Image

അതിവേഗം സൂപ്പര്‍താരമാകുന്ന നിവിന്‍ പോളി (ജയമോഹനന്‍ എം)

Published on 13 June, 2015
അതിവേഗം സൂപ്പര്‍താരമാകുന്ന നിവിന്‍ പോളി (ജയമോഹനന്‍ എം)
മലയാള സിനിമയുടെ ചരിത്രത്തില്‍ നിവിന്‍ പോളിയുടെ വേഗത്തില്‍ സൂപ്പര്‍താരമായ മറ്റൊരു നടനുമില്ല. താരങ്ങള്‍ സ്വന്തം ചിലവില്‍ സൂപ്പര്‍താരം എന്ന ലേബലൊട്ടിക്കുന്ന ഫാന്‍സ്‌ വിദ്യയെക്കുറിച്ചല്ല പറഞ്ഞത്‌. സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ട്‌ സൂപ്പര്‍താര പദവിയിലേക്കുള്ള വളര്‍ച്ചയെക്കുറിച്ചാണ്‌. മുമ്പ്‌ മോഹന്‍ലാലും മമ്മൂട്ടിയും സാധിച്ചത്‌ ഇന്ന്‌ നിവിന്‍ പോളിക്ക്‌ സാധിക്കുന്നു എന്നു തന്നെ പറയാം. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ അഭിനയ മികവിനെയല്ല താരതമ്യം ചെയ്യുന്നത്‌ മറിച്ച്‌ ലാലും മമ്മൂട്ടിയും താരപദവിയിലേക്ക്‌ വളര്‍ന്ന വേഗത്തെക്കുറിച്ചാണ്‌. അതുപോലെയൊന്ന്‌ സാധ്യമായിരിക്കുകയാണ്‌ ഇന്ന്‌ നിവിന്‍ പോളിക്ക്‌.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ താരപദവിയിലേക്ക്‌ വളര്‍ന്നു വന്ന സുരേഷ്‌ ഗോപി ദിലീപ്‌ തുടങ്ങിയവര്‍ക്കും കാത്തിരിപ്പുകള്‍ ഏറെ വേണ്ടി വന്നു. പൃഥ്വിരാജ്‌, ജയസൂര്യ താരങ്ങള്‍ക്ക്‌ പോലും സ്വന്തമായി മലയാള സിനിമയില്‍ ഒരു സ്‌പെയിസ്‌ ഉറപ്പിക്കാന്‍ വര്‍ഷങ്ങളും മുപ്പതും നാല്‌പതും സിനിമകളുമെടുത്തു. എന്നാല്‍ നിവന്‍ പോളി വെറും നാല്‌ വര്‍ഷങ്ങളും പതിനാറ്‌ സിനിമകളും കൊണ്ട്‌ പൃഥ്വിരാജിനൊപ്പം എത്തിയിരിക്കുന്നു.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷന്‍ റിക്കോര്‍ഡ്‌ നേടിയ ദൃശ്യത്തെ നിവിന്‍ പോളിയുടെ പ്രേമം മറികടക്കുമ്പോള്‍ സൂപ്പര്‍താര പദവിക്ക്‌ ദൃഷ്‌ടാന്തങ്ങള്‍ ഇനി എന്താണ്‌ വേണ്ടത്‌. ഫേസ്‌ബുക്കീല്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും മീതെ ഇരുപത്‌ ലക്ഷം ഫോളവേഴ്‌സുമായി നിവിന്‍ പോളി നടന്നു കയറുമ്പോള്‍ ഉറപ്പായും പറയേണ്ടി വരുന്ന നിവിന്‍ പോളി ഒരു സൂപ്പര്‍താരമായിരിക്കുന്നു.

ആത്യാവശ്യം കോമഡിയും പ്രേമവുമെല്ലാം കാണിച്ചു നടക്കുന്ന യുവതാരത്തില്‍ നിന്നും നിവിന്‍ പോളി തന്റെ റേഞ്ച്‌ വര്‍ദ്ധിപ്പിച്ചത്‌ 1983 എന്ന സിനിമയില്‍ തന്നെ കണ്ടതാണ്‌. 1983യിലെ രമേശന്‍ മൂന്ന്‌ വ്യത്യസ്‌ത കാലങ്ങളെയും പ്രായങ്ങളെയും അടയാളപ്പെടുത്തുന്ന നടനായിരുന്നു. രമേശന്റെ പ്‌സ്‌ടു പ്രായം മുതല്‍ നല്‌പത്‌ വയസു വരെയുള്ള പ്രായം മനോഹരമായി തന്നെ നിവിന്‍ പോളി അവതരിപ്പിച്ചു. ഇപ്പോള്‍ പ്രേമത്തിലും പ്ലസ്‌ടു മുതല്‍ മുപ്പത്‌ വയസുകാരന്റെ പ്രായം വരെ അവതരിപ്പിച്ചു. മനോഹരമായി തന്നെ ഇത്രയും സങ്കീര്‍ണ്ണമായ അവസ്ഥകളെ മറികടക്കാന്‍ നിവിന്‍ പോളിക്ക്‌ കഴിയുന്നു എന്നിടത്താണ്‌ നിവിന്‍ പോളിയിലെ അഭിനേതാവ്‌ മികച്ചു നില്‍ക്കുന്നത്‌.

ഇവിടെ നിവിന്‍ പോളിയെ തന്റെ സമകാലീകരായ ദുള്‍ക്കര്‍ സല്‍മാനുമായും ഫഹദ്‌ ഫാസിലുമായും താരതമ്യം ചെയ്‌താല്‍ നിവിന്‍ ബഹുദൂരം മുമ്പില്‍ തന്നെയാണെന്ന്‌ മനസിലാക്കാം. വടക്കന്‍ സെല്‍ഫിയും പ്രേമവും നേടുന്ന ഇന്‍ഷ്യല്‍ നേടാന്‍ ഫഹദിന്റെയും ദുള്‍ക്കറിന്റെയും ഒരു സിനിമക്ക്‌ പോലും ഇതേ വരെ കഴിഞ്ഞിട്ടില്ല.

നിവിന്റെ സീനിയേഴ്‌സായ പൃഥ്വിരാജിനും ജയസൂര്യക്കും ഇത്രയും മികച്ച കളക്ഷന്‍ റിക്കോര്‍ഡ്‌ സ്വന്തം നിലയില്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന്‌ സംശയം. ഇവിടെയാണ്‌ നിവിന്‍ പോളി എന്ന താരത്തിന്‌ പ്രസക്തിയേറുന്നത്‌. തൊണ്ണൂറുകളുടെ അവസാനം പറക്കും തളിക എന്ന സിനിമയിലൂടെ ദിലീപ്‌ എന്ന താരം ഉയര്‍ന്നു വന്നത്‌ പോലെ നിവിന്‍ പോളി സ്വതസിദ്ധമായ ശൈലിയും സിനിമകളും കൊണ്ട്‌ ഉയര്‍ന്നു വരുന്നു എന്നതാണ്‌ ഏറെ ശ്രദ്ധേയമായിട്ടുള്ളത്‌. അതിലേറ്റവും പ്രധാനം കോമഡിക്കും ആക്ഷനും നിവിന്‍ പോളിക്ക്‌ സ്വന്തമായ ഒരു ശൈലിയുണ്ട്‌ എന്നതാണ്‌.

പോലീസ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ സുരേഷ്‌ ഗോപിയെ അനുകരിക്കുക എന്നതാണ്‌ എപ്പോഴും മലയാള സിനിമയിലെ യുവതാരങ്ങള്‍ ചെയ്‌തിരുന്നത്‌. അത്‌ പോലെ പ്രണയ നായകനാകുവാന്‍ പറഞ്ഞാല്‍ മോഹന്‍ലാലിലേക്കും തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണനിലേക്കും കൂടുമാറും. എന്നാല്‍ നിവിന്‍ പോളിയുടെ തല്ലും പ്രേമവും ഇങ്ങനെ മുന്‍താരങ്ങളുടെ ശൈലി ഭാരമുള്ളതല്ല. അത്‌ ലളിതവും മുന്‍പ്‌ കണ്ടിട്ടില്ലാത്തതുമാണ്‌.

വിനീത്‌ ശ്രീനിവാസന്റെ കണ്ടെത്തലാണ്‌ നിവിന്‍ പോളിയെന്ന താരം. മലര്‍വാടി ആര്‍ട്ടിസ്‌ ക്ലബ്‌ എന്ന സിനിമയിലൂടെ വിനീത്‌ അവതരിപ്പിച്ച നായകന്‍. കൂട്ടായ്‌മയുടെ വിജയം നിവിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ എല്ലായിടത്തും കാണാം. തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രത്തിലെ വിനോദ്‌ എന്ന കഥാപാത്രമാണ്‌ പിന്നീട്‌ നിവിനെ സൂപ്പര്‍താരമാക്കി മാറ്റിയത്‌. യുവാക്കളുടെ ഹരമായി മാറാന്‍ നിവിന്‌ തട്ടത്തിന്‍ മറയത്ത്‌ ധാരാളമായിരുന്നു. തട്ടത്തിന്‍ മറയത്തിന്റെ വിജയം ആവര്‍ത്തിക്കുവാന്‍ നിവിന്‌ ലഭിച്ച ചിത്രമായിരുന്നു 1983. മികച്ച പ്രകടനം കൊണ്ട്‌ നിവിന്‍ ചിത്രം അതിഗംഭീരമാക്കി. പിന്നീട്‌ ഓം ശാന്തി ഓശാന എന്ന ചിത്രമെത്തിയപ്പോഴേക്കും നിവിന്‍ പ്രേക്ഷകരുടെ ഹരമായി മാറി. വടക്കന്‍ സെല്‍ഫിക്ക്‌ ലഭിച്ച മികച്ച ഇന്‍ഷ്യല്‍ ഒരു താരത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്നതായിരുന്നു.

ഇപ്പോള്‍ പ്രേമം മലയാള സിനിമ ഇതിനു മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിജയം നേടുമ്പോള്‍ നിവിന്‍ പോളി സൂപ്പര്‍താരമായി മാറിക്കഴിഞ്ഞുവെന്ന്‌ നിസംശയം പറയാം.

എന്നാല്‍ നിവിന്‍ തന്റെ റേഞ്ച്‌ പ്രകടിപ്പിക്കേണ്ടത്‌ ഇനിയുമാണ്‌ എന്നതാവും നിരൂപക പക്ഷം. അഭിനയിച്ച സിനിമകളില്‍ കൂടുതലും (1983 ഒഴിച്ചുനിര്‍ത്തിയാല്‍) ക്യാംപസ്‌ പയ്യന്‍മാരടെ ലാഘവത്തിലുള്ള സിനിമകളായിരുന്നു വെന്നതാണ്‌ നിവിന്റെ കരിയര്‍ കാണിക്കുന്നത്‌. വളരെ സീരിയസായ വേഷങ്ങള്‍ നിവിനില്‍ എത്രത്തോളം ഭദ്രമായിരിക്കുമെന്നത്‌ ഇനിയും സിനിമകളിലൂടെ തെളിയിക്കപ്പെടേണ്ടതാണ്‌.

അതെന്തായാലും ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ അറിയാന്‍ കഴിയും. കാരണം നിവിന്റെ കരിയറില്‍ വരാനിരിക്കന്നത്‌ ലാല്‍ ജോസന്റെയും അന്‍വര്‍ റഷീദിന്റെയും ചിത്രങ്ങളാണ്‌. അഞ്‌ജലി മേനോന്‍ ഒരുക്കുന്ന സിനിമയിലും നിവിന്‍ പ്രധാന താരമായി എത്തുന്നു. സീരിയസ്‌ റോളുകളിലൂടെ നിവിന്‍ തിളങ്ങുമെന്ന്‌ തീര്‍ച്ചയാക്കിയാല്‍ ഒരു കാര്യം ഉറപ്പിക്കാം, അടുത്ത സൂപ്പര്‍താരം നിവിന്‍ പോളി തന്നെ.
അതിവേഗം സൂപ്പര്‍താരമാകുന്ന നിവിന്‍ പോളി (ജയമോഹനന്‍ എം)
Join WhatsApp News
Sadharanakkaran 2015-06-17 14:19:43
ചുമ്മാ അടിച്ചു വിടല്ലേ ചേട്ടാ.   ഒരാളെ എഴുതി എഴുതി സൂപ്പർ സ്റ്റാർ ആക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക