Image

വിദ്യാഭ്യാസ- കോഴ കുഭകോണം ഉന്നതതല അന്വേഷണം വേണം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

ഷൈജു ചാക്കോ Published on 13 June, 2011
വിദ്യാഭ്യാസ- കോഴ കുഭകോണം ഉന്നതതല അന്വേഷണം വേണം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കോട്ടയം: പരിയാരം മെഡിക്കല്‍ കോളേജിന്റെ മറവില്‍ ഭരണനേതൃത്വങ്ങള്‍ നടത്തിയ വിദ്യാഭ്യാസ-കോഴ കുംഭകോണത്തെയും, അഴിമതിയെയും ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് ലജ്ജാകരവും, ഇക്കാര്യത്തില്‍ വിപ്ലവപ്രസ്ഥാനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നത് അപമാനകരവുമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

ഭരണപശ്ചാത്തല പുകമറ സൃഷ്ടിച്ച് വിപ്ലവപാര്‍ട്ടികള്‍ വിദ്യാഭ്യാസമേഖലയില്‍ നടത്തിയ വന്‍ അഴിമതികളുടെ ചുരുളുകള്‍ അഴിയുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടനയിലും, സാമൂഹികനീതിയിലും അടിയുറച്ചുനിന്നു പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേരെ മുഷ്ടിചുരുട്ടിയാല്‍ വിലപ്പോവില്ലെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രസാതാവിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ പ്രശനങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ കുരുതിക്കളമാക്കിയവരും, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി, അവരുടെ ജീവനും ഭാവിജീവിതവും തകര്‍ത്തവരുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വന്തം നേതാക്കള്‍ നടത്തുന്ന കൊടും അഴിമതിക്കെതിരെ വിരല്‍ചൂണ്ടുവാന്‍ ധൈര്യം കാണിക്കണം.

പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവെച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് കോടികള്‍ രൂപ കോഴകൊടുക്കുവാനുണ്ടായ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക