Image

ആനി പോള്‍ ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞചെയ്‌തു

Published on 05 January, 2012
ആനി പോള്‍ ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞചെയ്‌തു
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട്‌ ആനി പോള്‍ റോക്ക്‌ലാന്റ്‌ ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞ ചെയ്‌തു. ന്യൂസിറ്റിയിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന ഉത്സവച്ഛായ കലര്‍ന്ന സത്യപ്രതിജ്ഞാ ചടങ്ങിന്‌ സാക്ഷ്യംവഹിക്കാന്‍ വിവിധ സ്റ്റേറ്റുകളില്‍ നിന്ന്‌ ഒട്ടേറെ മലയാളികളും ഏതാനും ഇന്ത്യക്കാരും എത്തി.

നീല ജാക്കറ്റണിഞ്ഞ്‌ സദാ പുഞ്ചിരിക്കുന്ന മുഖവുമായി ആനി പോള്‍ ചടങ്ങിന്‌ എത്തിയതോടെ, ചരിത്രത്തിലേക്ക്‌ ചുവടുവെയ്‌ക്കുന്ന ഇന്ത്യന്‍ വനിത സദസ്‌ തിങ്ങിനിറഞ്ഞ മുഖ്യധാരയുടേയും ശ്രദ്ധാകേന്ദ്രമായി. കൗണ്ടിയിലെ 17 ലെജിസ്ലേറ്റര്‍മാരില്‍ മഹാഭൂരിപക്ഷവും യഹൂദന്മാരായിരിക്കെ ഒരു ആഫ്രിക്കന്‍ അമേരിക്കനും ഒരു ഇന്ത്യക്കാരിയും കൂടി വേദിയില്‍ ഇടംപിടിച്ചത്‌ കൗണ്ടിയിലെ മാറിക്കൊണ്ടിരിക്കുന്ന അധികാരസമവാക്യങ്ങളുടെ സൂചനയുംകുറിച്ചു.

അമേരിക്കന്‍ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന്‌ വലതുകരമുയര്‍ത്തി മറ്റ്‌ ലെജിസ്ലേറ്റര്‍മാര്‍ക്കൊപ്പം ആനി പോളും സത്യപ്രതിജ്ഞ ചെയ്‌തതോടെ അടുത്ത നാലുവര്‍ഷത്തെ കൗണ്ടിയുടെ ജനജീവിതത്തിലെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള ചുമതലയിലേക്കുയര്‍ത്തപ്പെട്ടു. തുടര്‍ന്ന്‌ ഡിസ്‌ട്രിക്‌റ്റ്‌ അടിസ്ഥാനത്തില്‍ കൗണ്ടി ക്ലാര്‍ക്ക്‌ ഓരോരുത്തരെയായി രജിസ്റ്ററില്‍ ഒപ്പിടുവാനും ആമുഖ പ്രസംഗം നടത്തുവാനും ക്ഷണിച്ചു.

ലജിസ്ലേറ്ററായി അഞ്ചാം ദശകത്തിലേക്ക്‌ പ്രവേശിക്കുന്ന വ്യക്തിമുതല്‍ ആനി പോളിനെ പോലെയുള്ള പുതിയ അംഗങ്ങള്‍ വരെ തങ്ങളുടെ വിജയം ഒരുപാടു പേരുടെ അധ്വാനത്തിന്റെ ഫലമാണെന്ന്‌ പറയാന്‍ മറന്നില്ല. മനോഹരിയായ റോക്ക്‌ലാന്റ്‌ കൗണ്ടി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കായി പരിഹാരം കണ്ടെത്താന്‍ പരിശ്രമിക്കുമെന്ന്‌ മിക്കവരും വാഗ്‌ദാനം ചെയ്‌തു.

ആനി പോളിന്റെ ഊഴമെത്തിയപ്പോള്‍ തന്നെ സദസ്സില്‍ കരഘോഷം ഉയര്‍ന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പും പരിശ്രമവും ഫലവത്താകുന്ന അപൂര്‍വ്വനിമിഷത്തില്‍ മലയാളികളാകെ അഭിമാനപുളകിതരായി. ക്ലാര്‍ക്കിനു മുന്നില്‍ ഒപ്പിട്ട്‌ മൈക്കിനു മുന്നില്‍ എത്തിയ അവര്‍ ഈ വേദിയില്‍ നില്‍ക്കാന്‍ തന്നെ പ്രാപ്‌തരാക്കിയ വ്യക്തികളെ അനുസ്‌മരിച്ചാണ്‌ പ്രസംഗം ആരംഭിച്ചത്‌. രാപകലില്ലാതെ ഭര്‍ത്താവ്‌ അഗസ്റ്റിന്‍ പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവര്‍ അനുസ്‌മരിച്ചു. മുന്നു പുത്രിമാരില്‍ ഒരാള്‍ മാത്രമാണ്‌ ചടങ്ങിനെത്തിയത്‌. സഹോദരങ്ങളും മറ്റു ബന്ധുക്കളും പ്രത്യേകിച്ച്‌ കാമ്പയിന്‍ മാനേജര്‍ ഇന്നസെന്റ്‌ ഉലഹന്നാന്‍, ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ ടോം നൈനാന്‍, ജയിംസ്‌ ഇളംപുരയിടം, ജോണ്‍ ദേവസ്യ തുടങ്ങി ഒട്ടറെ പേരുകള്‍ അവര്‍ നന്ദിപുരസരം അനുസ്‌മരിച്ചു. കൂട്ടത്തില്‍ അമേരിക്കയിലെത്താന്‍ കാരണക്കാരായ ഭര്‍തൃസഹോദരന്‍ ജോസഫ്‌ അഗസ്റ്റിന്റേയും കുടുംബത്തിന്റേയും പേര്‌ എടുത്തുപറഞ്ഞപ്പോള്‍ മുഖ്യധാരയിലുള്ളവരും കരോഘോഷം മുഴക്കി. ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും യുദ്ധരംഗത്ത്‌ സേവനമനുഷ്‌ഠിച്ച്‌ തിരിച്ചെത്തിയ അനന്തിരവന്റെ സാന്നിധ്യം എടുത്തുപറഞ്ഞതോടെ മുഖ്യധാരയില്‍ നിന്നുള്ളവരുടെ കരഘോഷം വീണ്ടും ഉയര്‍ന്നു. നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമല്ല ഈ രാജ്യത്തിന്റെ നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സമൂഹംതന്നെയാണ്‌ നാമും എന്ന്‌ വിളിച്ചോതുന്നതായി അത്‌.

ഒട്ടേറെ നന്മകള്‍ നല്‌കിയ ഈ രാജ്യത്തിന്‌ തന്നാലാവുന്ന സേവനങ്ങളും പ്രത്യുപകാരവും ചെയ്യാനാണ്‌ പബ്ലിക്‌ ഓഫീസ്‌ ലഭിക്കാന്‍ പരിശ്രമിച്ചതെന്ന്‌ ആനി പോള്‍ പറഞ്ഞു. പതിന്നാലാം ഡിസ്‌ട്രിക്‌ടിലെ ഊടുവഴികള്‍കൂടി താനും സഹപ്രവര്‍ത്തകരും നടന്ന്‌ ഒട്ടേറെ വോട്ടര്‍മാരെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ചെയ്‌തു. എല്ലാവരുടേയും നന്മയ്‌ക്കായുള്ള പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കാന്‍ താന്‍ ശ്രമിക്കും- അവര്‍ പറഞ്ഞു.

1982-ല്‍ ആനി പോളും കുടുംബവും അമേരിക്കയില്‍ വന്നപ്പോള്‍ രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കാമെന്നോ, ഇത്തരമൊരു നേട്ടം കൈവരിക്കാമെന്നോ സ്വപ്‌നേപി കരുതിയില്ലെന്ന്‌ ജോസഫ്‌ അഗസ്റ്റിന്‍ പറഞ്ഞു.
ക്ലാസില്‍ വല്ല മോണിറ്ററുമായിട്ടുള്ളതല്ലാതെ ചെറുപ്പത്തില്‍ സംഘടനകളിലോ നേതൃരംഗത്തോ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന്‌ ആനി പോള്‍ പറഞ്ഞു. എന്നാല്‍ സ്വതന്ത്രമായി ചിന്തിക്കാനും കഴിവുകള്‍ വികസിപ്പിച്ചെടുക്കാനും മാതാപിതാക്കള്‍ എപ്പോഴും പ്രോത്സാഹനം നല്‍കിയിരുന്നു. അമ്മ ഉണ്ടായിരുന്നെങ്കില്‍ ഈ ദിവസം ഏറ്റവും കൂടുതല്‍ സന്തോഷവതിയായിരിക്കുക അമ്മ ആയിരുന്നേനെ എന്ന്‌ പ്രസംഗത്തില്‍ ആനി പോള്‍ അനുസ്‌മരിച്ചു.

കൂടുതല്‍ പേര്‍ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ വരാന്‍ സമയമായി എന്നാണ്‌ ഈ നേട്ടം വ്യക്തമാക്കുന്നതെന്ന്‌ കൗണ്ടിയില്‍ വിവിധ തസ്‌തികളിലേക്ക്‌ നേരത്തെ മത്സരിച്ചിട്ടുള്ള ടോം നൈനാന്‍ പറഞ്ഞു.

റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ വികാരി ഫാ. തദേവൂസ്‌ അരവിന്ദത്ത്‌, കൗണ്ടിയില്‍ ഒന്നര ദശാബ്‌ദംമുമ്പ്‌ മത്സരരംഗത്തുവന്ന ആദ്യ മലയാളിയായ കുരുവിള ചെറിയാന്‍, സ്റ്റേറ്റ്‌ എംപ്ലോയീസ്‌ യൂണിയന്‍ നേതാവ്‌ പി.ടി. തോമസ്‌, ഐ.എന്‍.ഒ.സി നേതാവ്‌ ജോസ്‌ ജോര്‍ജ്‌, കേരള സമാജം പ്രസിഡന്റ്‌ സണ്ണി പണിക്കര്‍, ഫൊക്കാന നേതാവ്‌ ലീല മാരേട്ട്‌, ഫിലിപ്പോസ്‌ ഫിലിപ്പ്‌, കുര്യാക്കോസ്‌ തര്യന്‍, ജയപ്രകാശ്‌ നായര്‍, സുധാ കര്‍ത്താ, അലക്‌സ് തോമസ് ,  തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങിനെത്തി.

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റില്‍ ഇലക്ഷനിലൂടെ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തുന്ന ഇന്ത്യക്കാരിയുമാണ്‌ താന്‍ എന്ന്‌ ആനി പോള്‍ പ്രസംഗത്തില്‍ പറയുകയുണ്ടായി. നിറഞ്ഞ കരഘോഷത്തോടെയാണ്‌ മുഖ്യാധാരാ സമൂഹം അതിനെ എതിരേറ്റത്‌.
ആനി പോള്‍ ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക