Image

ഉത്തരാധുനിക മലയാളിയും ചില സിനിമാ സംസ്‌ക്കാരങ്ങളും - വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍

വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ Published on 09 June, 2015
ഉത്തരാധുനിക മലയാളിയും ചില സിനിമാ സംസ്‌ക്കാരങ്ങളും -  വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍
അനുകരണങ്ങളില്‍ ഇന്ന് ഒന്നാം സ്ഥാനം കൊടുക്കേണ്ടതു ഇന്ത്യയ്ക്കാണ്. അനുകരണം സംസ്‌ക്കാരത്തിന്റെ ഒരു ഭാഗമാണെന്നുള്ളത് ഒരു വാസ്തവം മാതം. എന്നാല്‍ എന്തിനേയും ഏതിനേയും അന്ധമായി അനുകരിക്കുക എന്നു പറഞ്ഞാല്‍...? ഹോളീവുഡ് എന്നു കേള്‍ക്കുമ്പോള്‍ ലോക സിനിമയുടെ നാഡീകേന്ദ്രം എന്നാണു മനസില്‍ ഓടിയെത്തുക. ഹോളീവുഡിന്റെ സംസ്‌ക്കാരം ഒന്നു വേറെ, കാരണം ഇതമേരിക്ക! അതവിടെ നില്‍ക്കട്ടെ. ആ ഹോളീവുഡിനെ ഇന്ത്യന്‍സിനിമയിലെ വിസ്മയലോകമായ ഹിന്ദിസിനിമ കോപ്പിയടിച്ചു ബോളീവുഡുണ്ടാക്കി. ബോളീവുഡിനെ കോപ്പിയടിച്ചു തെന്നിന്ത്യാക്കാരന്‍ കോളീവുഡും, മോളീവുഡും, റ്റോളീവുഡും ഉണ്ടാക്കി. ഇവരെയെല്ലാം കോപ്പിയടിച്ചു നൈജീരിയാക്കാരന്‍ നോളീവുഡുണ്ടാക്കി. ഇന്ത്യാക്കാരനെ കോപ്പിയടിക്കാന്‍ സദാവിഫലശ്രമം നടത്തുന്ന പാക്കിസ്ഥാന്‍ പോളീവുഡ് ഉണ്ടാക്കി. സായിപ്പിനെ ഇത്രമാത്രം കോപ്പിയടിയ്ക്കണമോ?

ഇന്നു ലോകം വളരെ വേഗത്തിലാണു ഓടുന്നത്. ഇരുപതോ അമ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പു വിഭാവനം ചെയ്ത ഒരു ലോകത്തെയല്ല നാമിന്നു കാണുന്നത്. ഇത്രയധികം വേഗത്തില്‍ നാം എങ്ങോട്ടു പോവുന്നു എന്നു ചോദിച്ചു പോവും. വളരെ സ്പീഡില്‍ ഓടി എവിടെയെങ്കിലും ഇടിച്ചുതകരുമോ എന്നൊരു ഭീതി ഈ ലേഖകന്റെ മനസിനെ നാളുകളായി മഥിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവം ഇന്നു അന്തര്‍ദേശീയ സമൂഹത്തെ ഒരു ആഗോളഗ്രാമമാക്കി മാറ്റി. ദൃശ്യമാദ്ധ്യമങ്ങളുടെ ഉത്തരാധുനിക മനുഷ്യന്റെ മേലുള്ള സ്വാധീനം പണ്ടത്തേതിലും പതിന്‍മടങ്ങാണുള്ളത്. ഇന്റര്‍നൈറ്റ് എന്നുപറയുന്നതു ഒരു വലിയ സംഭവമാണ്. അതൊരു വലിയ വാതായനമാണ് മനുഷ്യസമൂഹത്തിനു തുറന്നു കൊടുത്തിരിക്കുന്നത്. അതിന്റെ ഗുണഭോക്താക്കള്‍ ജനങ്ങളാണെന്നു സമ്മതിക്കുന്നു. എന്നാല്‍... ദോഷവും മറക്കാവതല്ല. ഇന്റര്‍നെറ്റ് എന്ന ഈ ചിലന്തിവലയുടെ ഊരാക്കുടുക്കില്‍ കുരങ്ങി അതേ നിരക്കില്‍ അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നതും അതേ ജനങ്ങള്‍ തന്നെയാണെന്നുള്ള സത്യവും വിസ്മരിച്ചു കൂടാ. ഈ വളര്‍ച്ചയില്‍ സമൂഹത്തിലെ നശീകരണശക്തികളും വളര്‍ന്നു പന്തലിച്ചു. അതു സാധാരണ മനുഷ്യജീവിതത്തിന്റെ താളം തെറ്റിച്ചു.

ഈ കടന്നുകയറ്റത്തിന്റെ അനന്തരഫലമായി ലോകത്തിന്റെ ഇതരഭാഗങ്ങളിലെ ചവററുകൊട്ടയിലെ മാലിന്യങ്ങളും സാധാരണമനുഷ്യന്റെ വീടിന്റെ ലിവിംഗ് റൂമില്‍ കുമിഞ്ഞുകൂടി. അതിന്റെ ആ സ്വാധീനം എത്രമാത്രം മലയാളസിനിമയിലും കടന്നുകയറിയെന്നു ഇന്നത്തെ സിനിമകള്‍ കണ്ടാല്‍ മനസിലാവും.

കോപ്പിയടിയോ മോഷണമോ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പിറങ്ങിയ ഒരു സിനിമാ, അവാര്‍ഡു വാങ്ങിയിട്ടു, വിവിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി ധാരാളം പണം വാരിക്കൂട്ടി. അതേ കഥാതന്തുവുള്ള ഒരു സിനിമാ, അവാര്‍ഡു വാങ്ങിയിട്ടു, വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി ധാരാളം പണം വാരിക്കൂട്ടി. അതേ കഥാതന്തുവുള്ള ഒരു സിനിമ ഇംഗ്ലീഷിലുള്ളതു എഴുപതുകളുടെ തുടക്കത്തില്‍ ഇവിടുത്തെ ബ്ലാക്ക് ആന്‍ വൈറ്റ് റ്റീവിയില്‍ ഒന്നിലധികം പ്രാവശ്യം കണ്ടതായി ഓര്‍മ്മവരുന്നു. മലയാളത്തിലെ ഏതൊരു സിനിമ കണ്ടുകഴിയുമ്പോഴും ഇതെവിടെയോ മുന്‍പ് കണ്ടിട്ടുണ്ടല്ലോ എന്നുള്ള ചോദ്യമാണ് മനസില്‍ തികട്ടിവരിക.

കേരളത്തില്‍ ചില സിനിമകള്‍ ഇന്ന് സീക്വല്‍ അല്ലെങ്കില്‍ പഴയ വീഞ്ഞു പുതിയ തുരുത്തിയില്ഡ പകര്‍ന്നു വീണ്ടും ഇന്നത്തെ യുവതലമുറയ്ക്കു വിളമ്പുന്നുണ്ട്. പലതും കുടുംബസമേതം കാണാന്‍ ആവാത്ത, സഭ്യതയുടേയും, സദാചാരത്തിന്റെയും അതിര്‍വരമ്പുകളേയും ഭേദിച്ചു കൊണ്ടു അവതരിപ്പിക്കുന്നവയാണ്. അതു നമ്മുടെ ലിവിംഗ് റൂമിലേക്കു കടന്നു വരുമ്പോള്‍....? തീര്‍ച്ചയായും ഇതുകാണേണ്ടാത്തവര്‍ക്കു കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുള്ള കാര്യം മറക്കുന്നില്ല. പക്ഷെ അതല്ലല്ലോ എപ്പോഴുമുള്ള സിഥിതി. ഈ ലേഖകന്റെ തൂലികയ്ക്ക് ചില പരിമിതികളുള്ളതിനാല്‍ എല്ലാം തുറന്െഴുതാന്‍ വയ്യാത്ത ഒരു ധര്‍മ്മസങ്കടത്തിലാണ്. അത്രമാത്രം സിനിമ എന്ന കല തരം താണിരിക്കുന്നു. കല കലയ്ക്കുവേണ്ടി  തന്നെയോ, അല്ലയോ എന്നുള്ള വാദം ഇന്നും തുടരുകയാണ്. കല കലയ്ക്കുവേണ്ടി തന്നെയാവട്ടെ!

പണ്ടൊക്കെ സിനിമാ സെന്‍സര്‍ ബോര്‍ഡിനു നല്ല മൂര്‍ച്ചയുള്ള കത്രികയുണ്ടായിരുന്നു. ഇന്നതിന്റെ മൂര്‍ച്ചയെല്ലാം തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു. ഇന്നു സിനിമയില്‍ കാണിക്കുന്നതു മനുഷ്യന്‍ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു. അതു സമൂഹത്തിനു ഹൃദയവേദനമാത്രം സംഭാവന ചെയ്യുന്നു.
അതിഭാവുകത്വം തുളുമ്പി നില്‍ക്കുന്ന ന്യൂജനറേഷന്‍ സിനിമ-സീരിയല്‍ മുഖ്യപങ്കും സാധാരണക്കാരനെ വിസ്മയങ്ങളുടെ മായാലോകത്ത് അല്ലെങ്കില്‍ സങ്കല്‍പ ലോകത്തു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നവയായിരിക്കുന്നു. പണ്ട് സന്ധ്യാസമയങ്ങളില്‍ കേട്ടിരുന്നതായ സന്ധ്യാനാമം ജപിക്കലുകളുടെയും, പ്രാര്‍ത്ഥനകളുടെയുമൊക്കെ സ്ഥാനത്തു ഇന്നു സീരിയലിലെ കരച്ചിലും, പിഴിച്ചിലുമൊക്കെയാണു കേള്‍ക്കാനാവുന്നത്.

ശൃംഗാരം വളരെ മനോഹരവും, മധുരിപ്പിക്കുന്നതുമായ ഒരു ഭാവപ്രകടനമാണ്. അതിനു സുന്ദരമായൊരു സങ്കല്‍പ്പമുണ്ട്. ശൃംഗാരം ഇല്ലാത്തവന്‍ പ്രാകൃതനാണ്. ശൃംഗാരം എന്ന പ്രതിഭാസം മനുഷ്യനു മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും സ്രഷ്ടാവ് കനിഞ്ഞനുഗ്രഹിച്ച ഒരു വരദാനമാണ്. അതിനെ വികലമാക്കിയതു കാണണമെങ്കില്‍ തെന്നിന്ത്യന്‍ സിനിമയിലേതെങ്കിലും കണ്ടാല്‍ മതി. ഷഷഠിപൂര്‍ത്തി കഴിഞ്ഞ നായകന്‍(കാമുകന്‍?) പേരക്കുട്ടിയുടെ പ്രായമുള്ള സുന്ദരിയെ തന്റെ ഭാരിച്ച ശരീരത്തോടു ചേര്‍ത്തുനിര്‍ത്തി മരം ചുറ്റി ലജ്ജാവതിയേ.... എന്നുപാടികൊണ്ടു ലജ്ജയില്ലാതെ ഓടിനടക്കുന്ന ലജ്ജാകരമായ കാഴ്ച റ്റിവിയില്‍ കാണുന്ന, ഇന്നലെ സപ്തതി ആഘോഷിച്ച വയോധികനില്‍ 'ആഗ്രഹങ്ങള്‍' പുനര്‍ജനിക്കുന്നതും 'എന്തുകൊണ്ടു എനിയ്ക്കും ആയിക്കൂടാ' എന്നു സ്വയം ചോദിച്ചു പീഡിപ്പിക്കുന്നതും ഗവേഷണപഠനവിഷയമാക്കേണ്ടതാണ്. ഇത്തരം തരം ചേരാത്ത, പൊരുത്തമില്ലാത്ത 'ശൃംഗാരങ്ങള്‍' കാണുമ്പോള്‍ ശൃംഗാരം എന്ന വാക്കിനോടു തന്നെ അറപ്പുളവാക്കുകയാണ്. അതുകൊണ്ടായിരിക്കുമോ ബോളീവുഡിലെ ചില സുന്ദരികള്‍ ചില സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നു കഴിഞ്ഞ നാളുകളില്‍ വ്യക്തമാക്കി ഒഴിഞ്ഞുമാറിയത്? ശൃംഗാരം അവസാനിക്കുന്നതു ഒരുവന്റെ മരണത്തോടുകൂടെയാണ്.

കോപ്പിയടി സിനിമകഥകള്‍ക്കു മാത്രമല്ല സംഗീതത്തിലുമുണ്ട്. അടുത്തകാലത്തുണ്ടായ ഒരു വിവാദമായിരുന്നല്ലൊ ഇരയിമ്മന്‍ തമ്പിയുടെ 'ഓമനതിങ്കള്‍ കിടാവോ...' എന്നു തുടങ്ങുന്ന പ്രശസ്ത കാവ്യത്തിലെ ഏതോഭാഗം ബോംബെ ജയശ്രീ കോപ്പിയടിച്ചു എന്ന്. മലയാളസംഗീതത്തില്‍ ബോളീവുഡ് സംഗീതത്തിന്റെ തനിപ്പകര്‍പ്പു പലയിടങ്ങളിലും കണ്ടിട്ടുണ്ട്. കേരളസിനിമയിലെ പലപാട്ടുകളുടെയും സംഗീതവും ബംഗ്ലാദേശുകാരുടെ സംഗീതവും ഒന്നുതന്നെ. ഒന്നുകില്‍ ബംഗ്ലാദേശുകാരന്‍ മലയാളസിനിമാപാട്ടിന്റെ സംഗീതം കോപ്പിയടിച്ചു, അല്ലെങ്കില്‍ മലയാളസിനിമാക്കാര്‍ ബംഗ്ലാദേശിന്റെ സംഗീതം കോപ്പിയടിച്ചു. ഒന്നുറപ്പാണ്, ആരോ കോപ്പിയടിച്ചെന്നുള്ളത്. ഇന്ത്യയിലെ ഒരു വലിയ സംഗീതജ്ഞനും പല വിദേശഭാഷാ സംഗീതത്തിന്റെ ലയത്തില്‍ അല്ല സ്വല്‍പം മാറ്റങ്ങള്‍ വരുത്തി ധാരാളം കോപ്പിയടിച്ചിട്ടുണ്ടെന്നുള്ള രഹസ്യം വളരെ പരസ്യമാണ്. യൂ റ്റിയൂബില്‍ കൂടെ ഒന്നു കണ്ണോടിക്കുക. ആശയദാരിദ്ര്യം ബാധിച്ച ഈ കോപ്പിയടിക്കാരെല്ലാം ഒരേ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നവര്‍!
ഇതിനിടെയിലും നല്ല, നല്ല എഴുത്തുകാരുടെ കഥകളും, പാട്ടുകളും പുറത്തിറങ്ങുന്നതു വളരെ ആശാജനകമാണ്.

റിയാലിറ്റി ഷോയിലെ പാട്ടുകാരുടെ പുറകില്‍ നിന്നുകൊണ്ടു കാണിക്കുന്ന ഡാന്‍സ്(?), സംഗീതം ആസ്വദിക്കാനിരിക്കുന്ന സംഗീതപ്രേമിക്കു എത്രമാത്രം അരോചകത്വമാണു സ്രൃഷ്ടിക്കുന്നത്? ഇതിനെ സിനിമാറ്റിക് ഡാന്‍സെന്നോ മറ്റോ വിളിക്കുന്നു. ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഒരുതരം ആഭാസനൃത്തമാണു 'ഐറ്റം ഡാന്‍സ്'.

'കറുപ്പിനഴക്.... വെളുപ്പിനഴക്,' 'അമ്മായിയമ്മ അപ്പം ചുട്ടപ്പം വട്ടായിപോയി,' 'വ്യത്യസ്തനാം ബാര്‍ബര്‍,' 'ഡാഡി മമ്മി വീട്ടില്‍ ഇല്ല....' ഇത്യാദി പാട്ടുകള്‍ കാണിക്കുന്നതു സംഗീതരചനയില്‍ വന്ന അധോഗതി ആണ്. വേള്‍ഡുകപ്പ് ഫുട്‌ബോള്‍ സീസണില്‍ ഒരു പ്രകാരത്തിലും 'വാക്കാ.... വാക്കാ' എന്ന കര്‍ണ്ണകഠോരമായ ചിലമ്പല്‍ കേള്‍ക്കാതെ റ്റീവിതുറക്കാന്‍ മേലാത്ത ഒരു സ്ഥിതിവിശേഷമുണ്ടായിരുന്നു. കേട്ടു കേട്ടു മനം പുരട്ടിയപ്പോള്‍ റ്റീവി കുറെ നാളത്തേക്ക് ഓഫു ചെയ്തു. ഇതൊക്കെയും സംഗീതമാണെന്നു പറയണമെങ്കില്‍ ഉത്തരാധുനിക മനുഷ്യന്റെ സംഗീതാസ്വാദന ശക്തി ക്ഷയിച്ചു പോയോ എന്നു തോന്നിപ്പോവുകയാണ്. ചിലപ്പോള്‍ ഈ ലേഖകനായായിരിക്കും ആസ്വാദനശക്തി നഷ്ടമായി പോയത്. അനുവാചകര്‍ കല്ലെറിയല്ലേ എന്നു മുന്‍കൂര്‍ ജാമ്യം ചോദിക്കുന്നു.

സ്ലംഡോഗ് മില്യനര്‍ മൂവികൊണ്ടു ഡാനി ബോയില്‍ എന്ന ബ്രിട്ടീഷുകാരന്‍ ഇന്ത്യക്കാരെ, ലോകരുടെ മുമ്പില്‍ ഒന്നു കളിയാക്കി, അതും ഇന്ത്യാക്കാരന്റെ അഭിമാനത്തിന്റെ ചിലവില്‍! അയാളുടെ പൂര്‍വ്വികന്‍മാര്‍ വര്‍ഷങ്ങളോളം ആ നാടിനോടു ചെയ്തതാരും മറന്നിട്ടില്ല. നമ്മുടെ അഭിമാനമായ ഏ.ആര്‍.റഹ്മാനും, റസൂല്‍പൂക്കുട്ടിയും ലോകരുടെ മുമ്പില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തെന്നു അഭിമാനിയ്ക്കാമെങ്കിലും, തുലോംതുശ്ചമായ ചിലവില്‍ ഇന്ത്യയിടുെ അത്യാധുനിക സാങ്കേതിക വിദ്യകളൊക്കെ ഉപയോഗിച്ചു മൂവിയുണ്ടാക്കി പണം കൊയ്തതില്‍ നല്ലൊരു ശതമാനം ഭാരതീയനും സംതൃപ്തനല്ല. അതേ സമയം ബ്രിട്ടീഷുകാര്‍ ധാരാളം നല്ല കാര്യങ്ങള്‍ ചെയ്തതും ആദരപൂര്‍വ്വം സ്മരിക്കുന്നു.

ഇന്നു ഒരു അഭിനേതാവിനു സൂപ്പര്‍താരം എന്നൊക്കെയുള്ള പദവി നല്‍കിയിട്ടു, കേവലം രണ്ടുമാസത്തെ ക്യാമറയുടെ മുമ്പില്‍ നിന്നുള്ള ഡയലോഗു പറയുന്നതിനും കോടികള്‍ കൊടുക്കേണ്ടതിനു അവര്‍ക്കുള്ള ന്യായം എന്താണ്? അതിനു പകരം ക്യാമറയുടെ പിറകില്‍ അഹോരാത്രം വിയര്‍പ്പൊഴുക്കുന്ന ലൈറ്റ്‌ബോയി, ക്രെയിന്‍ ഓപ്പറേറ്റര്‍, മേക്കപ്പ്മാന്‍, പ്രൊഡക്ഷന്‍ ബോയി. എന്നിവര്‍ക്കും കൂടെ കുറെ പങ്കുവച്ചാല്‍ അവര്‍ക്കും അല്പം മെച്ചമായ ജീവിതം ഉണ്ടാവുമല്ലോ? ഈ വമ്പന്‍തുക വാങ്ങിക്കുന്നവരില്‍ ചിലര്‍ ഇടതുപക്ഷ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ആണെന്നു വാതോരാതെ പ്രസംഗിക്കുന്നവരുമാണ് എന്നുള്ളതാണ് ഇതിലെ അപഹാസ്യപരമായ വസ്തുത.

അഞ്ചുലക്ഷം മുടക്കി മൂവി പിടിച്ച സന്തോഷ് പണ്ഡിറ്റിനെ നല്ലൊരു ശതമാനം ആളുകള്‍ ക്രൂശിച്ചതു അയാള്‍ ഒരു മന്ദബുദ്ധിയേപോലെ പെരുമാറുന്നതുകൊണ്ടല്ല, പ്രത്യുത വലിയ തുക മുടക്കാതെ എങ്ങനെ ഒരു സിനിമാ ഉണ്ടാക്കാമെന്ന ആശയം ലോകത്തിനു കാണിച്ചു കൊടുത്തതു ചില സിനിമാ മാഫിയാകള്‍ക്കു ഒരു വരുംകാല ഭീഷിണിയായി തോന്നിയതു കൊണ്ടാണ്. ഇന്നു മലയാളം സിനിമാ നിര്‍മ്മിക്കുന്ന പല നിര്‍മ്മാതാക്കളും പാപ്പരാകുന്ന അവസ്ഥയ്ക്കു ഒരു കാരണം ഈ ഭാരിച്ച തുക പ്രതിഫലമായി വാങ്ങുന്ന സൂപ്പര്‍താരങ്ങളുടെ അത്യാഗ്രഹം മൂലമത്രെ. നിര്‍മ്മാതാക്കള്‍ എല്ലാവരും സംഘടിതരായി, ഒറ്റക്കെട്ടായി നിന്നാല്‍ ഈ 'താരങ്ങള്‍' ആകാശത്തു നിന്നും താനേ ഭൂമിയിലേക്കു ഇറങ്ങി വരും. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത 'ഒന്നരക്കോടി പ്രതിഫലം വാങ്ങുന്ന 'താരം' കണക്കില്‍ കാണിക്കുന്നതു 10 ലക്ഷം. കള്ളപ്പണത്തിന്റെ ഒഴുക്കാണിവിടെ' എന്നാണ്. ഇതു രാജ്യദ്രോഹപരമൊ? എന്തുകൊണ്ടു ചെറിയ മുതല്‍മുടക്കില്‍ നല്ല സിനിമകള്‍ ചെയ്തു കൂടാ? സന്തോഷ് പണ്ഡിറ്റ് മന്ദബുദ്ധിയൊന്നുമല്ല, അയാള്‍ വലിയ ബുദ്ധിമാന്‍! അയാളുടെ മാര്‍ക്കറ്റിംഗ് തന്ത്രം കേരളസിനിമാലോകം ഇന്നു മനസിലാക്കിയിട്ടില്ല. ധൈര്യശാലിയായ അയാള്‍ സമയം തക്കത്തിലുപയോഗിക്കുന്നു.

മനുഷ്യമസ്തിഷ്‌കത്തിലേക്കു വിധ്വംസകവാസനകളും ജാരതചിന്തകളും, വൈകൃതങ്ങളും കടത്തിവിടുന്ന സിനിമകള്‍ നമ്മുടെ സംസ്‌ക്കാരത്തെ കീഴ്‌പ്പോട്ടടിക്കുകയാണ്. ഇത്തരം സിനിമകള്‍ നിത്യേന കാണുന്ന മനുഷ്യന്റെ ഉപബോധ, അവബോധ മനസില്‍ ദുഷിച്ച വാസനകള്‍ ഒരു തരത്തിലല്ലെങ്കില്‍, മറ്റൊരു തരത്തില്‍ പ്രേരണ ചെലുത്തിയേക്കാം. 'സംസ്‌ക്കാരം നശിക്കുമ്പോള്‍ ഭാഷയും നശിക്കുന്നു' എന്നു പ്രൊഫ: മധുസൂദനന്‍ നായര്‍ സാര്‍ പറഞ്ഞിട്ടു പോയിട്ടു അധികനാളായില്ല. ഇതു ഇന്നു കേരളത്തില്‍ പ്രകടമാണ്. ഇന്നത്തെ ഉപഭോക്തസംസ്‌കാരത്തിന്റെ സമ്മര്‍ദ്ദത്തില്‍ കിടന്നു ശ്വാസം മുട്ടുന്ന ഉത്തരാധുനിക മനുഷ്യന്‍ സൗകര്യപ്രദമായി എല്ലാം കണ്ണുമടച്ചു മൗനസമ്മതം മൂളുകയാണ്. നല്ല സിനിമകള്‍ സമൂഹത്തില്‍ പ്രയോജനകരമായ മാറ്റം വരുത്തുമെങ്കില്‍ അരുതാത്ത സിനിമകള്‍ അതേ നിരക്കില്‍ ദേശത്തിനു ദോഷവും ചെയ്യും.

ഇന്നത്തെ താരങ്ങള്‍ നല്ലൊരു ശതമാനവും താര കുടുംബത്തില്‍ പെട്ടവര്‍! ഈ അഭിനയപദവി താരങ്ങളുടെ മക്കള്‍ക്കു മാത്രമായി സംവരണം ചെയ്തപോലെ തോന്നുന്നു. അവരുടെ സ്വാധീനം മൂലം ഈ സെലസ്റ്റിയല്‍ പദവി, സാധാരണക്കാരായ കഴിവുള്ള അഭിനേതാക്കള്‍ക്കു മുമ്പോട്ടുവരാനുള്ള വാതില്‍ കൊട്ടിയടയുന്നു.കഴിവുള്ളവരെ ലഭിയ്‌ക്കേണ്ടതിനു പകരം അന്യഗ്രഹത്തില്‍ ജനിച്ച ഈ താരപുത്രന്‍മാരുടെ അധിനിവേശം നിമിത്തം പ്രേക്ഷകനു ഉള്ളതുകൊണ്ടു തൃപ്തിപെടേണ്ടതായ ഗതികേടുണ്ടാവുന്നു. ഈ പ്രവണത രാജ്കപൂറിന്റെ പിതാവ് പൃഥ്വീരാജ് കപൂറിന്റെ കാലം മുതലേ തുടങ്ങിയതാണ്.

സിനിമാഷൂട്ട് കഴിഞ്ഞാലുടന്‍ തന്നെ ഇവര്‍ പ്രവാസിയുടെ ചിലവില്‍ വിദേശങ്ങളിലേക്കു മാമാങ്കം നടത്താനും പൊന്നാട അണിയാനും തിടുക്കത്തില്‍ വിമാനം കയറുകയായി. അവര്‍ ഇവിടെ വന്നു വെളിച്ചെണ്ണയില്‍ മുക്കിയെടുത്തതു പോലെയുള്ള തിളങ്ങുന്ന ഷര്‍ട്ടുമിട്ടു തരംതാണ, ദയാര്‍ത്ഥങ്ങളുള്ള, ചവറ്റുകൊട്ടയില്‍ കിടന്ന കോമഡിയും പറഞ്ഞു, കോമാളിവേഷങ്ങളും കെട്ടിയിട്ടു പോക്കറ്റു നിറയെ ഡോളറും കുത്തിനിറച്ചു ഒരു ചില്ലിക്കാശു പോലും ഇവിടെയും, അവിടെയും നികുതി കൊടുക്കാതെ കടന്നുകളയുന്ന അപമാനകരമായ കാഴ്ച അപഹാസ്യപരമാണ്. ഈ സ്റ്റേജ് ഷോ എന്നുപറയുന്ന അസംബന്ധം കേട്ടുതിരികെ വീട്ടില്‍ വന്നു ചെവി സോപ്പിട്ടുകഴുകേണ്ടതായി വരുന്നു. അത്രയ്ക്കു അശ്ലീലവും അതോടൊപ്പം അശ്രീകരവുമാണ്. കേരളത്തിലെ ന്യൂജനറേഷന്‍ സംസാരഭാഷകള്‍ അമേരിക്കയിലെയോ, യൂറോപ്പിലേയോ വയോധികകരും, സ്ത്രീജനങ്ങളും, മതപുരോഹിതന്‍മാരും അടങ്ങുന്ന സദസിലേക്കു ഒരു സങ്കോചവുമില്ലാതെ വിളമ്പുന്ന പ്രവണത എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമല്ല.

ന്യൂയോര്‍ക്കില്‍ നിന്നും വിമാനം പൊങ്ങുന്ന നിമിഷം മുതല്‍ ഇവര്‍ പ്രവാസിയെ കളിയാക്കുകയാണ്. ഇതിനു സാക്ഷ്യം വഹിച്ച പ്രവാസികള്‍ പലരുണ്ട്. അമേരിക്കന്‍ മലയാളിയുടെ ചോറുണ്ട്, മദ്യവും കുടിച്ചിട്ട് നാട്ടില്‍ ചെന്നു അമേരിക്കന്‍ മലയാളികള്‍ എല്ലാം കോമാളികളാണെന്നു വിളിച്ചു പറഞ്ഞു നടന്ന ഒരു സംഭവം പ്രവാസികള്‍ക്കു അത്ര പെട്ടെന്നു മറക്കാന്‍ കഴിയുമോ? ആഴ്ചയില്‍ നാല്പതു മണിക്കൂറില്‍ കൂടുതല്‍ സായിപ്പിന്റെ ചവുട്ടും കൊണ്ടു ചോര നീരാക്കിയുണ്ടാക്കിയ പ്രവാസിയുടെ ഡോളര്‍ വാങ്ങി, അതേ വിമാനത്തില്‍ നാട്ടിലേക്കു യാത്രതിരിച്ച അതേ പ്രവാസിയെ അന്നാട്ടിലെ എയര്‍പോര്‍ട്ടിലിട്ടു നിഷ്ഠൂരം ഇവര്‍ ചീത്ത പറയുമ്പോള്‍ ആത്മാഭിമാനമുള്ള പ്രവാസി സഭ്യത കൈവെടിയാതെ പെരുമാറുന്നതാണോ കുഴപ്പം? അടുത്ത കാലത്തു ഒരു റ്റീവി അവതാരക ഇമ്മാതിരി ഒരു പരിപാടി അവതരിപ്പിച്ചതു ഓര്‍ക്കുമല്ലോ? ഇവരെയൊക്കെ സ്‌പോണ്‍സര്‍ ചെയ്തു ഇവിടെ കൊണ്ടു വരുന്നതു ചില മതസംഘടനകളാണെന്നു ഇതാണു ഏറ്റവും വിചിത്രം. ക്ഷമിക്കണം, നിര്‍വ്വാഹമില്ലാതെ എഴുതിപോയതാണ്.
ഉത്തരാധുനിക മലയാളിയും ചില സിനിമാ സംസ്‌ക്കാരങ്ങളും -  വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക