Image

എയര്‍പോര്‍ട്ട്‌ വെടിവെയ്‌പ്‌: മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടിയെന്ന്‌ ആരോപണം

ബഷീര്‍ അഹ്‌മദ്‌ Published on 11 June, 2015
എയര്‍പോര്‍ട്ട്‌ വെടിവെയ്‌പ്‌: മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടിയെന്ന്‌ ആരോപണം
കോഴിക്കോട്‌: ബുധനാഴ്‌ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവെയ്‌പില്‍ കൊല്ലപ്പെട്ട ജവാന്‍ ജയ്‌പാല്‍ യാദവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം എക്‌സ്‌റേ എടുക്കുന്നതിനായി മെഡിക്കല്‍ കോളജ്‌ അത്യാഹിത വിഭാഗത്തിലേക്കാണ്‌ കൊണ്ടുപോയത്‌. തലയില്‍ വെടിയുണ്ട തറച്ചതാണ്‌ മരണകാരണമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാസ്റ്റിക്‌ കവറുപയോഗിച്ച്‌ മറയ്‌ക്കാതെ മഴയത്താണ്‌ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയത്‌. ഇത്‌ ജവാനോട്‌ കാണിക്കുന്ന അനാദരവാണ്‌. സാധാരണ ഇവിടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത്‌ ഇത്തരത്തിലാണ്‌. പോസ്റ്റ്‌ മോര്‍ട്ടത്തിനുശേഷം മൃതദേഹം എംബാം ചെയത്‌ നാട്ടിലേക്ക്‌ അയയ്‌ക്കും. ഡോ. തോമസിന്റെ നേതൃത്വത്തില്‍ ഡോ. രതീഷ്‌, ഡോ. മുകുന്ദന്‍ എന്നിവരാണ്‌ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്‌. തിരൂര്‍ സബ്‌ കളക്‌ടര്‍ ആദില അബ്‌ദുള്ള, കൊണ്ടോട്ടി തഹസീല്‍ദാര്‍ സെയ്‌താലി, കൊണ്ടോട്ടി സി.ഐ ബിജു, സി.ഐ.എസ്‌.എഫ്‌ സീനിയര്‍ കമാന്‍ഡന്റ്‌ അജില്‍ ഭായ്‌ എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.

10 ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വിമാനം ഇറങ്ങിത്തുടങ്ങി

കരിപ്പൂര്‍ സംഭവത്തില്‍ പത്ത്‌ ഉദ്യോഗസ്ഥരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ്‌ രണ്ടുപേരും ഇതില്‍ ഉള്‍പ്പെടും. 15 പേരുടെ പേരില്‍ പോലീസ്‌ കേസെടുത്തു. വിമാനങ്ങള്‍ സാധാരണരീതിയില്‍ ഇറങ്ങിത്തുടങ്ങി. വിമാനത്താവളം പൂര്‍ണ്ണമായും കേരളാ പോലീസിന്റെ നിയന്ത്രണത്തിലാണ്‌. പരിക്കേറ്റ്‌ മൂന്നുപേരില്‍ രണ്ട്‌ അഗ്നിശമനസേനാംഗങ്ങളായ സണ്ണി തോമസ്‌, സൂപ്പര്‍വൈസര്‍ അജികുമാര്‍ എന്നിവരെ മിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ഐ.എസ്‌.എഫ്‌ എസ്‌.ഐ സീതാറാം ചൗധരിയെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ തോക്കില്‍ നിന്നാണ്‌ വെടിയുതിര്‍ന്നതെന്ന്‌ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന്‌ പരിശോധനയില്‍ വ്യക്തമായി. സി.ഐ.എസ്‌.എഫ്‌ മേലുദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്‌ സംഘര്‍ഷം നടന്നതെന്നാണ്‌ പരാതി. കൊണ്ടോട്ടി സി.ഐ കെ.എം. ബിജുവിനാണ്‌ അന്വേഷണ ചുമതല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാസങ്ങളോളമായി അഗ്നിശമന സേനാംഗങ്ങളും സി.ഐ.എസ്‌.എഫുകാരും തമ്മിലുള്ള തര്‍ക്കമാണ്‌ ഇന്നലെ രാത്രി ഒരു ജവാന്റെ മരണത്തില്‍ കലാശിച്ചത്‌. ഇതെ തുടര്‍ന്ന്‌ പത്തു മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടു. ഇത്‌ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി.
എയര്‍പോര്‍ട്ട്‌ വെടിവെയ്‌പ്‌: മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടിയെന്ന്‌ ആരോപണംഎയര്‍പോര്‍ട്ട്‌ വെടിവെയ്‌പ്‌: മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടിയെന്ന്‌ ആരോപണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക