Image

തരംഗമായി പ്രേമം: മൂന്നു ഗാനങ്ങള്‍ കൂടി റിലീസ് ചെയ്തു

Published on 09 June, 2015
തരംഗമായി പ്രേമം: മൂന്നു ഗാനങ്ങള്‍ കൂടി റിലീസ് ചെയ്തു
കേരളക്കരയാകെ യുവജനങ്ങളുടെ മനസില്‍ പ്രണയം നിറച്ച പ്രേമത്തിലെ മൂന്നു ഗാനങ്ങള്‍ കൂടി പുറത്തിറങ്ങി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ പ്രേമത്തിന് തിയേറ്ററുകളില്‍ ലഭിച്ച അത്ഭുതകരമായ സ്വീകരണത്തെ തുടര്‍ന്നാണ് ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ കൂടി റിലീസ് ചെയ്തത്.

റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ ഇതിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറു പാട്ടുകള്‍ ഇതിനകംതന്നെ റിലീസ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഓഡിയോ ലേബര്‍ ആയ മ്യൂസിക്ക് 247 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. ഇത് പുത്തന്‍ കാലം, മലരേ, ചിന്ന ചിന്ന എന്നീ ഗാനങ്ങളാണ് ഇപ്പോള്‍ റിലീസ് ചെയ്തിട്ടുള്ളത്. ഈ ഗാനങ്ങളുടെ രചന നിര്‍വഹിച്ചതും ശബരീഷ് വര്‍മ തന്നെയാണ്. രഞ്ജിത് ഗോവിന്ദും ആലാപ് രാജുവും ചേര്‍ന്നാണ് ചിന്ന ചിന്ന എന്ന ഗാനം ആലപിച്ചിട്ടുള്ളത്. മലരേ എന്ന ഗാനം പാടിയത് വിജയ് യേശുദാസാണ്. ശബരീഷ് വര്‍മയും രാജേഷ് മുരുകേശനും ചേര്‍ന്നാണ് ഇത് പുത്തന്‍ കാലം എന്ന ഗാനം പാടിയിട്ടുള്ളത്. ആലുവാപ്പുഴ, പതിവായി ഞാന്‍, കാലം കേട്ടു പോയി, കലിപ്പ്, സീന്‍ കൊന്‍ട്ര, റോങ്കാക്കൂത്ത് എന്നിവയാണ് നേരത്തേ റിലീസ് ചെയ്ത ഗാനങ്ങള്‍.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അറുപത് ശതമാനത്തിലധികം മാര്‍ക്കറ്റ് ഷെയറിന്റെ പിന്‍ബലത്തില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്ന പ്രമുഖ മ്യൂസിക് ലേബര്‍ മ്യൂസിക് 247 ആണ് . ബാംഗ്‌ളൂര്‍ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം, ഹൗ ഓള്‍ഡ് ആര്‍ യു, സപ്തമശ്രീ തസ്‌ക്കരാ, ഒരു വടക്കന്‍ സെല്‍ഫി എന്നിങ്ങനെ അടുത്ത കാലത്ത് വിജയം നേടിയ പല സിനിമകളുടെയും സൗണ്ട് ട്രാക്കുകളുടെയും ഗാനങ്ങളുടെ വീഡിയോയുടേയും ഉടമസ്ഥാവകാശം മ്യുസിക് 247നാണ്.

സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ എല്ലാവിധ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പ്രേമം. പതിനഞ്ചു വയസു മുതല്‍ മുപ്പുവയസു വരെയുളള ഒരു യുവാവിന്റെ മാനസികമായ മാറ്റങ്ങള്‍ അങ്ങേയറ്റം ഹൃദ്യമായി അഭിനയിച്ചു പ്രതിഫലിപ്പിച്ചു കൊണ്ട് നിവിന്‍ പോളി അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. ഒപ്പം അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ എന്നിവരും. അല്‍ഫോന്‍സ് പുത്രന്‍ രചന, സംവിധാനം, ചിത്ര സംയോജനം എന്നിവ നിര്‍വഹിച്ച പ്രേമം ഒരു പക്കാ കോമഡി എന്റര്‍ടെയ്‌നറാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ബാനറിനു കീഴില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ഈ ചിത്രം നിര്‍മിച്ചതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക