Image

സുവര്‍ണ്ണക്ഷേത്രത്തിന് മുകളില്‍ നീലനക്ഷത്രം ഉദിച്ചപ്പോള്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 15 June, 2015
സുവര്‍ണ്ണക്ഷേത്രത്തിന് മുകളില്‍ നീലനക്ഷത്രം ഉദിച്ചപ്പോള്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)
മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഇന്ന് വെറും ഒരു ഓര്‍മ്മമാത്രം ആണ്. പക്ഷേ, കഴിഞ്ഞ ആഴ്ചയില്‍ ഈ ഓപ്പറേഷന്റെ വാര്‍ഷികത്തില്‍ അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തിലും ജമ്മുവിലും നടന്ന ചില സംഭവങ്ങള്‍ അസ്വസ്ഥാജനകങ്ങള്‍ ആണ്, ചിന്തനീയമാണ്. ജമ്മുവില്‍ ഖാലിസ്ഥാന്‍ രാഷ്ട്രസിദ്ധാന്തത്തിന്റെ ജനയിതാവായ ജര്‍ണ്ണയെല്‍ സിംങ്ങ് ബിന്ദന്‍ വാലെയുടെ ഛായാചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ബിന്ദ്രന്‍ വാലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ കൊല്ലപ്പെട്ടതാണ്. അദ്ദേഹത്തെ ഇന്‍ഡ്യന്‍ ഭരണകൂടം ഒരു ഭീകരനും രാജ്യദ്രോഹിയും ആയിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഛായാചിത്രം അടങ്ങിയ പോസ്റ്ററുകള്‍ ജില്ലാഭരണകൂടം നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഖാലിസ്ഥാന്‍ അനുകൂലിയായ ഒരു സിക്ക് യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. മൂന്ന് ദിവസത്തേക്ക് ജമ്മുവില്‍ സാധാരണ ജനജീവിതം സ്തംഭിച്ചു. ഖാലിസ്ഥാനു വേണ്ടി രക്തസാക്ഷിത്വം വരിച്ച് സിക്കുകാരനായ ഭിന്ദ്രന്‍ വാലയെ അദ്ദേഹത്തിന്റെ ചരമ വാര്‍ഷികത്തില്‍ ബഹുമാനിക്കുവാനുള്ള ഖാലിസ്ഥാനികളുടെ സമ്മേളനത്തിനുള്ള വിലക്ക് പിന്‍വലിക്കാതെ സ്ഥിതിഗതികള്‍ പുന:സ്ഥാപിക്കുവാന്‍ സാധിക്കുകയില്ലെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ശഠിച്ചു. അതേതുടര്‍ന്ന് സംസ്ഥാനംഭരിക്കുന്ന പി.ഡി.പി.- ബി.ജെ.പി. ഗവണ്‍മെന്റ് വിലക്ക് പിന്‍വലിച്ചു. ഇതുപോലുള്ള ആഘോഷവും സംഘര്‍ഷവും അമൃതസാറിലെ സുവര്‍ണ്ണക്ഷേത്രത്തിലും-ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ അങ്കത്തട്ട്-നടന്നു. കൃപാണ്‍(കഠാര) വീശിക്കൊണ്ട് സിക്ക് യുവാക്കള്‍ ഖാലിസഥാന്‍ രാജ്യത്തിന് വേണ്ടി മുദ്രാവാക്യം മുഴക്കി. സുവര്‍ണ്ണക്ഷേത്രത്തിനുള്ളില്‍ സ്‌ഫോടനാത്മകമായ അന്തരീക്ഷം സംജാതമായി. ഒടുവില്‍ എല്ലാ കെട്ടടങ്ങിയെങ്കിലും ഖാലിസ്ഥാന്‍ എന്ന പ്രത്യേക സിക്ക് രാഷ്ട്രത്തിനുവേണ്ടി 1980 കളില്‍ ഉയര്‍ന്ന മുദ്രാവാക്യത്തിന്റെ കനലുകള്‍ ഇന്നും പട്ടടയിലെ കെട്ടടങ്ങാത്ത കനലുകളെ പോലെ നിലകൊള്ളുന്നുവെന്ന് ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഖാലിസ്ഥാന്‍ രാഷ്ട്രമൂവ്‌മെന്റ് സ്വതന്ത്ര ഇന്‍ഡ്യയിലെ രക്തരൂക്ഷിതമായ ഒരു ഏടാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത് ഒരിക്കല്‍ കൂടെ വിഭജിക്കുവാനുള്ള മുന്നേറ്റം  ആയിരുന്നു അത്. ഇന്‍ഡ്യന്‍സേന ആദ്യമായി ഒരു സൈനീക കലാപത്തിന്റെ വക്കിലെത്തിയ സന്ദര്‍ഭവും ആയിരുന്നു അത്. എന്തായിരുന്നു ഖാലിസ്ഥാന്‍ രാഷ്ട്രവാദത്തിന്റെയും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെയും രാഷ്ട്രീയവും മതപരവുമായ മുഖ്യകാരണങ്ങള്‍? ഈ വാര്‍ഷികവേളയില്‍ അവ പരിശോധിക്കുന്നത് ഉചിതം ആയിരിക്കും.

ഞാന്‍ അക്കാലത്ത്(1980 കള്‍)സിംല കേന്ദ്രമായി പത്രപ്രവര്‍ത്തനം നടത്തുകയായിരുന്നു. സിംല ഹിമാലയത്തിലെ അതിമനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി അത് ഇന്‍ഡ്യന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ കമാന്റിന്റെ ആസ്ഥാനവും ആയിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ശേഷം ആണ് വെസ്റ്റേണ്‍ കമാന്റും ജനറല്‍ ഓഫീസര്‍ കമാന്റിംങ്ങ് ഇന്‍ചീഫും ചാണ്ഡിഗഢിന് അടുത്തുള്ള ചാണ്ഡിമന്ദിറിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ നിയന്ത്രണം വെസ്റ്റേണ്‍ കമ്മാന്റിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ആയിരുന്നു.

പഞ്ചാബില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥാജനകം ആയിരുന്നു. അവിടെ സിക്കുകാര്‍ ഖാലിസ്ഥാന്‍ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രത്തിന്റെ രൂപീകരണത്തിനായി മുറവിളികൂട്ടുന്നു. അതിന്റെ നേതാവ് ആണ് ഒരു സിക്ക് മതപുരോഹിതനായ സന്ത് ജര്‍ണ്ണയില്‍ സിംങ്ങ് ബിന്ദ്രന്‍വാലെ. സിക്കുകാര്‍ ഹിന്ദു ഇന്ത്യയില്‍ സംതൃപ്തരല്ല. അവര്‍ക്ക് അവരുടേതായ ഒരു രാഷ്ട്രം വേണം. ഖാലിസ്ഥാന്‍. ഈ ആശയം പഞ്ചാബ് ആസകലം പടര്‍ന്നുപിടിച്ചു. അതിന് പിന്തുണയായി അമേരിക്കയിലും യൂറോപ്പിലുമുള്ള സിക്കുകാരും രംഗത്തെത്തി. പഞ്ചാബില്‍ സിക്കുകാരുടെ തീവ്രവാദം കത്തിപടര്‍ന്നു. സിക്കുകാര്‍ സാമ്പത്തീകമായും രാഷ്ട്രീയമായും സാമൂഹികമായും ഹൈന്ദവമേധാവിത്വത്തില്‍ ്അസംതൃപ്തരാണെന്ന് ഖാലിസ്ഥാനികള്‍ പ്രഖ്യാപിച്ചു. ഇതിനുള്ള ഒരേയൊരു പോംവഴി ഒരു പ്രത്യേക സിക്ക് രാഷ്ട്രം മാത്രം ആണ്. പഞ്ചാബില്‍ ഖാലിസ്ഥാനികള്‍ ഭീകരവാദം അഴിച്ചുവിട്ടു. ഹിന്ദുക്കളെ കൂട്ടമായി കൊന്നു. താരന്‍ തരന്‍പോലുള്ള സ്ഥലങ്ങളില്‍ ബസുകള്‍ തടഞ്ഞു നിറുത്തി ഹിന്ദുക്കളായ യാത്രക്കാരെ പുറത്തിറക്കി നിരയായി നിറുത്തി വെടിവെച്ചുകൊന്ന സംഭവങ്ങള്‍ ഉണ്ടായി. ഭിന്ദ്രന്‍വാലെയുടെ സര്‍വ്വാധിപത്യം എവിടെയും പ്രകടമായി. അദ്ദേഹം തന്നെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ഒരു സൃഷ്ടിയും ആയിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതിയോഗികളെ ഒതുക്കുവാന്‍. പക്ഷേ, അദ്ദേഹം ഒരു ഫ്രാങ്ക്സ്റ്റയിന്‍സ് മോണ്‍സ്റ്ററായി വളര്‍ന്നു. ഇന്ദിര ഗാന്ധിക്കോ പ്രസിഡന്റായ ഗ്യാനിസെയില്‍ സിംങ്ങിനോ(സിക്കുകാരന്‍) ഭിന്ദ്രന്‍വാലെയെ തളയ്ക്കുവാന്‍ ആയില്ല. 1980 ഏപ്രിലില്‍ ഭിന്ദ്രന്‍വാലെ സുവര്‍ണ്ണക്ഷേത്രത്തിലെ ഹര്‍മീന്ദര്‍ സാഹിബിലേക്ക് ആ സ്ഥാനം മാറ്റി. അങ്ങനെ സുവര്‍ണ്ണക്ഷേത്രം ഖാലിസ്ഥാനികളുടെ കേന്ദ്രം ആയി. അതിനുള്ളില്‍ ആയുധങ്ങള്‍ കുന്നുകൂട്ടി. ഭീകരാക്രമണങ്ങള്‍ക്ക് അവിടെ നിന്നും ആദേശം നല്‍കി. പഞ്ചാബ് കൊലയുടെയും കൊള്ളിവയ്പ്പിന്റെയും പ്രതീകം ആയി. ജനജീവിതം ദുസഹമായി. ഭിന്ദ്രന്‍വാലെ ഭീകര രാജാവായി വാണു സുവര്‍ണ്ണക്ഷേത്രം ആസ്ഥാനം ആക്കി. ആരുമില്ല ചൊല്ലുവാനും ചോദിക്കുവാനും. അദ്ദേഹം സിക്കുകാരുടെ കാണപ്പെട്ട ദൈവം ആയി. അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുള്ള ഒരു കഥയുണ്ട്. ആരെങ്കിലും സിക്കുകാര്‍ അദ്ദേഹത്തെ കാണുവാന്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ എത്തിയാല്‍ അദ്ദേഹം അവരോട് ആജ്ഞാപിക്കും തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന ഭരണിയില്‍ കൈയിട്ട് ഒരു കുറിപ്പ് എടുക്കുവാന്‍. ആഗതന്‍ കുറിപ്പ് എടുക്കും. വായിക്കുവാന്‍ അദ്ദേഹം ആജ്ഞാപിക്കും. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ പേരും മേല്‍വിലാസവും ആയിരിക്കും. ആഗതനോട് ആവ്യക്തിയെപോയി കൊലചെയ്തിട്ട് ഹാജരാകുവാന്‍ വീണ്ടും ആജ്ഞാപിക്കും. ആഗതന്‍ മടി കാണിച്ചാല്‍ അദ്ദേഹത്തിന്റെ പേരും മേല്‍വിലാസവും ഭരണിയില്‍ നിക്ഷേപിക്കുവാന്‍ ആജ്ഞാപിക്കും. കൊലചെയ്യുവാന്‍ തയ്യാറല്ലെങ്കില്‍ അയാളും കൊല്ലപ്പെടേണ്ടവരുടെ പട്ടികയില്‍ ആകും. അങ്ങനെ എത്രയെത്ര കഥകള്‍!

ഇന്ദിരഗാന്ധിയുടെ രാഷ്ട്രീയ-ഭരണ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു ഭിന്ദ്രന്‍വാലെയും ഖാലിസ്ഥാന്‍ മൂവ്‌മെന്റും. 1984 മെയ്മാസത്തില്‍ ഒരു ദിവസം ഇന്ദിര അന്നത്തെ ആര്‍മി ഉപാദ്ധ്യക്ഷന്‍ ആയിരുന്ന ലഫ്റ്റന്റ് ജനറല്‍ എ.കെ. സിന്‍ഹയെ സൗത്ത് ബ്ലോക്കിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു. സിന്‍ഹയെ അടുത്ത ആര്‍മി ചീഫ് ആക്കുവാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. അത് സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചക്ക് ആയിരിക്കും ഇന്ദിരയുടെ വിളി എന്ന് സിന്‍ഹ കരുതി. അദ്ദേഹം സൗത്ത് ബ്ലോക്കിലെ ഇന്ദിരയുടെ ഓഫീസില്‍ എത്തുമ്പോള്‍ ഇന്ദിര വളരെയധികം പരവശയായിരുന്നു. അധികം മുഖവുരയൊന്നും ഇല്ലാതെ ഇന്ദിര സിന്‍ഹയോടോ പറഞ്ഞ് ഭിന്ദ്രന്‍ വാലെയും കൂട്ടരെയും സുവര്‍ണ്ണക്ഷേത്രത്തില്‍ നിന്നും എത്രയും വേഗം ഒഴിപ്പിക്കുവാനുള്ള ഒരു ഓപ്പറേഷന്‍ തയ്യാറാക്കണം. ഖാലിസ്ഥാന്‍ മുവ്‌മെന്റ് വേരോടെ പിഴുതെറിയണം. സിന്‍ഹ ഇന്ദിരയോട് പറഞ്ഞ സുവര്‍ണ്ണക്ഷേത്രം ആക്രമിക്കുകയെന്നത് ഒരിക്കലും ആലോചിക്കാവുന്ന ഒരു കാര്യം അല്ല. അതുകൊണ്ട് മറ്റെന്തെങ്കിലും വഴി ആലോചിക്കണം. ഇന്ദിര സിന്‍ഹയോട് പൊയ്‌ക്കൊള്ളുവാന്‍ പറഞ്ഞു.

ഇന്ദിര സിന്‍ഹയെ ആര്‍മി ചീഫ് ആക്കിയില്ല. പകരം അരുണ്‍ ശ്രീധര്‍ വൈദ്യയെ ആര്‍മി ചീഫ് ആക്കി. അദ്ദേഹം സുവര്‍ണ്ണക്ഷേത്ര ആക്രമണം അഥവാ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന ഇന്ദിരയുടെ പദ്ധതി നടപ്പിലാക്കി. 1984 ജൂണ്‍ ആദ്യം ആര്‍മി സുവര്‍ണ്ണക്ഷേത്രത്തിലേക്ക് നീങ്ങിത്തുടങ്ങി. സിംലയിലെ വെസ്റ്റേണ്‍ കമാന്റിന്റെ ഹെഡ്ക്വാട്ടേഴ്‌സിലുള്ള എന്റെ സുഹൃത്തുക്കള്‍ ഇത് സംബന്ധിച്ച് എനിക്ക് വിവരം നല്‍കിയിരുന്നു. പക്ഷേ, അവര്‍ക്ക് അറിയില്ലായിരുന്നു എന്താണ് സെന്യനീക്കത്തിന്റെ ഉദ്ദേശം എന്ന്. അവര്‍ക്കെന്നല്ല ചുരുക്കം ചിലരൊഴിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. സംഭവത്തിന്റെ പൊരുള്‍. മറ്റുള്ളവര്‍ക്ക് ആകെ അറിയാമായിരുന്നത് സൈന്യം പഞ്ചാബ് അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട് എന്ന് മാത്രം ആയിരുന്നു. അങ്ങനെ ഒരു വാര്‍ത്ത ഞാനും കൊടുത്തു. പക്ഷേ, സുവര്‍ണ്ണക്ഷേത്രത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശനവും ഉണ്ടായിരുന്നില്ല.
ഇന്‍ഡ്യന്‍ ആര്‍മിയുടെ ഒരു വന്‍സന്നാഹം ആയിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന പേരില്‍ സുവര്‍ണ്ണകേഷേത്രത്തിലേക്ക് നീങ്ങിയത്. വെസ്റ്റേണ്‍ കമാന്റിന്റെ ജി.ഓ.സി.ഇന്‍.സി. ലഫ്റ്റനന്റ് ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, ലഫ്റ്റനന്റ് ജനറല്‍ രണ്‍ജിത് സിംങ്ങ്, ദയാള്‍, മേജര്‍ കുല്‍ദ്വീപ് സിംങ്ങ് ബ്രാര്‍ എന്നിവരാണ് സേനയെ നയിച്ചത്. 9-ാം ഡിവിഷനിലെ പതിനായിരം സായുധ സൈനീകര്‍, നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍, ആര്‍ട്ടിലറി യൂണിറ്റുകള്‍, സി.ആര്‍.പി.എഫ് ജവാന്‍ന്മാര്‍, ബി.എസ്.എഫ് ബറ്റാലിയനുകള്‍, പഞ്ചാബ് സായുധ പോലീസ് അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയതായിരുന്ന സായുധ സേന വ്യൂഹം. സായുധസേനയുടെ കവചവും ഉണ്ടായിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സിക്ക് ഗുരു അര്‍ജ്ജുന്‍ദേവിന്റെ രക്തസാക്ഷിദിനവുമായിട്ട് ഒത്തുവന്നതും വലിയ വിവാദം സൃഷ്ടിച്ചു. അദ്ദേഹം ആയിരുന്നു. ഭിന്ദ്രന്‍ വൈലെയുടെ ഒളിത്താവളം ആയ ഹര്‍മീന്ദര്‍ സാഹിബ് സ്ഥാപിച്ചത്. പക്ഷേ, ഇതിനെ ന്യായീകരിച്ച് കൊണ്ട് ഇന്ദിര ഗാനധി സമര്‍ത്ഥിച്ചത് ജൂണ്‍ി മൂന്നിന് ഖാലിസ്ഥാനികള്‍ സംസ്ഥാന വ്യാപകമായ ഒരു സിവില്‍ ഡിസ്ഒബീഡിയന്‍സ് മുന്നേറ്റം ആസൂത്രണം ചെയ്തിരുന്നതിനാല്‍ അതിനെ നേരിടുവാന്‍ ആയിരുന്നു ബ്ലൂസ്റ്റാറിന്റെ സമയം ഇങ്ങനെ നിശ്ചയിച്ചിരുന്നത് എന്നായിരുന്നു.

ലഫ്.ജനറല്‍ സുന്ദര്‍ജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ചുണ്ടില്‍ പ്രാര്‍ത്ഥനയും ചൂണ്ടുവിരലില്‍ കാഞ്ചിയുമായിട്ടാണ് സേന സുവര്‍ണ്ണ ക്ഷേത്രത്തിന്റെ വാതില്‍പ്പടി കടന്നത്. ടാങ്കും സായുധ സുരക്ഷകവചിത വാഹനങ്ങളും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. വെടി ഉതിര്‍ന്നു. ആക്രമണ പ്രത്യാക്രമണങ്ങള്‍ ഉണ്ടായി. ടാങ്കിന്റെ ചങ്ങല ഉരുണ്ടിട്ട് സുവര്‍ണ്ണക്ഷേത്രത്തിലെ പരിക്രമപൊട്ടി. ഏകദേശം 500 സിവിലിയന്‍സ് വെടിവയ്പ്പില്‍ മരിച്ചു(ജൂണ്‍ 3- 8). 83 സൈനികര്‍ മരിച്ചു. 200 സൈനികര്‍ക്ക് മുറിവേറ്റു. 4000 സിക്ക് സൈനികര്‍ ഇന്‍ഡ്യയുടെ പലഭാഗങ്ങളിലായി കലാപം നടത്തി സൈന്യം വെടിഞ്ഞ് സുവര്‍ണ്ണക്ഷേത്രത്തിലേക്ക് സായുധരായി കുതിച്ചു. എഴുത്തുകാരനായ കുഷ് വന്ത് സിംങ്ങിനെപോലുള്ളവര്‍ പത്മ അവാര്‍ഡുകളും മറ്റ് ബഹുമതികളും തിരിച്ചുകൊടുത്തു. കുഷ് വന്ത് സിംങ്ങ് അദ്ദേഹത്തിന്റെ കോളത്തില്‍ എഴുതി: ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ ഇന്ദിര അവരുടെ മരണവാറണ്ടില്‍ ഒപ്പിട്ടു.

ജൂണ്‍ അഞ്ചിന് ഹര്‍മീന്ദര്‍ സാഹിബ് കുല്‍ദീപ് സിംങ്ങ് ബ്രാറിന്റെ നേതൃത്വത്തിലുള്ള സേന ആക്രമിച്ച്. അത് ഇടിച്ചു നിരത്തി. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ജൂണ്‍ ഏഴിന് ഭിന്ദ്രന്‍വാലെ കൊലപ്പെട്ടു. വെടിയുണ്ടകള്‍ നിരന്തരമായി പതിച്ച അദ്ദേഹത്തിന്റെ ശവശരീരം കണ്ടെത്തി. സിക്കുകാരുടെ അഭിമാനത്തിന്റെ പ്രതീകമായ അകാല്‍തകര്‍ത്തും ഇടിച്ചു നിരത്തപ്പെട്ടു.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വെറും ഒരു ആരംഭം മാത്രം ആയിരുന്നു. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരഗാന്ധി വധിക്കപ്പെട്ടു ഇതിന്റെ അനന്തരഫലം ആയി. ഇന്ദിരയുടെ സിക്കുകാരായ അംഗരക്ഷകര്‍ ആയിരുന്നു ഘാതകര്‍. തുടര്‍ന്ന് നടന്ന സിക്ക് വിരുദ്ധ കലാപത്തില്‍ ഡല്‍ഹിയില്‍ മാത്രം മൂവായിരത്തിലേറെ സിക്കുകാരെ നിഗ്രഹിച്ചു. സിക്കുകാര്‍ എയര്‍ ഇന്‍ഡ്യയുടെ കനിഷ്‌ക്ക എന്ന യാത്രാവിമാനം ബോംബ് വച്ച് തകര്‍ത്തു. നൂറുകണക്കിന് യാത്രക്കാര്‍ കൊല്ലപ്പെട്ടു. 1986-ല്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ കാലത്തെ കരസേനാ മേധാവി ആയിരുന്ന ജനറല്‍ വൈദ്യയെ രണ്ട് സിക്ക് യുവാക്കള്‍ കൂടി പൂനെയില്‍ വച്ച് വെടിവെച്ച് കൊന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ഏറ്റവും ഒടുവിലത്തെ ബാക്കി പത്രം ആണ് കഴിഞ്ഞ ആഴ്ചയിലെ ജമ്മുവിലെ സിക്ക് യുവാവിന്റെ മരണം.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറുകള്‍ സംഭവിക്കുന്നത് തെറ്റായ രാഷ്ട്രീയ സമീപനങ്ങള്‍ കൊണ്ടാണ്. ഭിന്ദ്രന്‍വാലെമാരും സൃഷ്ടിക്കപ്പെടുന്നത് അങ്ങനെ തന്നെയാണ്. ചരിത്രം ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ.

സുവര്‍ണ്ണക്ഷേത്രത്തിന് മുകളില്‍ നീലനക്ഷത്രം ഉദിച്ചപ്പോള്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക