ടെങ്കില്‍ അത്‌ സമൂഹത്തിന്റെ പ്രശ്‌നമാണ്‌. ജീവന്റെ വെല്ലുവിളികളില്‍ നല്ലൊരു ഡോക്ടര്‍ അതിന്റെ മദ്ധ്യ വഴിയേ തന്നെ സഞ്ചരിക്കും.

സര്‍ജന്റ്‌ ജനറലായി സത്യ പ്രതിജ്ഞ ചെയ്‌ത ശേഷം ഡോ. മൂര്‍ത്തി പറഞ്ഞു, `രാജ്യത്തിലെ ഓരോ പൌരനും ഇവിടെ നിലകൊള്ളുന്ന ഓരോ സ്ഥാപനങ്ങളും ഭരണ സംവിധാന ഘടകങ്ങളും സ്വയം ചോദിക്കേണ്ട ചോദ്യം, നമ്മുടെ രാജ്യത്തിന്റെ ശക്തിയും ആരോഗ്യവും എങ്ങനെ വര്‍ദ്ധിപ്പിക്കണമെന്നുള്ളതായിരിക്കണം. നാം ഇന്നു നേരിടുന്ന ആരോഗ്യ രക്ഷാ വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിന്‌ ആവശ്യമായുള്ളതു കൂടുതല്‍ ഹോസ്‌പിറ്റലുകളും ക്‌ളിനിക്കലുകളുമല്ല . എന്റെ ജീവിതാനുഭവത്തില്‍ അനേകായിരം രോഗികളെ ഞാന്‍ കണ്ടിട്ടുണ്ട്‌. രോഗങ്ങളാല്‍ വലയുന്ന രോഗികളുടെ വേദനകളും ദുഖങ്ങളും ഞാന്‍ കാണുന്നു. അവരില്‍ ഭൂരിഭാഗം പേരുടെയും രോഗ നിവാരണത്തിനുള്ള മാര്‍ഗങ്ങള്‍ മുന്‍ കൂട്ടി കണ്ടിരുന്നുവെങ്കില്‍ നിത്യേന കഷ്ടപ്പെടുന്നവരായ ഈ രോഗികള്‍ ദുരിതങ്ങളും പേറി ജീവിക്കേണ്ടി വരില്ലായിരുന്നു. നമുക്ക്‌ രോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ പദ്ധതികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന്‌ കാണുന്ന രോഗങ്ങളെല്ലാം അമേരിക്കന്‍ മണ്ണില്‍നിന്നു തുടച്ചു മാറ്റാന്‍ കഴിയുമായിരുന്നു. ഇത്രമാത്രം ഭീമമായ ആരോഗ്യ പദ്ധതികള്‍ക്കായുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ചെലവാക്കേണ്ടി വരില്ലായിരുന്നു.'

ഒരു രോഗ നിവാരണ സമൂഹം കെട്ടി പെടുക്കുവാനുള്ള ഉദ്യമത്തില്‍ ഹോസ്‌പിറ്റല്‍, ക്ലിനിക്കല്‍, വിദ്യാലയങ്ങള്‍ , തൊഴില്‍ ദാദാവ്‌, മത സ്ഥാപനങ്ങള്‍ എന്തു തന്നെയാവട്ടെ ഓരോ സ്ഥാപനങ്ങള്‍ക്കും രാഷ്ട്രത്തിന്റെ ആരോഗ്യ പരിപാലനത്തില്‍ സുപ്രധാന പങ്ക്‌ വഹിക്കാന്‍ സാധിക്കുമെന്നും മൂര്‍ത്തി കരുതുന്നു. ഹോസ്‌പിറ്റലുകളും ക്ലിനിക്കും പാരമ്പര്യമായി ആരോഗ്യ മേഖലകളിലെ പങ്കാളികളാണെങ്കിലും ഓരോരുത്തരുടെയും സ്വകാര്യ ജീവിതം നിയന്ത്രിക്കുന്നത്‌ അവരവരു തന്നെയാണ്‌. എന്താണ്‌ ഭക്ഷിക്കേണ്ടത്‌, സിഗററ്റ്‌ വലിക്കണോ, മയക്കു മരുന്നുകളുടെ ഉപയോഗം മുതലായ വ്യക്തിഗത തീരുമാനങ്ങള്‍ ഹോസ്‌പ്പിറ്റലുകളുടെയോ ക്ലിനിക്കലുകളുടെയോ സ്വാധീന വലയത്തില്‍ പെടുന്നതല്ല. പലപ്പോഴും ചുറ്റുമുള്ള സമൂഹത്തിന്റെ സ്വാധീനവും കാണാം. ജോലിസ്ഥലത്തു കാഫീറ്റിരിയായില്‍ നിന്നു ലഭിക്കുന ഭക്ഷണം നമ്മുടെ ഭക്ഷണ രീതികള്‍ക്ക്‌ മാറ്റം വരുത്താം.സ്‌കൂളില്‍ ആണെങ്കിലും എന്ത്‌ കഴിക്കണമെന്നതും മറ്റുള്ളവരുടെ സ്വാധീന വലയങ്ങളില്‍ ഉള്‍പ്പെടാം. കൂട്ടുകാരും കുടുംബത്തിലെ മറ്റു ചിലരുടെ പ്രവര്‍ത്തനങ്ങളും സ്വാധിനിച്ചേക്കാം. അങ്ങനെ സമൂഹത്തിന്‍റെ സ്വാധീന വലയത്തില്‍പ്പെട്ടും നമ്മുടെ ആരോഗ്യത്തിന്റെ ഹാനിയില്‍ പ്രതിഫലനമുണ്ടാകാം. അതിനായി സമൂഹത്തിന്റെ മുഴുവന്‍ ആരോഗ്യ രക്ഷയ്‌ക്കായി ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്‌. ഡോക്ടര്‍ മൂര്‍ത്തി ഓരോ വ്യവസായ ശാലകളിലും വ്യായാമ പരിശീലനങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. ഇരുന്നുകൊണ്ട്‌ ജോലി ചെയ്യുന്നതിനു പകരം നടന്നു കൊണ്ട്‌ ജോലി ചെയ്യുന്ന പദ്ധതികളും ആവിഷ്‌ക്കരിക്കാന്‍ താല്‌പര്യപ്പെടുന്നു. വ്യായാമത്തില്‍ക്കൂടി ദേഹ പരിപാലന മാത്രമല്ല മാനസികമായ ഒരു ഉല്ലാസവും ലഭിക്കുമെന്ന്‌ ഡോ മൂര്‍ത്തി കരുതുന്നു .

മതം പ്രസംഗിക്കുന്നവര്‍ രോഗങ്ങളെയും മാനസിക രോഗങ്ങളെയും പറ്റി തെറ്റായ ധാരണകള്‍ രോഗികളെ ധരിപ്പിക്കുന്നതും ആരോഗ്യ പ്രതിരോധത്തിന്‌ തടസമാണെന്ന്‌ മൂര്‍ത്തി അഭിപ്രായപ്പെട്ടു. മാനസിക അസുഖം ഉള്ളവരെ പിശാചിന്റെ ബാധയെന്നു പറഞ്ഞ്‌ പരസ്‌പര വിരുദ്ധമായി രോഗ വിവരങ്ങള്‍ നല്‌കി അവരെ പീഡിപ്പിക്കാറുണ്ട്‌. അവര്‍ക്കാവശ്യമുള്ള മാനസികാരോഗ്യം മത വചന പ്രഘോഷകര്‍ കൊടുക്കാറുമില്ല. തെറ്റായ വിവരങ്ങള്‍ നല്‌കുന്ന മത പ്രഭാഷകരെ സമൂഹം ഒറ്റപ്പെടുത്തണം. മാനസിക അസുഖമെന്നുള്ളത്‌ എല്ലാ മനുഷ്യര്‍ക്കും ഓരോ വിധത്തിലുള്ളതാണ്‌. മാനസിക സമതുലനാവസ്ഥ നഷ്ടപ്പെട്ടവരും അവരുടെ കുടുംബാംഗങ്ങളും ഈ അസുഖത്തെ ആദ്യത്തെ സ്‌റ്റേജില്‍ ഒളിച്ചുവെക്കാറുണ്ട്‌. അത്തരം രോഗങ്ങളെ രോഗമായി കണ്ട്‌ സമൂഹത്തെ ബോധവാന്മാരാക്കി മനസിനെ ആരോഗ്യപ്രദമാക്കാനുള്ള പ്രായോഗിക വശങ്ങളും ഡോ. മൂര്‍ത്തി ആരായുന്നുണ്ട്‌.

സര്‍ജന്‍ ജനറലെന്ന നിലയില്‍ ആരോഗ്യ രക്ഷാപരിപാലനത്തിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അവര്‍ക്ക്‌ നേതൃത്വം കൊടുത്ത്‌, പ്രവര്‍ത്തനങ്ങളെ സമൂഹത്തിന്റെ നാനാ തുറകളില്‍ വ്യാപിപ്പിക്കുകയുമെന്നതാണ്‌ മൂര്‍ത്തിയുടെ ലക്ഷ്യം. അതിനായി സംഘടനാ തലങ്ങളിലുള്ളവരെയും തൊഴില്‍ ദാതാക്കളെയും സമൂഹത്തെയും ഒരേ മേശയ്‌ക്കു ചുറ്റുമിരുത്തി ചര്‍ച്ചകളും ആവശ്യമാണ്‌. 'ഇരുന്നു കൊണ്ടുള്ള മീറ്റിംഗുകളെക്കാള്‍ നടന്നുകൊണ്ടുള്ള മീറ്റിംഗ്‌, തൊഴില്‍ ശാലകളില്‍ നടപ്പ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുക, കമ്പനികളിലെ കാഫീറ്റീരിയായിലും മെഷീനുകളിലും ആരോഗ്യ പ്രദമായ ഭക്ഷണം വിതരണം ചെയ്യുക, തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്ന കാര്യത്തില്‍ കമ്പനികളും സ്ഥാപനങ്ങളും കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കുക മുതലായവകള്‍ ഡോ. മൂര്‍ത്തിയുടെ നിര്‍ദ്ദേശങ്ങളാണ്‌. സ്‌കൂള്‍ കുട്ടികളുടെയിടയില്‍ സിഗരറ്റ്‌ വലിയില്‍ നിന്നും മുക്തി നേടാന്‍ വ്യാപകമായ 'ഈ സിഗരറ്റ്‌' ഉപയോഗത്തിലുണ്ട്‌. 'ഈസിഗരറ്റിന്റെ ദൂഷ്യ ഫലങ്ങളെ ശാസ്‌ത്രീയമായി വിലയിരുത്തണമെന്ന്‌ ഡോ.മൂര്‍ത്തി അഭിപ്രായപ്പെടുന്നു. സ്ഥിരമായി സിഗരറ്റ്‌ വലിക്കുന്നവര്‍ക്ക്‌ പുകവലി നിര്‍ത്താന്‍ 'ഈ സിഗരറ്റ്‌' പ്രയോജനപ്പെടുമോയെന്ന്‌ ഇനിയും ഗവേഷണങ്ങള്‍ നടത്തേണ്ടതായുണ്ട്‌. ശാസ്‌ത്രീയ കാഴ്‌ചപ്പാടില്‍ 'ഈ സിഗരറ്റിന്‌' മറ്റു ദോഷ വശങ്ങളില്ലെങ്കില്‍ മാര്‍ക്കറ്റില്‍ ആകാമെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടു.

വിവാദങ്ങളില്‍ നീണ്ട കാലം കുരുങ്ങി കിടന്ന മൂര്‍ത്തിയുടെ പുതിയ സ്ഥാനലബ്ധിയില്‍ വിമര്‍ശകരുമുണ്ട്‌. 2009ല്‍ ഡോ. സജയ ഗുപ്‌തയെ സര്‍ജന്റ്‌ ജനറല്‍ സ്ഥാനത്തേയ്‌ക്ക്‌ നോമിനേറ്റു ചെയ്യാന്‍ തീരുമാനങ്ങളുണ്ടായിരുനു. അനേക വര്‍ഷങ്ങള്‍ ന്യൂറോ സര്‍ജനായി മെഡിക്കല്‍ ലോകത്ത്‌ പ്രവര്‍ത്തിച്ച അദ്ദേഹം ആ സ്ഥാനത്തേയ്‌ക്ക്‌ അര്‍ഹനായിരുന്നു. കൂടാതെ ലോകം മുഴുവന്‍ സഞ്ചരിച്ച്‌ ജനങ്ങളുടെ ആരോഗ്യ നിലവാരത്തെ നല്ലവണ്ണം വിലയിരുത്തിയ അമേരിക്കയുടെ പ്രതാപവാനായ ഒരു ഡോക്ടറുമായിരുന്നു. എന്തുകൊണ്ടും ആ സ്ഥാനത്തിന്‌ യോഗ്യനായ അദ്ദേഹത്തെ രാഷ്ട്രീയ ബലിയാടാക്കുകയാണുണ്ടായത്‌.

ഡോ.മൂര്‍ത്തി രാജ്യത്തിന്റെ മഹാ ഡോക്ടറാകാന്‍ യോഗ്യനല്ലെന്നാണ്‌ മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്‌. മുപ്പത്തിയേഴ്‌ വയസുകാരനായ അദ്ദേഹം ലോകപ്രസിദ്ധമായ ഹാര്‍വാര്‍ഡ്‌, യേല്‍ യൂണിവെഴ്‌സിറ്റികളില്‍ നിന്നും ഡിഗ്രീയെടുത്തുവെന്നത്‌ ശരി തന്നെ. അതിനുള്ള ക്രഡിറ്റും അദ്ദേഹത്തിനു കൊടുക്കണം. പക്ഷെ പേരു കേട്ട ഒരു മെഡിക്കല്‍ സ്‌കൂള്‍ നല്ലൊരു ഡോക്ടറെ സൃഷ്ടിക്കണമെന്നില്ല. ഒരു ഡോക്ടറെന്നു പറഞ്ഞാല്‍ സ്വന്തം ജീവിതം മുഴുവന്‍ രോഗികളെ സുഖപ്പെടുത്തുന്നതിനു വേണ്ടി അര്‍പ്പിതമായ മനസോടെ പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം. ഒറ്റ രാത്രി കൊണ്ട്‌ ആ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കില്ല. അമേരിക്കയുടെ സര്‍ജന്‍ ജനറലിന്റെ പ്രധാന കടമ രോഗങ്ങളെ തടയാനുള്ള ശാസ്‌ത്രീയ വശങ്ങള്‍ പൊതു ജനങ്ങളെ ബോധവല്‌ക്കരിക്കുകയെന്നതാണ്‌.കൂടാതെ സ്വന്തം നാട്ടിലും വിദേശത്തും ജോലി ചെയ്യുന്ന നൂറു കണക്കിന്‌ യൂണിഫോം ധരിച്ച മെഡിക്കല്‍ ഡോക്ടര്‍മാരുടെ നിയന്ത്രണവും സര്‍ജന്റ്‌ ജനറാലിന്റെ ചുമതലകളിലുള്ളതാണ്‌. വോളന്റീയേഴ്‌സും രാജ്യത്തെ രോഗ വിമുക്തമാക്കുന്ന സന്നദ്ധ സേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവരുടെ ചുമതലകളും സര്‍ജന്റ്‌ ജനറലിനാണ്‌. ഇതെല്ലാം നിയന്ത്രിക്കാന്‍ മൂര്‍ത്തി യോഗ്യനോയെന്നാണ്‌ വിവാദമായിരിക്കുന്നത്‌. വിമര്‍ശകരുടെ കാഴ്‌ചപ്പാടില്‍ ഒരു മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭരണത്തില്‍ ഇരിക്കാന്‍ പോലും അദ്ദേഹം യോഗ്യനല്ല.

സാധാരണ, ഒരു യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍ മെഡിസിന്‍, സര്‍ജറി, അനസ്‌തിയോളജി, ട്രൌമ എന്നിങ്ങനെ അനേക ഡിപ്പാര്‍ട്ടുമെന്റുകളായി തരം തിരിച്ചിരിക്കും. ഒരേ കെട്ടിടത്തിനുള്ളില്‍ ചില ഡിപ്പാര്‍ട്ടുമെന്റില്‍ രണ്ടും മൂന്നും ഡോക്ടര്‍മാരും മറ്റു ചിലയിടങ്ങളില്‍ നൂറു കണക്കിന്‌ ഡോക്ടര്‍മാരും ശാസ്‌ത്രജ്ഞരും ജോലി ചെയ്യുന്നുണ്ട്‌. ഓരോ ഡിപ്പാര്‍ട്ട്‌മെന്റിനും അതാതു വിഷയങ്ങളില്‍ നിപുണരായ ചെയര്‍മാന്മാരും കാണും. അനേക വര്‍ഷങ്ങള്‍ ക്ലിനിക്കല്‍ പരിചയമുള്ളവരാണ്‌ അത്തരം സ്ഥാനങ്ങള്‍ വഹിക്കാറുള്ളത്‌. ചെയര്‍മാനെ സാധാരണ ക്ലിനിക്കല്‍ പരിചയമുള്ളവരും ശാസ്‌ത്രജ്ഞരും കൂടിയ കമ്മറ്റിയാണ്‌ തെരഞ്ഞെടുക്കാറുള്ളത്‌. യുവാവായ മൂര്‍ത്തി ഒരു മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ നിയന്ത്രിക്കാനോ അക്കാഡമിക്ക്‌ മെഡിക്കല്‍ സെന്റര്‍ മാനേജു ചെയ്യാന്‍ പോലുമോ യോഗ്യനല്ല. ഡോക്ടറെന്ന നിലയില്‍ സമൂഹത്തിന്‌ കാര്യമായ ഒന്നും അദ്ദേഹത്തിന്‌ സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരു മെഡിക്കല്‍ നേതാവാകാന്‍ കാര്യമായ മെഡിക്കല്‍ ബുക്കുകളോ, മെഡിക്കല്‍ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുമില്ല.

2008 മുതല്‍ ഡോ. മൂര്‍ത്തിയുടെ ഔദ്യോഗിക ജോലികള്‍ രാഷ്ട്രീയ അജണ്ടയില്‍ അര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു. അമേരിക്കയില്‍ ഡോകടര്‍മാരുടെ ഗ്രൂപ്പുണ്ടാക്കിയും അവരുടെ സഹായത്തോടെ ഒബാമാ കെയറിനുവേണ്ടി പ്രചരണം നടത്തുകയുമായിരുന്നു. അന്നത്തെ രാഷ്ട്രീയ പ്രചരണം കൊണ്ട്‌ വിസ്‌മയകരമായ വിധം ഡോ. മൂര്‍ത്തിയ്‌ക്ക്‌ പ്രതിഫലം ലഭിക്കുകയും ചെയ്‌തു. തന്മൂലം 'വൈസ്‌ അഡ്‌മിറല്‍ സര്‍ജന്‍ ജനറല്‍' എന്ന ഔദ്യോഗിക സ്ഥാനം നേടുകയും ചെയ്‌തു. 'ഹെല്‍ത്ത്‌ കെയര്‍' എന്നുള്ളത്‌ രാഷ്ട്രീയമായി മാറി. ഉത്തരവാദിത്തപ്പെട്ട ഈ വലിയ പോസ്റ്റ്‌ രാഷ്ട്രീയത്തെക്കാളുപരി ശാസ്‌ത്രീയ നേട്ടങ്ങള്‍ക്ക്‌ പരിഗണന നല്‍കണമായിരുന്നു. ഡോ മൂര്‍ത്തിക്ക്‌ ലഭിച്ച അമേരിക്കയുടെ ഈ വലിയ ഔദ്യോഗിക പദവി തികച്ചും രാഷ്ട്രീയത്തില്‍ അടിമപ്പെട്ട വ്യക്തിപരമായ നിയമനം മാത്രമായി നിരീക്ഷകര്‍ കരുതുന്നു.
സര്‍ജന്‍ ജനറല്‍ ഡോ. വിവേക്‌ മൂര്‍ത്തി (ഒരു അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)സര്‍ജന്‍ ജനറല്‍ ഡോ. വിവേക്‌ മൂര്‍ത്തി (ഒരു അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)സര്‍ജന്‍ ജനറല്‍ ഡോ. വിവേക്‌ മൂര്‍ത്തി (ഒരു അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)സര്‍ജന്‍ ജനറല്‍ ഡോ. വിവേക്‌ മൂര്‍ത്തി (ഒരു അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക