Image

ഫാ, പുല്ലേ...(ഒരു വേനല്‍കാല കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)

Published on 31 May, 2015
ഫാ, പുല്ലേ...(ഒരു വേനല്‍കാല കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
ഇതിന്റെ ശീര്‍ഷകം വായിക്കുന്ന മലയാളിക്ക്‌ സുരേഷ്‌ ഗോപി എന്ന മലയാള സിനിമ നടനെയായിരിക്കും ഓര്‍മ്മ വരുക. പല്ലിനെ എന്നും നിസ്സാര വസ്‌തുവായി കരുതുന്ന, നല്ല ഭാഷയില്‍ പറഞ്ഞാല്‍ തൃണവല്‍ഗണിക്കുന്ന മൊത്തം മലയാളികള്‍ക്കും പരിഹാസരൂപത്തില്‍ ആരെയെങ്കിലും വ്രണപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു വാക്കെന്നതിലുപരി മറ്റൊന്നും തോന്നാനിടയില്ല. എങ്കിലും അമേരിക്കന്‍ മലയാളികള്‍ വീട്ടു മുറ്റത്തും വീടിന്റെ പുറകിലും പുല്ലു വച്ചു പിടിപ്പിക്കുന്നത്‌കൊണ്ട്‌ ആരെയെങ്കിലും ആക്ഷേപിക്കാന്‍ ഈ പാവം പുല്ലിനെ എന്തിനു ഒപ്പം ചേര്‍ക്കുന്നു എന്ന്‌ ചിന്തിക്കാതിരിക്കയില്ല. വെട്ടി വെടിപ്പായി സൂക്ഷിക്കുന്ന പുല്‍തകിടികള്‍ നോക്കി നില്‍ക്കാന്‍ എന്തൊരു സുഖമാണ്‌. പച്ച നിറം കണ്ണുകള്‍ക്ക്‌ സുഖം പകരുന്നത്‌ കൊണ്ടാണ്‌ പ്രക്ര്‌തി ദ്രുശ്യങ്ങള്‍ നമുക്ക്‌ ആനന്ദകരമായി തോന്നുന്നത്‌. നിറങ്ങള്‍ക്ക്‌ ഒരു മന:ശാസ്‌ത്രമുണ്ട്‌. ഒരാള്‍ കോപം കൊണ്ട്‌ ചുവന്നുവെന്നു, ദു:ഖം കൊണ്ട്‌ നീലയായി എന്നും, ശുഭാപ്‌തിവിശ്വാസം കൊണ്ട്‌ അരുണാഭമായിയെന്നും, അസൂയകൊണ്ട്‌ പച്ചച്ചുവെന്നും പറയപ്പെടുന്നു.

പനിനീര്‍പൂക്കളൂം പച്ചപുല്ലും മണക്കുന്ന ജൂണ്‍ മാസം!! മേയ്‌മാസ പുഷ്‌പങ്ങള്‍ വിരിഞ്ഞ്‌ കൊണ്ടേ നില്‍ക്കുന്ന സുരഭില വാസരാന്തങ്ങള്‍. നീലാകാശത്തിന്റെ കു ടക്കീഴില്‍ വെയിലാട ചുറ്റി നവോഢയെപോലെ നില്‍ക്കുന്ന പ്രക്രുതി, പ്രേമവതി, ഹ്രുദയഹാരിണി. നാട്ടിലെ ഇടവപ്പാതി പോലെ അമേരിക്കയില്‍ ജൂണ്‍ പകുതി കഴിഞ്ഞാല്‍ (ജൂണ്‍ 20നു വേനല്‍ ആരംഭിക്കുന്നു) വേനല്‍ ആരംഭിക്കയായി. എവിടേയും. മാറ്റങ്ങളുടെ നിറച്ചര്‍ത്തുകള്‍. പച്ച പാവാടയണിഞ്ഞ്‌ ഭൂമിദേവി വീണ്ടും ഒരു കുമാരിയാകുന്ന കാഴ്‌ച. കിളികള്‍ ചിലക്കുന്ന, കിലുകിലെ കൈവളകള്‍ ചിരിക്കുന്ന പരിസരം.(ശ്രദ്ധിച്ചാല്‍) ഇവിടെ പച്ചക്കറി നടുന്നവരുടെ കൈത്തണ്ടകളില്‍ കിടന്ന്‌ സ്വര്‍ണ്ണവളകള്‍ കിലുങ്ങുന്നു. നമ്മുടെ നാട്ടിലെ ആയില്യം പാടത്തെ പെണ്ണുങ്ങളുടെ കുപ്പിവളകള്‍ക്ക്‌ പകരം. വെട്ടി കഴിഞ്ഞയുടനെ പുല്ലുകള്‍ പുറപ്പെടുവിക്കുന്ന ഗന്ധം ഉന്മേഷദായകമാണു്‌. ശാസ്ര്‌തജ്‌ഞന്മാര്‍ അതിനെ പുല്ലിന്റെ വിലാപമായി, രക്ഷ്‌ക്കായി മറ്റു ചെടികളെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമായി കാണുന്നുണ്ടെങ്കിലും സാധാരണ മനുഷ്യനു അത്‌ സാന്ത്വനമമേകുന്നു. ചുറ്റും പുഷ്‌പിച്ചു നില്‍ക്കുന്ന ചെടികളും, ചിത്രശലഭങ്ങളും,നമ്മുടെ മനസ്സിലെ വികാരങ്ങള്‍ക്ക്‌ പുതിയ ഈണവുമായെത്തുന്ന വണ്ടുകളും, എല്ലാം വേനല്‍ നല്‍കുന്ന അനുഗ്രഹങ്ങളാണു്‌. നഗ്നപാദങ്ങള്‍ തുഷാരമുരുകുന്ന പുല്ലിന്‍ തുമ്പത്ത്‌ തൊടുമ്പോള്‍ എന്തൊരനുഭൂതിയായിരിക്കും. പരിസരം എത്ര സുഖകരം എന്തു പരിമളം നിന്റെ മേനിയില്‍ എന്ന്‌ സ്‌നേഹവതിയായ പ്രക്രുതിയെ നോക്കി നമുക്ക്‌ പാടാന്‍ തോന്നുന്നു. പുല്ല്‌്‌ വെട്ടി കഴിയുമ്പോള്‍ ഉണ്ടാകുന്ന സുഗന്ധം ഈ വേനല്‍ മുഴുവനും നുകരുക. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു അത്‌ ഉത്തമമാണ്‌.

ക്രിസ്‌റ്റീന റോസെറ്റി ഒരു കവിതയില്‍ എഴുതി ഃ എന്റെ പ്രിയപ്പെട്ടവരെ ഞാന്‍ മരിച്ചാല്‍ എന്നെ അടക്കുന്ന മണ്ണില്‍ എനിക്ക്‌ വേണ്ടി എന്റെ തലക്ക്‌ മീതെ ഒരു പനിനീര്‍ ചെടി നടേണ്ട, തണലിനായി സൈപ്രസ്സ്‌ മരവും നടേണ്ട.പകരം മഴയിലും മഞ്ഞുതുള്ളികളിലും നനയുന്ന പച്ച പുല്ലുകള്‍ മാത്രം മതി. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ എന്നെ ഓര്‍ക്കം, വേണ്ടെങ്കില്‍ മറക്കാം

അന്യായവും അസത്യവുമായ കാര്യങ്ങള്‍ ആവശ്യപ്പെടുന്ന ഈ ലോകത്ത്‌ (കപട ലോകത്തിലാത്മര്‍ത്ഥമായരു ഹ്രുദയം എന്നൊക്കെ നമ്മുടെ പ്രിയങ്കരനായ കവി പാടിയപോലെ) എങ്ങനെ ഒരാള്‍ക്ക്‌ ജീവിക്കാന്‍ കഴിയുമെന്ന്‌ ചോദിച്ച കവി ആല്‍ഫ്രെഡ്‌ ടെന്നിസണ്‍ അദ്ദേഹത്തിന്റെ മോദ്‌ (Maud) എന്ന കവിതയില്‍ പ്രക്രുതിയിലും മനുഷ്യമനസ്സുകളിലേത്‌ പോലെ ഭാവമാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്ന്‌ എഴുതി. മോദ്‌ - മറ്റില്‍ഡ (Matilda) എന്ന സ്‌ത്രീസംജ്‌ഞയുടെ രൂപാന്തരമാണു്‌. മോദിനെ കുറിച്ച്‌ ചിന്തിച്ചിരിക്കുന്ന കാമുകനു പച്ചപുല്ലില്‍ ഒരു മരതക രത്‌നം പ്രസരിപ്പോടെ കണ്ണു ചിമ്മുന്നതായും, സമുദ്രത്തിന്റെ നീലിമയില്‍ ഒരു ഇന്ദ്രനീലകല്ല്‌ അലിയുന്നത യും തോന്നിയത്രെ.

ബഹുവര്‍ണ്ണ പുല്ലുകളുടെ താഴ്‌വര എന്നു പരിഭാഷ ചെയ്യാവുന്ന എഡ്‌ഗര്‍ പോയുടെ ഗദ്യകവിതയിലും ആണും പെണ്ണും പ്രേമാര്‍ദ്രരരായപ്പോള്‍ താഴ്‌വര മുഴുവന്‍ പക്ഷികളുടെ പകിട്ടേറിയ തൂവ്വലുകള്‍ പാറികളിക്കയും, പുല്‍പരവതാനിയുടെ മരതക വര്‍ണ്ണത്തിനു മാറ്റ്‌ കൂടുകയും ചെയ്‌തുവെന്ന്‌ എഴുതീട്ടുണ്ട്‌.

അമേരിക്കന്‍ കവയിത്രി ലൂസി ലാര്‍കോം (Lucy Larcom 1824-1893) എഴുതി. ഒരു ഇഞ്ച്‌ സ്‌ഥലം പോലുമെനിക്ക്‌ സ്വന്തമായില്ല എന്നാല്‍ ഞാന്‍ കാണുന്നതെല്ലാം എന്റെയാണ്‌. കായ്‌കനി തോട്ടങ്ങളും, ;പുല്‍തകിടികളും, പുല്ലരിഞ്ഞ പാടങ്ങളും, ഉദ്യാനങ്ങളുമെല്ലാം എന്റെയാണ്‌. എമിലി ഡിക്കിന്‍സണും ഏകാന്തശൂന്യമായ തന്റെ മുറിയുടെ ജന്നലിലൂടെ നോക്കിയപ്പോള്‍ കണ്ടത്‌ പൊന്‍ വെയിലില്‍ മരതക കല്ല്‌്‌ പോലെ വെട്ടി തിളങ്ങുന്ന പുല്‍തകിടിയാണ്‌. അതിലൂടെ തലമുടി വകഞ്ഞ്‌ മാറ്റുന്ന ചീര്‍പ്പു പോലെ ഒരു പാമ്പ്‌ ഇഴഞ്ഞ്‌ പോകുന്നതിനെ കുറിച്ച്‌ അവര്‍ എഴുതി.

അമേരിക്കന്‍ കവി വാള്‍ട്‌ വിറ്റ്‌മാന്റെ `Leaves of Grass' എന്ന പ്രസിദ്ധമായ കവിതക്ക്‌ കവി എന്തു കൊണ്ട്‌ ആ ശീര്‍ഷകം കൊടുത്തു? അദ്ദേഹത്തിന്റെ കാലത്ത്‌ നിലവാരമിക്ലാത്ത സാഹിത്യരചനകളെ `പുല്ലു' (Grass) എന്ന്‌ പരിഹസിട്ടിരുന്നു. Leaves എന്നാല്‍ അത്തരം സാഹിത്യം നിറയുന്ന പേയ്‌ജുകള്‍. തന്റെ കവിത ഉന്നത നിലാവാരം പുലര്‍ത്തുന്നതാണെന്ന്‌ ബോദ്ധ്യമുണ്ടായിട്ടും അദ്ദേഹം ആ തലക്കെട്ട്‌ തന്നെ നല്‍കി. എന്നാല്‍ പുല്ലിനെ അദ്ദേഹം ഈശ്വരന്റെ കൈലേസ്സായി വിശേഷിപ്പിക്കുന്നു. ഈശ്വരന്റെ സാന്നിദ്ധ്യം ഭൂമിയിലുണ്ടെന്നതിന്റെ അടയാളമായി ദൈവം വിട്ടിട്ട്‌ പോയ കൈലേസ്‌.

നിഗൂഢതകളിക്ലാതെ നേരെ ചൊവ്വെ പറയുന്ന കാള്‍ സാന്‍ബര്‍ഗിന്റെ `ഗ്രാസ്‌' എന്ന കവിത യുദ്ധം മനുഷ്യ മനസ്സുകളിലേല്‍പ്പിക്കുന്ന വ്രുണങ്ങളെകുറിച്ച്‌ പറയുന്നു. യുദ്ധഭൂമിയില്‍ നിന്നും കൊണ്ട്‌ വരുന്ന മ്രുതശരീരങ്ങള്‍ നമ്മള്‍ മറവ്‌ ചെയ്യുന്നു. പുല്ലു അതിന്റെ മേല്‍ മുളച്ചു പൊന്തി എല്ലാം മറയ്‌ക്കുന്നു. എന്നാല്‍ മനസ്സിലെ മുറിവുകള്‍ക്ക്‌ മീതെ ഒരു പുല്ലു മുളക്കുന്നില്ല. പുല്ലില്‍ മൂടി കിടക്കുന്ന മ്രുതശരീരങ്ങളെ ആരും ഓര്‍ക്കുന്നില്ല. അത്‌ കൊണ്ട്‌ പുല്ലു പറയുന്നു. ഞാന്‍ എന്റെ ജോലി ചെയ്യട്ടെ.

മരുഭൂമിയിലെ ഏകാന്ത വിജനതയിലേക്ക്‌ പുല്ല്‌ ആക്രമിച്ചു കയറുന്നു, ദുഷ്‌പ്രാപ്യമായ മലഞ്ചെരിവുകളിലേക്കും കയറാന്‍ പറ്റാത്ത പര്‍വ്വതശിഖരങ്ങളിലേക്കും ഇരച്ചു കയറുന്ന പുല്ല്‌ കാലാവസ്‌ഥയെ മിതമാക്കുന്നു, രാജ്യങ്ങളുടെ ചരിത്രവും, വിധിയുടെ സ്വഭാവവും മാറ്റുന്നു. ശാന്തതയും അച്ചടക്കവും കാണിക്കുന്ന പുല്ലുകള്‍ക്ക്‌ അക്ഷയമായ വീര്യവും ബലവുമുണ്ട്‌. നമ്മുടെ ഇന്ദ്രിയങ്ങളെ മോഹിപ്പിക്കുന്ന സുഗന്ധ്‌പൂക്കള്‍ അവ വിരിയിക്കുന്നില്ല. എന്നിട്ടും അതിന്റെ പച്ചനിറം നമുക്ക്‌ റോസും, ലില്ലിയും പോലെ വശ്യതയാര്‍ന്നതാണ്‌. ( കന്‍സാസിലെ സെനറ്റരുടെ 1872 ലെ പ്രസംഗത്തില്‍ നിന്ന്‌ (എല്ലാ ഇംഗ്ലീഷ്‌ കവിതകളുടേയും പ്രസംഗത്തിന്റേയും തര്‍ജ്‌ജമ ലേഖകന്‍)

മലയാളികള്‍ക്ക്‌ പുല്ല്‌ എന്ന വാക്കിനോട്‌ വളരെ പ്രിയമാണെന്ന്‌ കാണാം. പോടാ പുല്ലേ, എനിക്ക്‌ പുല്ലാണ്‌്‌, ഫാ, പുല്ലേ എന്നൊക്കെ അക്ഷമരാകുമ്പോള്‍/ കോപകുലരാകുമ്പോള്‍ അവര്‍ ഉച്ചത്തില്‍ പറയുന്നു. ഒരു തുള്ളല്‍ പാട്ട്‌ ശ്രദ്ധിക്കുക: പണവും കൊണ്ടിഹ ചെല്ലാത്തവനും, ത്രുണവുമവള്‍ക്കൊരു ഭേദവുമില്ല... കവികള്‍വരെ പുല്ലിനെ നിസ്സാര വസ്‌തുവാക്കുന്നു. അയല്‍പക്കത്തെ സായിപ്പുമായി സ്വരചേര്‍ച്ചയില്ലായ്‌മ (ഭാഷ തന്നെ പ്രശനമെന്നുള്ളത്‌ കൊണ്ട്‌ സ്വരചേര്‍ച്ച എന്ന പദം ഉപയോഗിക്കയാണ്‌) വന്ന ഒരു മലയാളി അദ്ദേഹത്തോട്‌ : ഇവിടെ ഒരു പുല്ലും നടക്കില്ലെന്ന്‌ ഇംഗ്ലീഷില്‍ പറയുകയും സായിപ്പ്‌ അന്തം വിട്ട്‌ പുല്ലില്‍ കൂടെ ആരെങ്കിലും നടക്കുന്നുണ്ടൊ എന്ന്‌ നോക്കുകയും ചെയ്‌തു. മലയാളി പറഞ്ഞത്‌No grass will walk here എന്നാണ്‌. പുല്ലിനു യാതൊരു വിലയുമില്ലെന്ന ധാരണ എങ്ങനെ വന്നുവെന്ന്‌ ഇപ്പോള്‍ അന്വേഷിക്കുന്നില്ല. എന്നാല്‍ അതിനു വിലയുണ്ടെന്ന്‌ പുരാതന ഭാരതത്തിലെ ജനങ്ങള്‍ എഴുതിയുണ്ടാക്കിയെന്ന്‌ വിശ്വസിക്കപ്പെടുന്ന പുരാണങ്ങളില്‍, ഐതിഹ്യങ്ങളില്‍, വേദങ്ങളില്‍ ഒക്കെയുണ്ട്‌. ക്രുസ്‌തുവിനു 1500 കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ വൈദിക കാലത്തെ സാമൂഹ്യ ജീവിതത്തില്‍ പൂജയും ആരാധനയും നടത്തുമ്പൊള്‍ പുല്ല്‌ ഉപയോഗിച്ചതായി പറയുന്നുണ്ട്‌. അത്‌ സാധാരണ പുല്ലല്ലെന്ന്‌ മാത്രം. അതിനെ കുശ എന്നും ദര്‍ഭ എന്നും വിളിച്ചു പോന്നു.

ദര്‍ഭ പുല്ലുകള്‍ ഒരു പ്രത്യേക ശ്ശോകം ചൊല്ലികൊണ്ട്‌ വേണം പൊട്ടിച്ചെടുക്കാന്‍, അതും കൃഷ്‌ണപക്ഷത്തില്‍ മാത്രം. ദര്‍ഭ പുല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഒരു മോതിരമണിഞ്ഞാണു പുരോഹിതന്‍ പൂജകള്‍ ചെയ്യുന്നത്‌. കുശ പുല്ലുകള്‍ വളരെ മൂര്‍ച്ചയേറിയവയാണ്‌. സൂക്ഷിച്ചില്ലെങ്കില്‍ കൈ മുറിഞ്ഞ്‌പോകും,. വെള്ളം തേടി വളരെ ആഴത്തിലേക്ക്‌ ഇതിന്റെ വേരുകള്‍ പോകുന്നു. പറിച്ചാലും ഉടനെ അവിടെ മുളക്കുന്നത്‌കൊണ്ട്‌ പുല്ലുകള്‍ ഉത്തേജനത്തിന്റെ, നവീകരണത്തിന്റെ, പുനര്‍ജന്മത്തിന്റെ, ഫലപുഷ്‌ടിയുടെ പ്രതീകമായി കണക്കാക്കുന്നു.

കുശ പുല്ലുകളെകുറിച്ചുള്ള കഥയില്‍ ഇങ്ങനെ കാണുന്നു. മോഹിനിയുടെ വേഷമെടുത്ത വിഷ്‌ണു രാഹുവിനെ കൊല്ലാനായി അമ്രുത കുംഭം പുല്ലുകള്‍ തഴച്ചു നില്‍ക്കുന്ന ഒരിടത്തില്‍ വച്ചു. ആ തക്കം നോക്കി അസുരന്മാര്‍ അത്‌ അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നത്‌ കണ്ട ഗരുഡന്‍ ആ കുംഭവും കൊക്കില്‍ പിടിച്ച്‌ പറന്നു. അങ്ങനെ പന്ത്രണ്ട്‌ വര്‍ഷം പറന്നുവത്രെ. ഇതിന്റെ ഓര്‍മ്മക്കായി പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ കുംഭമേള ആഘോഷിക്കുന്നു. ഇതിനിടയില്‍ ഗരുഡന്‍ ആ കുംഭം ഇല്ലഹാബാദിലും, ഹരിദ്വാരിലും, (യു.പി) നാസ്സിക്കിലും (മഹാരാഷ്‌ട്ര) ഉജ്‌ജയിനിയിലും (മദ്ധ്യപ്രദേശ്‌) വയ്‌ക്കുകയുണ്ടായി. കുശ പുല്ലുകള്‍ മുളച്ചു നിന്നിരുന്ന സ്‌ഥലങ്ങളില്‍ ആയിരുന്നു ഗരുഢന്‍ കുടം വച്ചത്‌. അപ്പോഴെല്ലാം അതില്‍ നിന്നും അമ്രുത തുള്ളികള്‍ തുളുമ്പി വീണത്രെ. നാഗങ്ങള്‍ക്ക്‌ ആ കുടത്തില്‍ നിന്നും അമ്രുത്‌ കുടിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ സാധിച്ചില്ല. അത്‌ കൊണ്ട്‌ അവര്‍ പുല്ലില്‍ കിടന്നുരുണ്ടു. തന്മൂലം പാമ്പുകള്‍ക്ക്‌ ഉറയൂരി എന്നും യൗവ്വ്‌നം കാത്ത്‌ സൂക്ഷിക്കാന്‍ കഴിയുന്നു. മരണം വരെ യൗവ്വനം. മരണ ശേഷം നിത്യ ജീവന്‍ അന്വേഷിക്കുന്ന മനുഷ്യന്‍ മരണം വരെ നിത്യ യൗവ്വനം നേടാനുള്ള വഴിയാണ്‌ നോക്കേണ്ടത്‌. പുല്ലില്‍ അമ്രുത തുള്ളികള്‍ ഉണ്ടെന്നും അത്‌ നുണഞ്ഞാല്‍ അമരത്വം പ്രാപിക്കാമെന്നും കരുതി അവര്‍ പുല്ലില്‍ നക്കി നോക്കി. എന്നാല്‍ അമ്രുത്‌ കിട്ടിയുമില്ല പുല്ലിന്റെ മൂര്‍ച്ചയില്‍ നാവ്‌ രണ്ടായി പിളരുകയും ചെയ്‌തു. വൈഷ്‌ണവ കുമാരന്മാരുടെ ആദ്യത്തെ മുടി വെട്ടല്‍ കര്‍മ്മത്തിനു മുമ്പ്‌ കുശ പുല്ലുകള്‍ അവരുടെ തലയില്‍ തൊടുവിക്കുന്നത്‌ അമ്രുത തുള്ളികള്‍ കുശ പുല്ലിന്മേല്‍ വീണിട്ടുണ്ടെന്ന വിശ്വാസത്തിലാണ്‌.

ഭോജനപ്രിയനായ ഹിന്ദു ദൈവം ഗണേഷിനു അര്‍പ്പിക്കാനായി ഭക്‌തന്മാര്‍ ഉപയോഗിക്കുന്ന ഒരു പുല്ലുണ്ട്‌. അതാണു ദര്‍ഭ. എതിരാളികളെ തീ തുപ്പി കൊല്ലുന്ന ഒരു അസുരന്റെ ഉപദ്രവത്തില്‍ നിന്ന്‌ ജനങ്ങളെ രക്ഷിക്കാന്‍ ഗണേഷ്‌ ആ അസുരനെ വിഴുങ്ങി. അസുരന്‍ വയറ്റില്‍ ചെന്നിട്ടും തന്റെ തീഗോളങ്ങള്‍ തുപ്പി കൊണ്ടിരുന്നു. ചൂട്‌ സഹിക്കാതെ ഗണേഷ്‌ ഭഗവാന്‍ വിഷമിച്ചു. ഇടിമുഴക്കത്തോടെ പേമാരി പെയ്യിപ്പിച്ച്‌ വരുണന്‍ സഹായിക്കാന്‍ നോക്കി പക്ഷെ ഫലിച്ചില്ല. അവസാനം കുറച്ച്‌്‌ ഋഷികള്‍ 21 ദര്‍ഭ പുല്ലുകള്‍ കൊണ്ട്‌ വന്ന്‌ ഭഗവാന്റെ നെറുകയില്‍ വച്ചു. എല്ലാം സുഖമായി. അന്ന്‌ തൊട്ട്‌ ഗണേഷ പ്രീതിക്കായി ഭക്‌തര്‍ 21 ദര്‍ഭ പുല്ലുകള്‍ നിവേദിക്കുന്നു. പിന്നെ ഒരു കഥ സുന്ദരിയായ ഒരു അപ്‌സരസ്സ്‌ ഗണേഷിനെ പ്രേമിച്ചുവെന്നാണ്‌. അമ്മ പാര്‍വ്വതിക്ക്‌ അതില്‍ നീരസമുണ്ടായി ആ പാവം അപ്‌സരസ്സിനെ ഭൂമിയില്‍ ഒരു പുല്ലായി മുളക്കാന്‍ ശപിച്ചു. ദേവകന്യക താണു വീണു അപേക്ഷിച്ചപ്പോള്‍ പാര്‍വ്വതി കനിഞ്ഞു. പുല്ലായി ഭവിച്ചാലും ഭക്‌തന്മാര്‍ ഗണേഷിനു നല്‍കുന്ന നിവേദ്യങ്ങളില്‍ നീ ഒന്നാമതായിരിക്കും. അതായ്‌ത്‌ നീ അവന്റെ തലയില്‍ കയറിയിരിക്കുമെന്നാണ്‌ ആ ശാപമോക്ഷം എന്ന്‌ പാര്‍വതി അറിഞ്ഞോ ഇല്ലയോ? പിതാവ്‌ ഗംഗാധരനായി കഴിയുന്ന പോലെ മകനും ഇഷ്‌ടകാമുകിയെ തലയില്‍ വഹിക്കട്ടെ എന്ന്‌ പാര്‍വതി ചിന്തിച്ചിട്ടുണ്ടെങ്കിലും തെറ്റില്ല.

പുല്ലിനെ കുറിച്ച്‌ എഴുതാന്‍ ഇനിയും ധാരാളമുണ്ട്‌. എപ്പോഴും അപ്പുറത്തുള്ള പുല്ലിനു പച്ച നിറം കൂടുതല്‍ കാണുന്നവനാണ്‌ മനുഷ്യന്‍. പ്രക്രുതി എന്തൊക്കെ ഒരുക്കി വച്ചിട്ടും മരിച്ച്‌ ചെല്ലുമ്പോള്‍ കിട്ടുമെന്ന്‌ വിശ്വസിക്കപ്പെടുന്ന ഒരു മായാ സ്വര്‍ഗ്ഗത്തിനു വേണ്ടി സ്വയം ദുരിതമനുഭവിക്കയും മറ്റുള്ളവരേയും കഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു അവന്‍. എന്തു്‌ കൊണ്ടാണു്‌ സാത്താന്‍ എപ്പോഴും പ്രത്യക്ഷപ്പെടുന്നത്‌ എന്നന്വേഷിക്കാതെ ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ദൈവത്തിനു വേണ്ടി സമയവും, പണവും ചിലവാക്കുന്ന, എന്നിട്ടും പോരാഞ്ഞ്‌ സഹജീവികളെ കൊന്നൊടുക്കുന്ന മനുഷ്യന്‍ പ്രക്രുതിയെ സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ, അത്‌ സംഭവിക്കാന്‍ പോകുന്നില്ല. ഈ ലോകം ദൈവത്തിന്റെ പേരും പറഞ്ഞ്‌ സംഘര്‍ഷഭരിതമായി ഒരു നാള്‍ നാമാവശേഷമാകുമെന്നല്ലാതെ. അറിയാന്‍ വയ്യാത്ത ഒരു കാര്യത്തിനു, വ്യക്‌തിക്ക്‌, സാധനത്തിനു വേണ്ടി വഴക്ക്‌ കൂടുന്ന, യുദ്ധം ചെയ്യുന്ന ഒരുവനു നാശം ഫലം.

(വേനല്‍കാല കുറിപ്പുകള്‍ തുടരും)
ഫാ, പുല്ലേ...(ഒരു വേനല്‍കാല കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക