Image

കേന്ദ്രഗവണ്‍മെന്റിന്റെ ഇന്ദിരാഗാന്ധി പുരസ്‌കാര നിര്‍ണ്ണയ സമിതിയില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍

Published on 13 June, 2011
കേന്ദ്രഗവണ്‍മെന്റിന്റെ ഇന്ദിരാഗാന്ധി പുരസ്‌കാര നിര്‍ണ്ണയ സമിതിയില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍
ന്യൂഡല്‍ഹി:-ഉപരാഷ്ട്രപതി അദ്ധ്യക്ഷനും ലോക്‌സഭാ സ്പീക്കര്‍, കേന്ദ്രവനം-പരിസ്ഥിതി മന്ത്രി തുടങ്ങിയവര്‍ അംഗങ്ങളുമായ കേന്ദ്രഗവണ്‍മെന്റിന്റെ ഇന്ദിരാഗാന്ധി പരിസ്ഥിതി പുരസ്‌കാര നിര്‍ണ്ണയ സമിതിയിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് മാര്‍ മാത്യു അറയ്ക്കലിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശം ചെയ്തു.

പരിസ്ഥിതി മേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമായി മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.

സാമൂഹ്യപ്രവര്‍ത്തനം, ജൈവക്യഷി, പരിസ്ഥിതിസംരക്ഷണ മേഖലകളില്‍ മാര്‍ അറയ്ക്കല്‍ നല്‍കിക്കൊണ്ടിരിക്കുന്ന സമഗ്രസംഭാവനകളാണ് മികച്ച സാമൂഹ്യ-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകനായ അദ്ദേഹത്തെ ഈ പുരസ്‌ക്കാര നിര്‍ണ്ണയ സമിതിയിലേയ്ക്ക് നിര്‍ദ്ദേശിക്കുവാന്‍ ഇടയാക്കിയത്. മാര്‍ അറയ്ക്കല്‍ സ്ഥാപിച്ച പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റി (പി.ഡി.എസ്) യുടെ കീഴില്‍ കര്‍ഷക കൂട്ടായ്മകളിലൂടെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗാനിക് സ്‌പൈസസ്, ഓര്‍ഗാനിക് ടീ, ആയൂര്‍വ്വേദരംഗത്തെ പ്രമുഖമായ സഹ്യാദ്രി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ലോകശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഓര്‍ഗാനിക് സ്‌പൈസസ് കയറ്റുമതി ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം നാലു വര്‍ഷമായി പി.ഡി.എസ്. ന് ലഭിച്ചുകൊണ്ടിരിക്കുന്നു.

പി.ഡി.എസ്. നു പുറമെ വിദ്യാഭ്യാസ-സാമൂഹ്യസേവന-ആരോഗ്യ പാലനരംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്കും ബിഷപ്പ് അറയ്ക്കല്‍ നേതൃത്വം നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക