Image

ലക്ഷ്മണയുടെ ജാമ്യാപേക്ഷ 23-ന് പരിഗണിക്കും

Published on 06 January, 2012
ലക്ഷ്മണയുടെ ജാമ്യാപേക്ഷ 23-ന് പരിഗണിക്കും
കൊച്ചി: നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ്‌ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ പോലീസ് ഐജി ലക്ഷ്മണ (74) നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി ജനവരി 23-ലേക്ക് മാറ്റി. പ്രസ്തുത കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സി.ബെ.ഐയ്ക്ക് കൂടുതല്‍ സമയം നല്‍കുകയായിരുന്നു കോടതി.

1970 ഫിബ്രവരി 18ന് അന്ന് ഡിവൈ.എസ്.പി.യായിരുന്ന ലക്ഷ്മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് ഒന്നാം പ്രതി മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. രാമചന്ദ്രന്‍ നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ വിചാരണ നേരിട്ടില്ല.

ലക്ഷ്മണയുടെ കൈകളില്‍ വെറുമൊരു പാവയായിരുന്ന രാമചന്ദ്രന്‍ നായരാണ് വര്‍ഗീസിനെ കൊലപ്പെടുത്തിയതെന്ന് സംശയാതീതമായി തെളിയുന്നുവെന്ന് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ വിധിയില്‍ വ്യക്തമാക്കിയിരുന്നു. ''കൊലയ്ക്ക് പദ്ധതിയിട്ടത് ലക്ഷ്മണയാണ്. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടുവെന്ന പോലീസിന്റെ നിലപാട് കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ മാത്രമായിരുന്നു'', വിധിയില്‍ പറയുന്നു.

നെഞ്ചില്‍ വെടിയേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് നേരില്‍ കണ്ടത് അന്നത്തെ സിആര്‍പി കോണ്‍സ്റ്റബിള്‍ വിതുര സ്വദേശി ഹനീഫയാണ്. നടന്ന സംഭവങ്ങള്‍ ഈ ദൃക്‌സാക്ഷി കോടതിയില്‍ വിശദീകരിച്ചിരുന്നു. വര്‍ഗീസിനെ കൊല്ലാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ലക്ഷ്മണ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ ആജ്ഞ നല്‍കുന്നത് ഹനീഫയുടെ മൊഴിയില്‍ നിന്ന് തെളിയുന്നുണ്ടെന്ന് കോടതി പറഞ്ഞിരുന്നു.

കൊലപാതകം ലക്ഷ്മണ തന്നെ നടത്തിയതിന് തുല്യമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെന്ന് കോടതി തെളിവുകള്‍ വിലയിരുത്തി കോടതി ചൂണ്ടിക്കാട്ടി. പോലീസുമായി വര്‍ഗീസ് ഏറ്റുമുട്ടാനുള്ള സാധ്യത വളരെ വിദൂരമായിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതിയുടെ 1999ലെ ഉത്തരവ് അനുസരിച്ചാണ് വര്‍ഗീസ് കൊലക്കേസ് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് അന്വേഷിച്ചത്. അടിയന്തരാവസ്ഥ കാലത്തെ രാജന്‍ കൊലക്കേസിലും ലക്ഷ്മണ പ്രതിയായിരുന്നുവെങ്കിലും കേസ് വിചാരണ ചെയ്ത കോയമ്പത്തൂര്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ വെറുതെവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക