Image

മലയാള സിനിമ 2011

Published on 05 January, 2012
മലയാള സിനിമ 2011
പുത്തന്‍ പ്രതീക്ഷകളുമായിട്ടാണ്‌ മലയാള സിനിമ 2012നെ വരവേല്‍ക്കുന്നത്‌. പുതിയ റിലീസുകള്‍ തീയേറ്ററിലേക്കെത്താന്‍ കാത്തു നില്‍ക്കുന്നു. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ പുതിയ പ്രോജക്‌ടുകള്‍ സൃഷ്‌ടിക്കാനുള്ള തിരക്കുകളിലാണ്‌. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ ആത്മാര്‍ഥതയില്ലാത്ത ചലച്ചിത്രപ്രവര്‍ത്തനത്തിന്റെ നാളുകള്‍ തന്നെയായിരുന്നു 2011 എന്നത്‌ കാണുവാന്‍ കഴിയും.

89 സിനിമകള്‍ റിലീസ്‌ ചെയ്‌ത മലയാളത്തില്‍ 2011ലും മുടക്കു മുതല്‍ തിരിച്ചെടുത്തവ വിരളം. എന്നിട്ടും മലയാളത്തില്‍ ഒരു കുറവുമില്ലാതെ സിനിമകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഈ നിര്‍മ്മാണങ്ങള്‍ക്കുള്ള പണം മുടക്കുന്നതൊക്കെയാരെന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവും. റിലീസ്‌ ചെയ്‌ത ചിത്രങ്ങളില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുമ്പോള്‍ എത്തുകൊണ്ടാണ്‌ ഇങ്ങനെ സിനിമകള്‍ വീണ്ടും നിര്‍മ്മിക്കപ്പെടുന്നത്‌ എന്നത്‌ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടത്‌ തന്നെ.

എന്നിരുന്നാലും പ്രതിഭയുടെ മികച്ച കാഴ്‌ചകള്‍ 2011ലുണ്ട്‌. മികച്ചത്‌ എന്ന്‌ തീര്‍ച്ചയായും പറയാവുന്ന പത്തോളം സിനിമകള്‍ 2011ന്റെ സംഭാവനയായി ഉണ്ടായിരുന്നു. സൂപ്പര്‍ ഹിറ്റ്‌ എന്ന പറയാവുന്ന സിനിമകള്‍ മേക്കപ്പ്‌ മാന്‍, സീനിയേഴ്‌സ്‌, രതിനിര്‍വേദം, സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍, ഇന്ത്യന്‍ റുപ്പി, ഉറുമി എന്നിവ മാത്രമായിരുന്നു. ഇവയില്‍ തന്നെ ഒരു മെഗാഹിറ്റായി മാറാന്‍ ഒരു സിനിമക്കും കഴിഞ്ഞതുമില്ല. നൂറു ദിവസങ്ങള്‍ തീയേറ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന മെഗാഹിറ്റുകള്‍ മലയാള സിനിമയില്‍ ഓര്‍മ്മയായി തുടങ്ങിയിരിക്കുന്നു എന്നതാണ്‌ 2011 ഓര്‍മ്മപ്പെടുത്തുന്നത്‌.

സൂപ്പര്‍ഹിറ്റുകള്‍ക്കൊപ്പം ഹിറ്റുകള്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന ചില ചിത്രങ്ങളും 2011ല്‍ കടന്നു പോയിരുന്നു. ട്രാഫിക്ക്‌, ബ്യൂട്ടിഫുള്‍, പ്രണയം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റുകളായി മാറി. ആദാമിന്റെ മകന്‍ അബു മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങളെ അവാര്‍ഡ്‌ ചിത്രങ്ങളെന്ന പേരില്‍ മാറ്റി നിര്‍ത്തുകയും ചെയ്‌തു.

കൊമേഴ്‌സ്യല്‍ നിലവാരത്തിലും അക്കാദമിക്‌ നിലവാരത്തിലും ശ്രദ്ധ നേടിയ പത്ത്‌ ചിത്രങ്ങളാണ്‌ ഇവിടെ മികച്ച ചിത്രങ്ങളെന്ന നിലയില്‍ തിരഞ്ഞെടുക്കുന്നത്‌

ട്രാഫിക്ക്‌ - മലയാള സിനിമക്ക്‌ പുതുമയുള്ള പ്രമേയം സമ്മാനിച്ച ട്രാഫിക്ക്‌ 2011ന്റെ തുടക്കത്തിലാണ്‌ റിലീസിനെത്തിയത്‌. മികച്ച തിരക്കഥയായിരുന്നു ചിത്രത്തിന്റെ വിജയഘടകം. ബോബി സഞ്‌ജയ്‌ ടീമായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്‌ രാജേഷ്‌ പിള്ളയായിരുന്നു സംവിധാനം. ശ്രീനിവാസന്‍, വിനീത്‌ ശ്രീനിവാസന്‍, ആസിഫ്‌ അലി, കുഞ്ചാക്കോ ബോബന്‍ റോമ, സന്ധ്യ തുടങ്ങിയവര്‍ അഭിനയിച്ചു.

ഗദ്ദാമ - പ്രാവസികളുടെ ദുരിതങ്ങളും വേദനകളും പറഞ്ഞുകൊണ്ടാണ്‌ ഗദ്ദാമ എന്ന ചിത്രം റിലീസിനെത്തിയത്‌. കമലാണ്‌ ഈ ചിത്രം സംവിധാനം ചെയ്‌തത്‌. ചിത്രം കാവ്യമാധവന്‌ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിക്കൊടുത്തു.

ഉറുമി - സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത്‌ പൃഥ്വിരാജ്‌ നായകനായ ഈ ചിത്രം ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിഡ്‌ ചിത്രമായിരുന്നു. സാങ്കേതിക നിലവാരം കൊണ്ടാണ്‌ ചിത്രം മലയാളത്തില്‍ ശ്രദ്ധ നേടിയത്‌. പൃഥ്വിരാജിനൊപ്പം ജെനീലിയ, തബു, വിദ്യാബാലന്‍, പ്രഭുദേവ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശങ്കര്‍ രാമകൃഷ്‌ണനാണ്‌ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത്‌.

മേല്‍വിലാസം - മലയാള സിനിമയില്‍ ഏറ്റവും മികച്ച അമ്പത്‌ സിനിമകളിലൊന്നായിരിക്കും തീര്‍ച്ചയായും മേല്‍വിലാസം. ഒരുപാട്‌ പരീക്ഷണങ്ങളും പുതുമകളും സമന്വയിപ്പിച്ചതായിരുന്നു മാധവ്‌ രാംദാസ്‌ സംവിധാനം ചെയ്‌ത ഈ ചിത്രം. പട്ടാള കോടതിയായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. സുരേഷ്‌ഗോപിയും പാര്‍ത്ഥിപനും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. മികചച്ച ചിത്രമായിരുന്നുവെങ്കിലും മതിയായ തീയേറ്ററുകള്‍ ലഭിക്കാതെയിരുന്നതും പബ്ലിസിറ്റിയുടെ അഭാവവും ചിത്രത്തെ പിന്നോട്ടടിച്ചു.

ആദാമിന്റെ മകന്‍ അബു - മലയാള സിനിമയെ ഇന്ത്യന്‍ സിനിമയുടെ മുന്‍നിരയില്‍ എത്തിച്ച ചിത്രം. ദേശിയ തലത്തില്‍ മികച്ച ചിത്രമായി ആദാമിന്റെ മകന്‍ അബു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത്‌ തീര്‍ച്ചയായും സലിംഅഹമ്മദ്‌ എന്ന പുതുമുഖ സംവിധായകന്റെ പുതുമകള്‍ക്കുള്ള അംഗീകാരമായി. തീര്‍ച്ചയായും കൊമേഴ്‌സ്യല്‍ നിലവാരമുള്ള ചിത്രം കൂടിയായിരുന്നു ആദാമിന്റെ മകന്‍ അബു. പക്ഷെ തീയേറ്ററില്‍ ചിത്രം വലിയ വിജയമായില്ല. എങ്കിലും ഓസ്‌കാര്‍ നോമിനേഷന്‍ വരെ നേടിയെടുക്കാന്‍ ചിത്രത്തിനായി. ചിത്രത്തിലൂടെ സലിംകുമാര്‍ എന്ന കോമഡിയന്‍ മുന്‍ നിര അഭിനേതാക്കളുടെ നിരയിലേക്ക്‌ കടന്നു വന്നത്‌ മലയാള സിനിമയിലെ അപൂര്‍വ്വതയായി.

സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ - ബോളിവുഡ്‌ സിനിമകള്‍ക്ക്‌ മാത്രം പരിചയമുള്ള ലഘുവായ പ്രമേയ പരിചരണ രീതിയുമായി മലയാളത്തില്‍ അവതരിച്ച ചിത്രമായിരുന്നു സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍. രസകരമായി ഒരു കൊച്ചു പ്രമേയം അവതരിപ്പിക്കുകമാത്രമാണ്‌ ആഷിഖ്‌ അബു എന്ന സംവിധായകന്‍ ചെയ്‌തത്‌. എന്നാല്‍ ചിത്രം വന്‍ വിജയമായി. 20 തീയേറ്ററുകളില്‍ തുടങ്ങിയ ചിത്രം നൂറോളം തീയേറ്ററുകളിലേക്ക്‌ പ്രദര്‍ശനം ആരംഭിച്ചു. മലയാളത്തില്‍ പ്രേക്ഷകര്‍ ശരിക്കും പുതുമ ആസ്വദിച്ച ചിത്രം കൂടിയായിരുന്നു സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍. ആസിഫ്‌ അലി, ലാല്‍, മൈഥിലി, ശ്വേതാ മേനോന്‍ എന്നിവരായിരുന്നു താരങ്ങള്‍.

പ്രണയം - ബ്ലസിയില്‍ നിന്നും മലയാള സിനിമക്ക്‌ ഒരു വ്യത്യസ്‌തമായ ചിത്രം കൂടി. അതായിരുന്നു പ്രണയം. മോഹന്‍ലാല്‍, അനുപംഖേര്‍, ജയപ്രദ തുടങ്ങിയ അഭിനയ പ്രതിഭകളുടെ കരുത്ത്‌ അറിഞ്ഞ സിനിമ കൂടിയായിരുന്നു പ്രണയം. വ്യത്യസ്‌തമായ തലത്തില്‍ ഒരു ത്രീകോണ പ്രണയം പറഞ്ഞ ഈ ചിത്രം പതിവ്‌ കൊമേഴ്‌സ്യല്‍ രീതികളില്‍ നിന്നെല്ലാം വ്യത്യസ്‌തമായി നിന്നിട്ടും പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചു.

ഇന്ത്യന്‍ റുപ്പി - രഞ്‌ജിത്ത്‌ സംവിധാനം ചെയ്‌ത ഒരു റിയലിസ്റ്റിക്ക്‌ കൊമേഴ്‌സ്യല്‍ സിനിമ. താന്‍ ഇപ്പോഴും ഹിറ്റ്‌ മേക്കര്‍ തന്നെയെന്ന്‌ രഞ്‌ജിത്ത്‌ തെളിയിച്ച ചിത്രം. പൃഥ്വിരാജായിരുന്നു ചിത്രത്തിലെ നായകന്‍. തിലകന്റെ തിരിച്ചു വരവും ചിത്രത്തിന്റെ പ്രത്യേകതയായി. സ്വാഭാവികമായ കഥപറച്ചില്‍ രീതികൊണ്ട്‌ ചിത്രം ശ്രദ്ധേയമായി.

ബ്യൂട്ടിഫുള്‍ - വര്‍ഷാവസാനം മലയാള സിനിമക്ക്‌ ലഭിച്ച ഒരു വ്യത്യസ്‌തമായ ചിത്രം. അതാണ്‌ ബ്യൂട്ടിഫുള്‍. ശരീരം മുഴുവന്‍ ജന്മനാ തളര്‍ന്ന സ്റ്റീഫന്‍ ലൂയിസിന്റെയും അവനെ സ്‌നേഹിക്കുന്ന കുറച്ചു പേരുടെയും കഥയായിരുന്നു ബ്യൂട്ടിഫുള്‍. ജയസൂര്യയാണ്‌ സ്റ്റീഫന്‍ ലൂയിസായി അഭിനയിച്ചത്‌. അനൂപ്‌ മേനോനാണ്‌ ചിത്രത്തിന്‌ തിരക്കഥയൊരുക്കിയതും ഗാനങ്ങള്‍ രചിച്ചതും. അനൂപിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. വി.കെ പ്രകാശിന്റെ സംവിധാന മികവും ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കി.

വെള്ളരിപ്രാവിന്റെ ചങ്ങാതി - മലയാള സിനിമയില്‍ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത വ്യത്യസ്‌തമായ ഒരു പ്രമേയ പരിചരണ രീതിയും തിരക്കഥാ ശൈലിയുമായിരുന്നു വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന്റെ പ്രസക്തി. മൂന്ന്‌ കഥകള്‍ കൂട്ടിയിണക്കി സിനിമയാക്കിയിരിക്കുന്ന ജി.എസ്‌ അനില്‍ എന്ന തിരക്കഥാകൃത്തിന്റെ പ്രതിഭയെ ഏവരും അംഗീകരിക്കും എന്നുറപ്പ്‌. ഒരു സിനിമ, പിന്നെ സിനിമക്കുള്ളിലെ സിനിമ, ശേഷം സിനിമക്ക്‌ പുറത്തുള്ള കഥ ഇങ്ങനെയാണ്‌ വെള്ളിരിപ്രാവില്‍ കൂട്ടിയിണക്കിയ മൂന്ന്‌ കഥകള്‍. ഇത്തരമൊരു സിനിമ സംരംഭം പ്രേക്ഷകര്‍ക്ക്‌ പുതുമയാകുമെന്നത്‌ തീര്‍ച്ച തന്നെ. അക്കു അക്‌ബറാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ദിലീപ്‌ കാവ്യാമാധവന്‍, മനോജ്‌ കെ.ജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.

പോയ വര്‍ഷം എടുത്തു പറയാവുന്ന ചിത്രങ്ങള്‍ ഇതൊക്കെയാകുമ്പോള്‍ ബാക്കിയുള്ളവ പ്രേക്ഷകനെ ഏതെങ്കിലുമൊക്കെ തരത്തില്‍ നിരാശപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. അഞ്ച്‌ സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിക്ക്‌ ഒരു വിജയ ചിത്രം പോലുമുണ്ടായിരുന്നില്ല എന്നത്‌ ഏറെ ശ്രദ്ധേയമായി. തുടര്‍ച്ചയായി 2011ല്‍ എത്തിയ മമ്മൂട്ടി ചിത്രങ്ങള്‍ ഓരോന്നും വമ്പന്‍ പരാജയമായി. മോഹന്‍ലാലിനും പരാജയ ചിത്രങ്ങളുടെ രുചിയറിയേണ്ടി വന്നു. മറ്റു താരങ്ങളുടെ അവസ്ഥയും വ്യത്യസ്‌തമായിരുന്നില്ല. സമരങ്ങള്‍ കാരണം ഷൂട്ടിംഗ്‌ തടസപ്പെട്ടതും റിലീസുകള്‍ വൈകിയതും മലയാള സിനിമയെ ഏറെ തകര്‍ച്ചയിലേക്ക്‌ കൊണ്ടുപോയി. മലയാള സിനിമാ സംഘടനകള്‍ തന്നെ വരുത്തിവെച്ച സമരങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്‌ എത്തിയപ്പോഴേക്കും നഷ്‌ടം സംഭവിച്ചത്‌ സംഘടനയിലെ അംഗങ്ങള്‍ക്ക്‌ തന്നെയായിരുന്നു.

തട്ടിക്കൂട്ട്‌ ചിത്രങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചതും 2011ലെ പ്രത്യേകതയായിരുന്നു. തൊണ്ണുറുകളിലെ മുകേഷ്‌ ജഗദീഷ്‌ പടങ്ങളുടെ മോഡലില്‍ മുപ്പതോളം സിനിമകളാണ്‌ 2011ല്‍ റിലീസിനെത്തിയത്‌. മുകേഷ്‌ ജഗദീഷ്‌ സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങിയ കൊമേഡിയന്‍മാരെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഈ കഥയില്ലാ ചിത്രങ്ങള്‍ ഇറങ്ങിയത്‌. പ്രേക്ഷകര്‍ തൊണ്ണൂറുകളില്‍ തന്നെ മടുത്ത്‌ അവസാനിപ്പിച്ച ഈ ചിത്രങ്ങളെ വീണ്ടും പൊടിതട്ടിയെടുക്കുന്നത്‌ ചലച്ചിത്രകാരന്‍മാരുടെ പ്രതിഭാ ദാരിദ്രത്തിന്റെ ഉദാഹരണം തന്നെ. മുന്‍നിര താരങ്ങള്‍ ശ്രദ്ധയില്ലാതെ പ്രോജക്‌ടുകള്‍ രൂപികരിച്ചതും വലിയ തിരിച്ചടിയായി. 89 സിനിമകളില്‍ സാമ്പത്തികലാഭം തന്നവ പത്തില്‍ താഴെ ചിത്രങ്ങള്‍ എന്ന അവസ്ഥ മലയാള സിനിമക്ക്‌ ഒട്ടും ശുഭകരവുമല്ല. ഈ തിരിച്ചറിവില്‍ 2012 കൂടുതല്‍ ശ്രദ്ധയോടെ നീങ്ങാന്‍ ചലച്ചിത്രകാരന്‍മാര്‍ക്ക്‌ കഴിയട്ടെ എന്ന്‌ ആശംസിക്കാം.
മലയാള സിനിമ 2011
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക